Flash News

മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും ലോക്സഭാംഗവുമായ ഇ. അഹമ്മദ് (78) അന്തരിച്ചു

January 31, 2017

ahmed

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 12 മണിക്കൂറോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ അഹമ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ എട്ട് മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് രണ്ടിനു പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്കു പുറപ്പെടും. വൈകീട്ട് കരിപ്പൂര്‍ ഹജ് ഹൗസിലും തുടര്‍ന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനം. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. ഖബറടക്കം നാളെ കണ്ണൂരില്‍.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്‌ട്രെക്ചറില്‍ ലോക്‌സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

E Ahammaed to hospitalബോധരഹിതനായാണ് അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തെ മുന്‍പ് ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരില്‍ നിന്ന് ആര്‍.എം.എല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, ജോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

മുസ് ലിം ലീഗിലെ മുതിര്‍ന്ന നേതാവായ ഇ. അഹമ്മദ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്. കഴിഞ്ഞ മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ വിദേശകാര്യം, റെയില്‍വേ അടക്കമുള്ള വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം വഹിച്ചിരുന്നു.

മാസങ്ങളായി വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന അഹമ്മദ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് ദുബായിലെ മകളുടെ വീട്ടില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏതാനും നാള്‍ മുമ്പ് സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിവരമറിഞ്ഞ് മക്കളായ നസീര്‍, റഈസ്, ഡോ. ഫൗസിയ എന്നിവര്‍ വിദേശത്തു നിന്ന് ആശുപത്രിയിലെത്തിയിരുന്നു. നേരത്തെ അഹമ്മദിന്‍റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ആശുപത്രിയില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ അഹമ്മദിനെ കാണാന്‍ അനുവദിച്ചില്ല. മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുപോലും ആശുപത്രിയിലെ ട്രോമാ കെയര്‍ യൂണിറ്റില്‍ പ്രവേശനം നിഷേധിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.

കണ്ണൂരില്‍ ബിസിനസ്സുകാരനായിരുന്ന ഓവിന്റകത്ത് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും മകനായി 1938 ഏപ്രില്‍ 29ന് കണ്ണൂരിലാണ് അഹമ്മദ് ജനിച്ചത്. തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം തലശേരി ജില്ലാ കോടതിയിലും ഹൈകോടതിയിലും അഭിഭാഷകനായി. മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന്റെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായാണ് അഹമ്മദ് നേതൃനിരയിലെത്തുന്നത്.

നിയമ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി സംഘടനയെ പടുത്തുയര്‍ത്തിയ മികവിനു പാര്‍ട്ടി നല്‍കിയ സമ്മാനമാണ് 1967ലെ കണ്ണൂര്‍ നിയമസഭാ സീറ്റ്. പിന്നീട് കൊടുവള്ളിയില്‍നിന്നും അതിനുശേഷം തുടര്‍ച്ചയായി മൂന്നുതവണ താനൂരില്‍നിന്നും എം.എല്‍.എ ആയി. മന്ത്രിയും കോര്‍പറേഷന്‍, ബോര്‍ഡ് അധ്യക്ഷനുമായി.

1981-83ല്‍ കണ്ണൂര്‍ നഗരസഭാധ്യക്ഷനായി. മഞ്ചേരിയില്‍ 1991ല്‍ ആണ് അഹമ്മദിന്റെ ആദ്യ ലോക്‌സഭാ പോരാട്ടം. 1991, 96, 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലെത്തി. 2009ല്‍ മഞ്ചേരി മണ്ഡലം പേരുമാറിയ മലപ്പുറമായപ്പോള്‍ അവിടെ നിന്ന് വിജയിച്ച് രണ്ടാം യുപിഎയില്‍ റയില്‍വേ, വിദേശകാര്യം, മാനവശേഷി വികസനം വകുപ്പുകളില്‍ സഹമന്ത്രിയായി.

വിദേശരാജ്യങ്ങളുടെ സ്‌നേഹമേറ്റു വാങ്ങിയ ഇന്ത്യയുടെ പ്രതിനിധിയായി രാജ്യാന്തര നയതന്ത്രമേഖലയില്‍ അറിയപ്പെടുന്ന അഹമ്മദ് അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഊഷ്മള ബന്ധത്തില്‍ ചരിത്രപരമായ പങ്കുവഹിച്ചയാളാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിനിധിയായി നടത്തിയ ഗള്‍ഫ് സന്ദര്‍ശനം മുതല്‍ ഗള്‍ഫ് ഭരണാധികാരികളുമായി ഏറെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. 2004ല്‍ ഇറാഖില്‍ ഇന്ത്യക്കാരെ ബന്ദിയാക്കിയപ്പോള്‍ ഇടപെടുകയും ഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത തൊഴില്‍നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുണ്ടായപ്പോള്‍ അയവുണ്ടാക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് അഹമ്മദിന്റെ നയതന്ത്രനീക്കങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. സൗദി ഭരണകൂടത്തിന്റെ അതിഥികളായി ഇന്ത്യയില്‍നിന്നു പോകുന്ന ഹജ് സൗഹൃദസംഘത്തിലെ അംഗമായിരുന്നു. ഇസ്‌ലാംമത വിശ്വാസികളുടെ പരിപാവന പ്രാര്‍ഥനാേഗഹമായ മക്കയിലെ കഅബ കഴുകുന്ന ചടങ്ങിന് ക്ഷണം ലഭിക്കുന്ന ലോകത്തെ അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അഹമ്മദ്. ഇന്ത്യയില്‍നിന്നുള്ള ഹജ് തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതില്‍ പങ്കുവഹിച്ചു.

1991 മുതല്‍ 2014 വരെയുള്ള വിവിധ സമയങ്ങളില്‍ ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1999 ഒക്ടോബര്‍ 14ന് കാറപകടത്തില്‍ മരിച്ച സുഹറയാണ് ഭാര്യ. മക്കള്‍: ഡോ. ഫൗസിയ ഷെര്‍ഷാദ് (ദുബൈ), അഹമ്മദ് റഈസ് (മസ്‌കറ്റ്), നസീര്‍ അഹമ്മദ് (യു.എസ്). മരുമകന്‍: ഡോ. ബാബു ഷെര്‍ഷാദ് (ദുബൈ).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷനും ലോക്സഭാംഗവുമായ ഇ. അഹമ്മദ് (78) അന്തരിച്ചു”

  1. B. Aravindakshan says:

    My heartfelt condolences. Hon. E. Ahamed was a dedicated servant of the democracy and people of India worldwide. He will be missed; but his legacy will remain.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top