Flash News

നക്‌സല്‍ പ്രസ്ഥാനവും നീതി നിഷേധിക്കപ്പെട്ട ഐ.ജി. ലക്ഷ്മണയും – 2

February 27, 2017

naxel prasthanam sizeനക്‌സല്‍ വര്‍ഗീസ് അഥവാ അരീക്കാട് വര്‍ഗീസ്, ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി പോരാടിയിരുന്ന ഒരു വിപ്ലവകാരിയായിരുന്നു. വര്‍ഗീസിന്റെ മരണത്തെപ്പറ്റി പരസ്പ്പരവിരുദ്ധങ്ങളായ അഭിപ്രായങ്ങളാണ് പൊതുജനങ്ങളുടെയിടയിലും വാര്‍ത്തകളിലും നിറഞ്ഞിരിക്കുന്നത്. 1970ല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഔദ്യോഗികമായി സ്ഥിതികരിച്ച വാര്‍ത്തകളിലുണ്ടായിരുന്നത്. എന്നാല്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസിലുണ്ടായിരുന്ന (CRPF) രാമചന്ദ്രന്‍ നായരുടെ പരസ്യമായ ഒരു കുമ്പസാരത്തോടെ അതൊരു വ്യാജമായുണ്ടാക്കിയ ഏറ്റുമുട്ടലായിരുന്നുവെന്നു തെളിഞ്ഞു. കസ്റ്റഡിയിലായിരുന്ന വര്‍ഗീസിനെ കേരളാ പോലീസിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ചു വധിക്കുകയായിരുന്നുവെന്നു ശ്രീ നായര്‍ വെളിപ്പെടുത്തി. മരിക്കുമ്പോള്‍ വര്‍ഗീസിന് മുപ്പത്തിയൊന്നു വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലൊന്നാകെ കോളിളക്കം സൃഷ്ടിച്ച ഈ പുതിയ വാര്‍ത്ത അമിത പ്രാധാന്യത്തോടെ കൊട്ടിഘോഷിക്കാനും കാരണമായി.

padanna3

ലേഖകന്‍

സെന്‍ട്രല്‍ റിസര്‍വ് പോലീസിലുണ്ടായിരുന്ന (സി.ആര്‍.പി) രാമചന്ദ്രന്‍ നായരും എച്ച്. ഹനീഫയും ഒത്തൊരുമിച്ചുകൊണ്ട് കസ്റ്റഡിയിലിരുന്ന വര്‍ഗീസിനെ വെടി വെച്ചുകൊന്നുവെന്നുള്ള കുറ്റസമ്മതം സി.ബി.ഐ യുടെ ശ്രദ്ധയില്‍പ്പെടുകയും കേസ് പുനരന്വേഷണത്തിനു ഉത്തരവിടുകയുമുണ്ടായി. കേരളാ സ്‌റ്റേറ്റ് പോലീസ് ഓഫിസര്‍മാരായ ലക്ഷ്മണയും വിജയനും വര്‍ഗീസിനെ വധിക്കാന്‍ ആജ്ഞ കൊടുത്തെന്നാണ് പുതിയതായി രേഖപ്പെടുത്തിയ സി.ബി.ഐ. റിപ്പോര്‍ട്ടിലുള്ളത്.

വര്‍ഗീസ് ഏറ്റുമുട്ടലിലല്ല കസ്റ്റഡിയിലിരുന്നപ്പോഴാണ് മരിച്ചെന്ന കാര്യം രാമചന്ദ്രന്‍ നായര്‍ സര്‍വീസില്‍നിന്നും പെന്‍ഷന്‍ പറ്റുന്നവരെ രഹസ്യമായി സൂക്ഷിച്ചതു എന്തിനെന്നുള്ളതും ഒരു ചോദ്യമാണ്. സ്‌ഫോടനാത്മകമായ ഇത്തരം ഒരു വാര്‍ത്ത പുറത്തു വന്നയുടന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തു. നക്‌സല്‍ ബാരികളെ പിന്തുണക്കുന്നവര്‍ എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമവും തുടങ്ങി. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ‘സി.ബി.ഐ’ സംശയമുള്ളവരെ സാക്ഷികളായും പ്രതികളായും ചേര്‍ത്ത് ചാര്‍ജ് ഷീറ്റുണ്ടാക്കി. അവരില്‍ മുന്‍ സുബൈദാരായിരുന്ന ശ്രീ പീടികയിലിനെ മാത്രം കുറ്റപത്രത്തിലെ പേരിനോടുകൂടി ചേര്‍ത്തില്ല. എന്തുകൊണ്ട് പീടികയില്‍ കുറ്റക്കാരനല്ലായെന്ന ചോദ്യത്തിനും ഉത്തരമില്ല. രാഷ്ട്രീയ ഇടപെടലുകളും ബാഹ്യസമ്മര്‍ദവും കാരണം കേസ് നീട്ടികൊണ്ടുപോയിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും പിന്നിട്ടു. അവസാനം 2010ല്‍ ലക്ഷ്മണയെ കുറ്റക്കാരനാക്കിക്കൊണ്ട് ഹൈക്കോടതിയില്‍നിന്നും വിചിത്രമായ ഒരു വിധി വന്നു. ജീവപര്യന്തം തടവു ശിക്ഷയും ലഭിച്ചു.

a2നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി തടവില്‍ കഴിഞ്ഞിരുന്ന ഐ.ജി യായിരുന്ന ആര്‍. ലക്ഷ്മണയെ അനാരോഗ്യവും 75 വയസു തികഞ്ഞതുകൊണ്ടും സ്വതന്ത്രനാക്കിയിരുന്നു.

1970 ഫെബ്രുവരി പതിനെട്ടാം തിയതി വയനാട്ടിലുള്ള കട്ടിക്കുളം വനാന്തരങ്ങളില്‍ നക്‌സല്‍ വര്‍ഗീസുമായുള്ള ഏറ്റുമുട്ടലില്‍ സെന്‍ട്രല്‍ പോലീസിന്റെ വെടിയേറ്റ് വര്‍ഗീസ് മരിച്ചുവെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. നക്‌സല്‍ബാരികളുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ് മരിച്ചുവെന്ന നിഗമനത്തില്‍ പിന്നീട് അന്വേഷണങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ ആ കേസ് 1998ല്‍ പുനഃപരിശോധിക്കുകയുണ്ടായി. പോലീസില്‍ നിന്ന് വിരമിച്ച രാമചന്ദ്രന്‍ നായര്‍ ആ സമയം വര്‍ഗീസിന്റെ മരണം നടന്ന സ്ഥലത്തുണ്ടായിരുന്നു. ജീവനോടെ പിടിച്ച വര്‍ഗീസിനെ പച്ചയായി കൊന്നത് താനെന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. അന്ന് കേരളാപോലീസിലെ എസ്.പി.യായിരുന്ന ലക്ഷ്മണയുടെ ആജ്ഞപ്രകാരം ആ ക്രൂരകൃത്യം തനിക്കു ചെയ്യേണ്ടിവന്നുവെന്നു രാമചന്ദ്രന്‍നായര്‍ പറഞ്ഞു. കേരള ഹൈക്കോടതിയില്‍ വന്ന പെറ്റിഷന്‍ അനുസരിച്ചു കേസ് സി.ബി.ഐ യ്ക്ക് മാറുകയും ചെയ്തു. ഏതാനും സാക്ഷികളെ വിസ്തരിക്കുകയുമുണ്ടായി. കോടതി വിസ്തരിക്കുന്നതിനു മുമ്പ് രാമചന്ദ്രന്‍ നായര്‍ മരിച്ചു.

പോലീസുകാര്‍ക്കും ബൂര്‍ഷാ മുതലാളികള്‍ക്കുമെതിരെ ഒരു ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞ ശേഷം ഉള്‍ക്കാടുകളിലേയ്ക്ക് വലിയുകയെന്ന തന്ത്രമായിരുന്നു നക്‌സല്‍ബാരികള്‍ക്കുണ്ടായിരുന്നത്. അവര്‍ക്കെതിരെ പോരാടാന്‍ പ്രത്യേകം പരിശീലനം ലഭിച്ച സി. ആര്‍. പി.യുടെ സുബേദാര്‍ പീടികയിലിന്റെ നേതൃത്വമാണ് വര്‍ഗീസിനെ വധിക്കാനുള്ള പദ്ധതികളും നടത്തിയത്. അതില്‍ കേരളാ പൊലീസിന് യാതൊരു പങ്കുമില്ലായിരുന്നു . കേരളാ പോലീസിലെ ഡി.ഐ.ജി.യായിരുന്ന ലക്ഷ്മണ ജയില്‍വിമുക്തനായ ശേഷം നല്‍കുന്ന വിവരങ്ങള്‍ ഈ ലേഖനത്തില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്.

a3‘1970 ഫെബ്രുവരി പതിനെട്ടിന് വര്‍ഗീസ് കൊല്ലപ്പെടുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും സി.ആര്‍ പി. യുമായുള്ള ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ട സന്ദേശം തനിക്ക് ലഭിച്ചതെന്നും’ ഡി ഐ.ജി യായിരുന്ന ശ്രീ ലക്ഷ്മണ പറയുന്നു. അന്നത്തെ സംഭവങ്ങള്‍ വള്ളിപുള്ളിയില്ലാതെ ശ്രീ രാമചന്ദ്രന്‍ നായരുടെ ഡയറി കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ എത്തിയില്ല. നക്‌സല്‍ബാരിസം ഇന്നും പ്രത്യായ ശാസ്ത്രമായി കരുതുന്ന ‘ഗ്രോ വാസുവും’ പോലീസ് അസോസിയേഷനിലെ ചിലരും കൂടി രാമചന്ദ്രന്‍ നായരെ ബ്‌ളാക്ക് മെയില്‍ ചെയ്യുകയായിരുന്നു. കാരണം ലക്ഷ്മണയായിരുന്നു എല്ലാ കേസുകളും അന്വേഷിച്ചത്. തലശേരി, തിരുന്നെല്ലി ഇവിടെങ്ങളിലുള്ള അന്വേഷണ കമ്മീഷനുകളിലെ പ്രധാന അന്വേഷകനും ലക്ഷ്മണ തന്നെയായിരുന്നു. വമ്പന്മാരായ പല നക്‌സല്‍ നേതാക്കളെയും അക്രമാസക്തരായ വിപ്ലവകാരികളെയും അദ്ദേഹത്തിന് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ദളിതനെന്ന പേരിലും സേവനത്തിന്റെ നിപുണതയിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പലപ്പോഴും നിസ്സഹകരണം പുലര്‍ത്തിയിരുന്നു. ജോലിയില്‍ പ്രൊമോഷന്‍ ലഭിച്ചിരുന്ന സമയങ്ങളിലും ചിലര്‍ക്ക് നീരസവുമുണ്ടാവുമായിരുന്നു. കൂടാതെ നക്‌സല്‍ സിദ്ധാന്തങ്ങളുമായി നടന്ന പലരുടെയും നോട്ടപ്പുള്ളി ലക്ഷ്മണയായിരുന്നു. അദ്ദേഹത്തോട് പ്രതികാരം വീട്ടുകയെന്നതും അവരുടെ താല്പര്യമായി മാറി.

കോടതികളില്‍ രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴികളില്‍ വ്യാജമായി പലതും എഴുതിച്ചേര്‍ത്തിരുന്നു. സാക്ഷികള്‍ പറയാത്തതുമുണ്ടായിരുന്നു. സാക്ഷികള്‍ പറഞ്ഞ പലതും സമര്‍ത്ഥമായ രീതിയില്‍ തന്നെ കോടതിയുടെ റിക്കോര്‍ഡുകളില്‍ വിരുതന്മാര്‍ തിരുത്തി. നീതി ന്യായ വ്യവസ്ഥയില്‍ നടക്കാന്‍ പാടില്ലാത്ത അട്ടിമറികള്‍ മുഴുവനും ലക്ഷ്മണക്കെ തിരായി നടന്നു. സാക്ഷികള്‍ പറഞ്ഞ മൊഴി വളച്ചൊടിച്ചു മറ്റൊരു തരത്തില്‍ ലക്ഷ്മണക്കെതിരായി ഇംഗ്ലീഷില്‍ പകര്‍ത്തി. സാക്ഷികളെ സത്യപ്രതിജ്ഞ ചെയ്തു ചൊല്ലിച്ച വാചകങ്ങള്‍ വിധിയില്‍ പറയുമ്പോള്‍ ബോധപൂര്‍വം അത് തിരുത്തി മറ്റൊരു തരത്തിലാക്കിയിരുന്നു. നീതി നിക്ഷേധത്തിനു ലക്ഷ്മണ ഫയല്‍ ചെയ്ത കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

a5വര്‍ഗീസ് മരിച്ച സാഹചര്യങ്ങളുള്‍പ്പെടുത്തി രാമചന്ദ്രന്‍ നായര്‍ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി കോടതിയില്‍ ഹാജരാക്കിയില്ല. അയാള്‍ എഴുതിയ ഡയറി അയാളുടെ ഭാര്യ ശാന്തമ്മയുടെ കയ്യിലുണ്ട്. പകരം കോടതിയില്‍ ഹാജരാക്കിയ രേഖ രാമചന്ദ്രന്റെ കൈപ്പടയിലുള്ളതല്ല. വ്യാജമായ സൃഷ്ടിയാണ്. ലക്ഷ്മണക്കെതിരെ ഗൂഢാലോചന നടത്തിയ സ്ഥാപിത താല്പര്യമുള്ളവര്‍ രാമചന്ദ്രന്‍ നായരുടെ കൂടെ നടന്നു ബ്‌ളാക്ക്‌മെയില്‍ ചെയ്യുന്നുണ്ടായിരുന്നു. സത്യമല്ലാത്തത് പലതും പറയിപ്പിച്ചു. സ്വന്തം മനഃസാക്ഷിക്കെതിരെയാണ് പറയുന്നതെന്ന് രാമചന്ദ്രന്‍ നായരുടെ മനസ് മന്ത്രിച്ചിട്ടുണ്ടാവാം.

വര്‍ഗീസ് മരിച്ച കാലങ്ങളില്‍ ജൂണിയര്‍ ഓഫീസറായിരുന്ന ലക്ഷ്മണ മാത്രം എന്തുകൊണ്ട് ശിക്ഷിക്കപ്പെട്ടു? ഒപ്പം ഉണ്ടായിരുന്നുവെന്നു പറയുന്ന സീനിയര്‍ ഓഫിസര്‍, വിജയനെ ശിക്ഷിച്ചുമില്ല. അതുപോലെ രാമചന്ദ്രന്‍ നായര്‍ക്കൊപ്പം വര്‍ഗീസിനെ വെടിവെച്ച ജൂണിയര്‍ കോണ്‍സ്റ്റബിള്‍ ഹാനീഫയും ശിക്ഷകളില്ലാതെ ഹൈക്കോടതി സ്വതന്ത്രനാക്കി. ഇതൊരു രാഷ്ട്രീയ ഗൂഡാലോചനയോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ സംശയം മാത്രം ബാക്കി നില്‍ക്കുന്നു. കോടതിയെ അന്യായത്തിന്റെ മൂടുപടം അണിയിച്ചുകൊണ്ടു ആരൊക്കെയോ വമ്പന്മാര്‍ ഈ കേസില്‍ മായം കലര്‍ത്തിയെന്നും ചിന്തിക്കണം. ഒരു പക്ഷെ വിധി മറിച്ചായിരുന്നെങ്കില്‍ അതിനുത്തരവാദിയായ രാഷ്ട്രീയ നേതൃത്വത്തിന്റെ അടിത്തറ തന്നെ ഇളകുമായിരുന്നു. സത്യം ഈ കോടതി വിധിയിലൂടെ വ്യഭിചരിക്കപ്പെട്ടുവെന്നും കരുതണം.

സാക്ഷിവിസ്താര വേളകളില്‍ അനേക പോരായ്മകളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമായിരുന്നു. അതൊരിക്കലും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടില്ല. ഇവിടെ ലക്ഷ്മണയുടെ നിസ്സഹായാവസ്ഥയെപ്പറ്റി ഒരു അവലോകനം യുക്തമെന്നു തോന്നുന്നു. വര്‍ഗീസിന്റെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് സിബിഐ തന്നെ എന്തൊക്കെയോ കൃത്രിമത്വം കാണിച്ചുള്ളതാണ്. വായിക്കാന്‍ സാധിക്കാതെ ആരൊക്കെയോ വെട്ടിക്കുത്തുകള്‍ നടത്തിയശേഷമുള്ള അവ്യക്തമായ എഴുത്തുകളാണ് റിപ്പോര്‍ട്ടിനുള്ളിലുള്ളത്. രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ വര്‍ഗീസിന്റെ ദേഹത്ത് വെടിയുണ്ടകള്‍ പതിച്ചത് എവിടെയെന്നും മനസിലാക്കാന്‍ സാധിക്കില്ല. കോടതി വിസ്താരത്തില്‍ പ്രധാന റിക്കോര്‍ഡുകളായ എഫ്‌ഐആര്‍, അന്വേഷണ റിപ്പോര്‍ട്ട്, പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് എന്നിവകളൊന്നും വാദിഭാഗം ഹാജരാക്കിയില്ല. വ്യക്തികളെ തിരിച്ചറിഞ്ഞതും ശരിയായിരുന്നില്ല. അന്നുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ നടത്തിയ വേളയില്‍ ലക്ഷ്മണയെ അവിടെയുണ്ടായിരുന്നെങ്കിലും ഹനീഫയ്ക്ക് ലക്ഷ്മണനെ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞില്ല.

a1വര്‍ഗീസ് മരിച്ച ദിവസം ലക്ഷ്മണന്‍ സംഭവസ്ഥലത്തുനിന്നും മുപ്പത് കിലോമീറ്റര്‍ അകലെ മാനന്തവാടി പി.ഡബ്‌ള്യൂ.ഡി, റസ്റ്റ്‌ഹൌസില്‍ അന്വേഷണത്തിനായി താമസിക്കുകയായിരുന്നു. അതിനു സാക്ഷികളായി പലരുമുണ്ടെങ്കിലും കോടതി അവരെയാരും സാക്ഷികളാക്കാന്‍ തയ്യാറായില്ല. അവിടെയും ചുവപ്പുനാടകളുടെ കറുത്ത കൈകളുണ്ടായിരുന്നു. ആ രാത്രി വര്‍ഗീസിന്റെ മരണവിവരം അറിഞ്ഞതു തന്നെ സുബേദാര്‍ എന്‍.വി. പീടികയിലിന്‍റെ സന്ദേശത്തില്‍ നിന്നായിരുന്നു. ഇക്കാര്യം സി.ബി.ഐ. ഡോക്യൂമെന്റിലുള്ള തെളിവുകളില്‍ നിന്നും പൂര്‍ണ്ണമായും വ്യക്തമായിരുന്നു. സുബേദാര്‍ പീടികയില്‍ ഇതുസംബന്ധിച്ചുള്ള ഏതാനും തെളിവുകള്‍ നിരത്തുന്നുമുണ്ട്.

സി.ആര്‍.പി.എഫ്‌ലെ എല്ലാ സീനിയര്‍ ഓഫിസര്‍മാരും 1970 ഫെബ്രുവരി പത്തൊമ്പതാം തിയതി രാവിലെ ഒത്തുകൂടി സുബേദാര്‍ എന്‍.വി. പീടികയിലിനെയും ടീമിനെയും വര്‍ഗീസിനെ വെടിവെച്ചു വീഴ്ത്തിയതില്‍ അഭിനന്ദിച്ചിരുന്നു. പ്രത്യേകിച്ച്, ഉന്നം തെറ്റാതെ വെടി വെച്ച രാമചന്ദ്രന്‍ നായരുടെയും ഹനീഫായുടെയും കഴിവുകളെ വിലമതിക്കുകയും ചെയ്തു. ഡോക്യൂമെന്റുകളായി സൂക്ഷിച്ചിട്ടുള്ള സി.ആര്‍.പി.എഫ്. ചരിത്ര ഷീറ്റില്‍, ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല ചെയ്യപ്പെട്ടതില്‍ എന്‍.വി. പീടികയിലിനും രാമചന്ദ്രന്‍ നായര്‍ക്കും പാരിതോഷികം കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ ചരിത്ര ഡോക്യൂമെന്റിലൊന്നും ലക്ഷ്മണന്റെ പേര് ചേര്‍ത്തിട്ടില്ല. സെന്‍ട്രല്‍ റിസര്‍വ് പൊലീസിലെ (CRPF) മേലാധികാരികളെ മാത്രമേ സുബേദാര്‍ എന്‍.വി. പീടികയിലിനും മറ്റുപൊലീസുകാര്‍ക്കും അനുസരിക്കാനുള്ള ബാധ്യതയുള്ളൂവെന്നു അവരുടെ അന്നത്തെ ഡി.ഐ.ജി.യുടെ റിപ്പോര്‍ട്ടിലുണ്ട്. കേരളാ പൊലീസിന് അവരുടെ പേരില്‍ അധികാരം ഒന്നും തന്നെ ഇല്ലായിരുന്നു. ഔദ്യോഗിക നിലയില്‍ ലക്ഷ്മണന് സി.ആര്‍.പി. രാമചന്ദ്രന്‍ നായരുടെ മേലെ യാതൊരു ആജ്ഞകളും നടത്താന്‍ സാധിക്കുകയുമില്ലായിരുന്നു. ആ സത്യവും കോടതി അംഗീകരിക്കാതെ പോയി.

a1 (2)സി.ആര്‍.പി.എഫ്. ന്റെ കമാന്‍ഡറായിരുന്ന ‘മന്‍മോഹന്‍ സിങ് ഒബറോയ്’ വര്‍ഗീസ് കേസിലെ മറ്റൊരു സാക്ഷിയായിരുന്നു. അദ്ദേഹം പറഞ്ഞത് ‘സി.ആര്‍.പി.എഫ് നീക്കങ്ങളുടെ അധികാരി എന്‍.വി. പീടികയില്‍ മാത്രമെന്നായിരുന്നു.’ സി.ബി ഐ കോടതിയില്‍ ഹാജരാക്കിയ സി.ആര്‍.പി.എഫ് റിപ്പോര്‍ട്ടില്‍ ലക്ഷ്മണന്റെ യാതൊരു പങ്കും സൂചിപ്പിച്ചിട്ടില്ല. അതേ സമയം സുബേദാര്‍ എന്‍.വി. പീടികയിലിന്റെ പങ്ക് അതില്‍ വിവരിച്ചിട്ടുണ്ട്. ഇതില്‍നിന്നും ലക്ഷ്മണന് സി.ആര്‍.പി.യുടെ മേല്‍ യാതൊരു അധികാരമോ നിയന്ത്രണമോ ഇല്ലായിരുന്നുവെന്നും നക്‌സല്‍ബാരി ഓപ്പറേഷന്റെ തീരുമാനങ്ങളെടുക്കാനുള്ള സമ്പൂര്‍ണ്ണമായ അധികാരം സുബേദാര്‍ പീടികയിലിനായിരുന്നുവെന്നും വ്യക്തമാണ്. പാരാമിലിട്ടറിയായ സി.ആര്‍.പി യ്ക്ക് അവരുടേതായ കമാണ്ടര്‍മാര്‍ ഉണ്ടായിരുന്നു. സി.ആര്‍.പി ബെറ്റാലിയനില്‍പ്പെട്ട രാമചന്ദ്രന്‍ നായരുടെയോ ഹനീഫായുടെയോമേല്‍ ലക്ഷ്മണന് നിയന്ത്രണവും ഉണ്ടായിരുന്നില്ല. അവര്‍ക്കു തന്നെ സുപ്പീരിയര്‍ ഓഫിസര്‍മാരുള്ളപ്പോള്‍ രാമചന്ദ്രന്‍ നായരോട് ആജ്ഞാപിക്കാന്‍ ലക്ഷ്മണന് സാധിക്കുമായിരുന്നുമില്ല.

വര്‍ഗീസിന്റെ മരണത്തെപ്പറ്റി ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ ചുമതലപ്പെട്ട വ്യക്തി സുബേദാര്‍ പീടികയിലായിരുന്നു. പക്ഷെ അദ്ദേഹത്തെ സാക്ഷിയായി പോലും വെക്കാന്‍ സി.ബി.ഐ തയ്യാറായില്ല. വര്‍ഗീസിനെ വധിച്ച കേസില്‍ നേരിട്ട് ബന്ധമുണ്ടായിരുന്നതും കുറ്റവാളിയും അദ്ദേഹമായിരുന്നു. എങ്കിലും കുറ്റം മുഴുവന്‍ മനഃപൂര്‍വം ലക്ഷ്മണില്‍ ചുമത്തി. സി.ആര്‍.പി. യും സി.ബി.ഐ യും ഒത്തുകൂടി കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു സുബേദാര്‍ പീടികയിലിനെ രക്ഷിക്കുകയും ചെയ്തു. കോടതി, സി.ആര്‍.പി യുടെയും സി.ബി.ഐ യുടെയും വാദങ്ങള്‍ മാത്രമേ കേള്‍ക്കുമായിരുന്നുള്ളൂ. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള ഒരു കളങ്കമായിരുന്നു. ലക്ഷ്മണന് നീതിപൂര്‍വമായ വിസ്താരം (ഠൃശമഹ) കിട്ടിയില്ല. നീതിന്യായ കോടതിയും കുറ്റവാളികളെ രക്ഷിക്കാനുള്ള തന്ത്രത്തിലായിരുന്നു. പക്ഷാപാതപരമായി മീഡിയാകളും വാര്‍ത്തകളെ വളച്ചൊടിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളും നിരീക്ഷണങ്ങളും കോടതികളെ തെറ്റി ധരിപ്പിച്ചുകൊണ്ടുള്ളതുമായിരുന്നു.

രാമചന്ദ്രന്‍ നായര്‍ സി.ബി.ഐ.യോട് പറഞ്ഞതെല്ലാം മുഖവിലയ്ക്ക് വിശ്വസിച്ചു. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ അയാളുടെ സേവനകാല റിക്കോര്‍ഡോ, സന്മാര്‍ഗികതയോ, കാര്യക്ഷമതയോ പരിശോധിച്ചില്ല. ഇപ്പറഞ്ഞ പൊരുത്തമില്ലായ്മകള്‍ പരിഗണിച്ചുമില്ല. കാര്യഗൗരവും സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്ന ലക്ഷ്മണന്റെ ഔദ്യോഗിക ജീവിതകാലങ്ങളും ധാര്‍മ്മിക ബോധവും ഹൈക്കോടതി മനസിലാക്കാതെ പോയി. അദ്ദേഹത്തിന്‍റെ ജോലിയിലുണ്ടായിരുന്ന ആത്മാര്‍ത്ഥതമൂലം പലരുടെയും ശത്രുവാകാനും കാരണമായി. അവസാനം പൊതുജനങ്ങളുടെ ദൃഷ്ടിയില്‍ ആത്മാഭിമാനത്തിനും ക്ഷതമേറ്റു. ഈ അനീതിയെ വെളിച്ചത്തു കൊണ്ടുവരേണ്ട ആവശ്യമുണ്ട്. ഒരു നല്ല മനുഷ്യന് നീതി നിക്ഷേധിക്കപ്പെട്ടു. സത്യം വെളിച്ചത്താക്കി അദ്ദേഹത്തിന്‍റെ നിഷ്കളങ്കത്വം തെളിയുന്ന സുവര്‍ണ്ണ യുഗം വരട്ടെയെന്നും പ്രതീക്ഷിക്കാം.

ദളിതനായ ലക്ഷ്മണനെ ന്യായികരിക്കാന്‍ പത്രങ്ങളും ഉണ്ടായിരുന്നില്ല. നാല്‍പ്പതു കൊല്ലം മുമ്പുള്ള ചരിത്രത്തെപ്പറ്റി അധികമാരും ചിന്തിക്കാന്‍ സാധ്യതയില്ല. സമൂഹത്തില്‍ അറിഞ്ഞോ അറിയാതെയോ ധനികരായതുകൊണ്ട് മാത്രം നക്‌സല്‍ബാരികള്‍ അന്ന് നിഷ്കളങ്കരായ ജനത്തെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു. കേരളമൊന്നാകെ ജനം നക്‌സലുകലെ ഭയപ്പെട്ടിരുന്നു. ബലം പ്രയോഗിച്ചുതന്നെ നക്‌സലുകളെ തകര്‍ക്കാന്‍ കഴിവുള്ള സര്‍ക്കാരിനെയും പോലീസിനെയും കേരള ജനത ആഗ്രഹിച്ചിരുന്നു. അത്തരം ഭീകരരെ അമര്‍ച്ച ചെയ്യാന്‍ പുറപ്പെട്ട ലക്ഷ്മണന്റെ സേവനം കേരളജനത പിന്നീട് മറന്നുവെന്നുള്ളതാണ് സത്യം. ലക്ഷ്മണനു ജീവപര്യന്തം നല്‍കിയ ലോകം നന്ദിയില്ലാത്തവരല്ലേയെന്നു മുന്‍ നിയമസഭാ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ ഒരിക്കല്‍ ചോദിക്കുകയുമുണ്ടായി. ഇന്ത്യയുടെ പ്രധാന ഭീക്ഷണി നക്‌സല്‍ ബാരികളെന്നു മാറി മാറി വരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പറയുന്നു, ഇന്ത്യയിലെ പതിമൂന്നു സ്‌റ്റേറ്റുകളില്‍ നക്‌സല്‍ ബാരികളെ അമര്‍ച്ച ചെയ്യാന്‍ 67 ബറ്റാലിയന്‍ സി.ആര്‍.പി പോലീസിനെയാണ് നിയമിച്ചിരിക്കുന്നത്.

a3 (1)നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവങ്ങളുടെ പൂര്‍വ്വ ദൃശ്യങ്ങളിലേക്ക് ഒന്ന് ചിന്തിക്കുക. അതില്‍ സത്യമായിട്ടുള്ളത് 1970 ല്‍ തിരുനെല്ലി വനത്തിനുള്ളില്‍ നക്‌സല്‍ ബാരിയായ വര്‍ഗീസ് മരിച്ചുവെന്നുള്ളതാണ്. കേരള ജനതയെ നടുക്കിക്കൊണ്ടിരുന്ന ക്രൂരമായ അനേക കുറ്റ കൃത്യങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു അയാള്‍. ബാക്കി വന്ന വാര്‍ത്തകള്‍ മുഴുവന്‍ ഒരു വശം മാത്രമുള്ളതായിരുന്നു. അത് മുഴുവനും അയാളുടെ കൂട്ടുകാരും പിന്തുണക്കുന്നവരും വളച്ചുകെട്ടിയ വാര്‍ത്തകളുമായിരുന്നു. വര്‍ഗീസിനെ വധിച്ച കുറ്റവിസ്താര വേളയില്‍ ലക്ഷ്മണന്‍ സ്വന്തം കാര്യത്തില്‍ നിശ്ശബ്ദനായിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സംസാരിക്കുന്നുമുണ്ടായിരുന്നു. അദ്ദേഹം നിശ്ശബ്ദനായിരുന്നെങ്കിലും എന്തുകൊണ്ട് മീഡിയാകള്‍ രണ്ടു വശവും കാണാന്‍ ശ്രമിച്ചില്ല. ഒരു നാണയത്തിനു രണ്ടു വശങ്ങളുണ്ട്. ഒരു മനുഷ്യന്‍ നിശബ്ദനായി ഇരുന്നാല്‍ അതിന്റെ അര്‍ത്ഥം നാണയത്തിനു രണ്ടു വശങ്ങള്‍ ഇല്ലെന്നുള്ളതല്ല. ലക്ഷ്മണനെതിരെയുള്ള ഗൂഢാലോചനകളെപ്പറ്റി അന്വേഷിക്കാന്‍ മീഡിയാകള്‍ മെനക്കെട്ടുമില്ല.

a4ലക്ഷ്മണന്‍ വര്‍ഗീസിനെ വധിക്കാന്‍ നിര്‍ദേശം കൊടുത്തുവെന്ന യാതൊരു തെളിവുകളും വാദിഭാഗത്തിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. വസ്തുതകള്‍ സത്യമല്ലെന്നു ബോധ്യമുള്ളതിനാല്‍ ലക്ഷ്മണനെ സ്വതന്ത്രനാക്കുവാന്‍ വര്‍ഗീസിന്റെ ബന്ധുക്കളും ശ്രമിച്ചിരുന്നു. ഉത്തരവാദിത്വത്തോടെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥനെതിരെ തെറ്റായ വിവരങ്ങള്‍ സ്വീകരിച്ച നീതിന്യായ വ്യവസ്ഥയുടെ അനീതിയെന്നു വേണം ഈ വിധിയെ കരുതാന്‍. ഇന്ന് 81 വയസുള്ള ഈ പോലീസ് ഉദ്യോഗസ്ഥന് ഉദ്യോഗകാലത്ത് അങ്ങേയറ്റം നല്ലതായ ഒരു സേവന റിക്കോര്‍ഡുണ്ടായിരുന്നു. നക്‌സലിസത്തോട് പടപൊരുതുകയും അതിനൊപ്പം നാട്ടില്‍ ക്രമസമാധാനം വരുത്തുകയെന്നതുമായിരുന്നു അദ്ദേഹം നിര്‍വഹിച്ചുകൊണ്ടിരുന്നത്. ശ്രീ ലക്ഷ്മണന്‍ നല്ലയൊരു കുടുംബനാഥനും കൂടിയാണ്. കേരളാസ്‌റ്റേറ്റ് പോലീസില്‍ ആദ്യമായി ഉയര്‍ന്ന റാങ്ക് നേടിയ ദളിത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. എന്നും അവഗണനകളില്‍ക്കൂടിയായിരുന്നു, ഉദ്യോഗക്കയറ്റങ്ങള്‍ ലഭിച്ചിരുന്നതും പടിപടിയായി ഉയര്‍ന്നുവന്നതും. ആ മനുഷ്യനെയാണ് ജീവിതകാലം മുഴുവനായി കോടതി ശിക്ഷിച്ചതെന്നും ഓര്‍ക്കണം. എന്ത് കുറ്റമാണ് അദ്ദേഹം ചെയ്തത്? നീതി ന്യായ വ്യവസ്ഥയുടെ യുക്തിഹീനവും പക്ഷാപാതവുമായ വിധിയെന്നേ കരുതാന്‍ സാധിക്കുന്നുള്ളൂ. ഒപ്പം വാര്‍ത്താ മീഡിയാകളും എരുവും പുളിയും ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. പത്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സാധാരണ ജനങ്ങള്‍ വിശ്വസിച്ചുകൊണ്ടുമിരുന്നു.

നക്‌സല്‍ വര്‍ഗീസിനെ കൊന്ന കേസിന്റെമേലുള്ള ഈ വിധി ഒന്നുകില്‍ വാര്‍ത്തകളുടെ ബലത്തിലായിരിക്കാം. അല്ലെങ്കില്‍ അധികാരത്തിന്റെയും പണത്തിന്റെയും മേലെ ആയിരിക്കാം. മുകളില്‍നിന്നുള്ള രാഷ്ട്രീയ ഇടപെടലുകളുമുണ്ടായിരിക്കാം. ദളിതനായി പിറന്നത് കുറ്റമെന്നു കരുതാന്‍ നീതിന്യായത്തില്‍ വ്യവസ്ഥയില്ല. ഇന്ത്യയുടെ നീതിന്യായം അധികാരത്തിന്റെയും പണത്തിന്റെയും മീതെ പറക്കുന്നുവെന്നു ഈ വിധിയില്‍നിന്നു മനസിലാക്കാം. കോടതികളില്‍ അഴിമതികള്‍ നിറഞ്ഞിരിക്കുന്നു. നിഷ്കളങ്കരായവര്‍ ജയിലില്‍ പോയാലും അതില്‍ സന്തോഷിതരായി ഹല്ലേലൂയാ പാടാനും കൊട്ടിഘോഷിക്കാനും ജനവും പത്രമാദ്ധ്യമങ്ങളുമുണ്ട്. സമാനങ്ങളായ ഇത്തരം മറ്റു കേസുകളും നീതിന്യായ കോടതിയില്‍ വന്നിട്ടുണ്ട്. നീതിക്കായി പോരാടാന്‍ ഒരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തിക്കാനാണ് ഭാവിപരിപാടികളെന്നും ലക്ഷ്മണ പറയുന്നു.

(തുടരും)

a1 (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top