Flash News

പല്ലികള്‍ ചിലക്കാതിരിക്കട്ടെ (കഥ)

December 25, 2016

pallikal-sizeരേണുക തുടികെട്ടുന്ന ഹൃദയത്തോടെ ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ഭിത്തിയിലൂടെ ഓടിയടുക്കുന്ന രണ്ട് പല്ലികളില്‍ മിഴി നട്ടിരുന്നു. അവ ചെറു വാലിളക്കി കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നപ്പോള്‍ രേണുകയുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. അവള്‍ മേശ വലിപ്പ് തുറന്ന് വക്കടര്‍ന്ന മണ്‍ ചിരാതിലെ കുഴഞ്ഞ മണ്ണെടുത്തു. അമ്പലക്കുളത്തിലെ വെള്ളം കൊണ്ട് ചിതല്പുറ്റ് കുഴച്ചെടുത്തതാണത്. ഒരുരുള കുഴഞ്ഞ മണ്ണ് കയ്യിലെടുത്ത് രേണുക കാത്ത് നിന്നു. പല്ലികളില്‍ ഒന്ന് മറ്റൊന്നിന്റെ വാലിന്‍ മുകളിലേക്ക് പ്രവേശിച്ചപ്പോള്‍ ..അവളുടെ മുന്നില്‍ ആ ചിരിക്കുന്ന കണ്ണുകള്‍ തെളിഞ്ഞു. പല്ലികള്‍ അതേ അവസ്ഥയില്‍ അനക്കമറ്റിരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞു. ആ മുഹൂര്‍ത്തം എങ്ങനെയാണാവോ?. ഗ്രഹണം കാണാന്‍ ചെറുപ്പത്തില്‍ മുത്തശ്ശിയോടൊപ്പം മിഠായിക്കടലാസ് കണ്ണിലൊട്ടിച്ച് കാത്തിരിന്നത് പോലെ അക്ഷമയായി അവള്‍.

വിശാലമായ ഷോപ്പിങ് കോം പ്ലക്സിന്റെ വലത് ക്യാബിനരികിലാണ് രേണുകയുടെ കോസ്മെറ്റിക് സെന്റര്‍. ക്യാഷ് ക്യാബിന് മുകളിലേക്ക് മിഴികളുയര്‍ത്തുന്നത് പലപ്പോഴും ആ ചിരിക്കുന്ന മിഴികള്‍ തേടിയാണ്. വിവിധ മുഖങ്ങളില്‍ ചിരിക്കുന്ന കണ്ണുകള്‍ അപൂര്‍വ്വമായാണ് അവള്‍ കണ്ടെത്തിയിട്ടുള്ളത്. ചില യാത്രകളില്‍ ഒരു മിന്നല്‍ പിണര്‍ പോലെ…ചില മരണ വീടുകളില്‍…ചിലപ്പോള്‍ മേളകളില്‍. രേണുക ചിരിക്കുന്ന കണ്ണുകളെ വല്ലാതെ പ്രണയിച്ചിരുന്നു. മഴ തോര്‍ന്ന പ്രകൃതിയില്‍ ഇലച്ചാര്‍ത്തുകളില്‍ നിന്ന് ജലകണമിറ്റ് വീഴുമ്പോള്‍,… തുറന്നിട്ട ജനല്‍ ചില്ലുകളിലൂടെ നനവിറ്റിയ കാറ്റ് അവളെ തഴുകുമ്പോള്‍ …..തൊടിയിലെ ചെമ്പകമണം അവളുടെ നാസികയില്‍ പറ്റിക്കൂടുമ്പോള്‍…അപ്പോഴൊക്കെ അവളിലെ പ്രണയം ഏറിക്കൊണ്ടിരുന്നു ചിരിക്കുന്ന ഉടലുകളില്ലാത്ത കണ്ണുകളോട്. പക്ഷെ ഇപ്പോള്‍ ചിരിക്കുന്ന കണ്ണുകള്‍ക്ക് ഉടല്‍ വെച്ചിരിക്കുന്നു. ഡ്യൂക്കില്‍ നിന്ന് വലത്കാല്‍ ബാക്കിലേക്ക് ചുഴറ്റിയിറങ്ങി കീ പാന്റ്സിന്റെ പോക്കറ്റിലേക്ക് താഴ്ത്തി, തലമുടി ഇടത് നിന്ന് വലത്തേക്ക് തടവി, തലയുയര്‍ത്തി അലക്ഷ്യമായ നോട്ടത്തോടെ മാളിലേക്ക് കയറുമ്പോഴൊക്കെ ആ ചിരിക്കുന്ന കണ്ണുകള്‍ ഒരിക്കലെങ്കിലും തന്നെത്തേടിയെത്തിയിരുന്നെങ്കിലെ ന്നാശിച്ചിട്ടുണ്ട്. അയാളിലെ നോട്ടം അലക്ഷ്യമാകുന്ന ഒരോ വേളകളും അവളില്‍ അസ്വസ്ഥത സൃ^ഷ്ടിച്ചു.

ചരട് കെട്ടിയ കൈകളെ അവള്‍ വെറുത്തിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ ഇടത് കയ്യീലെ കറുത്ത ചരടില്‍ വലംകയ്യിലെ ചൂണ്ടു വിരല്‍കൊണ്ട് കോര്‍ത്ത് വലിക്കുന്നത് ശ്രദ്ധിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ കറുത്ത ചരടുകളും അവള്‍ക്ക് പ്രിയപ്പെട്ടതായി മാറി. ഒഴുകിയകലുന്ന മേഘത്തുണ്ടുകളില്‍ അവള്‍ കണ്ണുകളാല്‍ ചിത്രം വരച്ചു തുടങ്ങി. ചുണ്ടുകള്‍ മുകളിലേക്ക് വക്രിക്കാതെ തന്നെ മുഖം നിറയെ പുഞ്ചിരി പരന്നൊഴുകിയ മുഖം.

തുറന്നിട്ട ജനാലയിലൂടെ ഇരച്ച് കയറിയ ചെമ്പകപ്പൂവിന്റെ മണം നാസികയുയര്‍ത്തി കോരിയെടുക്കവെയാണ് ആ പല്ലികള്‍ ഒന്നിന് മേല്‍ ഒന്നായത്. അവള്‍ ഇത്രയും നേരം കിടക്കയ്ക്ക് മേല്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. ക്ഷണമാത്രയില്‍ മുന്നോട്ടാഞ്ഞപ്പോള്‍ വേച്ച് പോയെങ്കിലും ഉയര്‍ത്തിയ കൈപ്പിടിയിലെ കുഴഞ്ഞ മണ്ണ് അവള്‍ പല്ലികള്‍ക്ക് മേല്‍ പൊത്തുക തന്നെ ചെയ്തു. എത്രയോ നാളുകളായി ഇങ്ങനെയൊരു അത്യപൂര്‍വ്വ നിമിഷം ഒത്തുകിട്ടാന്‍ കാത്തിരിക്കുന്നു. രേണുക ദീര്‍ഘ നിശ്വാസത്തോടെ, നിറഞ്ഞ മനസ്സോടെ കട്ടിലിലേയ്ക്ക് വീണുകിടന്നുറങ്ങി.

ഉറക്കത്തിലും അവളുടെ അടഞ്ഞ കണ്‍പോളകള്‍ ഇളകിക്കൊണ്ടിരുന്നു. മുത്തശ്ശി പറഞ്ഞ കഥയിലെ രാജകുമാരിയും, ഏഴരയന്നകളും എത്രയോ രാത്രികളില്‍ അവളുടെ കണ്‍പോളകളെ ചലിപ്പിച്ചിരിക്കുന്നു.രേണുകയുടെ കഥാലോകം മുഴുവന്‍ മരിച്ചുപോയ മുത്തശ്ശിയില്‍ നിന്ന് പിറവിയെടുത്തിട്ടുള്ളതാണ്.

പല്ലികള്‍ ഇണ ചേര്‍ന്നിരിക്കുമ്പോള്‍ നിലം തൊടാ മണ്ണ് നനച്ച് കുഴച്ച് അവയ്ക്ക് മേല്‍ പൊത്തുക. അവയുടെ ഒരുമിക്കാനുള്ള മോഹങ്ങള്‍ അതി തീക്ഷ്ണമായി അതിന്റെ ഉത്തുംഗ ശൃംഗത്തില്‍ വെച്ച് തന്നെ വാതായനങ്ങള്‍ കാണാതെ ആ മണ്‍കൂടിനുള്ളില്‍ വിഹരിച്ചുകൊണ്ടേയിരിക്കും.അനന്തരം തറയില്‍ ഏഴടിയകലത്തില്‍ നാല് ദിക്കിലും ഒരു ചെടി പോലുമില്ലാത്ത ഒരു തൈത്തെങ്ങിന്റെ പച്ചീര്‍ക്കിലി പറിച്ചെടുത്ത് , ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു തെങ്ങിലെ തെങ്ങിന്‍ കുലയില്‍ നിന്നും മൂത്ത് പാകമായ ഒരു തേങ്ങ നിലാവത്ത് അടര്‍ത്തിയെടുത്ത് , തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് വറ്റിച്ചെടുത്ത തെളി വെളിച്ചെണ്ണ പച്ചീര്‍ക്കിലിയില്‍ പുരട്ടി വഴക്കി ആ മണ്‍കൂടിന് ഇരുവശത്തുമായി വളച്ച് കുത്തി നിറുത്തുക.ശേഷം നാല്‍പ്പത്തിയൊന്ന് രാവുകളില്‍ പൂര്‍ണ്ണനഗ്നയായി ആ മണ്‍കൂടിന് ചുവട്ടില്‍ നിന്ന് മണ്‍കൂടിന് നേരെ നോക്കി നമ്മുടെ ഒരേയൊരാഗ്രഹം അക്ഷരസ്ഫുടതയോടെ പ്രാര്‍ത്ഥിക്കുക.ഫലം അച്ചട്ടാണ്. മുത്തശ്ശി പറഞ്ഞ് നിര്‍ത്തിയപ്പോള്‍ രേണുക ചോദിച്ചിരുന്നു; “മുത്തശ്ശി ഇങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ?!.”

“പിന്നേയ്…അങ്ങനെയല്ലേ എനിക്ക് മുത്തശ്ശനെ കിട്ടീത്.” മുത്തശ്ശി കഥ തുടരും….

ഇനിയും അസാധ്യമായതും സ്വപ്നസാക്ഷാത്കാരത്തിന് ഹേതുവായതുമാണ് നഗ്നമായി മണ്‍കൂടിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുക എന്നത്. ഏഴാം യാമത്തിലാണെങ്കിലും ആരെങ്കിലും വാതിലില്‍ മുട്ടിയാല്‍, ആരെങ്കിലും കണ്ടാല്‍ പിന്നെ ജീവിച്ചിരിക്കേണ്ടതില്ലെന്ന് രേണുക ഉറപ്പിച്ചു.
പക്ഷേ ആ ചിരിക്കുന്ന കണ്ണുകള്‍ ഏഴാം യാമത്തില്‍ അവളെ വിളിച്ചുണര്‍ത്തി തുണിയുരുപ്പിച്ചു. നിലാവിറ്റുന്ന ചെമ്പകമണമുള്ള രാത്രിയില്‍ ചില്ല് ജനാലയിലൂടെ ഒഴുകി വന്ന നിലാവ് അവളുടെ പൂമേനിയഴകിനെ ഭിത്തിയില്‍ ഒട്ടിച്ച് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നത് പ്രാര്‍ത്ഥനയ്ക്ക് ശേഷം പുറം തിരിഞ്ഞപ്പോഴാണ് അവള്‍ കണ്ടത്. അവള്‍ നാണിച്ച് കൂമ്പി. മുത്തശ്ശിയുടെ കഥാ തുടര്‍ച്ച അവളോര്‍ത്തു.

നാല്‍പ്പത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം പുലര്‍കാലേ കുളിച്ചീറനായി തുളസിത്തറയ്ക്ക് ഏഴുവട്ടം ചുറ്റി, ഒരു തുളസിക്കതിര്‍ മുടിത്തുമ്പില്‍ തിരുകി, മണ്‍കൂടിന് മുകളില്‍ വളച്ച് കുത്തിയിരിക്കുന്ന വഴക്കം വന്ന ഈര്‍ക്കിലി ഊരിയെടുത്ത് കയ്യില്‍ വള പോലെ വളച്ചിടുക.പതിനൊന്ന് ദിവസം കയ്യിലിട്ട ആ വള പിന്നീടൊരാള്‍ ഇരുപത്തിനാല് വിനാഴിക ഉടമസ്ഥതയില്‍ സൂക്ഷിച്ചാല്‍ അവരുടെ ഇഷ്ടങ്ങള്‍ ഒന്നായിത്തീരും. ഒരിക്കലും വേര്‍പിരിയാനാകാത്ത വിധം.

എന്തായാലും മുത്തശ്ശി പറഞ്ഞത് സത്യമാണ്. ഈര്‍ക്കിലിത്തുമ്പ് കാണാത്ത വിധത്തില്‍ കറുത്ത നൂല്‍ പിന്നലില്‍ ഒളിപ്പിച്ച മനോഹരമായ വള പൂര്‍ത്തിയായ ദിവസം തന്നെ അയാള്‍ രേണുകയെ നോക്കി പുഞ്ചിരിച്ചു. അവളിലെ സങ്കോചങ്ങളൊക്കെയും എവിടെയോ പോയൊളിച്ചു. തന്റേതെന്ന ഉറച്ച വിശ്വാസം അവളില്‍ അങ്കുരിച്ചു. പേര്, വീട്, കുടുംബം എല്ലാം അവള്‍ ചോദിച്ചറിഞ്ഞു. ഒരു ദിവസം രേണുക ശിവന്‍ കുട്ടിയോട് ചോദിച്ചു. “കയ്യില്‍ കറുത്ത ചരട് കെട്ടിയിട്ടുണ്ടല്ലോ. ഞാന്‍ നല്ലതൊന്ന് പിന്നിയുണ്ടാക്കിയിട്ടുണ്ട്. തരട്ടേ”.ശിവന്‍ കുട്ടി സന്തോഷപുരസ്സരം അത് സ്വീകരിച്ചു. രേണുകയുടെ മനസ്സില്‍ ചെമ്പക മൊട്ടുകളെല്ലാം ഒരുമിച്ച് പൂവിട്ടു. അതിന്റെ സുഗന്ധത്തില്‍ അവള്‍ ഹര്‍ഷപുളകിതയായി.

തൊടിയിലെ ചെമ്പകപ്പൂവിന്റെ മദോന്മത്ത ഗന്ധം തുറന്നിട്ട ജനാലയിലൂടെ അവരെ ചുറ്റി നിന്നപ്പോള്‍ രേണുകയ്ക്ക് അന്നേ ദിവസം ജന്മസാഫല്യമായിരുന്നു. ശിവേട്ടന്റെ കൈവിരലുകള്‍ ചെമ്പകപ്പൂവിന്റെ നറുമണം പോല്‍ ഗതികിട്ടാതലഞ്ഞപ്പോള്‍ അവള്‍ കാറ്റ് വീശിയ ചെമ്പകക്കൊമ്പായി മാറി. ഇളം കാറ്റ് മെല്ലെ മെല്ലെ കൊടുങ്കാറ്റിലേക്ക് പരിണമിക്കാന്‍ ആരംഭിച്ചപ്പോള്‍ അവളുടെ ഉടലില്‍ നിന്ന് വസ്ത്രാഞ്ചലങ്ങള്‍ പറന്നകന്നിരുന്നു. ആ കൊടുങ്കാറ്റിന്റെ ഹുങ്കാരത്തിനുമേലെ ഇടി മുഴങ്ങി; “പല്ലി”. കാറ്റ് സ്തംഭിച്ചു. ചെമ്പകച്ചില്ല നിശ്ചലം. ഇന്ദ്രിയങ്ങളില്‍ പ്രണയം ദൈന്യതയാര്‍ന്നു.

ശിവന്‍ കുട്ടി അത്യാര്‍ത്തിയോടെ കാത്തിരുന്ന രാവുകളില്‍ പ്രണയത്തിന്റെ ഒഴുക്കിന് തടയിടുന്ന വില്ലനായി മാറി ശയനമുറിയിലെ പല്ലി. രേണുക കന്യകയായ ഭാര്യയായിത്തുടര്‍ന്നു. പ്രണയ മന്ത്രങ്ങളില്‍ തഴുകിത്തലോടവേ മണ്‍കൂടിന് മുന്നില്‍ ആദ്യമായി വിവസ്ത്രയായി നിന്ന നിമിഷങ്ങള്‍ രേണുകയ്ക്ക് മുന്നില്‍ മിഴിവാര്‍ന്നു നിന്നു.

ഒന്നാകാന്‍ വെമ്പിയ ഗൌളീ മിഥുനങ്ങളുടെ ആത്മാക്കള്‍ തന്നെ ഉറ്റുനോക്കുന്നതായി രേണുക ഭയപ്പെട്ടു. ശിവന്‍ കുട്ടിയുടെ വീട്ടിലായാലും രേണുകയുടെ വീട്ടിലായാലും അവള്‍ പല്ലികളെ അങ്ങേയറ്റം ഭയന്നുതുടങ്ങി. ശിവേട്ടന്റെ പ്രണയ ചാപല്യങ്ങള്‍ അതിരുവിടുമ്പോള്‍ അവളുടെ മിഴികള്‍ പരിഭ്രാന്തിയാല്‍ ഭിത്തിയിലുടനീളം ഇഴഞ്ഞു. ആ പല്ലികള്‍ക്ക് സംഭവിച്ചത് പോലെ … നാസാരന്ദ്രങ്ങളില്‍ വായു തടസ്സപ്പെടുന്നത് പോലെ. കണ്ഠനാളങ്ങളില്‍ അമര്‍ത്തപ്പെട്ട ആത്മാക്കളെ അവള്‍ കുടഞ്ഞെറിയുമ്പോള്‍ ശിവന്‍ കുട്ടി അവളില്‍ നിന്നും എടുത്തെറിയപ്പെട്ടു.
ശിവന്‍ കുട്ടി തന്നെയാണ് അവസാനം ആ തീരുമാനത്തിലെത്തിയത് രേണുകയെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുക.

നോക്കൂ …ഇപ്പോള്‍ രാത്രിയല്ല. പകല്‍. അവള്‍ ശിവന്‍ കുട്ടിയുടെ കൈകളിലാണ്. വസ്ത്രങ്ങളില്‍ പൊതിഞ്ഞ്. വിവസ്ത്രയായി മണ്‍കൂടിന് മുന്നില്‍ നിന്ന ഓര്‍മ്മയേ രേണുകയില്‍ ഇല്ല. മൊബൈല്‍ ഫോണില്‍ നിന്നുതിരുന്ന സംഗീതത്തില്‍ അവര്‍ വെള്ളിമേഘങ്ങള്‍ക്കുമീതെ ചിറകുകള്‍ വിരിച്ചു. അവിടെ മണ്‍കൂടുകളില്ല. ചിലക്കുന്ന പല്ലികളില്ല. രാത്രികളുടെ ശബ്ദ വീചികളില്ല. അനന്ത വിഹായസ്സ് മാത്രം. സ്നിഗ്ദമായ തൂവലുകളുരുമ്മി അവര്‍ യാത്ര പോവുകയാണ്. ആകാശത്തിന്റെ അറ്റം തേടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

5 responses to “പല്ലികള്‍ ചിലക്കാതിരിക്കട്ടെ (കഥ)”

 1. എഴുത്ത് വായിച്ചപ്പോള്‍ ചെറുപ്പത്തിലേ കുസൃതികളിലേക്ക് ഓര്‍മ്മകള്‍ കൂട്ടികൊണ്ടു പോയി.. ഇവിടെ പള്ളികളായിരുന്നെങ്കില്‍ അവിടെ വീടിനൊരത്തെ കുഞ്ഞു കൈത്തോട്ടിലെ തവളകളായിരുന്നെന്നു മാത്രം.. അതിനു മുത്തശ്ശി കഥയുടെ അകമ്പടിയും ഉണ്ടായിരുന്നില്ല.. ബാല്യകാല കുസ്യതീയുടെ പ്രേരണ മാത്രം… ആസ്വദിച്ചു വായിച്ചു..

 2. എഴുത്ത് വായിച്ചപ്പോൾ ചെറുപ്പത്തിലേ കുസൃതികളിലേക്ക് ഓർമ്മകൾ കൂട്ടികൊണ്ടു പോയി.. ഇവിടെ പല്ലികളായിരുന്നെങ്കിൽ അവിടെ വീടിനൊരത്തെ കുഞ്ഞു കൈത്തോട്ടിലെ തവളകളായിരുന്നെന്നു മാത്രം.. അതിനു മുത്തശ്ശി കഥയുടെ അകമ്പടിയും ഉണ്ടായിരുന്നില്ല.. ബാല്യകാല കുസ്യതീയുടെ പ്രേരണ മാത്രം… ആസ്വദിച്ചു വായിച്ചു..

 3. Sudheerkhan says:

  പ്രിയ കഥാകാരി ആനന്ദി രാമചന്ദ്രന്റെ ‘രാമച്ചം’ എന്ന കഥാ സമാഹാരത്തില്‍ പല്ലികള്‍ എന്ന പേരില്‍ ഒരു കഥയുണ്ട്. തന്റെ കിടപ്പു മുറിയുുടെ ഏതു കോണില്‍ നോക്കിയാലും അവിടെയെല്ലാം പല്ലികളെ കാണുന്ന സ്ത്രീ കഥാപാത്രം, അനന്തരം ആ കഥാപാത്രത്തില്‍ നിറയുന്ന മാനസിക സംഘര്‍ഷങ്ങളും, അനന്തരഫലവും വളരെ വ്യക്തമായി പറയുന്നുണ്ടതില്‍. ഇവിടെ നസീമയെന്ന എഴുത്തുകാരി, തന്റെ പ്രണയസാഫല്യത്തിനായി പണ്ടെങ്ങോ മുത്തശ്ശിയുടെ നാവിന്‍ തുമ്പില്‍ നിന്നും കേട്ടറിഞ്ഞ മുത്തശ്ശിക്കഥ അതേപടി അനുവര്‍ത്തിക്കുകയും അതില്‍ വെന്നിക്കൊടി നാട്ടുകയും, ഒടുവിലൊരു ദുരന്തമായി അവേശഷിക്കുന്ന രേണുക എന്ന കഥാപാത്രത്തെ വളരെ മനോഹരമായി, ഈ കഥയിലൂടെ വരച്ച് ചേര്‍ത്തിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

  ഈ കഥയില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠവും ഏറെ പ്രസക്തമാണ്. സ്വന്തം സുഖത്തിനും, മോഹസാക്ഷാത്കാരത്തിനും വേണ്ടി അപരത്വഹിംസ നടത്തുന്നവര്‍ക്കുുള്ള ഒരോര്‍മ്മപ്പെടുത്തലാണിത്. നാം ചെയ്ത ക്രൂരതകള്‍ നമുക്ക് മുകളില്‍ ഒരു വലിയ ഖഢ്ഗമായി ഏതുനിമിഷവും പ്രത്യക്ഷപ്പെടാമെന്നും, അതിന്റെ പരിണിതഫലം നമ്മളെ നശിപ്പിക്കുന്ന ഉഗ്ര വിസ്ഫോടനങ്ങളാണെന്നും പല്ലിയിലൂടെ, കഥാകാരി വിളിച്ചു പറയുന്നുണ്ട്.

  ആഖ്യാന രീതി എടുത്തു പറയേണ്ടതു തന്നെയാണ്. വായനക്കാരനില്‍ വായനയുടെ ഒാരോ ഘട്ടത്തിലും ആകാംക്ഷ നിറയിപ്പിക്കുന്ന സുന്ദരമായ രചനാ ശെെലി. ആശംസകള്‍.

  • NazeemaNazeer says:

   വായനക്കാരന്‍ അതിസൂക്ഷ്മതലങ്ങളെപ്പോലും വെറുതെ വിടാതെ ആസ്വാദന തലത്തില്‍ ആലിംഗനം ചെയ്തിരിക്കുന്നുവെന്നറിഞ്ഞതില്‍ ഈ എഴുത്താള്‍ വളരെ സന്തോഷിക്കുന്നു. അതോടൊപ്പം എഴുത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ ശ്രദ്ധിക്കുമെങ്കില്‍ അതെനിക്ക് ഏറ്റവും പ്രിയമാകുമെന്നും ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top