Flash News

തിയറ്റര്‍ ഉടമകള്‍ക്ക് ദിലീപിന്‍െറ നേതൃത്വത്തില്‍ സമാന്തര സംഘടന, സിനിമസമരം പൊളിഞ്ഞു

January 15, 2017

dileep1-830x412കൊച്ചി: മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരത്തെ തന്ത്രപൂര്‍വം പൊളിച്ചടുക്കിയ ദിലീപിന് മലയാള സിനിമയുടെ പിന്തുണ. ബഹുഭൂരിപക്ഷം എ ക്ലാസ് തീയറ്ററുകളെയും നിയന്ത്രിച്ചിരുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനില്‍ വന്‍ വിള്ളല്‍ വീണതാണ് സമരം ഉപേക്ഷിക്കാന്‍ കാരണം. ഇതിനു പിന്നില്‍ ദിലീപിന്റെ തന്ത്രമാണെന്ന് സിനിമ ലോകം വിലയിരുത്തുന്നു. പുതിയ സംഘടന എല്ലാവരുടെയും പിന്‍തുണയോടെയെന്ന് നടന്‍ ദിലീപ് പറഞ്ഞു. തീയേറ്ററുകള്‍ അടച്ചിടാന്‍ പാടില്ല. തനിക്കെതിരെയുള്ള ലിബര്‍ട്ടി ബഷീറിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുന്നു എന്നും ദിലീപ് പറഞ്ഞു. ഫെഡറേഷന്‍ വിട്ടു വരുന്ന തീയേറ്റര്‍ ഉടമകളോട് പ്രതികാര നടപടി ഉണ്ടാവില്ല.

നിലവിലിരുന്ന 40-60 എന്ന വിഹിതം മാറ്റി തങ്ങള്‍ക്ക് 50-50 എന്ന നിലയില്‍ വരുമാനം ലഭിക്കണമെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് അസ്സോസ്സിയേഷന്റെ കടുംപിടിത്തമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ തീയറ്റര്‍ ഉടമകള്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടില്‍ എത്തി. എന്നാല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി തന്നെ സമരത്തെ നേരിട്ടു.

പുതിയ സംഘടനയുടെ ചെയര്‍മാന്‍ ദിലീപും വൈസ് ചെയര്‍മാന്‍ ആന്‍റണി പെരുമ്പാവൂരുമാണ്. താരസംഘടനയായ ‘അമ്മ’യുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പൂര്‍ണ പിന്തുണയുള്ള പുതിയ സംഘടനക്ക് പേരിട്ടിട്ടില്ല. സംവിധായകരായ സത്യന്‍ അന്തിക്കാട്, സിദ്ദീഖ്, ‘ഫെഫ്ക’ ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി. സുരേഷ്കുമാര്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ സംഘടന രൂപീകരിച്ചത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഈമാസം 25ന് മന്ത്രി എ.കെ. ബാലന്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സമരത്തില്‍നിന്ന് പിന്മാറുന്നതെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. പുതിയ സംഘടന രൂപവത്കരണയോഗത്തില്‍ ഫെഡറേഷന്‍െറ രണ്ട് അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ തീയറ്റര്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരത്തിനെതിരെ താരങ്ങള്‍ പലരും പരസ്യ പ്രതികരണവുമായി എത്തിയിരുന്നു. പ്രതികരണങ്ങളില്‍ മാത്രം ഒതുങ്ങവേ തീയറ്റര്‍ ഉടമ കൂടിയായ ദിലീപ് തീയറ്റര്‍ അടച്ചിടുന്നതിനെ എതിര്‍ക്കുന്ന ഉടമകളെ ചേര്‍ത്ത് പുതിയ സംഘടന എന്ന മുന്നൊരുക്കം നടത്തിയതാണ് സമരം പൊളിയാന്‍ കാരണം. ഇന്ന് പുതിയ സംഘടനയുടെ ആദ്യ യോഗം ചേരും.

മലയാള സിനിമാ ലോകം മുഴുവന്‍ ദിലീപിനെ അഭിനന്ദിച്ച് രംഗത്തെത്തി കഴിഞ്ഞു. മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ തകര്‍ത്ത ദിലീപേട്ടന് ആശംസയുമായി ആരാധകരും സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങി. ദിലീപിന് ആശംസകള്‍ നേരുമ്പോള്‍ ലിബര്‍ട്ടി ബഷീറിന് വന്‍ ട്രോളുകളാണ്. ക്രിസ്മസ് റിലീസായി എത്തേണ്ടിയിരുന്ന നിരവധി നല്ല ചിത്രങ്ങള്‍ വൈകിപ്പിച്ചതിന്റെ രോഷം മുഴുവന്‍ ആരാധകര്‍ അറിയിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി എന്നിവ ഉടന്‍ തന്നെ റിലീസിനെത്തും. ഇനിയൊരിക്കലും തീയറ്ററുകള്‍ അടച്ചിട്ട് സിനിമയെ പ്രതിസന്ധിയിലാക്കാന്‍ സമ്മതിക്കില്ലെന്നും ദിലീപ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top