അധികൃതരുടെ അവഗണന; മെഡി. കോളജ് ആശുപത്രിയില്‍ ദലിത് യുവതി ക്ളോസറ്റില്‍ പ്രസവിച്ചു

145579539812മലപ്പുറം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദളിത് യുവതി ക്ളോസറ്റില്‍ പ്രസവിച്ചു. പടിഞ്ഞാറ്റുംമുറി കൂട്ടിലങ്ങാടിയിലെ ഇരുപത്തിനാലുകാരിയാണ് വെള്ളിയാഴ്ച രാത്രി ക്ളോസറ്റില്‍ പ്രസവിച്ചത്. വിദഗ്ധ ചികിത്സക്കായി അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി-ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നല്‍കി.

ബുധനാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കാണിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു. വേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും ഇവര്‍ ആശുപത്രിയിലെത്തി. ഈ സമയത്ത് ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. കാള്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരും വിളിച്ചിട്ട് എത്തിയില്ല.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുടെ സ്വകാര്യ പരിശോധനകേന്ദ്രത്തില്‍ എത്തിയാണ് യുവതി പരിശോധന നടത്തിയിരുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ ഗര്‍ഭസ്ഥ ശിശുവിന്‍െറ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ വാര്‍ഡിലെ ഡ്യൂട്ടി നഴ്സിന്‍െറ മുറിയിലെത്തി. മിടിപ്പറിയാനാകുന്നില്ലെന്നും മൂത്രം കെട്ടിനില്‍ക്കുന്നതാകാം കാരണമെന്നും പറഞ്ഞ് ഇവരോട് നഴ്സ് ടോയ്ലറ്റില്‍ പോയിവരാന്‍ ആവശ്യപ്പെട്ടു. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. ക്ളോസറ്റില്‍ വീണ കുഞ്ഞ് പിടയുന്നത് കണ്ടാണ് സ്ത്രീകളുടെ ബോധം പോയത്. കുഞ്ഞിന് ഉടന്‍ ചികിത്സ നല്‍കി. രാത്രി പത്തോടെയാണ് ഡോക്ടറെത്തിയത്.

ജീവനക്കാരോട് പരാതി പറഞ്ഞപ്പോള്‍ അവഹേളിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജീവനക്കാരുടെ ഭാഗത്ത് അനാസ്ഥയില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതെന്നും വിശദ അന്വേഷണം ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അംബുജത്തിന്‍െറ നേതൃത്വത്തില്‍ നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍ അറിയിച്ചു.

സംഭവത്തില്‍ ഞായറാഴ്ച വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂന മര്‍ജ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐ എം മഞ്ചേരി ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment