- Malayalam Daily News - https://www.malayalamdailynews.com -

വികസനമുടക്കികളുടെ നിലപാട് വിലപ്പോവില്ല: പിണറായി

pinarayi-1തിരുവനന്തപുരം: വികസനമുടക്കികളുടെ നിലപാട് ഈ സര്‍ക്കാറിന്‍െറ അടുത്ത് വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗത്തില്‍ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനം നല്ല അര്‍ഥത്തില്‍ എടുക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍െറ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

വികസനത്തിന്‍െറ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പ്രശ്നങ്ങളുണ്ടാവും. എന്നാല്‍, വികസനം മുടക്കാന്‍ മുന്നിട്ടിറങ്ങുന്ന ചില സംഘടനകളുണ്ട്. അതു മാത്രമാണ് അവരുടെ ലക്ഷ്യം. അവരെ അംഗീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന് ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ഭരണവും ഐ.എ.എസും തമ്മില്‍ ഒരു തരത്തിലെ അകല്‍ച്ചയുമില്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിഘടിച്ച് നില്‍ക്കുന്നില്ല. ഐ.എ.എസുകാര്‍ ചില ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ പൂര്‍ണമായി ബോധ്യമായി. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് സംബന്ധിച്ച് സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനകാര്‍ക്ക് ആശങ്കയുണ്ട്. അത് അകറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിശ്വാസത്തില്‍ എടുത്തില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചതാണിത്.

ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് യാത്രക്കാര്‍ക്ക് ഇത്തവണ പോകാന്‍ അനുമതി കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന ഉറപ്പിന്മേല്‍ അനുമതി നല്‍കണം. അതിനപ്പുറമുള്ള പ്രശ്നം പിന്നിലുണ്ടെന്ന് ശങ്കിക്കണം. കൊച്ചി മെട്രോ പാലാരിവട്ടം വരെ ഓടിക്കണമെന്ന ആവശ്യത്തിന്മേല്‍ എറണാകുളത്തെ എം.എല്‍.എമാരുമായി ചര്‍ച്ച നടത്തും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]