Flash News

നിയമസഭയില്‍ “തേരാപ്പാരാ” താരമായി

March 2, 2017

thiruvanchoor-sreeramakrish-830x412തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ നിയമത്തിലെ ഒരു വാക്ക് ഭേദഗതി ചെയ്യുന്നതിനു മാത്രമായൊരു ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷ കമ്മിഷന്‍ രൂപീകരിക്കുന്നതു സംബന്ധിച്ച വകുപ്പിലെ മറ്റൊരു എന്ന വാക്കിനു പകരം ഒരു എന്നു ചേര്‍ക്കുന്നതിനാണ് മന്ത്രി കെ.ടി. ജലീല്‍ സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ബില്‍ ചര്‍ച്ചയ്ക്കു ശേഷം സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നിയമത്തിലെ അതേ വാക്കുകള്‍ സംസ്ഥാന നിയമത്തിലും ഉറപ്പാക്കുന്നതിനാണ് മറ്റൊരു മാറ്റി ഒരു ആക്കുന്നതെന്നു ബില്‍ അവതരിപ്പിച്ച മന്ത്രി ജലീല്‍ വ്യക്തമാക്കി. കേന്ദ്ര നിയമത്തിലെ അതേ വാക്ക് പ്രയോഗിക്കുകയാണ് ഭേദഗതിയിലൂടെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ കാര്യങ്ങളില്‍ പരിജ്ഞാനമുള്ള നിയമജ്ഞനായ ഒരു ന്യൂനപക്ഷ സമുദായ അംഗം ചെയര്‍പഴ്‌സണ്‍, മറ്റൊരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള അംഗം, ഒരു ന്യൂനപക്ഷ വനിത അംഗം എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിഷനെ നിയോഗിക്കണമെന്നായിരുന്നു നിലവിലുള്ള നിയമം. ഒരു അംഗം മറ്റൊരു സമുദായത്തില്‍ നിന്ന് വേണമെന്ന നിര്‍ദേശം ഒഴിവാക്കിയാണ് ഭേദഗതി.

നിയമഭേദഗതിയിലൂടെ ന്യൂനപക്ഷ കമ്മിഷന്റെ സാമൂഹികഘടനയില്‍ മാറ്റം വരുന്നില്ലെന്ന് ഭേദഗതി അവതരിപ്പിച്ച കെ.വി അബ്ദുല്‍ഖാദര്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷസംരക്ഷണത്തിന് എല്ലാകാലത്തും മുന്നില്‍ നിന്നത് ഇടതുപക്ഷരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്‍ അംഗമായി വേണ്ടപ്പെട്ട വ്യക്തിയെ നിയമിക്കാനാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവരുന്നതെന്ന് ടി.വി. ഇബ്രാഹിം ആരോപിച്ചു. ഭേദഗതി ന്യൂനപക്ഷങ്ങളുടെ പൊതുതാല്‍പര്യത്തിന് എതിരാണെന്നും അതിനാല്‍ നിരാകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരമൊരു ഭേദഗതി കഴിഞ്ഞ മാസം രണ്ടാം തീയതി ഓര്‍ഡിനന്‍സ് ആയി കൊണ്ടു വന്നിരുന്നു. അതിനു പകരമുള്ള ബില്ലാണ് നിയമസഭയില്‍ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്കു വിട്ടത്.

ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നു വിശദീകരിക്കുന്ന കുറിപ്പ് സ്പീക്കര്‍ക്കും എം.എല്‍.എമാര്‍ക്കും നല്‍കണമെന്നാണ് ചട്ടമെങ്കിലും ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതേപടി ഈ കുറിപ്പില്‍ ആവര്‍ത്തിക്കുകയാണു ചെയ്തതെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഭാവിയിലെങ്കിലും ഇത്തരം അവസരങ്ങളില്‍ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സാഹചര്യം വിശദമായി അറിയിക്കണമെന്ന് അദ്ദേഹം റൂളിംഗും നല്‍കി.

കേരള മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ സാധൂകരണ ബില്ലും സഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മറ്റിക്ക് വിട്ടു.വാഹന വിലക്കൊപ്പം മൂല്യവര്‍ധിത നികുതി, കസ്റ്റംസ് ഡ്യൂട്ടി, മറ്റു ചാര്‍ജ്ജുകള്‍ എന്നിവ ചേര്‍ത്തു നികുതി നിര്‍ണയിക്കരുതെന്ന െഹെക്കോടതി ഉത്തരവ് മറികടക്കുന്നതിനു വേണ്ടിയാണ് ഈ ബില്‍. 2007 ഏപ്രില്‍ ഒന്ന് മുതല്‍ മൂല്യവര്‍ധിത നികുതി, സെസ്, കസ്റ്റംസ് ഡ്യൂട്ടി എന്നി ചേര്‍ത്താണു നികുതി പിരിക്കുന്നത്. കോടതി വിധി നടപ്പാക്കുകയാണെങ്കില്‍ ഇക്കാലയളവു മുതലുള്ള വലിയൊരു തുക തിരിച്ചു നല്‍കേണ്ടി വരും. ഈ സാഹചര്യത്തിലാണ് പുതിയ ഭേദഗതി ബില്‍കൊണ്ടുവന്നത്.

താരമായി തേരാപ്പാര
“തേരാപ്പാര”യെക്കുറിച്ച് സ്പീക്കര്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ച നിയമസഭയില്‍ ശ്രദ്ധേയമായി. തേരാപ്പാര നടക്കുന്നവരെ ന്യൂനപക്ഷ കമ്മിഷനില്‍ അംഗമാക്കുകയല്ല എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പുതിയ നയമമെന്ന മന്ത്രി കെ.ടി. ജലീലിന്റെ പരാമര്‍ശമാണ് ഇരുപതു മിനിട്ട് നീണ്ട ചര്‍ച്ചയ്ക്കു വഴിയായത്.

kt-jaleel759ഏതെങ്കിലും ഒരുവിഭാഗത്തെ ഉള്‍പ്പെടുത്താനല്ല ബില്ലെന്നു വ്യക്തമാക്കിയ മന്ത്രി, യു.ഡി.എഫിന്റെ ഭരണകാലത്ത് കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്(എം), മുസ്ലിം ലീഗ് എന്നിവര്‍ക്കായി അംഗത്വം വീതിച്ചെന്നു ചൂണ്ടിക്കാട്ടി. ഇതോടെ തേരാപ്പാര പ്രയോഗത്തിനെതിരേ പ്രതിപക്ഷ എം.എല്‍.എമാര്‍ ഒന്നടങ്കം രംഗത്തെത്തി. തേരാപ്പാര എന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്നാണ് അര്‍ഥമെന്നും അതിനപ്പുറം അര്‍ഥതലങ്ങളുണ്ടെങ്കില്‍ പരിശോധിച്ചു നടപടിയെടുക്കാമെന്നും വ്യക്തമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിഷയം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തേരാപ്പാര എന്നാല്‍ തെക്കുവടക്ക് അല്ലെങ്കില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയെന്നാണ് അര്‍ഥമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകരും രാഷ്ര്ടീയക്കാരും അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണോയെന്നും ഇരിക്കുന്നിടത്തു തുപ്പുന്ന നിലപാട് ഭരണപക്ഷം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പണ്ഡിതസഭയല്ലെന്നും തേരാപ്പാര ഇത്രവലിയ പുലിമുരുകന്‍ ആണോയെന്നും സ്പീക്കര്‍ തിരുവഞ്ചൂരിനോടു ചോദിച്ചു. തേരാപ്പാര എന്നാല്‍ അനന്തവിഹായസ് എന്നു അര്‍ഥം വരുന്ന മനോഹര വാക്കാണെന്നായിരുന്നു ഇടത് അംഗം ഇ.കെ. വിജയന്റെ നിലപാട്. മുസ്ലിം ലീഗിന് അലര്‍ജിയാണെങ്കില്‍ തേരാപ്പാര പിന്‍വലിക്കുന്നതായി ജലീല്‍ പറഞ്ഞു. എന്നാല്‍ മന്ത്രി എ.കെ. ബാലന്‍ ഇടപെട്ടതോടെ വീണ്ടും ബഹളമായി. യു.ഡി.എഫ്. കാലത്തെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനായ വീരാന്‍കുട്ടിയെ പഠനകാലം മുതല്‍ അറിയാം.

ആദ്യം അദ്ദേഹം ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കൂടെ പോയി. പിന്നീടാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. ആ തരത്തില്‍ വീരാന്‍കുട്ടി തേരാപ്പാര തന്നെയായിരുന്നെന്ന് ബാലന്‍ വ്യക്തമാക്കി. തേരാപ്പാരയില്‍ സ്പീക്കര്‍ റൂളിങ് നടത്തിയാല്‍ പിന്നീട് രണ്ടുകൂട്ടര്‍ക്കും പ്രയോഗിക്കാന്‍ പറ്റില്ലെന്നും ഒത്തുതീര്‍പ്പാണ് ഉചിതമെന്നും ബാലന്‍ ഉപദേശിച്ചു. ഇതോടെയാണു ചര്‍ച്ച അവസാനിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top