Flash News

മതാധിപത്യം കുലം കുത്തുമ്പോള്‍

March 3, 2017

 

matha sizeകഴിഞ്ഞ ആഴ്ചയില്‍ കൊട്ടിയൂര്‍ സെന്‍റ് ജോര്‍ജ് കത്തോലിക്കാപള്ളി വികാരി റോബിന്‍ വടക്കുംചേരി പതിനാറുവയസുകാരിയെ ഗര്‍ഭിണിയാക്കി ഒരു കുട്ടിയുടെ അച്ഛനാകുകയും ആ പിതൃത്വം പെണ്‍കുട്ടിയുടെ അപ്പന്‍ ഏറ്റെടുക്കാന്‍ പത്തുലക്ഷം രൂപ ആ കുടുംബത്തിന് നല്‍കുകയുംചെയ്ത നീചകൃത്യങ്ങള്‍ സഭയ്ക്ക് മൊത്തത്തില്‍ നാണക്കേടിന് കാരണമായെങ്കിലും സീറോ മലബാര്‍ മെത്രാന്മാരെ ആ സംഭവം വേദനിപ്പിക്കുമെന്ന് എനിക്ക് അഭിപ്രായമില്ല. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് റോബിന്‍ പോലീസ് പിടിയിലായി. ദൈവത്തിനും ഇടവകക്കാര്‍ക്കും ഇടനിലക്കാരനായ ആ ‘വൈദികന്‍’ ഇത്രയും നീചകൃത്യം ചെയ്യാന്‍ സഹായകമായത് വൈദികരുടെ ഏതു വൃത്തികേടും കുറ്റകൃത്യവും മെത്രാന്മാരും സഹവൈദികരും കണ്ടില്ലായെന്നു നടിക്കുകയും സഭയുടെ സല്‌പ്പേരിനായി കുറ്റക്കാരായ വൈദികര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത്‌കൊടുത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സഭാസംവിധാനവുമാണ്.

ധര്‍മ്മപ്രബോധനത്തിന്‍റെ കുത്തകാവകാശവും പ്രാമാണികത്വവും കൈയ്യാളുന്ന ഇവര്‍ക്ക് ഏതു തോന്യാസവും കാണിക്കാമെന്നും അവരോടാരും ചോദിക്കാനില്ലെന്നുമുള്ള ഹുങ്കിന്‍റെ സ്പഷ്ടമായ തെളിവുകളാണ് ഒരു തെമ്മാടിപോലും ചെയ്യാന്‍ അറയ്ക്കുന്ന ഇത്തരം നീചകൃത്യങ്ങള്‍ വെള്ളക്കുപ്പായത്തില്‍ നിന്നുകൊണ്ട് ചെയ്യാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്നത്. ഗര്‍ഭാധാന പ്രതിരോധനത്തെ അഥവാ ജനനനിയന്ത്രണത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ഇക്കൂട്ടര്‍ക്ക് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനും ഗര്‍ഭം സൃഷ്ടിക്കാനും വേണ്ടിവന്നാല്‍ പൈസ വാരിക്കോരിക്കൊടുത്ത് അത് തേയിച്ചുമായിച്ച് ഇല്ലാതാക്കാനും മനഃസാക്ഷിക്കടി അശേഷം ഇല്ല. മൗലികമായ മര്യാദപോലുമില്ലാത്ത ഈ ഇടയന്മാരാണ് സദാചാരത്തിന്‍റെ കാവല്‍ക്കാര്‍! ഈ മെത്രാന്മാരും വൈദികരും ആരെയൊക്കെയാ ശിക്ഷിക്കുന്നതെന്നറിയാമോ?

14463158_10205761707280989_6253945750769333727_nപട്ടക്കാരെയും മേല്പട്ടക്കാരെയും വിമര്‍ശിക്കുന്ന അല്മായരെ (അവരെ തെമ്മാടികുഴില്‍ അടക്കും); ആരെയാണിവര്‍ പള്ളിക്ക് പുറത്താക്കുന്നതെന്നറിയാമോ? ഗര്‍ഭിണിയായ ഒന്‍പതുവയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിച്ച കുട്ടിയുടെ അമ്മയെയും അത് നടത്തികൊടുത്ത ഡോക്ടറെയും. ഗര്‍ഭത്തിന് കാരണക്കാരനായ രണ്ടാനപ്പന്‍ പള്ളിക്കകത്ത്. എങ്ങനെയുണ്ട് ഇവരുടെ സദാചാരം? അമേരിക്കയില്‍ നടന്ന സംഭവമാണിത്. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ഗെകളെയും (gay) അവരുടെ ലൈംഗിക പെരുമാറ്റത്തെയും ഇവര്‍ വെറുക്കുന്നു. അവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും കൊടുക്കാതിരിക്കാനുള്ള നിയമങ്ങള്‍ പാസാക്കാന്‍ ലക്ഷങ്ങള്‍ വാരിക്കോരി ചിലവഴിക്കുന്നു. അപ്പോള്‍ത്തന്നെ നൂറുകണക്കിന് ബാലരതിക്കാരായ പുരോഹിതര്‍ ഓടിനടന്ന് ബാല ലൈംഗികപീഡനം നടത്തുന്നു. അത്തരം നികൃഷ്ട സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ സഭാധികാരം വിശ്വാസികളുടെ പണം ധൂര്‍ത്തടിക്കുന്നു. ഈ അധികാരികള്‍ക്ക് മനസാക്ഷി എന്നുപറയുന്നതൊന്നുണ്ടോ? ഇല്ലന്നേ എനിക്കനുമാനിക്കാന്‍ കഴിയൂ.

പൗരോഹിത്യത്തിലെ ലൈംഗിക അരാജകത്വത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയെ സംബന്ധിച്ച് പഠിക്കുകയും മനനം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തശേഷം സഭാധികൃതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ വിശദീകരിച്ചുകൊണ്ട് ഞാന്‍ പുസ്തകങ്ങള്‍വരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ മെത്രാന്മാര്‍ക്കൊക്കെ അതുവായിക്കാന്‍ സമയമെവിടെ? പണസമ്പാദനപ്രിയരായ അവര്‍ക്ക് ലൗകിക കാര്യത്തിലാണ് ശ്രദ്ധ. 2011ല്‍ പ്രസിദ്ധീകരിച്ച ‘ലൈംഗികതയും പൗരോഹിത്യവും’ എന്ന എന്‍റെ പുസ്തകത്തില്‍ ഈ വിഷയത്തെ സംബന്ധിച്ച് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എല്ലാം റോബിന്‍റെ കുറ്റവും ഉത്തരവാദിത്വവുമാണ്, ഞങ്ങള്‍ക്കതില്‍ യാതൊരു പങ്കുമില്ലെന്നുപറഞ്ഞവര്‍ പീലാത്തോസിനെപ്പോലെ കൈകഴുകും. റോബിന്‍റെ കുഞ്ഞിന്‍റെ ഗര്‍ഭം പത്തുമാസം ആ പെണ്‍കുട്ടി ചുമന്നുകൊണ്ടുനടന്നപ്പോള്‍ മെത്രാനും വൈദികരും കന്യാസ്ത്രികളുമൊന്നും അറിഞ്ഞില്ലേ? സംഭവം വെളിച്ചത്തായപ്പോള്‍ റോബിനെ വികാരിസ്ഥാനത്തുനിന്നും പുരോഹിത പ്രവര്‍ത്തികളില്‍നിന്നും പുറത്താക്കി മെത്രാന്‍ തടിയൂരുന്നു. തെറ്റുചയ്ത റോബിനെ പോലീസിലേല്പിക്കാന്‍ മെത്രാന് കടമയില്ലായിരുന്നോ? ഒരു പാവം പെണ്‍കുട്ടിയെ ഒരു വികാരി ലൈംഗികമായി ചൂഷണം ചെയ്തതിനെ ന്യായീകരിക്കാനും മന്ദബുദ്ധികളായ കുറെ വിശ്വാസികളും സണ്ടേ ശാലോമും കാണിച്ച വിവരക്കേടാണ് ഈ സംഭവത്തിലെ മറ്റൊരു ഖേദകരമായ കാര്യം. പച്ചയായ ഈ കേസിലെ പ്രതിയെ രക്ഷിക്കുകയും ഒരു പാവം പെണ്‍കുട്ടിയെ തെറ്റുകാരിയായി ചിത്രീകരിക്കുകയും സണ്ടേ ശാലോം ചെയ്തത് ദൈവത്തിനു നിറക്കത്തെ തികഞ്ഞ തെറ്റാണ്.

ഇനി എടുത്തുപറയാനുള്ള മറ്റൊരു വസ്ത്തുത എന്തുകൊണ്ടാണ് ഇത്രയും പ്രമാദമായ ഒരു സംഭവം ദീപിക ഒരിക്കല്‍പോലും പ്രസിദ്ധം ചെയ്യാതിരുന്നതെന്നുള്ളതാണ്. പ്രതിയുടെ പേരുപറയാതെ എങ്ങും തൊടീക്കാതെ ഒരു ചെറിയ ന്യൂസ് ഇന്നുണ്ട് കൊടുത്തിരിക്കുന്നു. സഭയുടെ ഇരട്ടത്താപ്പുനയമല്ലേ ഇവിടെ പ്രതിഫലിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രസവം നടന്ന െ്രെകസ്തവ സ്ഥാപനമായ ക്രിസ്തുരാജ ആശുപത്രിയുടെ അധികൃതര്‍ എന്തുകൊണ്ട് ബന്ധപ്പെട്ടവരെ അറിയിച്ചില്ല? നവജാതശിശുവിനെ അമ്മയുടെ സമ്മതംകൂടാതെ അനാഥമന്ദിരത്തിലേയ്ക്ക് ആരുപറഞ്ഞിട്ട് മാറ്റി? നിയമം പാലിക്കാതെ അനാഥമന്ദിരം എന്തുകൊണ്ട് ശിശുവിനെ സ്വീകരിച്ചു? ഈ ചോദ്യങ്ങളെല്ലാം വിളിച്ചറിയിക്കുന്നത് സഭയിലെ ഉന്നതര്‍ ഈ കേസുസംബന്ധമായി രഹസ്യ ആലോചനകള്‍ നടത്തികൊണ്ടിരുന്നു എന്നാണ്. ദൈവം സത്യമാണ്. ദൈവത്തിന്‍റെ പ്രതിപുരുഷന്മാരോ?

മെത്രാന്മാരും വൈദികരും അധികാര ദുര്‍വിനയോഗം, വിശ്വാസ്യതാ ദുര്‍വിനയോഗം, പൗരോഹിത്യ ദുര്‍വിനയോഗം, ശാരീരിക ദുര്‍വിനയോഗം, മനുഷ്യാവകാശ ദുര്‍വിനയോഗം എല്ലാം ചെയ്യുന്നു. എന്നിട്ടും ഒന്നും സംഭവിക്കാത്തതുപോലെ നാണമില്ലാതെ മിടുക്കന്മാര്‍ ചമഞ്ഞു നടക്കുന്നു. നികൃഷ്ടരായ വൈദികര്‍ക്കെതിരായി നടപടികളെടുക്കാത്ത സഭാധികാരികളും നികൃഷ്ടര്‍തന്നെ. കുറ്റക്കാരായ വൈദികര്‍ക്ക് രാഷ്ട്രീയ സംരക്ഷണവും ഈ മെത്രാന്മാര്‍ നേടിക്കൊടുക്കുന്നു. ഇരയായ ആ പെണ്‍കുട്ടിക്കും അതിനു ജനിച്ച കുഞ്ഞിനും ആ പാവം കുടുംബത്തിനും ആ രൂപത എന്തു സഹായം ചെയ്തുകൊടുത്തു? മനഃസാക്ഷിയില്ലാത്ത മെത്രാന്മാര്‍ ഗര്‍ഭത്തിനു കാരണക്കാരനായ വൈദികനെ രക്ഷിക്കാന്‍ രാപകലില്ലാതെ ഓടിനടക്കുന്നു. ആ പെണ്‍കുട്ടിയെയും കുടുംബത്തെയും നശിപ്പിച്ച പാപഭാരം സഭാധികാരികള്‍ ഏതു കുമ്പസാരക്കൂട്ടില്‍പോയി ആരോടു കുമ്പസാരിച്ചുതീര്‍ക്കും? ആ പാപം കഴുകിക്കളയാന്‍ ഗംഗാനദിയിലെ വെള്ളം തികയുകയില്ല. ഈ തികഞ്ഞ നേതൃത്വപരാജയം മാന്തവാടിമെത്രാന്‍ ജോസ് പൊരുന്നേടം സ്വയം തിരിച്ചറിഞ്ഞു രൂപതാ മെത്രാന്‍സ്ഥാനം രാജിവച്ച് എല്ലാ വിശ്വാസികള്‍ക്കും മാതൃകയാക്കണം. വല്ല മഠത്തിലെയും കപ്ലോനച്ചനായി ശിഷ്ടകാലം ജീവിക്കുന്നതാണ് അഭലഷണിയം. സഭയില്‍ ഇതൊന്നും പുത്തരിയല്ല.

വൈദികരുടെ ബാലപീഡനത്തിനിരയായ കുട്ടികള്‍ക്കനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍വേണ്ടി ഗവണ്‍മെന്‍റ്റില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ ന്യുയോര്‍ക് കര്‍ദിനാള്‍ തിമോത്തി ഡോളന്‍ (Cardinal Thimothy Dolan of New York Archdiocese) കോടികള്‍ മുടക്കി വന്‍കിട ലോബി ഫേമിനെ (lobby firm) വാടകക്കെടുത്തിരിക്കയാണ്. ബാലരാതിക്കാരായ പുരോഹിതരെ രക്ഷിക്കാനുള്ള ഈ കര്‍ദിനാളിന്‍റെ ശുഷ്ക്കാന്തി അപാരംതന്നെ.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വെള്ളിക്കാട്ടിന്‍റെ പ്രസ്താവന ഇപ്രകാരമാണ്: “ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മേലധികാരികള്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുന്നതും കുറ്റാരോപിതര്‍ രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് വിധേയരാകുന്നു എന്ന് ഉറപ്പുവരുത്തുന്നതുമാണ്. തെളിവുകള്‍ നശിപ്പിക്കുന്നതിനോ നിയമത്തിന്‍റെ പരിധിയില്‍നിന്ന് കുറ്റാരോപിതര്‍ രക്ഷപെടുന്നതിനോ സഭ കൂട്ടുനില്ക്കുകയില്ല….” ഇത്തരം കള്ളപ്രസ്ഥാവനകള്‍ ഇവര്‍ നൂറുവട്ടം നടത്തിയിട്ടുള്ളവിവരം മാലോകര്‍ക്കറിയാം. കഷ്ടമെന്നല്ലാതെ എന്തുപറയാന്‍!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top