Flash News

തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; ശശികല പക്ഷത്തുനിന്ന് എം‌എല്‍‌എമാര്‍ കൊഴിഞ്ഞുപോകുന്നു

February 12, 2017

o-panneerselvam-with-supporters_98777ff2-f103-11e6-9744-939f10ba6c21ചെന്നൈ: അനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന് പിന്തുണയേറുന്നു. ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ ഇന്നും തുടരുകയാണ്. ആകെ 10 എംപിമാര്‍ ശശികല ക്യാപില്‍നിന്ന് കൂറുമാറി പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നു. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്പള്ളൂര്‍ എംപി ആര്‍.പി. മരുതുരാജ, വില്ലുപുരം എംപി എസ്.രാജേന്ദ്രന്‍ എന്നിവരാണ് ഏറ്റവും ഒടുവിലായി പനീര്‍സെല്‍വം ക്യാംപിലെത്തിയ ലോക്‌സഭാംഗങ്ങള്‍. ഇതോടെ, പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെയിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം പത്തായി. നാമക്കല്‍ എംപി പി.ആര്‍. സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആര്‍.വനറോജ എന്നിവരാണ് പനീര്‍സെല്‍വത്തിനൊപ്പമുള്ള മറ്റ് ലോക്‌സഭാംഗങ്ങള്‍. രാജ്യസഭാംഗം ആര്‍.ലക്ഷ്മണനും പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

തനിക്കു പിന്തുണ ഉറപ്പാക്കാന്‍ ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ ഇരുപതോളം പേര്‍ തങ്ങളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതായാണു സൂചന. നിലവില്‍ ഏഴ് എംഎല്‍എമാരാണ് പരസ്യമായി പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എംഎല്‍എമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീര്‍സെല്‍വം വിഭാഗം ആരോപിച്ചിരുന്നു. ഡിംഎംകെ സഖ്യത്തിന്റെ പിന്തുണയ്‌ക്കൊപ്പം 11 എംഎല്‍എമാര്‍ കൂടി ശശികല ക്യാംപില്‍നിന്ന് കൂറുമാറിയാല്‍ പനീര്‍സെല്‍വത്തിന് സഭയില്‍ വിശ്വാസവോട്ടു നേടാവുന്നതേയുള്ളൂ. ഇതിനിടെ ശശികല ഇന്ന് വീണ്ടും കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍എമാരെ കാണും. 128 എംഎല്‍എമാരെ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്നാണ് ശശികല ക്യാമ്പിന്റെ അവകാശവാദം. പനീര്‍സെല്‍വവും കൂവത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

നേതാക്കൾ രണ്ടുപേരും കൂവത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് റിസോർട്ടിനു മുന്നിൽ പാർട്ടി പ്രവർത്തകരും മാധ്യമ പ്രവർത്തകരും തിങ്ങിക്കൂടിയിട്ടുണ്ട്. ഇടയ്ക്ക് ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായെങ്കിലും പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.അതേസമയം, എന്തുവിലകൊടുത്തും പനീർസെൽവത്തെ തടയുമെന്ന് ശശികലയോട് ആഭിമുഖ്യം പുലർത്തുന്ന എംഎല്‍എമാർ വ്യക്തമാക്കി.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാര്‍ക്കു പിന്നാലെ ശശികലയുടെ വിശ്വസ്തന്‍ സി. പൊന്നയ്യനും പനീര്‍സെല്‍വത്തിനു പിന്തുണ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യന്‍. വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജന്‍, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവരാണ് പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയ മന്ത്രിമാര്‍. നടന്‍ ശരത് കുമാറും പനീര്‍സെല്‍വത്തിനു പിന്തുണയുമായി രംഗത്തെത്തി.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ശശികല സംഘത്തില്‍പ്പെട്ടയാളാണ് മന്ത്രി പാണ്ഡ്യരാജന്‍.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പനീര്‍സെല്‍വം ശശികലയെ വെല്ലുവിളിച്ചത്. തന്നെ നിര്‍ബന്ധിപ്പിച്ചു രാജിവയ്പ്പിക്കുകയായിരുന്നുവെന്നു വ്യക്തമാക്കിയ അദ്ദേഹം, ജയലളിതയുടെ ആത്മാവിന്റെ പ്രേരണയാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പറഞ്ഞിരുന്നു.

നിലവില്‍ പനീര്‍സെല്‍വത്തിന് ഒപ്പമുള്ള എംഎല്‍എമാരും എംപിമാരും:

എംഎല്‍എമാര്‍

എസ്.പി. ഷണ്‍മുഖനാഥന്‍ (ശ്രീവൈകുണ്ഠം), കെ. മാണിക്കം (ഷോളവന്താന്‍), വി.സി. ആരുക്കുട്ടി (കവുണ്ടംപാളയം), വനിതാ എംഎല്‍എ മനോരഞ്ജിതം (ഉത്തങ്കര), എ. മനോഹരന്‍ (വസുദേവനല്ലൂര്‍) , കെ. പാണ്ഡ്യരാജന്‍ (വിരുദുനഗര്‍) , ഡി. ജയകുമാര്‍

ലോക്‌സഭാംഗങ്ങള്‍

പി.ആര്‍. സുന്ദരം (നാമക്കല്‍) ,അശോക് കുമാര്‍ (കൃഷ്ണഗിരി) ,സത്യഭാമ (തിരുപ്പൂര്‍) , ജയസിങ് ത്യാഗരാജ് നട്ടര്‍ജി (തൂത്തുക്കുടി) ,സെങ്കുട്ടുവന്‍ (വേലൂര്‍) , ആര്‍.പി. മരുതരാജ (പെരുമ്പള്ളൂര്‍) ,ആര്‍.വനറോജ (തിരുവണ്ണാമലൈ), എസ്. രാജേന്ദ്രന്‍ (വില്ലുപുരം)

രാജ്യസഭാംഗങ്ങള്‍

വി. മൈത്രേയന്‍ , ശശികല പുഷ്പ ,ആര്‍.ലക്ഷ്മണന്‍

തമിഴ്‌നാട് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ആകെ 135 അംഗങ്ങളാണുള്ളത്. അതില്‍ പനീര്‍സെല്‍വമുള്‍പ്പെടെ എട്ടു പേരാണു വിമതസംഘത്തിലുള്ളത്. സ്പീക്കര്‍ ഉള്‍പ്പെടെ 126 പേര്‍ ശശികല പക്ഷത്തും. സ്പീക്കറെ ഉള്‍പ്പെടുത്താത്തതിനാല്‍ ശശികല പക്ഷം ഇപ്പോള്‍ 126 പേരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top