തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് 33.37 ലക്ഷം നഷ്ടപരിഹാരം, തെരുവുനായ്ക്കളേക്കാള്‍ വില മനുഷ്യജീവനെന്ന് സുപ്രീം കോടതി

straydog-23-1471932507ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ കടിയേറ്റ 24 പരാതികളില്‍ 33.37 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. മനുഷ്യനേക്കാള്‍ വലിയ മൗലികാവകാശം നായ്ക്കള്‍ക്കുണ്ടെന്ന് സുപ്രീംകോടതി ഒരിക്കലും പറഞ്ഞിട്ടില്ളെന്നും തെരുവുനായ്ക്കളേക്കാള്‍ വില മനുഷ്യജീവനാണെന്നും കോടതി വ്യക്തമാക്കി.

തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ മതിയായ നടപടി സ്വീകരിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് നഷ്ട പരിഹാരം ഈടാക്കാമെന്ന ഹൈകോടതി വിധി മാനദണ്ഡമാക്കിയാണ് നഷ്ടപരിഹാരത്തിന്‍െറ ബാധ്യത പഞ്ചായത്തുകള്‍ക്ക് മേല്‍ ചുമത്തിയത്. നഷ്ടപരിഹാരം അനുവദിക്കുന്ന തീയതിമുതല്‍ നല്‍കുന്നതുവരെ ഒമ്പത് ശതമാനം വാര്‍ഷിക പലിശയോടെയാണ് നഷ്ടപരിഹാരം. നഷ്ടപരിഹാരത്തിനായുള്ള അവകാശവാദങ്ങളില്‍ അംഗീകരിക്കപ്പെട്ട 24 എണ്ണത്തില്‍ 33.37 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.

തെരുവുനായ് കാരണം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി പി.എസ്. ബിജുവിനാണ് ഏറ്റവും കൂടതല്‍ നഷ്ടപരിഹാരം അനുവദിച്ചത്. ബിജുവിന് ഗ്രാമപഞ്ചായത്ത് 18.5 ലക്ഷം രൂപ നല്‍കണം. സമാനമായ മറ്റൊരപകടത്തില്‍ ഭര്‍ത്താവ് മരിച്ച കൊല്ലം സ്വദേശിനിയായ ഷെമിക്ക് കൊല്ലം കോര്‍പറേഷന്‍ 7,60,000 രൂപയാണ് നല്‍കേണ്ടത്. തെരുവുനായുടെ കടിയേറ്റ തിരുവനന്തപുരം സ്വദേശിനിയായ മൂന്നുവയസ്സുള്ള കുട്ടിക്ക് 81,500 രൂപ തിരുവനന്തപുരം കുളക്കട ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, വളര്‍ത്തുനായുടെ കടിയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച പരാതികള്‍ കമ്മിറ്റി തള്ളി. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നടത്തിയ സിറ്റിങ്ങില്‍ 402 പരാതികള്‍ ലഭിച്ചുവെന്ന് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി ബോധിപ്പിച്ചു.

സംസ്ഥാനത്ത് തെരുവുനായ് ശല്യം വര്‍ധിക്കുന്നുവെന്ന പരാതികള്‍ക്കിടെയും നായ്ക്കളുടെ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ കലക്ടറോ നഷ്ടപരിഹാരത്തിനായുള്ള ഹിയറിങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്ന് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment