നോട്ടുപ്രതിസന്ധിക്ക് പരിഹാരമില്ല, ദരിദ്രര്‍ക്ക് നാമമാത്ര ഇളവുകള്‍; കാത്തിരുന്നവരെ നിരാശരാക്കി മോദിയുടെ പ്രസംഗം

modiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി. ദരിദ്ര വിഭാഗക്കാരായ ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്ക് 6,000 രൂപ സര്‍ക്കാര്‍ സഹായം, വീട് പണിയാനും കൃഷിക്കും വായ്പയെടുക്കുന്നവര്‍ക്ക് പലിശയിളവ്, മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയ പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍

നഗരങ്ങളില്‍ സാധാരണക്കാര്‍ക്ക് വീട് വയ്ക്കാന്‍ രണ്ടു പദ്ധതികള്‍ കൊണ്ടുവരും
ഗ്രാമങ്ങളിലെ പഴയ വീട് പുതുക്കാന്‍ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കും
മൂന്നു ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡാക്കും
കാര്‍ഷികവായ്പകള്‍ക്ക് ആദ്യ 60 ദിവസം പലിശയില്ല
ചെറുകിട വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഗ്യാരണ്ടി നല്‍കും
ചെറുകിട കച്ചവടക്കാരുടെ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും
ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് 6000 രൂപ നല്‍കും. ഇത് അവരുടെ അക്കൗണ്ടുകളിലേക്കാകും നിക്ഷേപിക്കുക
മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്ഷേമപദ്ധതി കൊണ്ടുവരും. ഏഴര ലക്ഷം രൂപയുടെ നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് പത്തു വര്‍ഷത്തേക്ക് എട്ടു ശതമാനം വാര്‍ഷിക സ്ഥിരപലിശ നല്‍കും
ക്യാഷ് ക്രെഡിറ്റ് 20 ശതമാനത്തില്‍നിന്നും 25 ശതമാനമാക്കി ഉയര്‍ത്തും.

നോട്ട് അസാധുവാക്കിയതുമൂലം 50 ദിവസമായി ദുരിതം നേരിടുന്നവര്‍ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും, പണമിടപാടു നിയന്ത്രണങ്ങളില്‍ മാറ്റമില്ല. പണഞെരുക്കം മാറ്റിയെടുക്കുന്ന നടപടികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. ബാങ്കുകളിലും എ.ടി.എമ്മുകളിലും നോട്ട് കൂടുതല്‍ എത്തിക്കുന്നതിന്‍െറ സൂചനകളൊന്നുമില്ല.

പ്രധാനമന്ത്രിയുടെ ഭവനപദ്ധതി പ്രകാരം 2017ല്‍ ഒമ്പതുലക്ഷം രൂപ വരെ വായ്പയെടുക്കുന്ന ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും നാലുശതമാനം പലിശയിളവ്. 12 ലക്ഷം വരെയുള്ള ഭവനവായ്പക്ക് പലിശയിളവ് മൂന്നു ശതമാനം. ഈ പദ്ധതിയില്‍ മൂന്നിലൊന്നു വീടുകള്‍ കൂടി നിര്‍മിക്കും. ഗ്രാമങ്ങളില്‍ വീടുപണിയാനും പുതുക്കാനും എടുക്കുന്ന രണ്ടുലക്ഷം വരെയുള്ള വായ്പക്ക് മൂന്നു ശതമാനം പലിശയിളവ്.

റാബി സീസണിലേക്ക് വിളവായ്പ എടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയൊഴിവ് നല്‍കും. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ എടുത്ത വായ്പ തിരിച്ചടച്ചവര്‍ക്ക് പലിശയിളവ് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. പ്രാഥമിക, ജില്ല സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് കൂടുതല്‍ പണം വായ്പ നല്‍കാന്‍ അനുവദിക്കും. 20,000 കോടിയാണ് ഈയിനത്തില്‍ നബാര്‍ഡ് പുതുതായി നല്‍കുക. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മാറ്റി മൂന്നു മാസത്തിനകം റൂപെ ഡബിറ്റ് കാര്‍ഡുകള്‍ നല്‍കും.

ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് കൂടുതല്‍ ബാങ്ക് വായ്പ നല്‍കും. വായ്പാപരിധി ഉയര്‍ത്തി നിശ്ചയിച്ചു. വിറ്റുവരവിന്‍െറ 20 ശതമാനം മൂലധന വായ്പ നല്‍കും. ഡിജിറ്റല്‍ മാര്‍ഗം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് 30 ശതമാനം വായ്പ നല്‍കും. രണ്ടു കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലേക്ക് തിരിയുന്ന മുറക്ക് ആദായ നികുതി ബാധ്യത 25 ശതമാനം കുറച്ച് ആറു ശതമാനമാക്കും.

സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്ന ദരിദ്രവിഭാഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ പാകത്തില്‍ 6,000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.  മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപത്തിന് മെച്ചപ്പെട്ട പലിശനിരക്ക്. 10 വര്‍ഷത്തേക്ക് ഏഴര ലക്ഷം വരെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനം പലിശയാണ് നല്‍കാന്‍ പോകുന്നത്.

ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനും രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു ചെലവ് സുതാര്യമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ മോദി മുന്നോട്ടു വച്ചു. ലോക്സഭയിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തുന്നത് ചെലവുകുറക്കും.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമുള്ള സംഭാവനകള്‍ അഴിമതിക്കും കള്ളപ്പണത്തിനും വഴിവെക്കുന്നതില്‍ ജനങ്ങള്‍ക്ക് രോഷമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് സംവിധാനവും മെച്ചപ്പെടുത്തുന്ന കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട സമയമായെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിക്കുനേരെതന്നെ അഴിമതിയാരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരിക്കെ, സത്യസന്ധതയുടെ ഗാന്ധിമാര്‍ഗത്തെക്കുറിച്ചാണ് നരേന്ദ്ര മോദി പ്രസംഗത്തില്‍ കൂടുതലായി സംസാരിച്ചത്. നോട്ട് അസാധുവാക്കിയ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ നന്മയുള്ളവരാണ്. എന്നാല്‍, അഴിമതിയുടെയും കള്ളപ്പണത്തിന്‍െറയും മോശം അന്തരീക്ഷം സത്യസന്ധരെ മടുപ്പിക്കുന്നു. അതില്‍നിന്ന് പുറത്തുവരാനുള്ള ആഗ്രഹമാണ് നോട്ട് അസാധുവാക്കലോടെ കണ്ടത്.

കള്ളപ്പണം, കള്ളനോട്ട് എന്നിവക്കെതിരായ ആഭ്യന്തരയുദ്ധത്തിലെ വിഷമതകളെ പുഞ്ചിരിയോടെ ജനം അഭിമുഖീകരിക്കുന്നതാണ് കണ്ടത്. അങ്ങേയറ്റം അച്ചടക്കമുള്ള ജനശക്തിയെയാണ് 50 ദിവസമായി കണ്ടത്. സത്യസന്ധര്‍ക്ക് അസത്യവാദികളെ തോല്‍പിക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. സമാനതയില്ലാത്ത സഹനമാണ് കണ്ടത്. സര്‍ക്കാറിനോട് ജനങ്ങള്‍ക്ക് അമര്‍ഷമുള്ള പതിവുരീതി വിട്ട് ജനവും സര്‍ക്കാറും ഒന്നിച്ചുപ്രവര്‍ത്തിച്ചു.

സ്വന്തം പണം പിന്‍വലിക്കാന്‍ നേരിടുന്ന പ്രയാസത്തെക്കുറിച്ച് ഒട്ടേറെ പരിദേവനങ്ങള്‍ തനിക്ക് നേരിട്ട് ലഭിച്ചു. എന്നാല്‍, അതിന്‍െറ ഉദ്ദേശ്യലക്ഷ്യത്തെ അവരെല്ലാം പിന്തുണച്ചു. ബാങ്കിങ് സംവിധാനം ഏറ്റവും പെട്ടെന്ന് നേരെയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പണമിടപാട് രംഗത്ത് പരിധിവിട്ട് നോട്ട് ഉണ്ടായിരിക്കുന്നത് അപകടമാണ്. ഇന്ത്യയെപ്പോലുള്ള മറ്റു രാജ്യങ്ങളില്‍ നമുക്കുള്ളത്ര നോട്ട് പ്രചാരത്തിലില്ല. കൂടിയ അളവില്‍ നോട്ട് ഉണ്ടാവുന്നത് സമാന്തര സമ്പദ്വ്യവസ്ഥക്കും കരിഞ്ചന്തക്കും വഴിവെക്കും.

രാംമനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനുമൊക്കെ ജീവിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ ഉദ്യമത്തെ പിന്തുണച്ചേനെ. സര്‍ക്കാറിന്‍െറ പക്കലെ വിവരമനുസരിച്ച് വാര്‍ഷികവരുമാനം 10 ലക്ഷത്തില്‍ കൂടുതലുണ്ടെന്ന് രേഖപ്രകാരം സമ്മതിക്കുന്നവര്‍ രാജ്യത്ത് 24 ലക്ഷം പേര്‍ മാത്രമാണ്. മുന്തിയ ബംഗ്ളാവും ആഡംബര കാറുകളുമൊക്കെ കണ്‍മുന്നില്‍ നിറയുമ്പോള്‍ തന്നെയാണിത്. അതുകൊണ്ട് സത്യസന്ധതക്കായി ഒരു മുന്നേറ്റം തന്നെ വേണം. കള്ളപ്പണക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കുമെതിരെ നിയമം അതിന്‍െറ വഴിക്ക് പൂര്‍ണശക്തിയോടെ നീങ്ങും. സര്‍ക്കാറിന്‍െറ ചിന്ത സത്യസന്ധരെ എങ്ങനെ സഹായിക്കാം എന്നാണ്.

സത്യസന്ധരല്ലാത്തവരെ ഒറ്റപ്പെടുത്താന്‍ കഴിയണം. നോട്ട് അസാധുവാക്കല്‍ പ്രക്രിയ മുതലാക്കാന്‍ ശ്രമിച്ചവരെ വെറുതെ വിടില്ല. മഹാത്മ ഗാന്ധി നടത്തിയ ചമ്പാരണ്‍ സത്യഗ്രഹത്തിന്‍െറ ശതാബ്ദി വര്‍ഷമായ 2017ല്‍ ഗാന്ധിജിയുടെ വഴി ഉയര്‍ത്തിക്കാട്ടുന്ന പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment