സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് വൈകാരികത നഷ്ടപ്പെട്ട വാക്കുകളാണ് ഫാസിസവും വര്‍ഗീയതയുമെന്ന് എം. മുകുന്ദന്‍

m-mukundanകോഴിക്കോട്: അമിതമായി ഉപയോഗിച്ച് തേഞ്ഞില്ലാതായതും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് വൈകാരികത നഷ്ടപ്പെട്ടതുമായ വാക്കുകളാണ് ഫാസിസവും വര്‍ഗീയതയുമെന്ന് എം. മുകുന്ദന്‍. കോഴിക്കോട് സാംസ്കാരികവേദിയുടെ സഹകരണത്തോടെ ഡി.സി ബുക്സ് സാഹിത്യോത്സവത്തിന്‍െറ മുന്നോടിയായി നടന്ന പുസ്തകപ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരന്‍െറ ദര്‍ശനവും പ്രത്യയശാസ്ത്രവും കഥകളില്‍ അന്തര്‍ലീനമാവുകയാണ് വേണ്ടത്. വാക്കുകളും ആശയങ്ങളും സൂക്ഷിച്ചുപയോഗിക്കണം. തീപിടിച്ച കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ആ പൊള്ളലുകളെ ഏറ്റവും നീറ്റലോടെ ആവിഷ്കരിക്കുന്നത് കഥാകാരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.  ഹൃദ്യമായ അനുഭവങ്ങളിലൊന്നായിരുന്ന ദേശീയത ഇന്ന് വിരട്ടുരാഷ്ട്രീയതയുടെ പശ്ചാത്തലത്തില്‍ വീര്‍പ്പുമുട്ടുകയാണെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. ദേശീയതയെന്നാല്‍ ഒൗദ്യോഗിക പ്രഖ്യാപനങ്ങളല്ല, നമുക്ക് സുരക്ഷിതത്വത്തിന്‍െറ സാന്ത്വനമനുഭവപ്പെടുന്ന ഇടങ്ങളിലാണ് ദേശീയബോധം ഉണരേണ്ടത്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കഥകളെഴുതുന്നത് കഥാകൃത്തുക്കളല്ല, മറിച്ച് പൊലീസ്-സൈനിക പീഡനകേന്ദ്രങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം. മുകുന്ദന്‍െറ ‘ഓട്ടോറിക്ഷക്കാരന്‍െറ ഭാര്യ’, സക്കറിയയുടെ ‘തേന്‍’, ടി.ഡി. രാമകൃഷ്ണന്‍െറ ‘സിറാജുന്നീസ’ എന്നീ കഥകളും സുസ്മേഷ് ചന്ത്രോത്തിന്‍െറ ‘നിത്യസമീല്‍’, ഖദീജ മുംതാസിന്‍െറ ‘നീട്ടിയെഴുത്തുകള്‍’, ജയചന്ദ്രന്‍െറ ‘മെയിന്‍കാംഫ്’ എന്നീ നോവലുകളുമാണ് പ്രകാശനം ചെയ്തത്.
‘ഓട്ടോറിക്ഷക്കാരന്‍െറ ഭാര്യ’ വി.ആര്‍. സുധീഷിന് കൈമാറി പി.കെ. പാറക്കടവ് പ്രകാശനം ചെയ്തു. ‘തേന്‍’ പി.കെ. പാറക്കടവിന് കൈമാറി എം. മുകുന്ദനും ‘നിത്യസമീല്‍’ എന്‍.പി. ഹാഫിസ് മുഹമ്മദിന് കൈമാറി ടി.ഡി. രാമകൃഷ്ണനും പ്രകാശനം ചെയ്തു. ‘നീട്ടിയെഴുത്തുകള്‍’ ടി.ഡി. രാമകൃഷ്ണന് കൈമാറി എം. മുകുന്ദനും ‘മെയിന്‍കാംഫ്’ മുസഫര്‍ അഹമ്മദിന് കൈമാറി കെ.പി. രാമനുണ്ണിയും പ്രകാശനം ചെയ്തു.

ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ കോഴിക്കോട് ബീച്ചിലാണ് ഡി.സി ബുക്സ് സാഹിത്യോത്സവം നടക്കുന്നത്. വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ഇരുനൂറിലേറെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ചരിത്രകാരന്മാരും പരിപാടികളില്‍ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment