കലാഭവന്‍ മണിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു; ആശുപത്രിയിലും നിരാഹാരം

rlvചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിച്ച സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ചാലക്കുടി താലൂക്ക് ആശുപത്രിയിലും രാമകൃഷ്ണന്‍ നിരാഹാരം തുടരുകയാണ്. പൊലീസ് ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇത് ചെവിക്കൊള്ളാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമരം സഹോദരി ശാന്തയും, മകന്‍ രഞ്ജിത്തും ഏറ്റെടുത്തു. അറസ്റ്റ് ചെയ്ത് മാറ്റാനുള്ള എസ്.ഐ ജയേഷ് ബാലന്റെ ശ്രമം വീട്ടുകാരും ആരാധകരും ചേര്‍ന്ന് തടഞ്ഞത് ബഹളത്തിന് കാരണമായി. ഒരു കാരണവശാലും രാമകൃഷ്ണനെ വിട്ടു തരില്ലെന്ന് വീട്ടുകാര്‍ വാശിപിടിച്ചതോടെ പോലിസ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീട്ടൂകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രാമകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമ്മതിച്ചത്. പോലീസിനും, എംഎല്‍എ, എം.പി. അടക്കമുള്ള ജനപ്രതിനിധികള്‍ക്കെതിരെയും രൂക്ഷമായ മുദ്രവാക്യമാണ് വീട്ടുകാര്‍ വിളിച്ചിരുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ തങ്ങളുടെ കുടുംബത്തെയും മണിയേയും പാര്‍ട്ടി അവഗണിക്കുകയാണെന്ന് സഹോദരി ശാന്ത പറഞ്ഞു. നീതിക്കായി തങ്ങള്‍ നടത്തുന്ന സമരം പൊളിക്കുവാനാണ് പാര്‍ട്ടി ശ്രമിച്ചെതെന്നും കുടുംബക്കാര്‍ ആരോപിച്ചു. ജനപ്രതിനിധികളോ, പാര്‍ട്ടി നേതാക്കളോ ഇതുവരെ സമര പന്തലിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും ഇവര്‍ പറയുന്നു. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ഇവര്‍ പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്യ ദ്രാവിഡ പറയ സഭ താലൂക്ക് സെക്രട്ടറി കാര്‍വര്‍ണ്ണനും നിരാഹാരം അനുഷ്ഠിച്ചു.

Print Friendly, PDF & Email

Related News

Leave a Comment