Flash News

അധാര്‍മ്മികരുടെ സ്വന്തം നാട്

March 7, 2017

adharmikarude sizeഉന്നതങ്ങളില്‍ പിടിപാടും രാഷ്ട്രനേതാക്കളുമായിട്ടും പാര്‍ട്ടികളുമായിട്ടും അടുപ്പവും പ്രമുഖരുമായി മാഫിയ ബന്ധവുമുണ്ടെങ്കില്‍ ഏത് കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെടാതെ രക്ഷപെടാന്‍ കഴിയുന്ന ഒരു സ്ഥലം ഏതെന്നു ചോദിച്ചാല്‍ അതില്‍ ആദ്യത്തെ ഉത്തരം ദൈവത്തിന്‍റെ സ്വന്തം നാടെന്ന് നാം ഊറ്റംകൊള്ളുന്ന കേരളമായിരിക്കും. ആര്‍ക്കും ആരേയും കൊല്ലാം ആരോടും പ്രതികാരം ചെയ്യാം പീഡിപ്പിക്കാം പേടിപ്പിക്കാം. ആദ്യം ഒരു ബഹളം മാധ്യമങ്ങളില്‍ അവിടെയും ഇവിടെയും തൊടാതെ വായനക്കാരില്‍ സംശയം സൃഷ്ടിപ്പിക്കുന്ന വാര്‍ത്തകള്‍, ചാനലുകളില്‍ ചൂടന്‍ ചര്‍ച്ചകള്‍. പോലീസിന്‍റെ ബാറ്റണ്‍ബോസിന്‍റെ കുറ്റാന്വേഷണ കഥയിലെപ്പോലെ കാതടപ്പിച്ചുകൊണ്ടുള്ള ഒരന്വേഷണം. പ്രതിയെ പിടിച്ചു പിടിച്ചില്ലായെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍. അങ്ങനെ രണ്ടു മൂന്ന് ആഴ്ചക്കാലം ഒരു ബ ഹളം. എല്ലാത്തിനു മൊടുവില്‍ വീടും കൂടുമില്ലാതെ തെരുവില്‍ കിടന്നുറങ്ങുന്നവന്‍റെ കയ്യില്‍ ഒരു കൈയ്യാമം. അവനേയും കൊണ്ട് കോടതിയിലേക്ക് ഒരു കെട്ടിയെഴുന്നള്ളിപ്പ്. അതോടെ കേസും തീര്‍ന്നു ബഹളവുമവസാനിച്ചു. അങ്ങനെയാണ് കേരളത്തിലിപ്പോള്‍ ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ കുറ്റം ചെയതാലുള്ള സ്ഥിതി.

കേരളത്തില്‍ ബംഗാളികള്‍ മലയാളികളെക്കാള്‍ കൂടുതലുള്ളപ്പോള്‍ പ്രതികളെ കണ്ടുപിടിക്കാന്‍ യാതൊരു പ്രയാസവുമില്ല. കേരളത്തിലുള്ള ഏതെങ്കിലുമൊരു ബംഗാളിയുടെ തലയില്‍ എല്ലാ കുറ്റവും വച്ച് പൊലീസ് അവരുടെ ഭാഗം കൃത്യമായും ഭംഗിയുമാക്കുന്ന കാഴ്ചയാണ് ഈ അടുത്ത സമയത്ത് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ബംഗാളികളെക്കൊണ്ട് മലയാളികള്‍ക്ക് മറ്റൊരു പ്രയോജനവും കൂടിയുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിരിക്കുന്നു. മലയാളമറിയാത്തതുകൊണ്ട് ചാനലുകാരുടേയും കോടതിയുടേയും മുന്‍പാകെ വായ് തുറക്കുകയുമില്ല. കക്ഷത്തിലേത് അവിടെയിരിക്കുകയും ചെയ്യും ഉത്തരത്തിലേത് എടുക്കുകയും ചെയ്യാന്‍ കഴിയും ബംഗാളിയെ പ്രതിയാക്കിയാല്‍.

ജിഷ മുതല്‍ പല കോളിളക്കം സൃഷ്ടിച്ച കേസ്സുകളും ശക്തരും കര്‍ക്കശക്കാരായ പോലീസുദ്യോഗസ്ഥരും അന്വേഷിച്ചിട്ടും ഒരു ബംഗാളിയില്‍ എത്തി അവസാനിക്കാറാണ് കേരളത്തിലെ സ്ഥിതി. ബംഗാളിയെക്കാള്‍ ബുദ്ധിയും പണവും പിടിപാടുമുള്ള മലയാളി കുറ്റം ചെയ്തിട്ട് പണമെറിഞ്ഞും ഉന്നതങ്ങളില്‍ പിടിപാടുപയോഗിച്ച് നിയമത്തിന്‍റെയും നീതി പീഠത്തിന്‍റെയും പിടിയില്‍പ്പെടാതെ രക്ഷപെടുകയും പകല്‍ മാന്യന്മാരായി അരങ്ങു തകര്‍ത്തു ജീവിക്കുകയുമാണ്. ഒരു വെടിക്ക് പല പക്ഷികളെയാണ് ഈ ബുദ്ധിമാന്മാരായ മലയാളി വീഴ്ത്തുന്നത്.

ക്വട്ടേഷനും മാഫിയാക്കാരും ഇരട്ടകളെപ്പോലെ കേരളത്തില്‍ അഴിഞ്ഞാടുമ്പോള്‍ രാഷ്ട്രീയ ഗുണ്ടകള്‍ എതിരാളികളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടിരിക്കുന്നുയെന്നതാണ് സത്യം. ഇതിലെല്ലാം പ്രതികള്‍ മിക്കപ്പോഴും ഒരേയാള്‍ക്കാര്‍ തന്നെയായിരിക്കും. ക്വട്ടേഷനു പോകുമ്പോള്‍ ഗുണ്ടകളെപ്പോലെ വേഷം ധരിച്ചു. രാഷ്ട്രീയ കൊലപാതകത്തിനു പോകുമ്പോള്‍ പാര്‍ട്ടികളുടെ രീതിക്കനുസരിച്ചുമാണെന്ന വ്യത്യാസമെയുള്ളു. പക്ഷെ ഇവരെ വളര്‍ത്തുന്നതും വലുതാക്കുന്നതും സംരക്ഷിക്കുന്നതും രാഷ്ട്രീയ ഉദ്യോഗസ്ഥ പോലീസ് കൂട്ടുകെട്ടും. ഇപ്പോള്‍ സിനിമക്കാരും കൂടിയിട്ടുണ്ട്. അള്‍സേഷന്‍ നായ്ക്കളെ വളര്‍ത്തുന്നതുപോലെ ആവശ്യത്തിനുള്ള മാംസ കഷണങ്ങള്‍ കൊടുത്തുകൊണ്ട് ഈ കൂട്ടുകെട്ട് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യിപ്പിക്കുന്നു. പ്രതികാരം ചെയ്യാനും കുടിപ്പകതീര്‍ക്കാനും അധോലോക സാമ്രാജ്യം കെട്ടിപ്പടുക്കാനും കിരീടമില്ലാത്ത രാജാക്കന്മാരായി വാഴാനും ഇത് ചെയ്യിപ്പിക്കുമ്പോള്‍ ശാന്തസുന്ദരമായതും ശാന്തിയും സമാധാനവും വിളയാടിയിരുന്നതുമായ കേരളം മയക്കുമരുന്നിന്‍റെയും ഗുണ്ടകളുടേയും ക്വട്ടേഷന്‍ സംഘത്തിന്‍റെയും അക്രമികളുടേയും മാഫിയാക്കാരുടേയും നാടായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് കൊച്ചി. ഇക്കാര്യ ത്തില്‍ മുംബൈയായിരുന്നു മുന്‍പില്‍. മുംബൈയെ ഇന്ത്യയുടെ വ്യാവസായിക തല സ്ഥാനമെന്ന് വിശേഷിപ്പിക്കു ന്നതോടൊപ്പം ഈ കാര്യത്തിന്‍റെയൊക്കെ തലസ്ഥാനമായും വിശേഷിപ്പിച്ചിരുന്നെങ്കില്‍ അത് മാറ്റി കൊച്ചിയെ വിശേഷിപ്പിക്കുന്ന കാലം അകലെയല്ല. മുംബൈയെപ്പോലെ ഒരു ചുവന്ന തെരുവു കൂടിയായാല്‍ കൊച്ചി മുംബൈയുടെ വല്യേട്ടനാകും.

കൊച്ചിയിലും മറ്റ് പ്രധാന നഗരങ്ങളിലും സൂര്യനസ്തമിച്ചാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ആയിത്തീര്‍ന്നുയെന്നതാണ് സത്യം. അത്ര കണ്ട് കാമഭ്രാന്തന്മാരുടെ നാടായി മാറിയിരിക്കുന്നു നമ്മുടെ നഗരങ്ങള്‍. അവിടെ ആറുവയസ്സുകാരിക്കും അറു പതുവയസ്സുകാരിക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. സാധാരണക്കാരും സെലിബ്രിറ്റികളും ഇവരുടെ ഇരയാകും. അത്രകണ്ട് അധ:പതിപ്പിച്ചു ഇവരെല്ലാവരും കൂടി നമ്മുടെ നാടിനെയെന്നു പറയാതെ വയ്യ.

ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഭരണകൂടവും നിയമപാലകരും മാവിലായിക്കാരനായി ഞാനിവിടുത്തു കാരനല്ലെന്ന് പറഞ്ഞ് തടിതപ്പുന്നതാണ് ഏറെ രസകരം. അധോലോക തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇതൊക്കെ അ ടിച്ചമര്‍ത്താന്‍ മുംബൈ പൊലീസിലുണ്ടായിരുന്നതുപോലെ ഒരു രബിറെയെങ്കിലുമുണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു. മുംബൈ തെരുവുകള്‍ അധോലോകങ്ങള്‍ രാഷ്ട്രീയ ഭരണ അവിശുദ്ധ കൂട്ടുകെട്ടുകളുടെ പിന്‍ബലത്തില്‍ അടക്കി വാഴുകയും ചെയ്യുക മാത്രമല്ല. സാമ്രാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ആയുധവുമായി തെരുവില്‍ പോരും പോര്‍വിളികളും നടത്തുകയുണ്ടായി. പരസ്പരം പക തീര്‍ത്തപ്പോള്‍ മുംബൈ തെരുവീഥികള്‍ ചോരക്കളമായി. നിരപരാധികള്‍പോലും അതിനിരയായ പ്പോള്‍ ഭരണകൂടം രബിറെയെന്ന കരുത്തനായ പോലീസ് ഓഫീസറെ മുംബൈ പോലീസ് കമ്മീഷണറാക്കി. രാഷ്ട്രീയ ഭരണ നേതൃത്വനിര്‍ദ്ദേശങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് അധോലോകങ്ങളെ അടിച്ചമര്‍ത്താന്‍ രബിറെയ്ക്ക് അന്ന് കഴിഞ്ഞു. രബിറെയെന്നു കേട്ടാല്‍ അധോലോകങ്ങള്‍ വിറച്ചിരുന്നു അന്ന്.

കേരളത്തിന്‍റെ നഗരങ്ങളിലും രബിറെമാരുണ്ടാകണം. ചങ്കൂറ്റത്തോടെ മുഖം നോക്കാതെ കുറ്റവാളികള്‍ ക്കെതിരെ നടപടിയെടുത്താല്‍ ഇതൊക്കെ അടിച്ചമര്‍ത്താന്‍ കഴിയാവുന്നതേയുള്ളു. കൊന്നും കൊല്ലിച്ചും കേരളത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയ നക്സലിസ്സം ഉള്‍പ്പെടെ എത്രയോ പ്രശ്നങ്ങള്‍ കേരളാ പോലീസ് അടിച്ചമര്‍ത്തിയിട്ടുണ്ട്. വേണ മെന്നു വെച്ചാല്‍ ഇതൊക്കെ അടിച്ചമര്‍ത്താന്‍ കഴിയുന്നതെയുള്ളു. മനസ്സുവയ്ക്കണമെന്നു മാത്രം. മുകളില്‍ നിന്നുള്ള ഉത്തരവും ഉന്നതങ്ങ ളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കാരണം പലപ്പോഴും പോലീസിനു മേല്‍ കൂച്ചുവിലങ്ങിടാറുണ്ട്. എന്നാല്‍ അത് മാറിയെ മതിയാകൂ. ഇല്ലെങ്കില്‍ അക്രമികളുടേയും അഴിഞ്ഞാട്ടക്കാരുടേയും ഈറ്റില്ലമായി കേരളം മാറും. നടി യെ ആക്രമിച്ച പള്‍സര്‍സുനിയെ കോടതിക്കുള്ളില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകാന്‍ കേരളാ പോലീസ് കാണിച്ച ആ ചങ്കൂറ്റമാണ് ഇന്നു വേണ്ടത്. അത്തരം ചങ്കൂറ്റം കാണിക്കാന്‍ കേരള പോലീ സില്‍ ഉദ്യോഗസ്ഥരുണ്ടെന്നത് അഭിമാനവും ആശ്വാസവുമായ കാര്യമാണ്.

പള്‍സര്‍ സുനിയെ അറസ്റ്റു ചെയ്തതില്‍ കേരളാ പോലീസ് അഭിനന്ദനമര്‍ഹിക്കുന്നുയെങ്കിലും അതില്‍ ഉത്തരവാദികളായവര്‍ ആരെ ക്കെയായാലും അവരെയൊക്കെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങി ക്കൊടുത്തെങ്കില്‍ മാത്രമെ അവരുടെ തൊപ്പിയില്‍ പൊ ന്‍തൂവല്‍ ചാര്‍ത്താന്‍ കഴിയൂ. മുഖം രക്ഷിക്കാന്‍ ഒരു അറസ്റ്റ് എന്ന രീതിയിലാണ് ഈ കേസ് പോകുന്നതെങ്കില്‍ വെളുക്കാന്‍ തേച്ചത് പാ ണ്ടായിത്തീരും.

നടിയെ ആക്രമിച്ചതിന്‍റെ പിന്നിലെ ലക്ഷ്യമെന്തെന്നതിനേക്കാള്‍ ചിന്തിപ്പിക്കുന്ന മറ്റൊരു വസ്തുത കേരളത്തിന്‍റെ സുരക്ഷിതത്വമി ല്ലായ്മയാണ്. സിനിമയിലെ കുടിപ്പകയോ പ്രതികാരമോയെന്നതല്ല ഇവിടെ പ്രതിപാദ്യമായ വിഷയം. ഒരു സെലി ബ്രിറ്റിയെപ്പോലും പീഡിപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും വരെ ഇവിടുത്തെ ക്രിമിനലുകള്‍ക്ക് ധൈര്യമുണ്ടാകുന്നുയെന്നതാണ്. ഒരു നടിയെ തട്ടിക്കൊണ്ടുപോയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ എന്താണെന്ന് അവര്‍ക്ക് നന്നായറിയാം. സാധാരണക്കാരെ പീഡിപ്പിച്ചാല്‍ ആരും ചോദിക്കാനില്ലാത്ത നാട്ടില്‍ പ്രശസ്തയായ ഒരു നടിയെ പീഡിപ്പിച്ചാല്‍ അവര്‍ക്കുവേണ്ടി പലരും രംഗത്തു വരും. പ്രത്യേകിച്ച് സിനിമാനടിയാകുമ്പോള്‍. അത് വിവാദവും വളരെയേറെ ഒച്ചപ്പാടുകളും ഉണ്ടാക്കും. ഉന്നതര്‍ അതില്‍ ഇടപെടും. അന്വേഷണം അതു കൊണ്ടു തന്നെ ഊര്‍ജ്ജിതപ്പെടും. തങ്ങള്‍ പിടിയിലാകും ഇത്തരം കാര്യങ്ങള്‍ എല്ലാം ബോദ്ധ്യമുള്ളവരാണല്ലോ ഇതിലെ കുറ്റവാളികള്‍. ഈ ഭവിഷ്യത്തുക്കളെയെല്ലാം മറികടക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് അവര്‍ ചിന്തിച്ച തുകൊണ്ടാണല്ലോ അവര്‍ ഈ കൃത്യത്തിന് മുതിര്‍ന്നത്. അവര്‍ അങ്ങനെ ചിന്തിക്കാന്‍ കാരണം അവര്‍ക്കതിന് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ ശക്തരായവര്‍ പിന്നിലുണ്ടെന്നതാണോ. അവര്‍ അധികാരത്തിലുള്ളവരെയും മറ്റും സ്വാധീനിക്കാന്‍ കഴിയുന്നവരായിരിക്കും. അവരെയാണ് പോലീസ് നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടത്.

അണിയറയിലിരുന്ന് ചരടു വലിക്കുന്ന മാന്യതയുടെ മുഖം മൂടിയണിഞ്ഞ അവരുടെ മുഖംമൂടി ഊരി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനു കഴിഞ്ഞാല്‍ മാത്രമെ നാട്ടില്‍ നീതിയും നിയമവും നടക്കൂ. കൊടും കുറ്റവാളികളെ ഇറക്കിവിട്ട് തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ ഇവര്‍ക്ക് ധൈര്യം നല്‍കുന്നത് നീതിയേയും നിയമത്തേയും പേടിയില്ലാത്തതു മാത്രമല്ല തങ്ങള്‍ പിടിക്കപ്പെടില്ലെന്ന ബോദ്ധ്യമുള്ളതുകൊണ്ടുമാണ്. ഈ കുറ്റവാളികളുടെ റിമോട്ട് കണ്‍ട്രോള്‍ ഇവരുടെ കൈകളിലാണെന്ന്. രാഷ്ട്രീയ ത്തിലും സിനിമ മേഖലയിലും ഇത്തരത്തില്‍ റിമോട്ട് കണ്‍ട്രോളുമായി നടക്കുന്നവരുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം. ഒരു സുനിപോയാല്‍ പത്തു സുനിമാരെ അവര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ ഒരു പ്രമുഖന്‍ അകത്തായാല്‍ മറ്റു പ്രമുഖര്‍ താനെ പത്തി മടക്കും. പ്രമുഖര്‍ എന്ന പേരിലാണല്ലോ ഇവരെല്ലാം അറിയപ്പെടുന്നത്. ആരായാലും ഏത് കേസ്സായാലും അതില്‍ ഒരു കുറ്റവാളി മാത്രമല്ല ഒരു പ്രമുഖന്‍ കൂടി ഉള്‍പ്പെട്ടിരിക്കും. കുറ്റവാളിയെ അറസ്റ്റു ചെയ്യുമ്പോള്‍ പ്രമുഖന്‍ രക്ഷപ്പെടും. അയാള്‍ മറ്റൊരാളെ തന്‍റെദൗത്യം ഏല്‍പ്പിക്കും അതാണ് കേരളത്തിലിപ്പോള്‍ നടക്കുന്നത്. അതുണ്ടാകരുത്. പ്രമുഖനേയും അകത്താക്കുകതന്നെവേണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top