കെജ്രിവാളിനെ ഞെട്ടിച്ച് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് രാജിവെച്ചു

delhi-lt-governor-najeeb-jungന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗ് രാജി സമര്‍പ്പിച്ചു. അധ്യാപനത്തിലേക്ക് മടങ്ങുന്നുവെന്നാണ് രാജിക്കത്തില്‍ നല്‍കിയ വിശദീകരണം. 2018 ല്‍ കാലാവധി കഴിയാനിരിക്കെയാണ് രാജി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി എന്നും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു ഗവര്‍ണര്‍. രാജി വയ്ക്കാനുള്ള തീരുമാനം ധൃതിയില്‍ എടുത്തതല്ലെന്നും ഏതാനും മാസങ്ങളായി രാജി വയ്ക്കുന്നതിനെ കുറിച്ച് ജംഗ് ആലോചിച്ചു വരികയായിരുന്നെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നതായി ജംഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഗവര്‍ണര്‍ നന്ദി രേഖപ്പെടുത്തി. ഒരു വര്‍ഷത്തോളം ഡല്‍ഹി രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നപ്പോള്‍ ജനങ്ങള്‍ കലര്‍പ്പില്ലാത്ത പിന്തുണയാണ് നല്‍കിയത്. അതിനാലാണ് പ്രശ്‌നങ്ങളില്ലാതെ ഭരണം മുന്നോട്ട് കൊണ്ടുപോവാനായതെന്നും ജംഗ് പറഞ്ഞു. ഡല്‍ഹി സര്‍ക്കാറുമായുള്ള പ്രശ്നങ്ങളല്ല രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേയാണ് 2013ല്‍ നജീബ് ജംഗിനെ യു.പി.എ സര്‍ക്കാര്‍ ഡല്‍ഹി ലഫ്. ഗവര്‍ണറായി നിയമിച്ചത്. അതിനു മുമ്പ് അദ്ദേഹം മധ്യപ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു.

ഗവര്‍ണറുടെ രാജി അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രാജിയുടെ കാരണം ബി.ജെ.പി വിശദീകരിക്കണമെന്നും, ഇതിനു പിന്നില്‍ ബി.ജെ.പി-ആം ആദ്മി പാര്‍ട്ടി ഒത്തുകളിയുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കെജ്രിവാളിന്‍െറ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാറുമായി നിരന്തരം ഉടക്കിലായിരുന്നു ജംഗ്. ജംഗിനെ മോദിയുടെ ഏജന്‍റ് എന്നാണ് കെജ്രിവാള്‍ വിളിച്ചിരുന്നത്. ആം ആദ്മി സര്‍ക്കാറിനെ സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിക്കാതെ മോദിയുടെ നയങ്ങള്‍ നടപ്പാക്കുകയായിരുന്നു ജംഗിന്റെ നിയോഗം. പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയുടെ ഭരണ കാര്യങ്ങളില്‍ ലഫ്. ഗവര്‍ണര്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുവെന്ന പരാതി തുടക്കം മുതല്‍ തന്നെ ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ രൂക്ഷമായ അധികാരത്തര്‍ക്കവും ഉണ്ടായി.

ഡല്‍ഹി നിയമസഭ പാസാക്കിയ ബില്ലുകള്‍ തിരിച്ചയച്ചും കെജരിവാള്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കിയുമുള്ള ജംഗിന്റെ നിലപാടുകള്‍ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങി. ഡല്‍ഹിക്കു പൂര്‍ണ സംസ്ഥാന പദവിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ നിരന്തര ആവശ്യത്തിനും ജംഗ് തടസം നിന്നു. മോദിയുടെ മുസ്ലിം ഉപപ്രധാനമന്ത്രിയാവാനാണ് ജംഗ് ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment