Flash News

ശബരിമല അയ്യപ്പക്ഷേത്രവും സ്ത്രീകളുടെ പ്രവേശനവും വിവാദങ്ങളും

January 20, 2017

vivadam sizeനിരവധി തലമുറകളുടെ ചരിത്രസാക്ഷിയായ ശബരിമല ശാസ്താവും അവിടുത്തെ പൂങ്കാവനവും ഇന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ആ പൂങ്കാവനത്തിനുള്ളിലാണ് അയ്യപ്പന്റെ ദേവസ്ഥാനവും. നിരവധിയായ പഴയതും പുതിയതുമായ സംസ്‌ക്കാര പരമ്പരകള്‍ അയ്യപ്പന്റെ സന്നിധാനത്തില്‍ക്കൂടി കടന്നു പോയിട്ടുണ്ട്. തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാല്‍ വരുമാനത്തില്‍ ശബരിമല രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. അന്യമതസ്ഥര്‍ അവിടെ ദര്‍ശനം നടത്തുന്നുവെങ്കില്‍ അന്നേ ദിവസം താന്‍ വിശ്വാസിയെന്നു എഴുതി കൊടുത്താല്‍ മതി. അങ്ങനെ മതസൗഹാര്‍ദ്ദത്തിന്റെ ഒരു ഈറ്റില്ലംകൂടിയാണവിടം. കേരളത്തിലെ മിക്ക അമ്പലങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. അമ്പലത്തിന്റെ മുമ്പില്‍ അങ്ങനെ ബോര്‍ഡും കാണാം. പക്ഷെ ശബരിമലയില്‍ നൂറ്റാണ്ടുകളായി അങ്ങനെയൊരു വ്യവസ്ഥയില്ല. അവിടെ ഏതു വിശ്വാസിക്കും കയറാം. എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള വിശ്വാസം ശബരിമലയില്‍ വന്നതെങ്ങനെയെന്നും വിസ്മയകരമാണ്. മറ്റേതു അമ്പലത്തില്‍ നടക്കുന്ന പൂജാവിധികള്‍ മാത്രമാണ് ശബരി മലയിലുമാചരിക്കുന്നത്.

ശബരിമല ശാസ്താവിന്റെ അമ്പലമന്ദിരത്തിന്റെ കവാടത്തിങ്കല്‍ ‘തത് ത്വം അസി’ എന്ന മഹാവാക്യം ലിഖിതം ചെയ്തിട്ടുണ്ട്. ‘അത് നീ ആകുന്നു’ വെന്നാണ് അര്‍ത്ഥം. ഓരോ തീര്‍ത്ഥാടകനെയും സ്വാമി അവരുടെ ദൈവികത്വം അംഗീകരിക്കുകയാണ്. നീ പരമാത്മാവിന്റെ ചൈതന്യമാകുന്നുവെന്നും അതില്‍ അടങ്ങിയിട്ടുണ്ട്. അത് അദ്വൈത തത്ത്വങ്ങളുടെ സത്തയാണ്. തത്ത്വമസി, ഈ മഹാവാക്യത്തില്‍ തത്, ത്വം, അസി എന്നു മൂന്നു പദങ്ങളുണ്ട്. അവയുടെ അര്‍ത്ഥം: ‘തത് അത് (ആ പരമ സത്ത, ഈശ്വരന്‍), ത്വം ( നിന്റെ ഉള്ളില്‍ നീയായി ഇരിക്കുന്ന അന്തഃസാരം തന്നെ), അസി (ആകുന്നു). ഈശ്വരന്‍ ആകാശത്തില്‍ സകല നക്ഷത്രവ്യൂഹങ്ങള്‍ക്കപ്പുറം എങ്ങോ മറഞ്ഞിരുന്ന് പ്രപഞ്ച നിയന്ത്രണം നടത്തുന്ന അദൃശ്യമായ ഒരു ശക്തിയാണ്. അതാണ് പരബ്രഹ്മമെന്നു പറയുന്നത്.

aആദ്യകാലങ്ങളില്‍ അയ്യപ്പപ്രതിഷ്ഠ നടത്തുന്നതിന് ശ്രീ കോവിലുകളോ ബിംബങ്ങളോ ശബരിമല പ്രദേശങ്ങളില്‍ ഉണ്ടായിരുന്നില്ല. അന്ന് കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കാവു പുരയിടങ്ങള്‍ കാണാമായിരുന്നു. അതുപോലെ ശബരിമലയിലും അയ്യപ്പപൂജ നടത്തിയിരുന്നത് കാവുകളിലായിരുന്നു. ബ്രാഹ്മണാധിപത്യം നിലവില്‍ വന്നതിനു ശേഷമായിരിക്കാം അയ്യപ്പനെ നാലുകെട്ടിനുള്ളില്‍ പൂജാമുറികളില്‍ വിഗ്രഹവുമായി പ്രതിഷ്ഠിച്ചത്. മലകളും താഴ്വരകളും ചുറ്റും നിറഞ്ഞിരുന്നതുകൊണ്ടു പ്രകൃതി ദത്തമായും അയ്യപ്പന്‍ സുരക്ഷിതമായിരുന്നു. വൈദികാചാരങ്ങളുടെ കാലം തുടങ്ങിയതില്‍ പിന്നീടാണ് മണി കൊട്ടിക്കൊണ്ടുള്ള പൂജയും കൊടിയേറ്റിയുള്ള ഉത്സവമൊക്കെ ആരംഭിച്ചത്. പഴങ്കാല പാട്ടുകളില്‍നിന്നും കാവുകളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ലഭിക്കുന്നുണ്ട്. ‘വേട്ട വിളി തോട്ടം’, ‘കാവെണ്ണല്‍ തോറ്റം’ എന്നീ പാട്ടുകള്‍ അയ്യപ്പന്‍കാവിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പണ്ട് ശബരി മലയ്ക്ക് പോകുന്നവര്‍ കറുപ്പും കഞ്ചാവും മദ്യവും നിവേദ്യമായി അയ്യപ്പനു കൊടുക്കാന്‍ കൊണ്ടുപോകുമായിരുന്നു. അതെല്ലാം നിയമവിരുദ്ധമായി പിന്നീട് തള്ളപ്പെട്ടു.

പൊന്നമ്പലമേടിലുള്ള മകരവിളക്കിന് ഒരു ഐതിഹ്യ കഥയുണ്ട്. ശബരിമലയിലുള്ള കാട്ടില്‍ ശബരിയെ ശ്രീ രാമനും സഹോദരന്‍ ലക്ഷ്മണനും കണ്ടുമുട്ടി. ‘ശബരി’ നീലിമലകളുടെ അടിവാരത്തില്‍ താമസിച്ചിരുന്ന ഒരു യോഗിനിയായിരുന്നു. പമ്പയുടെ കിഴക്കുഭാഗത്തു താമസിച്ചുകൊണ്ട് ധര്‍മ്മശാസ്താവിന്റെ വരവിനായി തപസു ചെയ്തുകൊണ്ടിരുന്നു. ശബരി താമസിച്ച നീലി മലകളെയാണ് ശബരിമലയെന്നു പറയുന്നത്. അവര്‍ മോക്ഷപ്രാപ്തി നേടിയതും ഈ മലയില്‍ നിന്നായിരുന്നു. ഭക്തി പരവശയായ ശബരി ശ്രീരാമനെയും ലക്ഷ്മണനെയും കണ്ടമാത്രയില്‍ രുചിയുള്ള പഴവര്‍ഗങ്ങള്‍ സമ്മാനിച്ചു. ശ്രീ രാമന്‍ ശബരിയില്‍ അതീവ സന്തുഷ്ടനായിക്കൊണ്ട് അനുഗ്രഹങ്ങള്‍ നല്‍കി. അവിടെ ഒരു ദേവന്‍ തപസു ചെയ്യുന്നത് കണ്ടുകൊണ്ട് ശ്രീരാമന്‍ അതാരെന്നു ശബരിയോട് ചോദിച്ചു. ശാസ്താവെന്നു മറുപടി പറഞ്ഞു. രാമന്‍, ശാസ്താവിന്റെ സമീപം വന്നു നിന്നു. ശാസ്താവ് അയോധ്യയായിലെ രാജകുമാരനെ സ്വാഗതം ചെയ്തു. അതിന്റെ സൂചകമായി മകരവിളക്ക് എല്ലാവര്‍ഷവും അതെ സമയം തെളിയിക്കാനും ആചരിക്കാനും തുടങ്ങി. മകരവിളക്കു പ്രകാശിപ്പിക്കുന്ന ദിവസം ധര്‍മ്മ ശാസ്താവ് ഭക്തജനങ്ങളെ തപസു നിര്‍ത്തി അനുഗ്രഹിക്കുമെന്ന വിശ്വാസമാണുള്ളത്. ആ ദിവസത്തെ മകര സംക്രാന്തിയെന്നും പറയും.

a3ബുദ്ധന്മാരുടെ തത്ത്വമനുസരിച്ചു ‘ശാസ്താ’ അല്ലെങ്കില്‍ ധര്‍മ്മശാസ്തായെന്നു പറഞ്ഞാല്‍ ബുദ്ധന്റെ പതിനെട്ടു പേരുകളില്‍ ഒന്നാണെന്നാണ് കരുതുന്നത്. താമരയുടെ ആകൃതിയില്‍ ഒരു യോഗിയെപ്പോലെ അയ്യപ്പന്റെ ഇരിപ്പും പീഠവും ബുദ്ധവിഹാരത്തെ കാണിക്കുന്നു. അയ്യപ്പ ഭക്തന്മാരുടെ ശരണം വിളികളും സ്‌തോത്ര മന്ത്രങ്ങളും ബുദ്ധശിക്ഷ്യന്മാരുടെ പോലെയാണ്. അത്തരം മന്ത്രോച്ഛരണം മറ്റു ക്ഷേത്രങ്ങളില്‍ കാണാനുമില്ല. ഇതെല്ലാം അനുമാനങ്ങള്‍ മാത്രമാണ്. ചരിത്രപരമായോ, ഭൂമിശാസ്ത്രപരമായോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പുരാവസ്തു ശാസ്ത്ര വിഷയങ്ങളിലുള്ളതുമല്ല.

ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ക്കൂടി യാത്ര ചെയ്ത ചൈനീസ് യാത്രക്കാരന്‍ ‘ഹുയാങ് സാങ്'(Huan Tsang) ന്റെ യാത്രക്കുറിപ്പില്‍ പോടലക പര്‍വ്വത നിരകള്‍ക്കു സമീപമുള്ള ‘അവലോകിദീശ്വര’ എന്ന ബോധിസത്വയെ സൂചിപ്പിച്ചിട്ടുണ്ട്. അവലോകിദീശ്വരയെന്നാല്‍ വിഷ്ണുവിന്റെയും ശിവന്റെയും വെളിപാടുകളുടെ സങ്കേതമെന്നും കരുതുന്നു. ശബരിമലയെന്നത് ആദ്യം ശിവന്റെയും വിഷ്ണുവിന്റെയും വാസസ്ഥാനമായിരുന്നുവെന്നു പഴമൊഴിയിലുണ്ട്.

1821ല്‍ പന്തളം രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. ശബരിമലയുള്‍പ്പടെ നാല്പത്തിയെട്ടു അമ്പലങ്ങള്‍ തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലായി. 1910 ലാണ് അയ്യപ്പന്റെ വിഗ്രഹം ശബരിമലയില്‍ പ്രതിഷ്ഠിച്ചത്. 1950ല്‍ അമ്പലം പൂര്‍ണ്ണമായി തീയില്‍ നശിച്ചു. ക്രിസ്ത്യന്‍ തീവ്രവാദികളാണ് അമ്പലം കത്തിച്ചതെന്നു പറയുന്നു. ആ സ്ഥാനത്തു പിന്നീട് പുതിയ അമ്പലം പണിയുകയുമുണ്ടായി. സംഘപരിവാര്‍ എത്രമാത്രം പ്രചരണം നടത്തിയാലും അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമെന്നുള്ളത് പ്രമാണികരിക്കാത്ത വെറും കെട്ടുകഥയായി മാത്രമേ കണക്കാക്കാന്‍ സാധിക്കുള്ളൂ.വൈദിക കാലത്തെ ഹൈന്ദവത്വത്തിന്റെ വിശ്വാസങ്ങളെ തുരങ്കം വെച്ചുകൊണ്ട് ഹിന്ദുത്വയെന്ന പുതിയ മതം പ്രചരിപ്പിക്കുകവഴി ശബരിമല അവരുടെ സ്വാധീനവലയത്തില്‍ അകപ്പെടുത്തുവാന്‍ ശ്രമിക്കുന്നുമുണ്ട്.

ഹിന്ദുമതമെന്നു പറഞ്ഞാല്‍ വിവിധ ഗുണങ്ങളോടുകൂടിയ കോടാനുകോടി ആശയസംഹിതകളുടെ, ദൈവങ്ങളുടെ പ്രഭവകേന്ദ്രമാണ്. അവരില്‍ സ്ത്രീ ദൈവങ്ങളും ആരാധനമൂര്‍ത്തികളായി കാണാം.അയ്യപ്പനെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന മാളികപ്പുറത്തമ്മയെ അയ്യപ്പന്റെ സന്നിധാനത്തിനു വിദൂരമല്ലാതെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അയ്യപ്പഭക്തന്മാരായ കന്നിതീര്‍ഥാടകര്‍ എത്താത്ത കാലത്തില്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാമെന്നുള്ള അയ്യപ്പന്റെ വാഗ്ദാനവും ഉണ്ട്.

ശബരിമലയമ്പലത്തിലെ അയ്യപ്പനെ ഹൃദയാമൃതമായി സ്വീകരിച്ചിരിക്കുന്ന ‘മാളികപ്പുറത്തമ്മ’ സുന്ദരിയായ ഒരു ദേവതയാണ്. ശബരിമല അയ്യപ്പന്റെ ശ്രീകോവിലിനു സമീപമായി മറ്റൊരു കോവിലില്‍ ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. അയ്യപ്പനെ തൊഴുന്ന ഭക്തജനങ്ങള്‍ അവരെയും നമസ്‌ക്കരിച്ചിട്ടേ മടക്കയാത്ര പുറപ്പെടുകയുള്ളൂ. മാളികപ്പുറത്തമ്മയെ ദര്‍ശിക്കുന്നതും ചിലര്‍ ജന്മസായൂജ്യമായി കരുതുന്നു. ഐതിഹ്യ കഥകളനുസരിച്ച് അവര്‍ ഒരിക്കല്‍ മഹിഷിയെന്ന രാക്ഷസിയായിരുന്നു. അയ്യപ്പന്‍ അവരെ നിഗ്രഹിച്ചുകൊണ്ടു ശാപമോക്ഷം നല്‍കിയെന്നു വിശ്വസിക്കുന്നു. കാട്ടുപോത്തിന്റെ തലയുള്ള മഹിഷിയെന്ന രാക്ഷസിയെ അയ്യപ്പന്‍ കൊന്നപ്പോള്‍ അവള്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ ഒരു രൂപമായി മാറി. അവരുടെ മുന്‍ജന്മത്തില്‍ അവര്‍ ‘ഗല്‍വന്‍’ എന്ന ജ്ഞാനിയായ യതിയുടെ മകളായിരുന്നു. ഗല്‍വന്റെ ഒരു ശിക്ഷ്യന്‍ അവരെ പോത്തിന്റെ തലയുള്ള ഒരു രാക്ഷസിയാകട്ടെയെന്നു ശപിച്ചിട്ടുണ്ടായിരുന്നു.

ayya‘മഹിഷി’ എന്ന രാക്ഷസി അയ്യപ്പനാല്‍ കൊല്ലപ്പെട്ടതിനാല്‍ അവര്‍ക്ക് ശാപമോഷം കിട്ടി. സുന്ദരിയായ ആ സ്ത്രീ അയ്യപ്പനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അയ്യപ്പന്‍ ബ്രഹ്മചാരിയെന്ന് അവരെ അറിയിച്ചു. ശബരിമലയില്‍ ശാസ്താവായ അയ്യപ്പനു സമീപമുള്ള കോവിലില്‍ അവരോടു പാര്‍ക്കാനും ആവശ്യപ്പെട്ടു. കാലക്രമത്തില്‍ അവര്‍ വസിക്കുന്നടം ‘മാളികപ്പുറത്തമ്മ ശ്രീ കോവിലെ’ന്നും അറിയപ്പെടാന്‍ തുടങ്ങി.

അയ്യപ്പന്‍ അവരോട് ‘കന്നി തീര്‍ത്ഥാടകരായ ഭക്തന്മാര്‍ അയ്യപ്പ സന്നിധാനത്തില്‍ എത്താത്ത കാലത്ത് മാളികപ്പുറത്തു ദേവിയെ വിവാഹം ചെയ്തുകൊള്ളാമെന്നും’ പ്രതിജ്ഞ ചെയ്തു. അയ്യപ്പന്റെ അവതാരോദ്ദേശ്യവും മഹിഷിയെന്ന രാക്ഷസിയെ കൊല്ലാന്‍ വേണ്ടിയായിരുന്നു. ശിവനും മോഹിനിയുടെ രൂപത്തില്‍ വന്ന വിഷ്ണുവും സംഭോഗിച്ചശേഷം അയ്യപ്പന്‍ ജനിച്ചുവെന്നാണ് വിശ്വാസം. മഹിഷിക്ക് ലഭിച്ച ഒരു വരമനുസരിച്ചായിരുന്നു അയ്യപ്പനെന്ന അവതാരമൂര്‍ത്തി ജനിച്ചത്. മഹിഷിയെന്ന രാക്ഷസി രാക്ഷസനായ മഹിഷാസുരയുടെ സഹോദരിയായിരുന്നു. ദുര്‍ഗാദേവി നിഗ്രഹിച്ചു രൂപം പ്രാപിച്ച രാക്ഷസനാണ് മഹിഷാസുരന്‍. ഒരു പുരുഷനും മഹിഷാസുരനെ കൊല്ലാന്‍ സാധിക്കില്ലാന്നുള്ള വരവുമുണ്ടായിരുന്നു. കാലക്രമേണ ‘ദുര്‍ഗാദേവി’ ശക്തിയുടെ ദേവതയായി ഈ രാക്ഷസനെ കൊല്ലുകയായിരുന്നു. മഹിഷിയെന്ന രാക്ഷസി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ ഉഗ്രമായ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. അവസാനം ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടുകൊണ്ട് അവര്‍ക്ക് ഒരു വരം കൊടുത്തു. ശിവനില്‍നിന്നും വിഷ്ണുവില്‍ നിന്നും ജനിക്കുന്ന പുത്രനുമാത്രമേ മഹിഷിയെ നിഗ്രഹിക്കാന്‍ സാധിക്കുള്ളൂവെന്നായിരുന്നു ആ വരം.

പുരുഷദൈവങ്ങളായ ശിവനും വിഷ്ണുവും തമ്മില്‍ പരിഗ്രഹിച്ചുകൊണ്ട് ഒരു കുട്ടിയെ ജനിപ്പിക്കുകയെന്നതു പ്രായോഗികമായിരുന്നില്ല. വിഷ്ണു നൃത്തപ്രിയയായി മോഹിനിയുടെ രൂപം പ്രാപിച്ചു. ശിവനും മോഹിനിയും സംഭോഗത്തിലേര്‍പ്പെട്ടശേഷം ജനിച്ച കുട്ടിയാണ് അയ്യപ്പന്‍. പന്തളം രാജാവ് വനത്തില്‍ക്കൂടി പരിവാരങ്ങളുമായി നായാട്ടിനു പോയ സമയം ശിശുവായ അയ്യപ്പനെ വനാന്തരങ്ങളില്‍ അനാഥനായി കിടക്കുന്നതു കണ്ടു. അദ്ദേഹം അയ്യപ്പനെ രാജകുമാരനായി വളര്‍ത്തി. അയ്യപ്പന്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ രാക്ഷസിയായ മഹീഷിയെ വധിച്ചുവെന്നാണ് കഥ.

സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വരുമെന്ന് തീവ്രമത വിശ്വാസികള്‍ അഭിപ്രായപ്പെടുന്നു. അത്തരം ചിന്തകള്‍ യുക്തിരഹിതങ്ങളാണ്. സ്ത്രീയെ കണ്ടാല്‍ ഗുരുപദിഷ്ടമായ നിഷ്ഠകള്‍ തെറ്റാതെ അനുഷ്ഠിക്കുന്ന അയ്യപ്പന് ഇളക്കം വരുമെങ്കില്‍ അങ്ങനെയുള്ള അയ്യപ്പന്‍ എങ്ങനെ ഒരു ശക്തിയുള്ള ദൈവമാകും.കേരളത്തിനു പുറത്തുള്ള പ്രത്യേകിച്ച് വടക്കേ ഇന്‍ഡ്യയില്‍ ഉള്ളവരാണ് സ്ത്രീകളെ അമ്പലത്തില്‍ പ്രവേശിപ്പിക്കണമെന്ന വാദഗതികളുമായി കൂടുതലും മുറവിളി കൂട്ടുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ സമത്വവും അമ്പലങ്ങളില്‍ പ്രവേശനം വേണമെന്നും ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ പരമ്പരാഗതമായ വിശ്വാസം മാറ്റുവാന്‍ സാധിക്കില്ലെന്നും സ്ത്രീകളുടെ പ്രവേശനം നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ബാധിക്കുമെന്നും രണ്ടാമത്തെ കൂട്ടര്‍ വിശ്വസിക്കുന്നു. എതിര്‍ഭാഗത്തുള്ള വാദഗതികളെ തിരസ്‌ക്കരിക്കുകയും ചെയ്യുന്നു.

a7അട്ടയ്ക്കും പുഴുവിനും കീടങ്ങള്‍ക്കും വരെ അയ്യപ്പ ശാസ്താവിന്റെ വിഗ്രഹങ്ങള്‍ക്ക് ചുറ്റും ഇഴഞ്ഞു നടക്കാം. സമീപപ്രദേശങ്ങളില്‍നിന്നും ശ്വാനന് ഓലിയാനുമിടാം. അഹിന്ദുക്കള്‍ക്കും സഞ്ചരിക്കാം. എന്നിട്ടും യുവതികള്‍ക്ക് അയ്യപ്പ സന്നിധാനം വിലക്കുന്നത് അധര്‍മ്മമാണ്. അവരുടെ ആര്‍ത്തവകാലവും കാരണങ്ങളായി ചൂണ്ടികാണിക്കുന്നു. ഒരു കൊച്ചുപെണ്‍കുട്ടി വിഗ്രഹത്തെ സ്പര്‍ശിച്ചപ്പോള്‍ അയ്യപ്പന്‍ അശുദ്ധമായി. അതിനായി ശുദ്ധികലശം നടത്തിക്കൊണ്ട് വലിയ ഒച്ചപ്പാടുമുണ്ടാക്കി. അത് ഹൈന്ദവത്വമല്ല. ഇതൊക്കെ ചോദിക്കാന്‍ അഹിന്ദുവിന് എന്ത് കാര്യമെന്നു ചിന്തിക്കുന്നവരുമുണ്ടെന്നറിയാം. അയുക്തി കാണുന്നവരെ വിരല്‍ ചൂണ്ടാന്‍ ആര്‍ക്കും അവകാശമുണ്ട്. കാരണം ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഭാരതത്തിലെ ഒരേ വായു തന്നെയാണ് ശ്വസിക്കുന്നത്. ക്രിസ്ത്യാനികളും മുസ്ലിമുകളും റോമ്മായില്‍ നിന്നോ, മെക്കായില്‍നിന്നോ വന്നവരല്ല. അവരും ഈ രാജ്യത്തിന്റെ വെളിച്ചവും ചൂടുമനുഭവിച്ച കറയറ്റ പൗരന്മാരാണ്. വൈദികകാലത്തിന്റെ പാരമ്പര്യം അവര്‍ക്കുകൂടി അവകാശപ്പെട്ടിരിക്കുന്നു.

വേദങ്ങളും ഉപനിഷത്തുക്കളും സ്ത്രീകള്‍ക്ക് സമത്വം മാത്രമേ കല്‍പ്പിച്ചിട്ടുള്ളൂ. അതിനെ സാധുകരിച്ച് സംസ്‌കൃതത്തില്‍ ധാരാളം ശ്ലോകങ്ങളുമുണ്ട്. സൃഷ്ടിയുടെ രഹസ്യങ്ങളും സ്ത്രീയില്‍ക്കൂടിയെന്നു വൈദികമതം വിശ്വസിക്കുന്നു. ഹൈന്ദവത്വത്തില്‍ ദൈവങ്ങളില്‍പ്പോലും അസമത്വമില്ല. ദുര്‍ഗപോലുള്ള ദൈവങ്ങളില്‍ക്കൂടി സ്ത്രീയെ ശക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ സ്ത്രീ അയ്യപ്പന്റെ മുമ്പില്‍ മാത്രം അശുദ്ധമോ? നീതിയും സത്യവും കൈമുതലായുള്ള അയ്യപ്പനുപോലും ഈ അധര്‍മ്മം പൊറുക്കാന്‍ സാധിക്കില്ല.

വേദങ്ങളും പുരാണങ്ങളും സ്ത്രീയ്ക്ക് അവരുടെ സര്‍വ്വവിധ പ്രവര്‍ത്തനമണ്ഡലങ്ങളിലും പൂര്‍ണ്ണമായ സ്വാതന്ത്ര്യം കല്പിക്കുന്നുണ്ട്. ഒരു മകനും ഒരു മകള്‍ക്കും മാതാപിതാക്കളുടെ പാരമ്പര്യമായ സ്വത്തിന്മേല്‍ തുല്യാവകാശമാണുള്ളതെന്നു ഋഗ്‌വേദം പറയുന്നു. ഒരു രാജ്യത്തിന്റെ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യപങ്കാളിത്വം വഹിക്കണമെന്ന് അഥര്‍വ്വ വേദവും പഠിപ്പിക്കുന്നു. ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ത്രിമൂര്‍ത്തി ദൈവങ്ങളിലും സ്ത്രീയുണ്ട്. സ്ത്രീത്വവുമുണ്ട്.

a6ശബരിമലയില്‍ സ്ത്രീയ്ക്ക് പ്രവേശനം നിഷേധിക്കവഴി ഹിന്ദുക്കളുടെ അടിസ്ഥാന തത്ത്വങ്ങളെവരെ അവിടെ ലംഘിക്കുകയാണ് ചെയ്യുന്നത്. ഒരു ശിശു ജനിക്കുന്ന സമയം ആണാണെങ്കിലും പെണ്ണാണെങ്കിലും പരിശുദ്ധവും നിഷ്‌കളങ്കവുമാണ്. ദൈവത്തിന്റെ കൃപ ജനനത്തിലും ആണിനും പെണ്ണിനും വ്യത്യാസമില്ലാതെ ലഭിക്കുന്നു. വൈവാഹിക ജീവിതത്തിലും ഭാര്യയേയും ഭര്‍ത്താവിനെയും തുല്യപങ്കാളികളായിട്ടാണ് ഋഗ്‌വേദം ചിത്രീകരിച്ചിരിക്കുന്നത്.

ഒരു പുരുഷന്‍ ദിവസേന പത്തു പ്രാവിശ്യം കുളിച്ചില്ലെങ്കില്‍ അശുദ്ധനെന്നുണ്ട്. അങ്ങനെയെങ്കില്‍ സന്നിധാനത്തിലെത്തുന്ന പുരുഷന്മാരെല്ലാം അശുദ്ധരല്ലേ! അവിടെ സ്ത്രീയ്ക്ക് മാത്രം വിലക്ക് കല്പിക്കണോ? സ്ത്രീകള്‍ ആര്‍ത്തവകാലങ്ങളില്‍ അശുദ്ധരെങ്കില്‍ പുരുഷന്മാരും ബീജപ്രതിക്രിയകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അശുദ്ധരല്ലേ?അനേക സ്ത്രീ ദൈവങ്ങളുള്ള സ്ഥിതിക്ക് ഈ നൈഷ്ഠിക ബ്രഹ്മചര്യമെല്ലാം അര്‍ത്ഥമില്ലാത്തതാണ്. അതുകൊണ്ടു ഒരു സ്ത്രീയ്ക്ക് ഏതു പ്രായത്തിലും അമ്പലത്തില്‍ പോവാനുള്ള അനുവാദം കൊടുക്കുന്നത് നീതിയും സനാതനത്തവുമാണ്.

കുറുനരികള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും ശബരിമല കേറാം. എന്നാല്‍ സ്ത്രീയായി പിറന്നവര്‍ക്ക് അവിടം നാരികേറാ മലയായിട്ടു മതപൂജാരികളും തീവ്രവാദികളും വിധിയെഴുതിയിരിക്കുന്നു. അമ്പലങ്ങളില്‍ പൂജയ്ക്കായും പ്രാര്‍ഥനയ്ക്കായും പോവുന്ന ഭക്തജനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളെന്നു സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. പക്ഷെ ദേവസ്വം ബോര്‍ഡിലെ ഭരണതലങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അവിടെ ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒറ്റയൊരു സ്ത്രീയുമില്ലെന്നു കാണാം.

ശബരിമലയില്‍ സ്ത്രീകള്‍ക്കു മൊത്തം പ്രവേശനമില്ലെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് മറ്റൊരു വാദം. അവിടെ പ്രവേശനമില്ലാത്തതു യുവതികള്‍ക്ക് മാത്രമെന്ന വിഷയം കോടതിയെ ബോദ്ധ്യപ്പെടുത്തുന്നുമില്ല. എന്നാല്‍ ഭരണഘടനപ്രകാരം വിവേചനം ഒരു വിഭാഗത്തിനും പാടില്ലാന്നുള്ളതാണ്. എല്ലാ ജാതിക്കാര്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം. വാവറിനു പോലും അയ്യപ്പസ്വാമിയുടെ മുമ്പില്‍ സ്ഥാനമുണ്ട്. ഇഴജന്തുക്കള്‍ക്കു പോലും അകത്തു കടക്കാം. അതിലും അധമമായിട്ടാണ് സ്ത്രീയെ കരുതുന്നത്. ദൈവം പൂര്‍ണ്ണനെന്നും പറയുന്നു. അങ്ങനെ പൂര്‍ണ്ണമായ ദൈവത്തിനു ഒരു യുവതിയെ കണ്ടാല്‍ ഇകഴ്ന്നുപോവുമോ. ‘സ്ത്രീ’, ദൈവത്തിന്റെ സൃഷ്ടിയിലെ ഒരു തെറ്റല്ലെന്ന കാര്യം സ്ത്രീയെ വിലക്കുന്നവര്‍ എന്തുകൊണ്ടു ചിന്തിക്കുന്നില്ല.

a4വേദങ്ങളും ഹിന്ദു പുരാണങ്ങളും സ്ത്രീകളെപ്പറ്റിയും സ്ത്രീ ശക്തിയെപ്പറ്റിയും വ്യത്യസ്തങ്ങളായി വിവരിച്ചിട്ടുണ്ട്. സ്ത്രീയെ പരമസത്യമായ ദൈവം മുതല്‍ അനുസരണയുള്ള മകളായും അമ്മയായും വീട്ടുകാര്യങ്ങള്‍ നോക്കേണ്ടവളായും വര്‍ണ്ണിച്ചിരിക്കുന്നു. ഋഗ്‌വേദത്തിലെ ദേവീസൂക്തയില്‍ ഇക്കാണുന്ന പ്രപഞ്ച സൃഷ്ടിയില്‍ നിഴലിക്കുന്നത് സ്ത്രീയുടെ ചൈതന്യമെന്നു വിവരിച്ചിരിക്കുന്നു. അതേ ചൈതന്യമാണ് പദാര്‍ത്ഥങ്ങളെയും, ഉപബോധ മനസ്സുകളെയും വേര്‍തിരിക്കുന്നത്. ഉപബോധ മനസിലുള്ള ആത്മം നിത്യതയും പ്രദാനം ചെയ്യുന്നു. അത് ഭൗതികതയുടെ സത്യവും വാസ്തവികതയും അതീന്ദ്രിയവും ഭാവനാധീതവുമാകുന്നു. സൃഷ്ടികര്‍ത്താവും ബ്രഹ്മനും പരമാത്മാവും ഒന്നുതന്നെയാണ്. ഉപനിഷത്തുക്കളിലും ശാസ്ത്രങ്ങളിലും വേദങ്ങളിലും പ്രത്യേകിച്ച് ദേവി മാഹാത്മ്യത്തിലും ദേവി ഭാഗവത പുരാണത്തിലും സ്ത്രീയെ ശക്തിയുടെ കേന്ദ്രമായി വര്‍ണ്ണിച്ചിട്ടുണ്ട്.

മനുസ്മ്രിതിയില്‍ പറഞ്ഞിരിക്കുന്നത് ‘ഒരുവള്‍ കുട്ടിയായിരിക്കുമ്പോള്‍ അവള്‍ക്ക് അപ്പന്റെ സംരക്ഷണവും പരിപാലനവും വേണം. അപ്പനെ അനുസരിക്കണം. ഒരു യുവതിയെന്ന നിലയില്‍ ഭര്‍ത്താവിനെയും വിധവയെന്ന നിലയില്‍ മകനെയും അനുസരിക്കണം.’ മറ്റൊരിടത്തു പ്രമാണികരിച്ചിരിക്കുന്നത് സ്ത്രീയെ ബഹുമാനിക്കണം, അടയാഭരണങ്ങള്‍ അണിയിച്ചൊരുക്കണം. എവിടെ സ്ത്രീയെ പൂജിതയായി കാണുന്നുവോ അവിടെ ദൈവങ്ങള്‍ ആനന്ദിക്കും. വേദങ്ങളുടെ അപ്രസക്തിയില്‍, പില്‍ക്കാലങ്ങളില്‍ സ്ത്രീയെ തിരസ്‌ക്കരിക്കാന്‍ തുടങ്ങിയിരിക്കാം. സ്ത്രീയെ തരം താഴ്ത്തിക്കൊണ്ടുള്ള ആചാരോപാനുഷ്ഠാനങ്ങള്‍ രണ്ടാം നൂറ്റാണ്ടിനുശേഷം അന്നത്തെ സാമൂഹിക ചുറ്റുപാടുകളനുസരിച്ചു മാറ്റപ്പെട്ടതുമാകാം. പുതിയ നിയമത്തിലെ സെന്റ് പോളിന്റെ സുവിശേഷത്തിലും സ്ത്രീ പുരുഷന്റെ അടിമയായി പുരുഷന്‍ പറയുന്നനുസരിച്ചു ജീവിക്കാനാണ് പറഞ്ഞിരിക്കുന്നത്.

ഋഗ്വേദത്തിലെ ദേവീസൂക്തായില്‍ പ്രമാണികരിച്ചിരിക്കുന്നത് ‘ദേവി ബ്രഹ്മനാകുന്നു’വെന്നാണ്. അവളില്‍നിന്ന് പ്രകൃതിയും പുരുഷനും ഉയര്‍ന്നു വന്നു. പ്രകൃതിയില്‍ നിന്ന് പദാര്‍ത്ഥങ്ങളും പുരുഷനില്‍ നിന്ന് ആത്മവും. ആത്മമെന്നുള്ളത് അന്തര്‍ബോധമെന്നര്‍ത്ഥം. അവള്‍ പരമമായ നിത്യാനന്ദവും നിര്‍വൃതിയുമാകുന്നു. പ്രപഞ്ചം അവളില്‍ അടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ താത്ത്വികമായ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായും ഉപനിഷത്ത് പറയുന്നുണ്ട്. അവരുടെയിടയില്‍ പണ്ഡിതരും, അദ്ധ്യാപകരും പുരോഹിതരുമുണ്ടായിരുന്നു. സംസ്‌കൃതത്തില്‍ ‘ആചാര്യ’ എന്നാല്‍ ഗുരുവെന്നര്‍ത്ഥം. ‘ആചാരിണി’ ഗുരുവിന്റെ ഭാര്യയും. സ്ത്രീകളില്‍ ഗുരുക്കന്മാരുമുണ്ടായിരുന്നു.

ബ്രാഹ്മണാധിപത്യത്തില്‍ തകര്‍ന്ന ജനത ജാതിയില്‍ താണ അധഃകൃതര്‍ മാത്രമല്ല, അന്തപ്പുരകളില്‍ വസിച്ചിരുന്ന അന്തര്‍ജനങ്ങളും അക്കൂടെയുണ്ട്. അവരുടെ ജീവിതം ബ്രാഹ്മണ പുരുഷമേധാവിത്വത്തിന്റെ മുമ്പില്‍ അടിയറ വയ്‌ക്കേണ്ടി വന്നിരുന്നു. ബ്രാഹ്മണിക്കല്‍ ശാസ്ത്രങ്ങളില്‍ പുരുഷ മേധാവിത്വമായിരുന്നു നിഴലിച്ചിരുന്നത്. നാലുകെട്ടിനുള്ളില്‍ ഒന്നു ശബ്ദിക്കാനുള്ള അവകാശമില്ലാതെ സ്ത്രീകള്‍ വീര്‍പ്പുമുട്ടിയിരുന്നു. അവരെ സംബന്ധിച്ച് ജീവിതംതന്നെ ശവക്കുഴികളും അന്തപ്പുരകള്‍ ഒരു മഹാനരകവുമായിരുന്നു.

a8പഴയകാലത്ത് ജാതിയില്‍ താണവനു, വഴി നടക്കാനും കുളിക്കാനും സമാധാനമായി ഉറങ്ങാന്‍പോലും സാധിക്കില്ലായിരുന്നു. ജനകീയം വന്നപ്പോള്‍ അത്തരം വ്യവസ്ഥകള്‍ക്കെല്ലാം പരിവര്‍ത്തനം വന്നു. എന്നിട്ടും സ്ത്രീയ്ക്ക് മാത്രം ശാസ്താവിനെ ദര്‍ശിക്കാനുള്ള അവകാശം നിഷേധിക്കുന്നതു’ തികച്ചും ലജ്ജാവഹമല്ലേ? അത്തരം പുരുഷന്റെ ചിന്തകള്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കു തന്നെ അപമാനവുമാണ്. ആധുനിക കാലത്തിലെ ജനകീയ ദേവസ്ഥാനത്ത് സ്ത്രീയ്ക്ക് പ്രവേശനമില്ലാത്തതും അന്ധവിശ്വാസങ്ങളടങ്ങിയ കെട്ടുകഥകളുടെ അടിസ്ഥാനത്തിലാണ്. മാനവിക സംസ്‌ക്കാരത്തെ തന്നെ അമ്പലത്തിലെ ഭരണകര്‍ത്താക്കളും പൂജാരികളും തന്ത്രികളും ചവുട്ടിമെതിക്കുന്നതു ദുഃഖകരം തന്നെ.

ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്കു വിലക്ക് കല്‍പ്പിക്കുന്ന വിധി 1991ലെ ജസ്റ്റിസ് പരിപൂര്‍ണ്ണനും ജസ്റ്റീസ് കെ.ബി.മാരാരുമടങ്ങിയ കേരള ഹൈക്കോടതി ബെഞ്ച് ഒപ്പുവെച്ചിരുന്നു. അതുവരെ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും അവിടെ പ്രവേശനമുണ്ടായിരുന്നു. അന്നൊന്നും അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു കോട്ടം വന്നില്ല. ശബരിമലയില്‍ ഇന്നുകാണുന്ന മാറ്റങ്ങള്‍ ആരംഭിച്ചത് 1950 നു ശേഷമാണ്. ക്ഷേത്രം ഭരിക്കുന്നവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ ഓരോ തീരുമാനങ്ങളിലും സ്പഷ്ടമായി കാണാം.

വേദങ്ങളും പുരാണങ്ങളും സ്ത്രീയുടെ മഹത്വം പ്രമാണികരിക്കുന്നുണ്ടെങ്കിലും ശബരിമല പ്രദേശങ്ങളില്‍ സ്ത്രീകളുടെ യാത്രകള്‍ സുരക്ഷിതമല്ലെന്നുള്ള വസ്തുതകളും അംഗീകരിക്കേണ്ടതായുണ്ട്. ശക്തമായ സുരക്ഷിതാ സംവിധാനം നടപ്പാക്കിയാല്‍ മാത്രമേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെപ്പറ്റി ഗൗരവപരമായ ഒരു തീരുമാനമെടുക്കാന്‍ സാധിക്കുള്ളൂ. അമ്പതു വയസുള്ള സ്ത്രീകളുടെയും പത്തു വയസുള്ള കുഞ്ഞു കുട്ടികളുടെയും ദേഹത്തു സ്പര്‍ശിക്കുന്ന അയ്യപ്പന്മാരുണ്ട്. വയസ്സായ സ്ത്രീകള്‍ക്കുപോലും സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ സാധിക്കാത്ത നാട്ടില്‍ ശബരി മലയെന്ന കാട്ടുപ്രദേശത്തുള്ള പുണ്യഭൂമിയുടെ അവസ്ഥ എന്തായിരിക്കുമെന്നും ആലോചിക്കുക. അയ്യപ്പന്മാരെ വിശ്വസിക്കേണ്ട ആവശ്യമില്ല. ടോയിലറ്റുകള്‍ ഒരു സ്ഥലത്തുമില്ല. സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ തുറസായ സ്ഥലങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കില്ല. പൊതുവഴികളില്‍ അത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നതും സംസ്‌ക്കാരത്തിന് ചേര്‍ന്നതുമല്ല.

പമ്പയാറും അതിന്റെ തീരപ്രദേശങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്ന കാടുകളും വനഭൂമികളും അതിനുള്ളിലെ വന്യമൃഗങ്ങളും ഇഴജന്തുക്കളും മൊട്ടക്കുന്നുകളും തരണം ചെയ്തുകൊണ്ടുള്ള സ്ത്രീകളുടെ ശബരിമല തീര്‍ത്ഥയാത്രകളെ അനുകൂലിക്കാനും പ്രയാസമാണ്. ഇങ്ങനെയൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്, സ്ത്രീകളോടുള്ള വിവേചനം കൊണ്ടല്ല മറിച്ച് പമ്പയുടെ തീരവും വനപ്രദേശങ്ങളും സ്ത്രീ സഞ്ചാരത്തിന് അനുയോജ്യങ്ങളായ പ്രദേശങ്ങളല്ലാത്തതുകൊണ്ടാണ്. കൂടാതെ അയ്യപ്പന്മാരുടെ മറവില്‍ കപടവേഷധാരികള്‍ കൊള്ളയും ആക്രമണങ്ങളും നടത്തും. സ്ത്രീകളെ പീഡിപ്പിക്കാനും ശ്രമിക്കും. വനങ്ങളുടെ നടുവില്‍ വ്യപിചാര ശാലകളും നക്ഷത്ര ബംഗ്‌ളാവുകളും പൊന്തിവരാം. അയ്യപ്പന്മാരെങ്കിലും നമ്മുടെ പുരുഷന്മാരെ വിശ്വസിക്കേണ്ട ആവശ്യവുമില്ല. പ്രായമായ സ്ത്രീകളെയും പീഡിപ്പിച്ച കഥകള്‍ ശബരിമല പരിസരങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊങ്കാല എന്ന ഒരു ഉത്സവം ആഘോഷിക്കാറുണ്ട്. ആ ഉത്സവത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കുള്ളൂ. പുരുഷന്മാരെ അവിടെ വിലക്കിയിരിക്കുകയാണ്. അവിടെയുള്ള ആ വിവേചനത്തില്‍ ആരും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്നും ചോദ്യം വരാറുണ്ട്. ഒരു സ്ത്രീയ്ക്ക് പൊതുവഴികളില്‍കൂടി പോലും സുരക്ഷിതമായി നടക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ദുരിതപൂര്‍ണ്ണമായ യാത്രകളില്‍ക്കൂടി ഒരു അമ്പലത്തില്‍ സ്ത്രീകള്‍ക്കും പോവണമെന്നുള്ള ആകാംഷകളില്‍ എന്തര്‍ത്ഥമാണുള്ളത്? നമ്മുടെ ചിന്താഗതികളില്‍ ദൈവം സര്‍വ്വവ്യാപിയെന്നിരിക്കെ ആ കൊടുംവനത്തില്‍ക്കൂടി സ്ത്രീയ്ക്ക് തീര്‍ത്ഥാടനം നടത്തണമെന്നുള്ള വാദഗതികള്‍ക്ക് പ്രായോഗികതയുണ്ടോ?

a (1)സ്ത്രീകളുടെ തീര്‍ത്ഥ യാത്രമൂലം ഉണ്ടാകാവുന്ന ജനബാഹുല്യം പരിസ്ഥിതിയെ നശിപ്പിക്കുമെന്നു പരിസ്ഥിതി പ്രവര്‍ത്തകയായ ശ്രീമതി സുഗതകുമാരി അഭിപ്രായപ്പെട്ടിരിക്കുന്നു. പമ്പയാറ്റില്‍ അയ്യപ്പപ്രവാഹം മൂലം മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കെട്ടിക്കിടക്കുന്നു. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് തീര്‍ഥാടകര്‍ കേരളത്തില്‍നിന്ന് മാത്രമുള്ളവരായിരുന്നു. ഇന്ന് ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി മില്യന്‍ കണക്കിന് ഭക്തജനം അവിടെയെത്തുന്നു. സ്ത്രീകള്‍ക്കാവശ്യമുള്ള ടോയ്‌ലറ്റുകളൊന്നും ആ പ്രദേശങ്ങളിലില്ല. വനവിഭവങ്ങളോടൊപ്പം മൃഗസമ്പത്തും നശിക്കുന്നു. വനങ്ങള്‍ നശിച്ചാല്‍ പ്രകൃതിയും വരണ്ടുപോകും. ഭൂപ്രദേശങ്ങള്‍ മരുഭൂമിയായി തീരും. വെള്ളത്തിന്റെ ഉറവിടകളും നിലനില്‍ക്കും.

ശബരിമലയിലെ പതിനെട്ടാം പടിക്കും നിര്‍വ്വചനങ്ങള്‍ കല്പിച്ചിട്ടുണ്ട്. പതിനെട്ടു മലകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നു വാദങ്ങളുണ്ട്. നാലു വേദങ്ങള്‍, ആറു ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍, നാല് വര്‍ണ്ണങ്ങള്‍ ചേര്‍ന്നാല്‍ പതിനെട്ടാംപടിയാകുമെന്നു പറയുന്നവരുമുണ്ട്. അയ്യപ്പദര്‍ശനവും കഴിഞ്ഞ് പരബ്രഹ്മത്തിന്റെ പൊരുളും മനസിലാക്കി മലയിറങ്ങുന്ന ഭക്തരെ നോക്കിക്കൊണ്ട് ഒരു പാവം പെണ്ണിന്റെ നീണ്ട കാത്തിരുപ്പ് തുടര്‍ന്നുകൊണ്ടിരിക്കും. അയ്യപ്പനെ പ്രണയിച്ച മാളികപ്പുറത്തമ്മയെന്ന ദേവസുന്ദരി വേളി കഴിക്കാമെന്നുള്ള മോഹങ്ങളോടെ നോക്കി നില്‍ക്കുമ്പോള്‍ കന്നി അയ്യപ്പന്മാരെ കണ്ടാല്‍ പ്രതീക്ഷകളസ്തമിച്ചു ദുഃഖിതയുമാവും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top