Flash News

നടിയെ ആക്രമിച്ച പള്‍സര്‍ സുനി പ്രമുഖരുടെ സംരക്ഷണത്തില്‍, ലുക്കൗട്ട് നോട്ടീസും വച്ച് പൊലീസ് ഇരുട്ടില്‍ തപ്പുന്നു

February 19, 2017

bhavana-actress-830x412കൊച്ചി: പ്രമുഖ സിനിമാ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ തേടി പൊലീസ് വട്ടം കറങ്ങുന്നു. ഇയാളുടെ അടുത്ത കൂട്ടാളികളായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍നിന്ന് പിടിയിലായി. ഇവരെ ഞായറാഴ്ചതന്നെ ആലുവയില്‍ എത്തിച്ചു. എന്നാല്‍, പള്‍സര്‍ സുനി കേരളത്തില്‍ തന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാള്‍ പ്രമുഖരുടെ സംരക്ഷണത്തിലാണെന്നും പൊലീസ് സംശയിക്കുന്നു. പ്രമുഖ സൂപ്പര്‍താരവും രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധമുള്ള പള്‍സര്‍ സുനി കൊച്ചിയിലെ സുരക്ഷിത കേന്ദ്രത്തിലാണ് കഴിയുന്നതത്രേ.
പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ രക്ഷപ്പെട്ട ടാറ്റ എയ്സ് വാഹനവും പൊലീസ് തിരിച്ചറിഞ്ഞു.

നടിയെ പള്‍സര്‍ സുനി മാത്രമാണ് ഉപദ്രവിച്ചത്. തട്ടിക്കൊണ്ടുപോകുന്നതിനുള്ള ആസൂത്രണവും ഗൂഢാലോചനയും ഏതാണ്ട് ഒരുമാസം മുമ്പ് സുനിയുടെ നേതൃത്വത്തിലാണ് നടന്നത്. പദ്ധതി വിജയിച്ചാല്‍ ബ്ളാക്ക്മെയില്‍ ചെയ്ത് 30 ലക്ഷമെങ്കിലും നേടാമെന്നും അതില്‍ നല്ലൊരു പങ്ക് തനിക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍ മൊഴി നല്‍കി. പിടിയിലായ വടിവാള്‍ സലീമും പ്രദീപും തങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന മൊഴിയാണ് നല്‍കിയത്. സുനിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ മൊഴിയിലുള്ളത്.

കേസില്‍ ആറുപേര്‍ മാത്രമാണ് നേരിട്ട് ഇടപെട്ടിട്ടുള്ളതെങ്കിലും പ്രതികള്‍ക്ക് രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും കൂടുതല്‍ പേരുടെ സഹായം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന പരിശോധനയും പൊലീസ് നടത്തിവരുകയാണ്. അതേസമയം, മുഖ്യ പ്രതി ഒരു സൂപ്പര്‍താരത്തിന്റെ ഫാസ് അസ്സോസിയേഷനില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നുണ്ടെന്നും, ഈ താരമാണ് സുനിയ്ക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യം കൊടുത്തിരിക്കുന്നതെന്നുമാണ് സംശയിക്കുന്നത്. സംഘത്തിലുള്ളത് വന്‍കിട ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവരല്ലെന്നാണ് അന്വേഷണസംഘം വെളിപ്പെടുത്തുന്നത്.

സംഭവദിവസം പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഫോറന്‍സിക് വിഭാഗം പരിശോധിച്ചു. വാഹനത്തില്‍നിന്ന് പ്രതികളുടെ വസ്ത്രങ്ങളും വിരലടയാളങ്ങളും തലമുടി നാരുകളും കണ്ടെടുത്തിട്ടുണ്ട്. മൂന്നുദിവസം മുമ്പാണ് ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിച്ചിരുന്ന ടെമ്പോ ട്രാവലര്‍ സിനിമ ആവശ്യത്തിന് വാടകക്കെടുത്തത്. വാഹനം തമ്മനം-പുല്ലേപ്പടി റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ പൊലീസ് ഉന്നതതല യോഗവും ആലുവയില്‍ നടന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top