Flash News

ലോ അക്കാദമിയുടെ മറവില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു: കോടിയേരി

February 10, 2017

Kodiyeriതിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ബിജെപി, കോണ്‍ഗ്രസ്, എന്നീ പാര്‍ട്ടികളെ പ്രത്യക്ഷമായും സിപിഐയെ പരോക്ഷമായും വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമരത്തിന്റെ മറവില്‍ കോ-ലീ- ബി സഖ്യമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ബിജെപിയുടെ കെണിയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വീണു പോയെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഒരുഭാഗത്ത് ബിജെപിയും മറുഭാഗത്ത് യുഡിഎഫും പരസ്പരധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണ്. അതിനുള്ള അവസരവും വേദിയുമായി ലോ അക്കാദമി പ്രശ്‌നത്തെ മാറ്റി. ലോ അക്കാദമിയുടെ മറവില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു. വിദ്യാര്‍ഥിസമരത്തെ ആദ്യംതന്നെ ബിജെപിയും ആര്‍എസ്എസും തകിടംമറിച്ചു. അതിന്റെ പ്രകടമായ തെളിവാണ് ബിജെപി നേതാവ് വി മുരളീധരന്റെ നിരാഹാരം. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അത് പിന്തുടര്‍ന്നു.

ബിജെപിയോടും ആര്‍എസ്എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ്മുസ്‌ലിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് പേരൂര്‍ക്കടയിലെ സമരസ്ഥലത്തെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ വ്യക്തമാക്കി. എ കെ ആന്റണിയും മുസ്‌ലിംലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബിജെപിയെ ആശിര്‍വദിക്കാനെത്തി. മോദി സര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച വി എം സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്‌ലിം ലീഗിനും ബിജെപിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിന് ഒരു മടിയുമുണ്ടായില്ല. ലോ അക്കാദമി സമരത്തെ ഇക്കൂട്ടര്‍ സംസ്ഥാന സര്‍ക്കാരിനെതിരായ രാഷ്ട്രീയസമരമാക്കി മാറ്റിയിരുന്നു. യഥാര്‍ഥത്തില്‍ ബിജെപി സ്‌പോണ്‍സര്‍ചെയ്ത സമരത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നു.

ലോ അക്കാദമി വിഷയത്തില്‍ ബിജെപി – കോണ്‍ഗ്രസ് നേതൃസംഘങ്ങള്‍ ഓരോ സമയത്തും ഓരോരോ ആവശ്യങ്ങളുന്നയിച്ച് പ്രശ്‌നം വഷളാക്കുകയായിരുന്നു. ആദ്യം പ്രിന്‍സിപ്പലിനെ ആസ്പദമാക്കിയായിരുന്നു പ്രക്ഷോഭം. വിവാദത്തിന് പാത്രമായ പ്രിന്‍സിപ്പല്‍ അഞ്ചുവര്‍ഷം പ്രിന്‍സിപ്പലായോ അധ്യാപികയായോ കോളെജില്‍ എത്തില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യവസ്ഥയുണ്ടാക്കാമെന്നും ഉള്‍പ്പെടെ 17 ആവശ്യങ്ങള്‍ അംഗീകരിച്ചപ്പോഴാണ് എസ്എഫ്‌ഐ പ്രക്ഷോഭം അവസാനിപ്പിച്ചത്. ഈ ഒത്തുതീര്‍പ്പില്‍ വിശ്വാസമില്ലെന്നും മിനിറ്റ്‌സ് കാണിക്കണമെന്നും സമരരംഗത്ത് ശേഷിച്ചവര്‍ ആവശ്യപ്പെട്ടപ്പോള്‍ എഡിഎമ്മിന് മുമ്പാകെ മിനിറ്റ്‌സ് മാനേജ്‌മെന്റ് ഹാജരാക്കി. ചര്‍ച്ച എഡിഎം നടത്തിയാല്‍ പോര വിദ്യാഭ്യാസമന്ത്രി നടത്തണമെന്ന് ശഠിച്ചപ്പോള്‍ അതിനും വഴങ്ങി. ഫെബ്രുവരി നാലിന് രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ച വിദ്യാഭ്യാസമന്ത്രി നടത്തി. എന്നിട്ടും അന്ന് പ്രശ്‌നം ഒത്തുതീര്‍ക്കുകയും സമരം പിന്‍വലിക്കുകയും ചെയ്യാന്‍ കഴിയാതിരുന്നതുവഴി ബിജെപി ഒരുക്കിയ രാഷ്ട്രീയകെണിയില്‍ മറ്റുള്ളവര്‍ വീഴുകയായിരുന്നു.

ലോ അക്കാദമി സമരവും അനുബന്ധ സംഭവങ്ങളും ജാഗ്രതപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം എല്‍ഡിഎഫിനെ ഒറ്റപ്പെടുത്താനും മുന്നണിയുടെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താനും കോലീബി കൂട്ടുകെട്ട് ഏത് ഘട്ടത്തിലും പ്രത്യക്ഷപ്പെടാമെന്നതാണ്. ആര്‍എസ്എസിനോടും ബിജെപിയോടുമുള്ള യുഡിഎഫിന്റെ എതിര്‍പ്പ് തൊലിപ്പുറമേയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ലോ അക്കാദമി സമരം. ബിജെപിയും കോണ്‍ഗ്രസും മുസ്‌ലിംലീഗുമെല്ലാം കൈകോര്‍ത്തുപിടിച്ച് മഹാസഖ്യമുണ്ടാക്കിയാലും എല്‍ഡിഎഫിനെ തോല്‍പ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനും കഴിയില്ലെന്ന് പ്രബുദ്ധകേരളം ആവര്‍ത്തിച്ച് തെളിയിക്കുകയാണ്. സിപിഐയെ വിമര്‍ശിച്ചും ലേഖനത്തില്‍ കോടിയേരി രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎമ്മിന്റേയും സിപിഐയുടേയും യോജിപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തേയും കേരള രാഷ്ട്രീയത്തെയും ഉത്തേജിപ്പിക്കുന്നതാണ്. ഇതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന പൊതുധാരണ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇരുകമ്യൂണിസ്റ്റുപാര്‍ടികളുടെയും യോജിപ്പ് കേരളത്തില്‍ മാത്രമല്ല ദേശീയമായും ശക്തിപ്പെട്ടുവരികയാണ്. ആഗോളീകരണ സാമ്പത്തികനയത്തെയും വര്‍ഗീയരാഷ്ട്രീയത്തെയും ചെറുക്കാനുള്ള ഈ ദേശീയനയത്തെ ശക്തിപ്പെടുത്തുന്നതാണ് കേരളത്തിലെ എല്‍ഡിഎഫും അതിന്റെ സര്‍ക്കാരും. കേരളരാഷ്ട്രീയത്തെ പുരോഗമനപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തുപകരുകയാണ് വേണ്ടതെന്നും കോടിയേരി കൂട്ടിചേര്‍ത്തു.

kochi_common_pages_10-02-2017_6-65091-slice1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top