ഗാന്ധിപ്രതിമ തകര്‍ത്തു

attacked Gandhi Prathima_കണ്ണൂര്‍: പയ്യന്നൂര്‍ തെക്കേ ബസാറില്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്ര പരിസരത്ത് പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ ഹിന്ദി വിദ്യാപീഠത്തിനു മുന്നില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ അര്‍ധകായപ്രതിമ തകര്‍ത്തു. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. കണ്ണൂരില്‍നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവെടുത്തു.

സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഹിന്ദി പ്രചാരണത്തിന്‍െറ ഭാഗമായി 1939ലാണ് പയ്യന്നൂരില്‍ ഹിന്ദി വിദ്യാപീഠം സ്ഥാപിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാപീഠം 2010ലാണ് സ്ഥലമെടുത്ത് സ്വാതന്ത്ര്യസമര സേനാനി വി.എം. ഗോവിന്ദന്‍ നമ്പീശന്‍െറ പേരില്‍ കെട്ടിടം നിര്‍മിച്ച് ഇവിടേക്ക് മാറ്റിയത്. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കീഴിലുള്ള കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്. ഭാരതീയ വിദ്യാഭവന്റെ സംസ്‌കൃത പഠനവുമുണ്ട്. 130-ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

2010-ല്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഹിന്ദി വിദ്യാപീഠത്തിനു മുന്നില്‍ പ്രതിമ സ്ഥാപിച്ചത്. സിമന്റില്‍ തീര്‍ത്തതാണ് ഗാന്ധിജിയുടെ അര്‍ധകായ പ്രതിമ. കാഞ്ഞങ്ങാട്ടെ വി.വി.നാരായണനായിരുന്നു ശില്പി. മുന്‍മന്ത്രി കെ.പി.നൂറുദ്ദീനാണ് പ്രതിമ അനാവരണം ചെയ്തത്. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി സംഭവസ്ഥലം സന്ദര്‍ശിച്ചു. രാജ്യവ്യാപകമായി ഗാന്ധിനിന്ദ നടക്കുന്ന കാലത്ത് ഹിന്ദി വിദ്യാപീഠത്തിലെ ഗാന്ധി പ്രതിമ തകര്‍ത്തതിനെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു. ഇതിനുപിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് ജാഗ്രത കാണിക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment