Flash News

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍

December 30, 2016

kalakka-fullകേരള രാഷ്‌ട്രീയം, പ്രത്യേകിച്ച് യുഡി‌എഫ് എപ്പോഴും കലക്കവെള്ളം പോലെയാണ്. ഒരിയ്ക്കലും തെളിയാത്ത രീതിയില്‍ അതങ്ങനെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ‘കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ ‘ ഈ പാര്‍ട്ടിയില്‍ ധാരാളമുണ്ടുതാനും. പൊളിറ്റിക്കലി കറക്റ്റായി പറഞ്ഞാല്‍ നേരെ ചൊവ്വേ ഭരിയ്ക്കാനറിയാത്ത ഒരു പാര്‍ട്ടിയും പരസ്പരം പാരകളാകുന്ന പ്രവര്‍ത്തകരും. എപ്പോഴെങ്കിലും വെള്ളമൊന്ന് തെളിഞ്ഞുവന്നാല്‍ ഉടനെ ഇറങ്ങും ആരെങ്കിലും അത് വീണ്ടും കലക്കാന്‍. അതാണിപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ കോലാഹലം ‘പ്രതിപക്ഷത്തിന് മൂച്ച് പോരാ’ എന്ന കെ. മുരളീധരന്റെ പ്രസ്താവനയെക്കുറിച്ചാണ്. ഇരിക്കുന്ന കൊമ്പ് മുറിയ്ക്കലോ മലര്‍ന്നു കിടന്നു തുപ്പുകയോ ഒക്കെയാണെന്ന് വേണമെങ്കില്‍ പറയാം. പ്രതിപക്ഷത്തിരുന്നുകൊണ്ട് പ്രതിപക്ഷത്തെത്തന്നെ കുറ്റം പറഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ ക്ഷമിക്കുകയില്ല എന്ന ഒരു സാമാന്യ ബോധമെങ്കിലും കരുണാകര പുത്രനായ ഈ മുരളീധരന് ഇല്ലാതെ പോയതെന്തേ? മുരളിയെ ചൊറിയാനുള്ള ഒരവസരവും കെ.പി.സി.സി. വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പാഴാക്കുകയില്ല. കാരണം കുറെ കാലങ്ങള്‍ക്കുമുന്‍പ്, അതായത് 2004-ല്‍ പരസ്യമായി ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞവനാണ് ഈ മുരളീധരന്‍.

muraliപതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ തനിക്കൊരു പിന്‍‌ഗാമി വേണമെന്ന ആഗ്രഹത്താലാണ് മുരളീധരനെ രാഷ്‌ട്രീയത്തിലിറക്കി കളി പഠിപ്പിച്ചത്. പക്ഷെ രാഷ്‌ട്രീയ ചാണക്യനായ കരുണാകരനെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു മുരളീധരന്റെ പ്രകടനം. സ്ഥാനത്തും അസ്ഥാനത്തും കൈയ്യിട്ടു വാരുന്ന പ്രകൃതം. മകനെ രാഷ്ട്രീയ ഗോദായിലേക്ക് വിരല്‍തുമ്പില്‍ പിടിച്ച് കയറ്റി, കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പതിനെട്ടടവും പൂഴിക്കടകനും പഠിപ്പിച്ച് മെയ്‌വഴക്കവും കൈതഴക്കവും വന്ന പോരാളിയാക്കിയപ്പോള്‍ ”അഛാ, അഛനഛന്റെ വഴി, എനിക്കെന്റെ വഴി..” എന്നു പറഞ്ഞ് ഒരിയ്ക്കല്‍ വഴിപിരിഞ്ഞുപോയതാണ് മുരളി. ഒടുവില്‍ മാനസാന്തരപ്പെട്ട് തിരിച്ചുവന്ന് അച്ഛനോടും പാര്‍ട്ടിയോടും മാപ്പുപറഞ്ഞ് തിരിച്ചു കയറി. അന്ന് ആ തിരിച്ചു വരവ് മുരളി ആഘോഷിച്ചത് രാജ്മോഹന്‍ ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞുകൊണ്ടാണ്. പാര്‍ട്ടി ഒന്നാണെങ്കിലും അന്നത്തോടെ ഉണ്ണിത്താനുമെടുത്തു ഒരു ശപഥം ‘എന്നെങ്കിലും ഞാന്‍ നിന്നെ എടുത്തോളാമെന്ന്.’

അന്നുമുതല്‍ ഉണ്ണിത്താന്റെ കണ്ണ് മുരളീധരനിലും മുരളീധരന്റെ കണ്ണ് ഉണ്ണിത്താനിലുമായി കാലം കടന്നുപോയി. അതിനുശേഷം ഉണ്ണിത്താന്‍ ചെന്നു പെട്ടത് ഒരു പെണ്ണ് കേസിലാണ്. മഞ്ചേരിയില്‍ വെച്ച് ഒരു പെണ്ണിന്റെ കൂടെ പോലീസ് പൊക്കിയതോടെ പോലീസ് അസാന്മാര്‍ഗ്ഗിക നടപടിക്ക് കേസെടുത്തതു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. അന്വേഷണത്തെ നേരിട്ട് അഗ്നിശുദ്ധി വരുത്തി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്തു. അന്നും ഉണ്ണിത്താന്‍ ഒരു ശപഥം ചെയ്തു. താന്‍ നേരിട്ട ദുര്‍ഗതി ഇനിയൊരാള്‍ക്കും വരാതിരിക്കാനുള്ള ഒരു നിയമനിര്‍മ്മാണത്തിനു തന്നെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നായിരുന്നു ആ ശപഥം. അതിന്റെ ആദ്യ പടിയായി പുരുഷനും സ്ത്രീക്കും ഏതു പാതിരാത്രിക്കും എവിടേയും നിര്‍ഭയം സഞ്ചരിക്കാവുന്ന ഒരു ബില്ലിന്റെ കരടുരേഖയുണ്ടാക്കുകയെന്ന ദൗത്യവും ഏറ്റെടുത്തു. സദാചാരബോധമില്ലാത്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കപട മുഖംമൂടി വലിച്ചുകീറിയിട്ടേ ഞാനടങ്ങൂ എന്നാണ് അന്ന് ഉണ്ണിത്താന്‍ പറഞ്ഞത്. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും എവിടെയും പോകാമെന്നും, ഒന്നിച്ചു താമസിക്കാമെന്നുമുള്ള സുപ്രീം കോടതി വിധിയാണ് ഉണ്ണിത്താന്‍ തുറുപ്പു ചീട്ടായി എടുത്തത്. അതെങ്ങുമെത്തിയില്ലെന്നു മാത്രമല്ല കോണ്‍‌ഗ്രസ് ഭരണം കൈവിട്ടുപോയി ഇപ്പോള്‍ ഇടതുപക്ഷം ഭരണത്തില്‍ വരികയും ചെയ്തു. ഇക്കാലമത്രയും മുരളീധരനും ഉണ്ണിത്താനും രണ്ടു ദ്രുവങ്ങളിലായിരുന്നു ജീവിതം.

rajmohan-unnithan-arrested-for-trafficking-50ce7ea1b117dപിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല ഭരണപരിഷ്ക്കാരങ്ങളും ദഹിക്കാത്ത കോണ്‍‌ഗ്രസ് പക്ഷെ അതിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിപക്ഷം കൊണ്ടുവരുന്ന ഓരോ ആരോപണങ്ങളുടേയും മുനകള്‍ അപ്പപ്പോള്‍ ഒടിച്ചു കളഞ്ഞ് എല്‍‌ഡി‌എഫ് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നു. ഉമ്മന്‍‌ചാണ്ടിയോ, സുധീരനോ, രമേശ് ചെന്നിത്തലയോ സാക്ഷാല്‍ എ.കെ. ആന്റണിപോലും മുട്ടുകുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയപ്പോഴാണ് അടങ്ങിയൊതുങ്ങി നില്‍ക്കാന്‍ പഠിച്ചിട്ടില്ലാത്ത മുരളീധരന്‍ തന്നെ ഒരു വെടിപൊട്ടിച്ചത്. കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന വെടി പൊട്ടിച്ചതോടെ യുഡി‌എഫില്‍ മാലപ്പടക്കത്തിന് തീകൊടുത്ത പോലെയായി. ആകെ പൊട്ടിത്തെറി. യുഡി‌എഫില്‍ തന്നെ ഘടകകക്ഷികള്‍ ചേരി തിരിഞ്ഞ് മുരളീധരന് അനുകൂലമായും പ്രതികൂലമായും പടക്കം പൊട്ടിക്കാന്‍ തുടങ്ങി. വെള്ളം കലങ്ങി, ഇനി മീന്‍ പിടിച്ചാല്‍ മതി എന്നു ധരിച്ച് ചിലര്‍ അരയും തലയും മുറുക്കി തയ്യാറെടുത്തു.  ആര്‍‌എസ്‌പിയും, കേരള കോണ്‍ഗ്രസും (ജേക്കബ്), മുസ്ലീം ലീഗുമൊക്കെ അവരവര്‍ക്ക് തോന്നുന്ന രീതിയില്‍ പ്രസ്താവനകളിറക്കി. ‘കേരളത്തില്‍ പ്രതിപക്ഷമില്ല’ എന്നു മാത്രമേ മുരളി പറഞ്ഞുള്ളൂ. എന്നാല്‍ മറ്റുള്ളവരുടെ പ്രസ്താവനകള്‍ കേട്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം. അവരെല്ലാം തന്നെ അസം‌തൃപ്തരായിരുന്നു. ഉദാഹരണത്തിന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായം തന്നെ എടുക്കാം. അദ്ദേഹം പറയുന്നു “വല്ലപ്പോഴും യുഡിഎഫ് കൂടി പിരിയുമെന്നല്ലാതെ ജനങ്ങളെ അണിനിരത്തിയുളള സമരങ്ങളൊന്നും നടക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ധര്‍മ്മം കേരളത്തില്‍ നിര്‍വഹിക്കപ്പെടുന്നില്ലെന്ന് സംശയമില്ലാതെ പറയാം. പ്രതിപക്ഷത്തിന്റെ ഒരു ധര്‍മ്മം കേരളത്തില്‍ പൂര്‍ണമായിട്ട് നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലാന്നുളള അഭിപ്രായക്കാരാണ് ഞങ്ങളും. പ്രതിപക്ഷത്തിന് ജനാധിപത്യത്തില്‍ ഒരു ധര്‍മ്മം ഉണ്ടല്ലോ, ആ ധര്‍മ്മം നിര്‍വഹിക്കുന്നതില്‍, സര്‍ക്കാരിന്റെതായ ദുഷ്‌ചെയ്തികള്‍ തുറന്നുകാണിച്ച് അതിനെതിരായിട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന കാര്യങ്ങളാണ്. ഇടതുപക്ഷം ഒരു ദയനീയ പരാജയമാണ്. അത് വേണ്ടത്ര ഉയര്‍ത്തിക്കാട്ടി ഇക്കാര്യത്തില്‍ ജനങ്ങളെ അണിനിരത്താന്‍ പറ്റിയ സന്ദര്‍ഭങ്ങള്‍, ആ സന്ദര്‍ഭങ്ങള്‍ പോലും യഥാര്‍ത്ഥത്തില്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയിട്ടുണ്ടെന്നത് സത്യമാണ്. ഞങ്ങളുടെ ഉദ്ദേശം എന്നുപറയുന്നത്, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുക എന്നുളളതല്ല, അങ്ങനെ ഒരു അജണ്ട ഞങ്ങള്‍ക്കില്ല. അത് വേറെ സംഗതികളാണ്. ഞങ്ങള്‍ അടക്കമുളള ആളുകള്‍ ജനങ്ങളുടെ മുമ്പില്‍ പറയേണ്ട കാര്യമുണ്ട്. കോണ്‍ഗ്രസിനകത്തുളള വിഷയങ്ങള്‍ അവരാണ് പറയേണ്ടത്. ഗവണ്‍മെന്റിന് ഇപ്പോള്‍ ഒരു ശല്യവുമില്ലല്ലോ. ജനങ്ങളെ അണിനിരത്തേണ്ട സമയമാണ്. അസംബ്ലി തെരഞ്ഞെടുപ്പില്‍ സജീവമായിട്ട് ഒരു ടീമായി വര്‍ക്ക് ചെയ്തിരുന്നു. അതിനുശേഷം ബാക്കി കാര്യങ്ങളൊന്നും കൂടിയിട്ടില്ല. എപ്പോഴെങ്കിലും യുഡിഎഫ് കൂടി അങ്ങ് പിരിയുമെന്നല്ലാതെ ജനങ്ങളെ മുഴുവന്‍ അണിനിരത്തേണ്ട സമരങ്ങളുടെ സന്ദര്‍ഭങ്ങളായല്ലോ. എന്നിട്ടും കാര്യമായിട്ടൊന്നും നടക്കുന്നില്ലല്ലോ.” സത്യത്തില്‍ ഇതു കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെയാണ്. അദ്ദേഹം ഈയ്യിടെ ഒരു പടക്കം പൊട്ടിച്ചു. ഇസ്രയേല്‍ പലസ്തീനികളുടെ സ്ഥലം കൈയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ യു.എന്‍. പ്രമേയം പാസാക്കി. അതിനെ വീറ്റോ ചെയ്യാന്‍ അമേരിക്ക തയ്യാറായില്ല. ഇസ്രയേലികള്‍ക്ക് കലിപ്പ് വരാന്‍ അത് കാരണവുമായി. പ്രസിഡന്റായി അധികാരമേറ്റെടുത്തിട്ടില്ലെങ്കിലും ട്രം‌പ് ഉടനെ ട്വീറ്റ് ചെയ്തു… ‘ഈ ഐക്യരാഷ്ട്ര സഭ എന്നു പറഞ്ഞാല്‍ ഒരു മഹാസംഭവമൊന്നുമല്ല, അത് വെറുമൊരു ക്ലബ്ബ്. കുറെ പേര്‍ക്ക് വന്നിരുന്ന് സൊറ പറയാനുള്ളൊരു സ്ഥലം, അത്ര തന്നെ. ഞാന്‍ അധികാരമേറ്റെടുക്കട്ടെ, എല്ലാം ശരിയാക്കുന്നുണ്ട്…’ എന്ന്. എല്ലാം ശരിയാക്കുന്നുണ്ട് എന്നു പറഞ്ഞത് ഐക്യരാഷ്‌ട്ര സഭയെ പിരിച്ചു വിടുമെന്നോ അതോ പലസ്തീനികള്‍ക്കിട്ട് വീണ്ടും കൊട്ടുകൊടുത്ത് അവരുടെ ഭൂമിയൊക്കെ ഇസ്രയേലികള്‍ക്ക് പതിച്ചുകൊടുക്കുമെന്നാണോ  ട്രം‌പ് ഉദ്ദേശിച്ചത്  എന്നറിയില്ല.

congress-attackമുസ്ലീം ലീഗും കൂടി ഉള്‍പ്പെട്ട മന്ത്രിസഭയായിരുന്നല്ലോ കേരളം ഭരിച്ചിരുന്നത്. അവര്‍ക്ക് എന്തുകൊണ്ട് ഭരണം നഷ്ടപ്പെട്ടു എന്ന് ചിന്തിക്കാനുള്ള കഴിവില്ലാഞ്ഞിട്ടാണോ? അച്യുതാനന്ദന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിട്ട് ഭരണം കൈയ്യടക്കിയവരാണ് യുഡി‌എഫ്. നാലു കൊല്ലം ഭരിച്ച അവരെ എന്തുകൊണ്ട് ജനങ്ങള്‍ കൈയൊഴിഞ്ഞു എന്ന് ചിന്തിക്കാതെ ഇപ്പോഴും ചേരിതിരിഞ്ഞ് വിഴുപ്പലക്കുകയല്ലാതെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള യാതൊരു പുതിയ പദ്ധതികളും അവര്‍ക്കില്ല. ഇനി പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടണം. അതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മുരളീധരന്‍ വീണ്ടും കുഴലൂതിയത്. എന്നാല്‍ മുരളീരവത്തിന് മറുപടി കൊടുത്തത് ഉണ്ണിത്താനായിരുന്നു. വടി കൊടുത്ത് അടി വാങ്ങിയ പോലെയായി ഉണ്ണിത്താന്‍. കോണ്‍ഗ്രസിനെ അവഹേളിക്കുന്ന കെ. മുരളീധരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും, മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയായ മുരളീധരന്‍ പഴയ പാത (ഗുണ്ടായിസം) സ്വീകരിക്കാനുള്ള പുറപ്പാടാണോയെന്ന് സംശയമുണ്ടെന്നുമാണ് ഉണ്ണിത്താന്‍ പ്രതികരിച്ചത്. അതാ വന്നു മുരളീധരന്റെ മറുപടി. ‘വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാരന് എന്താണ് കാര്യം, പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി പ്രസിഡന്റാണ്, അതിനു പകരം മറ്റുള്ളവര്‍ കുരയ്ക്കേണ്ട’ എന്നാണ് മുരളി ചോദിച്ചത്. ഉന്തിന്റെ കൂടെ ഒരു തള്ളും എന്നു പറഞ്ഞതുപോലെ ‘അനാശാസ്യ കേസില്‍ പ്രതിയായി താന്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടില്ല’ എന്നും മുരളി കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇവര്‍ രണ്ടുപേരും വീണ്ടും ഏറ്റുമുട്ടുമെന്നുറപ്പായ സീനിയര്‍ നേതാക്കള്‍ രംഗപ്രവേശം ചെയ്ത് അരങ്ങ് കൊഴുപ്പിച്ചു. ഇതെല്ലാം കണ്ടും കേട്ടും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഊറിച്ചിരിച്ചു. അവര്‍ അങ്കവും കണ്ടു താളിയും പറിച്ചു.

എന്നാല്‍ ഉണ്ണിത്താന്‍ കെ.പി.സി.സി. വക്താവ് എന്ന തന്റെ ഔദ്യോഗിക പദവി രാജിവെച്ചതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി. ഡിസംബര്‍ 28-ന് കൊല്ലം ഡിസിസി ഓഫീസില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്യുകയും, ചീമുട്ടയെറിയുകയും ചെയ്താണ് മുരളീപക്ഷക്കാര്‍ പകരം വീട്ടിയത്. കോണ്‍ഗ്രസ് ജന്മദിനാഘോഷ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഉണ്ണിത്താന്‍ എത്തിയത്. ഓഫീസിലെക്ക് കയറാന്‍ സമ്മതിക്കാതെ ‘ഗോ ബാക്ക്’ വിളിച്ചും മുരളീസംഘം കത്തിക്കയറി. കാറിന്റെ ചില്ലു തകര്‍ത്ത് തനി ഗുണ്ടകളെപ്പോലെയാണ് അവര്‍ പെരുമാറിയതെന്ന് ഉണ്ണിത്താന്‍ പറയുന്നു. 2004-ല്‍ തന്നെ ആക്രമിച്ച അതേ ഗുണ്ടകള്‍ തന്നെയാണ് അവരെന്നും, അവര്‍ മുരളി തീറ്റിപ്പോറ്റുന്ന ഗുണ്ടകളാണെന്നുമാണ് ഉണ്ണിത്താന്‍ പറയുന്നത്. ഈ സംഭവങ്ങളെല്ലാം കോണ്‍‌ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നോക്കിനില്‍ക്കേയാണ് നടന്നതെന്ന് കേള്‍ക്കുമ്പോള്‍ ‘എന്തിനാണമ്മാവാ എന്നെ തല്ലുന്നത്, ഞാന്‍ നേരെയാവില്ല’ എന്ന പഴഞ്ചൊല്ലാണ് ഓര്‍ത്തുപോകുന്നത്. ഈ വിഴുപ്പലക്കലും തെരുവിലെ തമ്മിലടിയും നടന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗ്രസിന്റെ സ്ഥാപകദിനത്തിലായിരുന്നു എന്നത് ലജ്ജാകരം തന്നെ.

kollamബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1885 ഡിസംബര്‍ 28-ന് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തായ്‌വേര് അറുക്കുന്ന പ്രവര്‍ത്തികളാണ് പില്‍ക്കാലത്തു വന്ന കോണ്‍ഗ്രസുകാര്‍ ചെയ്തുകൊണ്ടിരുന്നത്. അവരത് ഇപ്പോഴും ചെയ്തുകോണ്ടേയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രമറിയാവുന്ന ആരും ഈ അനീതിക്ക് കൂട്ടു നില്‍ക്കുകയില്ല. രാജ്യത്തിന്‍റെ രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി ഒരുമയോടെ പ്രവര്‍ത്തിക്കും എന്ന പ്രതിജ്‍ഞയോടെ ആരംഭിച്ച ഒരു മഹാപ്രസ്ഥാനത്തെയാണ് താന്‍‌പോരിമയിലൂടെയും അധികാരക്കൊതിയോടെയുമുള്ള നേതാക്കള്‍ അപഹാസ്യമാക്കുന്നത്. ജനങ്ങള്‍ നെഞ്ചേറ്റിയ ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തെയാണ് അധികാരത്തിലേക്കുള്ള എളുപ്പ വഴിയാക്കി ചിലര്‍ മാറ്റിയെടുത്തുകൊണ്ടിരിക്കുന്നത്. അധികാരത്തിന്‍റെ നാണം കെട്ട വഴികളിലൂടെയുള്ള നേതാക്കളുടെ സഞ്ചാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്‍റെ മാനം കെടുത്തി. ഭരണ പരാജയങ്ങള്‍ ഒരു തുടര്‍ക്കഥപോലെ പിന്തുടര്‍ന്നിട്ടും നേതാക്കള്‍ അവരുടെ സ്വഭാവങ്ങളില്‍ മാറ്റം വരുത്തിയില്ല. ഫലമോ 130 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പാര്‍ട്ടി ഛിന്നഭിന്നമായി.

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള എല്ലാ പാര്‍ട്ടികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ഭിന്നിച്ചകന്നുണ്ടായവയാണെന്നത് ചരിത്ര സത്യമാണ്. അവരൊക്കെ പിരിഞ്ഞുപോയത് ആദര്‍ശത്തിന്റെ പേരിലല്ല, മറിച്ച് അധികാരത്തിനുവേണ്ടിയുള്ള നാണംകെട്ട ഏറ്റുമുട്ടലുകളെത്തുടര്‍ന്നുണ്ടായ ഭാഗം വയ്ക്കലായിരുന്നു. പിളര്‍ത്താന്‍ കഴിവുള്ളവരൊക്കെ പുതിയ പാര്‍ട്ടിയുണ്ടാക്കി. അതിനു കഴിയാത്തവര്‍ അകത്തിരുന്ന് തമ്മില്‍ത്തല്ലിയും കുതികാല്‍ വെട്ടിയും പരസ്പരം പഴിച്ചും ഭത്സിച്ചും താന്തങ്ങളുടെ തരാതരത്തിന് പ്രസ്ഥാനത്തെ ക്ഷീണിപ്പിച്ചു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇപ്പോള്‍ നാം കാണുന്നതും കേള്‍ക്കുന്നതുമായവര്‍. എന്തുകൊണ്ടാണ് കോണ്‍‌ഗ്രസിന് ഒരു സ്ഥിരഭരണം കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ലഭിക്കാതെ പോകുന്നതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ…. അധികാരത്തിനുവേണ്ടിയുള്ള തൊഴുത്തില്‍ കുത്ത്. ആ സത്യം ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്കുള്ളിലെ കലഹങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ പറഞ്ഞുതീര്‍ക്കുന്നതിനു പകരം അവരത് തെരുവിലേക്കെറിയുന്നു. പാര്‍ട്ടിയെ സം‌രക്ഷിക്കേണ്ടവര്‍ തന്നെ തെരുവു ഗുണ്ടകളെപ്പോലെ ആക്രോശിക്കുന്നതും തെറി വിളിക്കുന്നതും അഴിഞ്ഞാടുന്നതും കേരളീയ പൊതുസംസ്കാരത്തിനു തീരെ ചേര്‍ന്നതല്ല. പരസ്പര ബഹുമാനമില്ലാതെ കൊലവിളിച്ചും തെറി വിളിച്ചും വിലസുന്ന കോൺഗ്രസുകാരെ സമൂഹം വെറുത്തെങ്കില്‍ അതവര്‍ ചോദിച്ചു വാങ്ങിയതാണ്. 1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗ്രസിന് രൂപം നല്‍കിയ അലന്‍ ഒക്ടോവിയോ ഹ്യൂം എന്ന ബ്രിട്ടീഷ് സായിപ്പോ രാഷ്ട്ര പിതാവ് മാഹാത്മാഗാന്ധിയോ ഒരിക്കലും ചിന്തിച്ചുകാണില്ല തങ്ങള്‍ രൂപീകരിച്ച ഈ പ്രസ്ഥാനം പില്‍ക്കാലത്ത് ഒരുപറ്റം തെരുവുഗുണ്ടകളുടെ കൈപ്പിടിയിലാകുമെന്ന്.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top