സം‌രക്ഷണം തേടിയെത്തിയവര്‍ക്ക് സം‌രക്ഷണം നല്‍കി; അവര്‍ തന്നെ രാജ്യത്ത് ഭീകരാക്രമണം നടത്തി: ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍

angela-merkelഭീകരതയാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. തന്റെ പുതുവര്‍ഷ സന്ദേശത്തിലാണ് മെര്‍ക്കല്‍ ഇക്കാര്യം പറഞ്ഞത്. ടുണീഷ്യന്‍ അഭയാര്‍ഥി ബെര്‍ലിനില്‍ ട്രക്ക് ആക്രമണം നടത്തിയത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു മെര്‍ക്കലറുടെ വാക്കുകള്‍. സംരക്ഷണം തേടിയെത്തിയവരാണ് രാജ്യത്ത് ആക്രമണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

കടുത്ത പരീക്ഷണങ്ങളുടെ വര്‍ഷമായിരുന്നു 2016. എന്നാല്‍ അവയെല്ലാം തരണം ചെയ്യാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞു. വരുംദിവസങ്ങളില്‍ ജര്‍മന്‍ ജനത ഭീകരരോട് പറയും നിങ്ങള്‍ വിദ്വേഷം നിറഞ്ഞ കൊലപാതകങ്ങളുടെ പ്രതിനിധികളാണ്. എന്നാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കണമെന്നോ പ്രവര്‍ത്തിക്കണമെന്നോ നിങ്ങള്‍ക്ക് പറയാനാവില്ല, ഞങ്ങള്‍ സ്വതന്ത്രരും, ദാക്ഷിണ്യമുള്ളവരും, തുറന്ന മനസുള്ളവരുമാണെന്നും മെര്‍ക്കല്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയില്‍ ആളുകള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ഭീകരാക്രണമാണെന്നും ടുണീഷ്യക്കാരനായ അനിസ് അംറിയാണ് ആക്രമണം നടത്തിയതെന്നും ജര്‍മനി പിന്നീട് അറിയിച്ചിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ അഫ്ഗാന്‍ അഭയാര്‍ഥി വ്യുവര്‍സ്‌ബെര്‍ഗില്‍ അഞ്ച് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. മറ്റൊരു സംഭവത്തില്‍ അഭയാര്‍ഥി അപേക്ഷ തള്ളിയ സിറിയക്കാരന്‍ നടത്തിയ ആക്രമണത്തില്‍ അന്‍സ്ബാച്ചില്‍ 15 പേര്‍ക്കാണ് പരിക്കേറ്റത്.

2015ല്‍ 10 ലക്ഷത്തിലധികം പേര്‍ക്കാണ് ജര്‍മനി അഭയം നല്‍കിയത്. ഈ നടപടി മെര്‍ക്കലിനെതിരായ ആയുധമായി പ്രതിപക്ഷം ഉപയോഗിച്ചിരുന്നു. അഭയാര്‍ഥികളാണ് പിന്നീട് നടന്ന ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന്റെയും തീവ്ര വലതു പക്ഷത്തിന്റെയും നിലപാടിന് സ്വീകാര്യത ലഭിക്കുന്ന സാഹചര്യവുമുണ്ടായി.

സിറിയന്‍ നഗരമായ അലപ്പോയില്‍ നിന്നു പുറത്തു വന്ന ചിത്രങ്ങള്‍ ഇവിടെ നിന്നുള്ള അഭയാര്‍ഥികളെ ജര്‍മനി സ്വീകരിച്ചതു ശരിയായ തീരുമാനമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് മെര്‍ക്കല്‍ പറഞ്ഞു. വിമതരെ സിറിയന്‍ പ്രസിഡന്റിന്റെ സൈന്യം കഴിഞ്ഞ മാസം അലപ്പോയില്‍ നിന്നു തുരത്തിയിരുന്നു. ഇവിടെ നിന്നുള്ളവര്‍ക്ക് അഭയം നല്‍കാനുള്ള തീരുമാനം നമ്മുടെ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സുതാര്യമായ പ്രതിഫലനമാണ്. ആക്രമണങ്ങളെക്കാളും കൊലപാതകങ്ങളെക്കാളും ശക്തമാണ് തങ്ങളുടെ ജനാധിപത്യമെന്ന് നമ്മള്‍ തെളിയിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.

പാര്‍ലമെന്ററി ജനാധിപത്യവും യൂറോപ്യന്‍ യൂനിയനും കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന തോന്നല്‍ ശരിയല്ല. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോവുന്നത് വളരെ വേദനയോടെയാണ് നാം കേട്ടത്. എന്നാല്‍ ജര്‍മനി ഒരിക്കലും യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോവില്ലെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത സപ്തംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ നാലാം തവണയും ജനവിധി തേടുമെന്നാണ് കരുതുന്നത്. ശക്തമായ പ്രചാരണത്തിന് തുടക്കമിടുകയാണെന്നന് അവര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment