Flash News

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പൊലിസ് മേധാവിയെ മാറ്റുമോ എന്ന് സുപ്രീം കോടതി

March 6, 2017

t p senkumar-photo p abhijith ---june 2015

t p senkumar-photo p abhijith —june 2015

ന്യൂഡല്‍ഹി: പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പൊലീസില്‍ ആരെങ്കിലും ബാക്കിയുണ്ടാവുമോയെന്ന് സുപ്രീം കോടതി. ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. വ്യക്തിപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം നടത്തിയിരിക്കുന്നത്. ഇതേക്കുറിച്ചു ഈ മാസം 27നു മുമ്പ് വിശദീകരണം നല്‍കണം.

ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ടാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. ഈ കേസുകളില്‍ വീഴ്ചയുണ്ടായതുകൊണ്ടാണ് സെന്‍കുമാറിനെ നീക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, സെന്‍കുമാറിനെ മാറ്റിയശേഷം കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് ദവെ കോടതിയില്‍ ചോദിച്ചു. സെന്‍കുമാറിനെതിരെ അച്ചടക്ക നടപടിയെടുത്തതല്ല സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.പി. റാവു ചൂണ്ടിക്കാട്ടി. ജിഷ വധക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ട് കേസും കൈകാര്യം ചെയ്യുന്നതില്‍ സെന്‍കുമാറിനു വീഴ്ച സംഭവിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്തരത്തില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പോലീസില്‍ ആരെങ്കിലും ബാക്കിയുണ്ടാകുമോയെന്ന് കോടതി ചോദിച്ചത്.

സംസ്ഥാന സര്‍ക്കാറിനു പുറമെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും കേന്ദ്ര സര്‍ക്കാറിനും നോട്ടീസയച്ചു. കേസ് മാര്‍ച്ച് 27ന് പരിഗണിക്കും.

കേരളത്തിലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ഡിജിപി: ടി.പി. സെൻകുമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ജസ്റ്റിസ് മദൻ ബി. ലൊക്കൂർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിപിഎമ്മിന്റെ പകപോക്കലാണ് സർക്കാരിന്റെ തീരുമാനത്തിനു കാരണമെന്ന് ഹർജിയിൽ സെൻകുമാർ ആരോപിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധം, അരിയിൽ ഷുക്കൂർ വധം, കതിരൂർ മനോജ് വധം എന്നിവയുടെ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചതാണ് തനിക്കെതിരായ പകപോക്കലിന് കാരണമെന്നാണ് സെൻകുമാർ ഹർജിയിൽ ഉയർത്തിയ ആരോപണം.

കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്നും സെൻകുമാർ ആരോപിച്ചിരുന്നു. തന്റെ നടപടി സിപിഎം കേന്ദ്രങ്ങളെ വലിയ തോതിൽ ഭയപ്പെടുത്തിയിരുന്നു. താൻ ഡിജിപി ആയിരുന്നപ്പോൾ കണ്ണൂരിൽ ഒരു കൊലപാതകം മാത്രമാണു നടന്നത്. എന്നാൽ അതിനുശേഷം ഒൻപതു കൊലപാതകങ്ങളാണ് അവിടെ നടന്നത്. സ്ഥലംമാറ്റ കാലാവധി പൂർത്തിയാക്കാത്ത ഒട്ടേറെ പൊലീസുകാരെ പിണറായി വിജയൻ അധികാരമേറ്റശേഷം സ്ഥലം മാറ്റിയിട്ടുണ്ടെന്നും സെൻകുമാർ ആരോപിച്ചു.

അതിനിടെ, ഹർജിയിൽ വാദം നടക്കവെ മുഖ്യമന്ത്രിയെ ഉന്നമിട്ട് സെൻകുമാറിന്റെ അഭിഭാഷകൻ രംഗത്തെത്തി. ജിഷ കൊലക്കേസിന്റെ പേരു പറഞ്ഞാണ് സെൻ കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും സെൻകുമാറിന്റെ അഭിഭാഷകൻ ചോദിച്ചു.

സെൻകുമാർ ബിജെപി ചായ്‍വു കാട്ടുകയാണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ‌ നിയമസഭയിലും പ്രസ്താവന നടത്തിയിരുന്നു. ഡിജിപി സ്ഥാനത്തിനു യോജിക്കുന്ന രീതിയിലല്ല ടി.പി.സെൻകുമാറിന്റെ പ്രവർത്തനമെന്നായിരുന്നു പിണറായിയുടെ പരാമർശം. അദ്ദേഹം സർക്കാരിനെ ആക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു തുനിയുന്നതു മനസ്സിലാക്കാം. എന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനാണു രാഷ്ട്രീയം കളിക്കുന്നത്. സെൻകുമാർ പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി സൂചന നൽകിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top