Flash News

പി.എസ്. നടരാജന്‍ പിള്ളയെ വിമര്‍ശിച്ച പിണറായി വിജയനെ കടിച്ചുകുടഞ്ഞ് ജനയുഗം എഡിറ്റോറിയല്‍

February 6, 2017

PINARAYIതിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിന്റെ എഡിറ്റോറിയില്‍ പേജിലാണ് മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള രണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ വിപി ഉണ്ണികൃഷ്ണന്‍ എഴുതിയ ഏതോ പിള്ളയല്ല, പിഎസ് നടരാജന്‍ പിള്ള എന്ന തലക്കെട്ടിലുള്ള ലേഖനത്തിലും വാതില്‍പ്പഴുതിലൂടെ എന്ന പംക്തിയില്‍ ദേവിക എഴുതിയ ‘സര്‍ സിപി ചെയ്തതെല്ലാം ശരിയെങ്കില്‍, പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍…?’ എന്ന ലേഖനത്തിലുമാണ് സര്‍ക്കാരിനെ ചോദ്യങ്ങള്‍ കൊണ്ടും ആരോപണങ്ങള്‍കൊണ്ടും ഓര്‍മ്മപ്പെടുത്തലുകള്‍കൊണ്ടും കുടയുന്നത്.

ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നിയമമന്ത്രി, റവന്യുമന്ത്രി എന്നിവര്‍ രക്ഷാധികാരികളും നിയമ സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും അംഗങ്ങളും ജഡ്ജിമാരും നിയമവിദഗ്ധരും ഉള്‍പ്പെട്ട ട്രസ്റ്റിനാണ് ലോ അക്കാദമിയുടെ ഭൂമി പാട്ടത്തിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അത് ഒരു കുടുംബക്കാരുടേതായതെങ്ങനെയെന്ന് ‘ഏതോ ഒരു പിള്ളയല്ല, പിഎസ് നടരാജന്‍ പിള്ള’ എന്ന ലേഖനത്തില്‍ വിപി ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു.

ഒരു കുടുംബത്തിന്റെ കാല്‍ക്കീഴില്‍ സര്‍ക്കാര്‍ ഭൂമി എത്തിപ്പെടുന്നതിനെ പിന്തുണയ്ക്കുന്നത് പൊതുസമൂഹത്തോട് ചെയ്യുന്ന പാതകമാണെന്ന് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം പുച്ഛിക്കും. വിദ്യാര്‍ഥികളെ അടിമപ്പണിക്ക് നിയോഗിക്കുവാനും ജാതിയുടെ പേരില്‍ അവഹേളിക്കുവാനും ഇന്റേണല്‍ മാര്‍ക്ക് മുന്‍നിര്‍ത്തി സ്തുതിപാഠകരെ വിജയിപ്പിക്കുവാനും അപ്രീതിയുള്ളവരെ പരാജയപ്പെടുത്തുവാനും വേണ്ടി തുടങ്ങിയതല്ല കേരള-ലോ അക്കാദമി ലോ കോളജ്. എന്നാല്‍ എറ്റവും അപരിഷ്‌കൃതമായ കൃത്യങ്ങളുടെ കൂത്തരങ്ങായി ഈ കലാലയം മാറിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

1967-69 കാലത്തെ സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെ കാലത്താണ് 11.45 ഏക്കറോളം ഭൂമി നിയമ കലാലയം ആരംഭിക്കുന്നതിനായി മൂന്ന് വര്‍ഷത്തെ പാട്ടക്കാലാവധിയോടെ അനുവദിച്ചത്. കൃഷി വകുപ്പിന് കീഴിലുള്ള ഭൂമിയാണ് നല്‍കിയത്. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും എംഎന്‍ ഗോവിന്ദന്‍ നായര്‍ കൃഷിവകുപ്പ് മന്ത്രിയുമായിരുന്നു. സി പി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയൊന്നുമില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ഈ ചരിത്രപാഠം അറിയേണ്ടതാണെന്നും ലേഖനം പറയുന്നു. നിര്‍ധനരും പിന്നാക്കക്കാരുമായ കുട്ടികള്‍ക്ക് നിയമവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ആരംഭിച്ച കലാലയം ഇന്ന് ഏകാധിപത്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ജന്മിത്വ ദുഷ്പ്രഭുത്വത്തിന്റെയും കേന്ദ്രമായത് എങ്ങനെയെന്ന ചോദ്യമാണ് വിദ്യാര്‍ഥികളുടെ തുറന്നുപറച്ചിലിലൂടെ പൊതുസമൂഹം ഉന്നയിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

1985 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും പി ജെ ജോസഫ് റവന്യുമന്ത്രിയുമായിരുന്നുപ്പോള്‍ പതിച്ചുവാങ്ങിയ ഭൂമി ഇന്ന് വിദ്യാഭ്യാസ ആവശ്യത്തിനു മാത്രമായല്ല ഉപയോഗിക്കുന്നതെന്ന് റവന്യു വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു.

വാണിജ്യ-വ്യാപാരാവശ്യങ്ങള്‍ക്കും കുടുംബകാര്യങ്ങള്‍ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്തിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇവിടെയാണ് ലക്ഷ്മി നായരുടെ ബിരിയാണിക്കടയും (വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ പാത്രം കഴുകേണ്ടതും അടുക്കള പണിയെടുക്കേണ്ടതും) സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖയും കുടുംബാംഗങ്ങളുടെ വാസസ്ഥലവും നിലകൊള്ളുന്നത്. ഭൂമി പാട്ടക്കരാറില്‍ കലാലയത്തിനായി നല്‍കുമ്പോഴുള്ള എല്ലാ വ്യവസ്ഥകളും ധാര്‍ഷ്ട്യത്തോടെ ലംഘിച്ചിരിക്കുന്നുവെന്ന് വ്യക്തം. എന്നിട്ടും ഏതോ, ഒരു പിള്ള, സി പി രാമസ്വാമി അയ്യര്‍ എന്നൊക്കെ പറഞ്ഞ് അപഹാസ്യമാകുന്നതെന്തിനെന്നും ലേഖനത്തില്‍ ചോദിക്കുന്നു.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അമാന്തമെന്തിന്? കേസ് എടുക്കുവാന്‍ നിര്‍ബന്ധിതമായതിനുശേഷം അറസ്റ്റ് ചെയ്യുവാന്‍ മടിക്കുന്നതെന്തിന്? വനിതാ ഹോസ്റ്റലിലെ കുളിമുറികളില്‍ ക്യാമറ സ്ഥാപിച്ചതെന്തിന്? കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിട്ടും പ്രിന്‍സിപ്പാലിന്റെ രാജിക്കുവേണ്ടി നിലകൊള്ളാതെ മുഖംമൂടിയണിഞ്ഞ് സമരത്തില്‍ നിന്ന് പിന്മാറി മാനേജ്‌മെന്റിന്റെ അഭിഭാഷകരായി വേഷം മാറുന്നതെന്തുകൊണ്ട്? സര്‍വകലാശാല ചട്ടങ്ങളും നിയമങ്ങളും നഗ്‌നമായി ലംഘിച്ചവര്‍ക്കെതിരെ സര്‍വകലാശാലാ ഭരണാധികാരികള്‍ നിഷ്‌ക്രിയരും നിസ്സംഗരുമാവുന്നതെന്തുകൊണ്ട്? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് പൊതുസമൂഹം ഉയര്‍ത്തുന്നതെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഏതോ ഒരു പിള്ളയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് കണക്കിന് മറുപടി കൊടുക്കുന്നുമുണ്ട്.

ഏതോ ഒരു പിള്ളയല്ല, പി എസ് നടരാജപിള്ള. മഹാപണ്ഡിതനായ റാവു ബഹദൂര്‍ പ്രൊഫ. സുന്ദരം പിള്ളയുടെ പുത്രന്‍, സ്വാതന്ത്ര്യ സമരസേനാനി, ‘ദി പോപ്പുലര്‍ ഓപ്പീനിയന്‍’ ‘വഞ്ചി കേസരി’ എന്നീ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപര്‍, ശ്രീമൂലം അസംബ്ലിയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും അംഗം, 1954-55 കാലത്ത് തിരു-കൊച്ചി മന്ത്രിസഭയില്‍ ധനമന്ത്രി, ഭരണപരിഷ്‌കാര കമ്മിറ്റി അംഗം ഇതൊക്കെയായിരുന്നു പി എസ് നടരാജപിള്ള.

1962 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ ലോക്‌സഭാംഗമായി ജയിച്ചു കയറി. സ്വാതന്ത്ര്യ സമ്പാദനപ്പോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇന്ന് ലക്ഷ്മിനായരുടെ കുടുംബത്തിന്റെ അധീനതയിലായിരിക്കുന്ന ഭൂമി കണ്ടുകെട്ടപ്പെട്ടയാള്‍. ധനമന്ത്രിയായിരിക്കവേ ഭൂമി തിരിച്ചു നല്‍കിയപ്പോള്‍ നിരസിച്ചയാള്‍. പേരൂര്‍ക്കട ബോയ്‌സ് സ്‌കൂളിന് സമീപമുള്ള ഭൂമി പതിച്ചു നല്‍കിയ വ്യക്തി. ഓലക്കുടിലില്‍ ജീവിച്ച് ഒടുവില്‍ അതും വില്‍ക്കേണ്ടിവന്നയാള്‍. ലക്ഷ്മി നായരുടെ പാരമ്പര്യമല്ല പി എസ് നടരാജപിള്ളയുടേത്. ഏതോ ഒരു പിള്ളയല്ല പിഎസ് നടരാജപിള്ളയെന്ന് ചരിത്രം പറയുന്നുവെന്നും ലേഖനം ഓര്‍പ്പെടുത്തുന്നു.

വിപി ഉണ്ണികൃഷ്ണനോടൊപ്പം ദേവികയും പിഎസ് നടരാജന്‍ പിള്ള ആരെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍പ്പെടുത്തുന്നുണ്ട്. ‘ഏതോ ഒരു പിള്ളയുടെ’ ഭൂമി സര്‍ സിപിയാണ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സര്‍ക്കാരുകള്‍ക്കൊന്നും അതില്‍ പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചയാളാണ് ഈ ‘ഏതോ ഒരു പിള്ള’ യെന്നോര്‍ക്കുക, ഇപ്പോള്‍ ലോ അക്കാദമി സ്ഥിതി ചെയ്യുന്നതടക്കം ഏക്കര്‍ കണക്കിനു ഭൂമിയും അതിനുള്ളിലെ ബംഗ്ലാവും സര്‍ സിപി രാമസ്വാമി അയ്യര്‍ പിടിച്ചെടുത്തത് നടരാജന്‍പിള്ള വിജയ്മല്യയെപ്പോലെ ബാങ്കു വായ്പ തട്ടിപ്പു നടത്തിയതിന്റെ പേരിലല്ല. സിപിയുടെ ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പടയോട്ടം നടത്തിയതിന്റെ പകപോക്കലായിരുന്നു ആ പിടിച്ചെടുക്കല്‍. സര്‍ സിപി മുതല്‍ പിണറായി വരെ നയിക്കുന്ന ഭരണകൂടങ്ങളെല്ലാം ചങ്ങലക്കണ്ണികള്‍ പോലുളള തുടര്‍ച്ചയാണ്. അതുകൊണ്ട് തന്നെയാണ് സിപി പിടിച്ചെടുത്ത ഭൂമി സര്‍ക്കാര്‍ ഭൂമിയായത്. തനിക്ക് ആ ഭൂമി തിരിച്ചുവേണ്ടെന്നാണ് ദരിദ്രനായി അന്ത്യശ്വാസം വലിച്ച നടരാജപിള്ളസാര്‍ പറഞ്ഞതെന്നും ദേവിക ഓര്‍മ്മിപ്പിക്കുന്നു.

ദിവാന്‍ സര്‍ സിപി പിടിച്ചെടുത്ത ഭൂമിയില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് ഒരു കാര്യവുമില്ലെന്ന് പറയുമ്പോള്‍ ആ വാക്കുകളില്‍ പൂഴ്ന്നു കിടക്കുന്ന സംഗതമായ ചോദ്യങ്ങളുണ്ട്. ദിവാന്‍ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പടയണി തീര്‍ത്തതിന്റെ പേരില്‍ നടരാജപിള്ള സാറിന്റെ ഭൂമി കണ്ടുകെട്ടിയ നടപടി ശരിയായിരുന്നോ? സിപിയുടെ തേര്‍വാഴ്ചകള്‍ ശരിയാണെങ്കില്‍ ദിവാന്‍ ഭരണത്തിനെതിരേ വാരിക്കുന്തവുമായി പോരിനിറങ്ങി രക്തഗംഗാതടങ്ങള്‍ തീര്‍ത്ത് രക്തസാക്ഷികളായ ത്യാഗോദാരരായ പുന്നപ്ര-വയലാര്‍ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ? ചരിത്രത്തിന്റെ അന്തര്‍ധാരകളറിയാതെ, ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്നും ചരിത്ര പുരുഷന്മാരെ ഏതോ ഒരാളെന്നും വിശേഷിപ്പിക്കുന്നതില്‍ വിപ്ലവ കേരളത്തിന് മഹാദുഃഖമുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ആറുതവണ നിയമസഭാംഗവും രണ്ടു പ്രാവശ്യം മന്ത്രിയും സിപിഐയുടെ പിന്തുണയോടെ ഒരിക്കല്‍ ലോക്‌സഭാംഗവുമായ നടരാജപിള്ള നമുക്ക് ‘ഏതോ ഒരു പിള്ള’യല്ല.

സര്‍ സി പി ഏറ്റെടുത്ത ഭൂമി ലോ അക്കാദമിയുടെ സ്വകാര്യസ്വത്തായതോടെ ആ ഭൂമി തിരിച്ചുപിടിക്കണമെന്ന് നടരാജപിള്ളയുടെ പത്‌നി സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. അത് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനെക്കൊണ്ട് ലോ അക്കാദമി ഭൂമി പതിച്ചുവാങ്ങാന്‍ വേണ്ടി നാരായണന്‍ നായരുടെ ഭാര്യ പൊന്നമ്മയെ വനിതാ കേരളാ കോണ്‍ഗ്രസ് കുപ്പായമണിയിക്കാന്‍ പോലും തുനിഞ്ഞ ഒരു കുടുംബത്തിന്റെ ജുഗുപ്‌സാവഹമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. സിപിഐ നേതാവ് പി എസ് ശ്രീനിവാസന്‍ റവന്യു മന്ത്രിയായിരുന്നപ്പോള്‍ ഭൂമി പതിച്ചെടുക്കാന്‍ നടത്തിയ പിത്തലാട്ടങ്ങളൊന്നും ഫലിക്കാതായപ്പോള്‍ കേരളാ കോണ്‍ഗ്രസ് പ്രച്ഛന്നവേഷത്തിലൂടെ സംഗതി കൂളായി നേടിയെടുത്തു! മുസ്ലിംലീഗിനായിരുന്നു റവന്യു വകുപ്പെങ്കില്‍ ഈ കുടുംബത്തിലൊരാളെ പൊന്നാനിയിലയച്ച് സുന്നത്ത് കല്യാണം നടത്തി മുസ്ലിംലീഗിന്റെ കുപ്പായവും തൊപ്പിയുമണിയിച്ച് ഇടതുവശത്തു മുണ്ടുടുപ്പിക്കാന്‍ പോലും മടിക്കുമായിരുന്നില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു.

നിയമകലാലയം സര്‍ക്കാര്‍ നിയന്ത്രണത്തോടെ നടത്താന്‍ നല്‍കിയ ഭൂമി ഒരു തറവാട്ടുസ്വത്താക്കുക, അതിന്റെ ഒരരകില്‍ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയില്‍ തറവാടുഭവനങ്ങള്‍ പണിയുക പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാര്‍വത്യാര്‍ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചകസര്‍വകലാശാല, കൈരളി ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് തിരുമല്‍ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാന്‍ കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക് ആണോയെന്നും ദേവിക ചോദിക്കുന്നു.

‘ഞാനും ഞാനും എന്റെ നാല്‍പതുപേരും’ എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്‍ക്കുക. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top