എം.ടിക്ക് പിന്തുണയുമായി സി.പി.എം

kodiyeri-press-611778തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കലിനെതിരായ ജനങ്ങളുടെ എതിര്‍പ്പിന്‍െറ മൂര്‍ത്തീകരണമാണ് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്നാല്‍ അദ്ദേഹത്തെ ആക്ഷേപിക്കാനാണ് ആര്‍.എസ്.എസുകാര്‍ തയാറായത്. തെറ്റ് സംഭവിച്ചാലും ആ തെറ്റിനെ ന്യായീകരിക്കുന്നതാണ് ആര്‍.എസ്.എസുകാരുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. നോട്ട്നിരോധനത്തോട് വിയോജിച്ച എം.ടി. വാസുദേവന്‍ നായരെ അധിക്ഷേപിക്കുന്നതിലൂടെ ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികള്‍ ഫാഷിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നോട്ട് അസാധുവാക്കലിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച എം.ടി സാധാരണജനങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രകടിപ്പിക്കുകയാണ് ചെയ്തത്. എം.ടിക്കെതിരെ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ഉറഞ്ഞുതുള്ളല്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യശക്തികള്‍ ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കലില്‍ തെളിയുന്നത് മോദിയുടെ അരാജകത്വഭരണനയമാണ്. സാമാന്യബുദ്ധിയും ദേശക്കൂറുമുള്ള ആരും അതിനോട് വിയോജിക്കും. ജ്ഞാനപീഠ ജേതാവായ എം.ടി അത് ചെയ്തത് മഹാ അപരാധമായി എന്നവിധത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന പ്രതികരണവും എം.ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും പ്രാകൃതനടപടിയാണ്. പ്രതികരിക്കാന്‍ എം.ടി ആരെന്ന ബി.ജെ.പി നേതാക്കളുടെ ചോദ്യം അസംബന്ധമാണ്.

ബി.ജെ.പിവരയില്‍ നടക്കണമെന്നും സംഘ്പരിവാര്‍ കുറിക്കുന്ന ലക്ഷ്മണരേഖ കടക്കരുതെന്നും കല്‍പ്പിച്ചാല്‍ അത് നടപ്പാക്കാനുള്ള വെള്ളരിക്കാപട്ടണമല്ല ഇന്ത്യ. ‘നാലുകെട്ടുകാരന്‍’ ഇനി പാകിസ്താനില്‍ താമസിക്കുന്നതാണ് നല്ലതെന്ന് ചില സംഘ്പരിവാറുകാര്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത് സംസ്കാരസമ്പന്നരായ ഇന്ത്യക്കാകെ അപമാനകരമാണ്. ബി.ജെ.പിയുടെയും മോദിയുടെയും കുഴലൂത്തുകാരാകാത്ത എഴുത്തുകാര്‍ പിറന്നമണ്ണില്‍ ജീവിക്കേണ്ട എന്ന് പ്രഖ്യാപിക്കുന്നത് തികഞ്ഞ ഫാഷിസമാണ് -കോടിയേരി വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment