നോട്ട് അസാധുവാക്കലിന്‍െറ കാരണം പരസ്യമാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്

reserveന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം ഇപ്പോള്‍ പൊതുജനം അറിയാനുള്ളതല്ലെന്ന് റിസര്‍വ് ബാങ്ക്. പ്രശ്‌നം എന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് ജനത്തെ ഇപ്പോള്‍ അറിയിക്കാനാവില്ലെന്നും ബാങ്ക് വ്യക്തമാക്കി. നോട്ട് അസാധുവാക്കി 50 ദിവസം പിന്നിടുമ്പോള്‍, വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് റിസര്‍വ് ബാങ്ക് വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാട് എടുത്തത്.

നോട്ട് അസാധുവാക്കാനുള്ള തീരുമാനം എടുത്ത യോഗത്തിന്റെ മിനിറ്റ്‌സ് വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് ആവശ്യപ്പെട്ടപ്പോഴും വെളിപ്പെടുത്താനാവില്ലെന്നായിരുന്നു മറുപടി. തീരുമാനത്തിനെതിരെ താന്‍ അപ്പീല്‍ നല്‍കുമെന്ന് വെങ്കടേഷ് അറിയിച്ചു. വിവരാവകാശ നിയമത്തിന്റെ അന്തസ്സത്തയ്‌ക്കെതിരാണ് റിസര്‍വ് ബാങ്കിന്റെ നിലപാടെന്ന് മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ശൈലേഷ് ഗാന്ധി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്‍െറ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങള്‍ വെളിപ്പെടുത്താനാവില്ല. എന്നാല്‍, നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പാക്കിക്കഴിഞ്ഞ സ്ഥിതിക്ക് കാരണങ്ങള്‍ വെളിപ്പെടുത്തുന്നത് എങ്ങനെയാണ് രാജ്യത്തിന്‍െറ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ശൈലേഷ് ഗാന്ധി പറഞ്ഞു. എന്തൊക്കെ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നത് സംബന്ധിച്ച് ആര്‍.ബി.ഐ പ്രത്യേക നയത്തിന് രൂപംനല്‍കിയിട്ടുണ്ടെന്നും ഇതിനെതിരെ കേന്ദ്ര വിവര കമീഷനെ സമീപിക്കുമെന്നും ഗാന്ധി അറിയിച്ചു.

ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തുന്നതിനും വിവരാവകാശനിയമത്തില്‍ വകുപ്പില്ല എന്ന് വ്യക്തമാക്കിയാണ് പുതിയ നോട്ടുകള്‍ പൂര്‍ണമായും വിപണിയിലത്തെുന്നതിന് എത്ര സമയമെടുക്കുമെന്ന ചോദ്യത്തിനും മറുപടി നല്‍കാനാവില്ളെന്ന് ആര്‍.ബി.ഐ അറിയിച്ചത്. നേരത്തേ നോട്ട് അസാധുവാക്കലിലേക്ക് നയിച്ച സുപ്രധാന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍െറ മിനിറ്റ്സ് വെളിപ്പെടുത്തണമെന്ന അപേക്ഷയും ആര്‍.ബി.ഐ നിരസിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment