Flash News

വിവാദങ്ങള്‍ക്കും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും വിരാമമിട്ട് തമിഴ്നാട്; മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമി അധികാരമേറ്റു

February 16, 2017

C4yFSlAXUAEocikചെന്നൈ: രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 അംഗ മന്ത്രിസഭയില്‍ പനീര്‍സെല്‍വം മന്ത്രിസഭയില്‍ നിന്ന് ഭിന്നമായി ശശികലയുടെ വിശ്വസ്തന്‍ സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് ഏക മാറ്റം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യന്‍ മന്ത്രിസഭയിലെത്തുന്നത്.

ആഭ്യന്തരവും പൊതുഭരണവും ഉള്‍പ്പടെ പനീര്‍സെല്‍വം കൈവശം വച്ച എല്ലാ വകുപ്പുകളും പുതിയ മുഖ്യമന്ത്രി പഴനിസ്വാമിക്ക് തന്നെയാണ്. വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരിക്കും പുതിയ മന്ത്രിയായ സെങ്കോട്ടയ്യന്‍ കൈകാര്യം ചെയ്യുക. മൂന്നുമാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് തമിഴകത്ത് സ്ഥാനമേല്‍ക്കുന്നത്.

മന്ത്രിസഭയില്‍ 31 മന്ത്രിമാര്‍

കെ പഴനിസ്വാമി
സി. ശ്രീനിവാസന്‍
കെ.എ.സെങ്കോട്ടയ്യന്‍
കെ.രാജു
പി.തങ്കമണി
എസ്.പി.വേലുമണി
ഡി.ജയകുമാര്‍
സി.വി.ഷണ്‍മുഖം
കെ.പി.അന്‍പഴകന്‍
ഡോ.വി.സരോജ
എം.സി.സമ്പത്ത്
കെ.സി.കറുപ്പണ്ണന്‍
ആര്‍. കാമരാജ്
ഒ.എസ്.മണിയന്‍
കെ.രാധാകൃഷ്ണന്‍
ഡോ.സി.വിജയഭാസ്‌കര്‍
ആര്‍ ദുരൈക്കണ്ണ്
കടമ്പൂര്‍ രാജു
ആര്‍.ബി. ഉദയകുമാര്‍
എന്‍ നടരാജന്‍
കെ.സി. വീരമണി
കെ.ടി.രാജേന്ദ്ര ബാലാജി
പി. ബെഞ്ചമിന്‍
ഡോ.നിലോഫര്‍ കഫീല്‍
എം.ആര്‍ വിജയഭാസ്‌കര്‍
ഡോ.എം.മണികണ്ഠന്‍
വി.എം.രാജലക്ഷ്മി

ശശികലയുടെ വിശ്വസ്തനായ പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടത്. 15 ദിവസത്തിനകം പളനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എടപ്പാടി പളനിസാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. എംഎല്‍എമാര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ ആര്‍ക്കും എതിര്‍വോട്ട് ചെയ്യാന്‍ സാധിക്കില്ല. ആരെങ്കിലും എതിര്‍വോട്ട് ചെയ്താല്‍ അവര്‍ അയോഗ്യരാകും. 124 എംഎല്‍എമാരുടെ പിന്തുണയാണ് എടപ്പാടി പളനിസാമി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഇതില്‍ പനീര്‍സെല്‍വം ഉള്‍പ്പെടെ 11 പേരാണ് വിമതപക്ഷത്തുള്ളത്. പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനാല്‍ പനീര്‍സെല്‍വത്തിനു വിപ്പ് ബാധകമാകുകയില്ല.

ഏറെ സമയത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് ഗവര്‍ണര്‍ പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയോഗിച്ചത്. ജയകുമാര്‍, കെ.എ. സെങ്കോട്ടയ്യന്‍, എസ്.പി. വേലുമണി, ടി.ടി. ദിനകരന്‍, കെ.പി. അന്‍പഴകന്‍ എന്നിവരും പളനിസാമിക്കൊപ്പമുണ്ടായിരുന്നു. അമ്മയുടെ വിജയം എന്നാണ് നടപടിയെ അണ്ണാ ഡിഎംകെ വിശേഷിപ്പിച്ചത്.

അണ്ണാ ഡിഎംകെ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് മുതിര്‍ന്ന നേതാവും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പ്രതികരിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ധര്‍മത്തിന്റെ വിജയമാണ്. ജയലളിതയുടെ സദ്ഭരണം തുടരും. പനീര്‍സെല്‍വം ഒഴികെയുള്ള 134 എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും തമ്പിദുരൈ പറഞ്ഞു.

എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.

എംജിആര്‍ മരിച്ച സമയത്ത് നേരിട്ടതു പോലുള്ള അവസ്ഥയിലൂടെയാണ് ഇന്ന് അണ്ണാ ഡിഎംകെ കടന്നുപോകുന്നത്. അന്ന് എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെയാണ് ഭൂരിപക്ഷം എംഎല്‍എമാരും പിന്തുണച്ചിരുന്നത്. പിന്നീട് അവര്‍ മുഖ്യമന്ത്രിയാകുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജയലളിത പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി. ഇന്ന് ജയലളിതയുടെ സ്ഥാനത്ത് പനീര്‍സെല്‍വമാണ്. ജയലളിതയ്ക്ക് എന്നപോലെ പനീര്‍സെല്‍വത്തിന് പാര്‍ട്ടി പിടിച്ചെടുക്കാന്‍ സാധിക്കുമോയെന്നാണ് തമിഴ് രാഷ്ട്രീയം ഉറ്റു നോക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top