Flash News

ഗുണ്ട-ക്വട്ടേഷന്‍ സംഘം അഴിഞ്ഞാടുന്നു- പ്രതിപക്ഷം; കേസ് കൂടുന്നത് പൊലീസ് ജനകീയമായതുകൊണ്ട്: മുഖ്യമന്ത്രി

February 28, 2017

pinarayiതിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ട-മാഫിയ-ക്വട്ടേഷന്‍ സംഘം അഴിഞ്ഞാടുകയാണെന്നും സ്ത്രീസുരക്ഷ അപകടത്തിലാണെന്നും നിയമസഭയില്‍ പ്രതിപക്ഷം. എന്നാല്‍, പൊലീസ് ജനകീയമായതുകൊണ്ട് ജനങ്ങള്‍ക്ക് ഭീതിയില്ലാതെ സ്റ്റേഷനിലെത്തി പരാതി നല്‍കാനാവുന്നുണ്ടെന്നും അതുകൊണ്ടാണ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രശ്നത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഗുണ്ട-മാഫിയ-ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കും സദാചാര ഗുണ്ടകള്‍ക്കുമെതിരെ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറയും ഈ സര്‍ക്കാറിന്‍െറയും ആദ്യ ഒമ്പത് മാസങ്ങള്‍ പരിശോധിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 6100 എണ്ണത്തിന്‍െറ വര്‍ധനയുണ്ടായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് എല്ലായിടത്തും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പല കേസുകളിലും പ്രതികളെ പിടികൂടാതെ അവര്‍ക്ക് കോടതിയില്‍ കീഴടങ്ങാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയാണ്. യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐക്കാര്‍ സദാചാര പൊലീസിംഗ് നടത്തിയിട്ട് അവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ല. ആക്രമണത്തിന് വിധേയരായ കുട്ടികള്‍ക്ക് ഒടുവില്‍ ദേശീയവനിത കമീഷനെയും ഗവര്‍ണറെയും സമീപിക്കേണ്ടിവന്നു; തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

തിരുവഞ്ചൂരിന്‍െറ പ്രസംഗത്തിലെ പലതും വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്‍െറ ദുഃഖം കടുത്തതാണ്. അവരുടെ എല്ലാ ആവശ്യങ്ങളോടും സര്‍ക്കാര്‍ വേഗത്തിലും അനുഭാവപൂര്‍വവുമാണ് പ്രതികരിച്ചത്. ദുഃഖംകൊണ്ട് അവര്‍ പറയുന്നതിനെ സ്വാഭാവിക പ്രതികരണമായേ കണ്ടിട്ടുള്ളൂ. സദാചാര ഗുണ്ടായിസത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കും. അഴീക്കല്‍സംഭവത്തിലും അത്തരത്തിലുള്ള നടപടികള്‍തന്നെയാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയക്കാരെയല്ല, കടുത്ത ഗുണ്ടകളെയാണ് സര്‍ക്കാര്‍ ഗുണ്ടലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയത്തിലെ ക്രിമിനലുകളെ ആ കണ്ണിലൂടെ കണ്ട് നടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാമൂഹികവിരുദ്ധര്‍ക്കും ഗുണ്ടകള്‍ക്കും രാഷ്ട്രീയസംരക്ഷണം നല്‍കിയാല്‍ സ്ഥിതി ഗുരുതരമാകും. ക്രമസമാധാനനില അനുദിനം വഷളാവുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൈ്വരമായി സഞ്ചരിക്കാനാവുന്നില്ളെന്നും രമേശ് പഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടുയുള്ള കേസുകളിലെ 1850 തടവുകാരുടെ ശിക്ഷ ഇളവ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് ഗവര്‍ണര്‍ ഇടപെട്ട് തടയുകയായിരുന്നു. പ്രതികളുടെ അന്തിമ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. ഈ സഹാചര്യത്തിലാണ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഇളവ് നല്‍കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡം അനുസരിച്ച് ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ക്ക് പതിനാല് വര്‍ഷം പൂര്‍ത്തിയാക്കാതെ ഇളവ് നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് അവരുടെ ഇളവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. 171 പേരെ ഇപ്പോള്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top