Flash News

സിനിമാ രംഗത്തെ ചിലര്‍ കുടിപ്പക തീര്‍ക്കുകയാണെന്ന് പ്രമുഖ നടന്‍; പള്‍സര്‍ സുനി പിടിയിലായതായി സൂചന

February 21, 2017

suni-bhavana-830x412കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ മലയാളത്തിലെ പ്രമുഖ നടന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ രാവിലെ നടന്റെ മൊഴിയെടുത്തത്. സിനിമാ രംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗം ചെയ്യുന്നതായി നടന്‍ കുറ്റപ്പെടുത്തി. അതേസമയം മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന സുനി പൊലീസിന്റെ കസ്റ്റഡിയിലായതായും സൂചനയുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ ആലുവയിലെ നടന്റെ വീട്ടിലെത്തിയത്. പൊലീസ് മഫ്തിയിലാണ് എത്തിയത്. മുമ്പ് നടിയുമായി അടുപ്പമുണ്ടായിരുന്ന നടന്‍ പിന്നീട് ഇവരുമായി ശത്രുതയിലായി. നടന്റെ കുടുംബപ്രശ്‌നങ്ങളില്‍ നടി ഇടപെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാരണം. അടുപ്പത്തിലായിരുന്ന കാലത്ത് നടത്തിയ ചില റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ബാക്കികണക്കുകള്‍ സംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച വിശദീകരണമാണ് നടനില്‍നിന്ന് തേടിയത്. സിനിമാരംഗത്തുള്ള മറ്റുചിലരെക്കൂടി ഉടന്‍ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.

സംഭവദിവസം ചികിത്സയിലായിരുന്ന താന്‍ പിറ്റേന്ന് രാവിലെയാണ് കാര്യം അറിയുന്നതെന്ന് നടന്‍ പറഞ്ഞു. സുനി, അറസ്റ്റിലായ മാര്‍ട്ടിന്‍ എന്നിവരെ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം. ഇതിനിടെ, സംവിധായകന്‍ കൂടിയായ യുവനടന്റെ കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അന്വേഷണ സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ആളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാക്കനാടുളള ഈ ഫ്‌ളാറ്റ് സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ച് താമസിക്കുന്ന ഇടം കൂടിയാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇവിടേക്ക് എത്തുന്നത്. കസ്റ്റഡിയില്‍ എടുത്ത യുവാവിന് യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെങ്കില്‍ ഫ്‌ളാറ്റിന്റെ ഉടമയെ അറസ്റ്റ് ചെയ്‌തേക്കാനുളള സാധ്യതയുമുണ്ട്.

അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം ആസൂത്രിതമെന്ന് പോലീസിന് വ്യക്തമായി. ഒരുമാസത്തോളം നീണ്ട വ്യക്തമായ ആസൂത്രണത്തിനുശേഷമാണ് പദ്ധതി നടപ്പാക്കിയത്.

ഇരയായ നടിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിലെ ഫോറന്‍സിക് തെളിവുകളുടെ അഭാവം കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പൊലീസിന് ആശങ്കയുണ്ട്. ഇത്തരം കേസുകളില്‍ ആക്രമിക്കപ്പെട്ടയാളുടെ വസ്ത്രങ്ങള്‍, നഖത്തിന്റെ അഗ്രഭാഗം എന്നിവ ശേഖരിക്കണം. എന്നാല്‍ ആക്രമണം നടന്ന അന്ന് രാത്രി ഇവ ശേഖരിച്ചില്ല. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണം നടക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ നാലിനാണ് നടിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചത്.

സംഭവത്തിന്റെ ഗൗരവം പൊലീസ് അറിയിച്ചിട്ടും മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക്, ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയില്ലെന്നും ആരോപണമുണ്ട്. അപാകതകള്‍ മൂലം അന്തിമ റിപ്പോര്‍ട്ട് ഇതുവരെ പൊലീസിനു കൈമാറിയിട്ടില്ല. ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനകം നടത്തിയാല്‍ മാത്രം ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്ന പല പരിശോധനകളും എട്ട് മണിക്കൂറിന് ശേഷമാണ് ചെയ്തത്. ഇത് ഡിഎന്‍എ പരിശോധനാ ഫലത്തെ ബാധിക്കും.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പുതന്നെ പാലക്കാട്ട് അറസ്റ്റിലായ തമ്മനം സ്വദേശി മണികണ്ഠന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആക്രമണത്തില്‍ നേരിട്ട് പങ്കില്ലെന്നും ആള്‍ബലത്തിനു സുനിക്കൊപ്പം കൂടിയെന്നുമാണ് മൊഴി. ഉപദ്രവിച്ചവരുടെ കൂട്ടത്തില്‍ ഇയാളില്ലെന്ന് നടിയും തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികളിലൊരാളായ മണികണ്ഠനെ പൊലീസ് പിടികൂടിയത് കോയമ്പത്തൂർ-പാലക്കാട് കെഎസ്ആർടിസി ബസിൽ നിന്നുമാണ്. കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കു വരുന്നവഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നായിരുന്നു അറസ്റ്റ്. കോയമ്പത്തൂർ വിമാനത്താവളത്തിനു സമീപം പീളമേട്ടിലുള്ള ഒളിസങ്കേതത്തിൽ മണികണ്ഠനും സംഘവുമുണ്ടെന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചിരുന്നു. ആലുവ പൊലീസ് അവിടെ എത്തിയപ്പോഴേക്കും സംഘം സ്ഥലംവിട്ടു. കേരളത്തിലെത്താൻ സാധ്യതയുള്ളതിനാൽ കെഎസ്ആർടിസി സ്റ്റാൻഡിൽ പൊലീസ് കാത്തിരുന്നു. വാട്‌സാപ് വഴി മണികണ്ഠന്റെ ചിത്രം പാലക്കാട്ടെ പൊലീസിന് കൈമാറി. രാത്രി പത്തോടെയാണ് ബസിലെത്തിയ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠൻ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രധാന പ്രതി സുനിക്കായി കോയമ്പത്തൂർ വിമാനത്താവളത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യംവിട്ടു പോകാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് നിരീക്ഷണം.

നടിയെ കാറിൽ ഉപദ്രവിച്ച കേസിൽ ക്വട്ടേഷൻ സാധ്യതകൾ തെളിയുന്ന മൊഴികളാണ് അറസ്റ്റിലായ പ്രതികൾ നൽകുന്നത്. നടിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കമായാണ് മുഖ്യപ്രതി സുനി സംഭവത്തെ അവതരിപ്പിച്ചതെന്ന് അറസ്റ്റിലായ മണികണ്ഠൻ മൊഴി നൽകി. എന്നാൽ കാറിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ നടുക്കിയെന്നും മുൻകൂട്ടി പദ്ധതിയിട്ട ക്വട്ടേഷൻ അതിക്രമമാണെന്നു മനസ്സിലാക്കാൻ വൈകിയെന്നും മണികണ്ഠൻ പറഞ്ഞു. എന്നാൽ ആർക്കു വേണ്ടിയാണു സുനിൽകുമാർ അതിക്രമം കാണിച്ചതെന്ന് അറിയില്ലെന്നാണു മണികണ്ഠന്റെ മൊഴി.

സിനിമാരംഗത്തെ പലരുമായും സുനിൽകുമാറിന് അടുത്ത ബന്ധമുണ്ട്. ഇയാൾ യാത്രകളിൽ കൈത്തോക്കു കൈവശം സൂക്ഷിക്കാറുണ്ട്. സിനിമാരംഗത്തെ പ്രമുഖരുടെ ഡ്രൈവറായും ബോഡി ഗാർഡായും സുനിൽകുമാർ പോവാറുണ്ട്. ആക്രമണത്തിന് ഇരയായ നടി അഭിനയിച്ചിരുന്ന മലയാളം സിനിമയുടെ ലൊക്കേഷനിൽ സുനിൽകുമാർ ലഹരിമരുന്ന് എത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന വാഹനത്തിൽ കണ്ടെത്തിയ വെളുത്ത പൊടിയുടെ അവശിഷ്ടം രാസപരിശോധനയ്ക്ക് അയയ്ക്കും. വാഹനത്തിൽ നിന്നു ലഭിച്ച മുടിനാരുകൾ പ്രതികളുടേതാണെന്നു വ്യക്തമായിട്ടുണ്ട്. ഇന്നലെ ആലുവയ്ക്ക് സമീപം ദേശീയപാതയിൽ പൊലീസിനെ കണ്ട് കാർ ഉപേക്ഷിച്ചു കടന്നത് ഈ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളാണെന്ന് പൊലീസിനു സംശയമുണ്ട്. കാർ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യും.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റൊരു ദിവസത്തേക്ക് പരിഗണിക്കാന്‍ മാറ്റിയതോടെ, ഒളിവില്‍ കഴിയുന്ന സുനി, വി.പി.വിജീഷ് എന്നിവര്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സുനി അറസ്റ്റിലായതായി വിവരമുണ്ടെങ്കിലും അന്വേഷണ സംഘം നിഷേധിച്ചു.

സംഭവദിവസം നിർമ്മാതാവിന്റെ കാറിലാണു നടി സഞ്ചരിച്ചത്. സിനിമയുടെ ലൊക്കേഷനിൽ ലഹരി എത്തിച്ചിരുന്ന സുനിൽകുമാറിന് അവിടെ പലരുമായും വളരെ അടുപ്പമുണ്ടായിരുന്നു. ഇവരിലാരെങ്കിലുമാവാം നടി കൊച്ചിയിലേക്കു പുറപ്പെട്ട വിവരം മുഖ്യപ്രതിക്കു കൈമാറിയതെന്നു പൊലീസ് സംശയിക്കുന്നു. നിർമ്മാണ കമ്പനിയുടെ നാല് ജീവനക്കാർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

അതിനിടെ നടി യാത്ര ചെയ്ത കാറിന്റെ വിവരം പള്‍സര്‍ സുനിക്ക് ചോർത്തിയത് സിനിമാ നിർമ്മാണ കമ്പനിയുടെ ജീവനക്കാരനാണെന്ന സംശയം ബലപ്പെടുന്നു. അറസ്റ്റിലായ മാർട്ടിന്റെ മൊഴികളിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്. നടി സഞ്ചരിച്ചിരുന്ന കാറിനെ തടഞ്ഞ് ആദ്യം ഇടിച്ചുകയറിയത് അറസ്റ്റിലായ മണികണ്ഠൻ അടക്കമുള്ള പ്രതികളാണ്. ഇവർ കയറി കാർ കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് മുഖ്യപ്രതി കാറിൽ കയറി ഉപദ്രവിക്കാൻ തുടങ്ങിയത്.

രണ്ട് മൊബൈല്‍ഫോണുകള്‍ സുനിയുടെ കൈവശമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതിലൊന്നാണ് അഭിഭാഷകന്‍മുഖേന കോടതിയിലെത്തിച്ചത്. സ്വന്തംപേരിലുള്ള രണ്ട് സിം കാര്‍ഡ് കൂടാതെ വ്യാജമായി സംഘടിപ്പിച്ച സിം കാര്‍ഡുകളും സുനി ഉപയോഗിച്ചതായി സൂചനയുണ്ട്. അതുകൊണ്ടുതന്നെ സുനിയുടെ കൈയിലുള്ള ഫോണ്‍നമ്പറിലെ വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചാല്‍ യഥാര്‍ഥ സൂത്രധാരനിലേക്ക് എത്തില്ലെന്നാണ് വിലയിരുത്തല്‍. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച സിം കാര്‍ഡ് നിശിപ്പിച്ചിട്ടുണ്ടാകുമെന്നും കരുതുന്നു.

സുനി സാധാരണ ഉപയോഗിക്കുന്ന നമ്പറിലേക്ക് വന്ന കോളുകളുടെ ലിസ്റ്റ് ശേഖരിച്ചിരുന്നു. ഇതില്‍ സിനിമാരംഗത്തെ പലരും വിളിച്ചതായി കാണുന്നുണ്ട്. സ്ഥിരമായി രണ്ട് പെണ്‍കുട്ടികള്‍ വിളിച്ചതും കണ്ടെത്തി. ഇവരെയെല്ലാം പോലീസ് ചോദ്യംചെയ്യും. സംഭവം കഴിഞ്ഞ് നടിയെ ഉപേക്ഷിച്ച സുനി ഫോണില്‍ മറ്റാരെയോ വിളിച്ച് കാര്യങ്ങള്‍ പൊട്ടിച്ചിരിയോടെ വിശദീകരിച്ചതായി മണികണ്ഠന്‍ പറഞ്ഞിട്ടുണ്ട്. ഇത് ഏത് ഫോണില്‍ നിന്നാണെന്ന് വ്യക്തമല്ല.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുനിയടക്കമുള്ളവര്‍ അഭിഭാഷകനെ സമീപിച്ചത് പുറത്തുനിന്നുള്ള പിന്തുണയോടെയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ വെട്ടിച്ച് നടക്കുന്നയാള്‍ക്ക് അഭിഭാഷകനെ കണ്ട് കാര്യങ്ങള്‍ നീക്കാനാവില്ല. സുനി കോടതിയില്‍ കീഴടങ്ങിയാല്‍ പിന്നിലുള്ള വ്യക്തികളെ കണ്ടെത്താനാവില്ലെന്നും പോലീസ് പറയുന്നു.

കോടതിവഴി കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്താല്‍ യഥാര്‍ഥവിവരങ്ങള്‍ കിട്ടില്ല. മാത്രമല്ല, അഭിഭാഷകന്റെ വ്യക്തമായ നിര്‍ദേശം അനുസരിച്ചാകും പ്രതികള്‍ മറുപടി പറയുക. ഈ സാഹചര്യത്തില്‍ ഏതുവിധേനയും പ്രതിയെ കുടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top