Flash News

ഐഡിയ ഫാക്ടറിയുടെ പ്രഥമ ഗള്‍ഫ് ഇന്ത്യാ സംരംഭക സമ്മേളനം മാര്‍ച്ച് നാലിന് ദുബൈയില്‍

February 21, 2017

MANJERI NASSER CHAIRMAN IDEA FACTORY

99 ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍

ദോഹ: സംരംഭങ്ങള്‍ വിജയിക്കുന്നതിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്നും നൂതനങ്ങളായ ആശയങ്ങളും ചിന്തകളും പങ്കുവെക്കുന്നതിലൂടെ വിജയം അനായാസമാകുമെന്നും വിശ്വസിക്കുന്ന മലയാളി കൂട്ടായ്മയായ ഐഡിയ ഫാക്ടറി സംഘടിപ്പിക്കുന്ന പ്രഥമ ഗള്‍ഫ് ഇന്ത്യാ സംരംഭക സംഗമം മാര്‍ച്ച് നാലിന് ദുബൈയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും. കേരളത്തില്‍ നിന്നുമുളള ഇരുനൂറ് സംരംഭകരും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇരുനൂറുപേരും സംബന്ധിക്കുന്ന സംരംഭക സംഗമം പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും സവിശേഷമായ അനുഭവമായിരിക്കുമെന്ന് 99 ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍ പറഞ്ഞു.

മാര്‍ച്ച് 4 നു രാവിലെ 9 മുതല്‍ രാത്രി 9 വരെ നീളുന്ന സംഗമം ഒന്‍പത് സെഷനുകളുള്‍കൊള്ളുന്നതാണ്. പുതിയ സംരംഭങ്ങളെക്കുറിച്ചും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുംവേണ്ട ആത്മവിശ്വാസവും അറിവും, വ്യവസായം തുടങ്ങാനുള്ള കൃത്യമായ നിയമ വശങ്ങളുമൊക്കെ വിദഗ്ധരില്‍ നിന്നും നേരിട്ട് കേള്‍ക്കാനവസരമൊരുക്കുന്ന സംഗമം ഗള്‍ഫ് മേഖലയുടെ വളര്‍ച്ച താഴ്ചകളിലൂടെ ഉയര്‍ന്നു വന്ന വ്യവസായികളുടെ അനുഭവകഥകള്‍, അവരെ പരിചയപെടാനുള്ള അവസരങ്ങള്‍, പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സെഷന്‍, വിവിധ രാജ്യങ്ങളില്‍ നിന്നു വന്നവരെ പരിചയപെടാനും ആശയങ്ങള്‍ കൈമാറുന്നുള്ള അവസരം, കഴിവുറ്റ ബിസിനസ്സ് വ്യക്തികളെ ആദരിക്കല്‍, ദുബായിയുടെ വരും കാല സാധ്യതകള്‍, മറ്റു വിലയേറിയ വിവരണങ്ങള്‍, ജോലി വ്യവസായ നിക്ഷേപ സാധ്യതകള്‍ തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ഒരു പാട് ദിവസത്തെ അനുഭവസമ്പത്തും , അറിവും, സൗഹൃദങ്ങളും നേടുക എന്നതു തന്നെയാണ് ഈ സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷത

നൂറുകണക്കിന് ലൈബ്രറികളിലും വ്യത്യസ്തരും പ്രഗത്ഭരും പ്രതിഭാശാലികളുടെയും ആയിരക്കണക്കിന് തലച്ചോറുകളിലൂടെയും ഉള്ള വ്യക്തി, കുടുംബ, സാമൂഹിക, സംരംഭക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്കായുള്ള പരിഹാരം തേടിയുള്ള ഒരു യാത്രയാണ് കൂട്ടായ പ്രയത്‌നത്തിലൂടെ 99 ദി പ്രൊഫഷണല്‍ സൊല്യൂഷന്‍ ബാങ്ക് ചെയ്തു കൊണ്ടിരിക്കുന്നത്.

AMANULLA VADAKKANGARA CEO MEDIAPLUS

ബിസ് 2017 ഖത്തര്‍ കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര

ഒമ്പത് സവിശേഷതകള്‍, ഒമ്പത് ഗുണങ്ങള്‍, ഒമ്പതിന കര്‍മ്മ പദ്ധതികള്‍ എന്നിവയടക്കം കൃത്യമായ തത്വങ്ങളിലൂടെയും പ്രവര്‍ത്തന പദ്ധതികളിലൂടെയുമാണ് 99 എന്ന ആശയം വളരുന്നത്. സമൂഹത്തിലെ വ്യവസ്തിഥികള്‍ മാറ്റും മുമ്പ് മനസ്ഥിതിയെ മാതൃകപരമായി മാറ്റാന്‍ ഉതകുന്ന പോസിറ്റീവ് സര്‍ക്കിള്‍ വിവിധയിടിങ്ങളില്‍ സൗജന്യമായി നടന്നു വരുന്നു. മുതിര്‍ന്ന പൗരന്‍മാരേയും മറ്റു വ്യത്യസ്ത വ്യക്തി പ്രഭാവങ്ങളെയും ആദരിക്കുന്ന സല്യൂട്ട് ദ സീനിയര്‍ സിറ്റീസണ്‍ ആന്റ് ദ എക്‌സ്‌പേര്‍ട്‌സ്, പ്രശ്‌ന പരിഹാരത്തിനായി പ്രൊഫഷണല്‍ മാസ്റ്റര്‍ മൈന്‍ഡ് പ്രോഗ്രാമുകള്‍, ആഴമേറിയ പഠനത്തിനും വളര്‍ച്ചക്കും പ്രോഗ്രാം മാനേജ്‌മെന്റ്, നിലവാരമുള്ള സൗഹൃദ വലയം നിര്‍മിക്കാന്‍ നെറ്റ്‌വര്‍ക്ക് അപ്‌ഡേഷന്‍, നിരന്തരമായ മാറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ ട്രൈനിംഗ് സൊല്യൂഷന്‍സ്. സത്യസന്ധമായ വിപണിയെ ശക്തിപ്പെടുത്തുന്ന മാര്‍ക്കറ്റിംഗ് ഇന്‍ക്യൂബേറ്റര്‍, നൂറുകണക്കിന് വ്യത്യസ്ത പ്രോഗ്രാമുകളിലൂടെ സഞ്ചരിക്കല്‍ സാധ്യമാക്കുന്ന ആശയസഞ്ചയ കേന്ദ്രം ഐഡിയ ഫാക്ടറി സി.സി.ഡി. 2025 കാലഘട്ടത്തില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ബൃഹത്തായ സേവനങ്ങള്‍ ലഭ്യമാക്കുന്ന ന്യൂ ജെന്‍ കോണ്‍സെപ്റ്റ് എന്നീ ഒമ്പത് ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് 99 ദ പ്രൊഫഷണല്‍ സൊല്യൂഷന്‍ ബാങ്ക് എന്ന ആശയം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന സംരംഭക ഉച്ചകോടിയുടെ വിജയവും പ്രതികരണങ്ങളുമാണ് ഗള്‍ഫ് മേഖലയില്‍ ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കുവാനുള്ള പ്രേരകം. ഇന്തോ ഗള്‍ഫ് വ്യാപാര ബന്ധത്തിലും സഹകരണത്തിലും പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്ന ചരിത്രമുഹൂര്‍ത്തമാകുമിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കണക്കു കൂട്ടുന്നത്.

ഒരു ഐഡിയ മതി ജീവിതം മാറ്റി മറിക്കാനെന്നാണ് പരസ്യ വാചകം. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും നിരവധി പരിഹാരങ്ങളും ഐഡിയകളും നല്‍കുന്ന ഫാക്ടറിയാണ് 99 ഐഡിയ ഫാക്ടറി സി.സി. ഡി. എന്ന കൂട്ടായ്മ. വര്‍ഷങ്ങളുടെ ഗവേഷണവും പഠനവും പരിചയവുമൊക്കെ പരസ്പരം പങ്കുവെക്കുന്നതിലൂടെ സമൂഹത്തില്‍ വിപ്‌ളവകരമായ മാറ്റമുണ്ടാക്കുവാന്‍ കഴിയുമെന്ന തിരിച്ചറിവാണ് ഈ സംരംഭത്തിന് പ്രേരകം. പുത്തന്‍ ആശയങ്ങളുടെ ശേഖരണം, ക്രോഡീകരണം, വിതരണം എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ദൗത്യം. ഒരു പക്ഷേ ലോകത്ത് തന്നെ ഈ രൂപത്തിലുളള ഏക സംരംഭമാകും ഇത്. വ്യത്യസ്ഥമായി ചിന്തിക്കുകയും ജീവിതവും വ്യാപാരവുമൊക്കെ വിജയകരമായി കൊണ്ടുപോവുകയും ചെയ്യുന്നതിനാവശ്യമായ ആശയങ്ങളും ചിന്തകളുമാണ് ഐഡിയ ഫാക്ടറിയുടെ പ്രത്യേകത.

ബിസ് 2017 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗള്‍ഫ് ഇന്ത്യാ സംരംഭക സമ്മേളനം മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭകര്‍ക്ക് മാത്രമായിരിക്കും. സമ്മേളനത്തിന്റെ ഖത്തര്‍ കോര്‍ഡിനേറ്റര്‍ മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങരയാണ്.

ഖത്തര്‍ മാര്‍ക്കറ്റില്‍ എന്നും പുതുമകള്‍ സമ്മാനിച്ച സ്ഥാപനം എന്ന നിലക്കാണ് മീഡിയ പ്‌ളസ് ഈ സംരംഭക സംഗമവുമായി സഹകരിക്കുന്നത്. സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന എല്ലാ പരിപാടികളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സമ്മേളനത്തിന്റെ ഖത്തര്‍ കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഐഡിയകള്‍ ആവശ്യമുള്ളവര്‍ക്കും പങ്കുവെക്കുവാനാഗ്രഹിക്കുന്നവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 55526275, 70413301 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top