- Malayalam Daily News - https://www.malayalamdailynews.com -

ചവുട്ടി മെതിച്ചിട്ടും കിളിര്‍ക്കുന്ന പുല്ലുകള്‍ (നിരൂപണം)

Untitledഅമേരിക്കന്‍ മലയാളിയായ എഴുത്തുകാരി സരോജ വര്‍ഗ്ഗീസിന്റെ പ്രഥമനോവലാണ് മിനിക്കുട്ടിയെന്ന സൂസമ്മ. ഇനിയും പുസ്തകരൂപത്തിലാക്കിയിട്ടില്ലാത്ത ഈ നോവല്‍ അമേരിക്കയില്‍ നിന്നുള്ളമലയാള പ്രസിദ്ധീകരണം ഇ-മലയാളി ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നു. ദുരൂഹതകളില്ലാതെ, സങ്കീര്‍ണ്ണതകളില്ലാതെ, സാഹസികതകളില്ലാതെ, വളരെ ലളിതമായ ഒരു കഥാഖ്യാനരീതിയാണു ശ്രീമതി സരോജ സ്വീകരിച്ചിരിക്കുന്നത്. പ്രമേയങ്ങളില്‍ പുതുമകൊണ്ടുവരാനും രചനയില്‍ പരീക്ഷണങ്ങള്‍ നടത്താനൊന്നും അവര്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ആഖ്യാനത്തിലും വിവരണങ്ങളിലും മിതത്വം പാലിച്ചുകൊണ്ട് അതിഭാവുകത്വം തീരെ കടന്നുവരാത്തവിധമാണ് രചന. അവിശ്വസനീയത പകരുന്ന സന്ദര്‍ഭങ്ങള്‍ വിവരിക്കുമ്പോഴും ആകസ്മികമായ സംഭവങ്ങള്‍ ജീവിതത്തിലും ഉണ്ടാകമല്ലോ എന്ന യുക്തിയില്‍ നോവലിസ്റ്റ് ന്യായം കാണുന്നു. ഒരു പരിധിവരെ അത് ശരിയാണ്.

സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്ന കഥയാണിതില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ദാരിദ്ര്യമാണ് ആ ചൂഷണത്തെ സഹായിക്കുന്ന ഘടകവും. ഒരു നാട്ടിന്‍പുറത്തുകാരിയായ നഴ്‌സിന്റെ കഥ ആരംഭിക്കുന്നതിനു മുമ്പ്തന്നെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന മാതാപിതാക്കളുടെ ഒരു ചിത്രം നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. അതുകൊണ്ട് ഇതില്‍ ഒരു മുതലാളിയുണ്ട്, അയാള്‍ക്ക് ദരിദ്രരായ സൂസമ്മയുടെ കുടുമ്പത്തിനെ സഹായിക്കാന്‍ മനസ്സുണ്ട്. എന്നാല്‍ മുതലാളി പരസ്പരസഹായത്തില്‍ വിശ്വസിക്കുന്നവനാണ്. വെറുതെ തന്റെ പണം അവര്‍ക്ക് കൊടുക്കാന്‍ അയാള്‍ക്ക് മനസ്സില്ല. സൂസമ്മയുടേയും അമ്മയുടേയും മനസ്സില്‍ അയാള്‍ക്ക് ഒരിടം വേണം. അയാള്‍ ആ ആശ സൂസമ്മയുടെ അടുത്ത് പ്രകടിപ്പില്ലെങ്കിലും സദാചാരനിഷ്ഠതയോടെ അവള്‍ അതിനെ ചെറുത്തുനിന്നു. ഫലമോ കുടുംബം കുടിയൊഴിക്കപ്പെട്ടു. പാവപ്പെട്ട സ്ത്രീയുടെ കന്യകാത്വത്തിനും ചാരിത്ര്യത്തിനും പണമുള്ളവര്‍ വില കല്‍പ്പിക്കുന്നില്ലെന്ന സത്യം ഇവിടെ മറനീക്കപ്പെടുന്നു. സ്ത്രീ വഴങ്ങിയാലും അവളെ ബലമായി വശപ്പെടുത്തിയാലും സമൂഹം അവരെ ക്രൂശിക്കും. ഇതു വളരെ പുരാതനമായ ഒരു സത്യം. എഴുത്തുകാര്‍ ഈ സത്യം ഒത്തിരി നുണകള്‍ കൂട്ടി എത്രയോ എഴുതിയിരിക്കുന്നു. ശ്രീമതി സരോജക്ക് നുണ കലര്‍ത്തുന്നതില്‍ പ്രിയമില്ല. അവര്‍ യാഥര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു. സാഹചര്യങ്ങള്‍ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന ഒന്നാം രംഗത്തില്‍ അതായത് മുതലാളിയുടെ ഇംഗിതത്തിനു വഴങ്ങാത്തതിന്റെ പേരില്‍ കുടിയൊഴിക്കപ്പെട്ടപ്പോള്‍ ഒരു വൈദികന്‍ അവര്‍ക്ക് രക്ഷയായി എത്തുന്നു. സന്മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ദൈവം കാവല്‍ നില്‍ക്കുന്നു എന്ന സന്ദേശം നോവലിസ്റ്റ് ഇവിടെ തരുന്നു.

ഈ കഥ നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന ഒരു സൂചന നമുക്ക് കിട്ടുന്നുണ്ട്. മലയാളി സമൂഹം എപ്പോഴും ക്രൂശിച്ചിട്ടുള്ള നേഴ്‌സ് എന്ന ജോലിയില്‍ സൂസ്സമ്മയെ നോവലിസ്റ്റ് പ്രവേശിപ്പിക്കുന്നു. ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയും പരിശുദ്ധിയുമുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടിയില്‍ നഗരം കാമക്കണ്ണുകള്‍ ഉടക്കുന്നതും അവളെ റാഞ്ചാന്‍ തക്കം നോക്കുകയും ചെയ്യുന്നുന്നതിന്റെ നേരിയ സൂചന സൂസമ്മയുടെ കൂട്ടുകാരിയുടെ ബന്ധുവിന്റെ സംസാരങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സൂസമ്മ അതറിയുന്നില്ല. അവള്‍ കാപട്യമറിയാത്ത ഒരു വെള്ളരിപ്രാവ്. തന്നെയറിയുന്ന താന്‍ അറിയുന്ന ഒരളെ എന്തിനു സംശയിക്കണം. തന്നില്‍ വിശ്വാസമര്‍പ്പിച്ച ഇരയെ റാഞ്ചാന്‍ അയാള്‍ക്കും എളുപ്പമായിരുന്നു. റാഞ്ചലില്‍ സൂസമ്മയുടെ വിലപ്പെട്ടതൊക്കെ നഷ്ടപ്പെട്ടു. സാഹചര്യങ്ങള്‍ അവസരത്തെ ചൂഷണം ചെയ്യുകയാണു രണ്ടാം രംഗത്തില്‍. ഇവിടെ പെണ്‍കുട്ടിക്ക് എല്ലാം നഷ്ടപ്പെടുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടുന്നില്ല. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് എന്തൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും പതറരുതെന്ന ഒരു താക്കീതാണു പെണ്‍കുട്ടിക്ക് ഇത്രവലിയ ഒരു ശിക്ഷകൊടുത്ത്‌ കൊണ്ട് നോവലിസ്റ്റ് പറയുന്നത്. കൂട്ടുകാരിയുടെ ബന്ധുവാണെങ്കിലും തന്നോട് ഒരു അങ്കിളിനെപോലെ പെരുമാറുന്നെങ്കിലും അയാളെ വിശ്വസിക്കരുതായിരുന്നു. എന്നാല്‍ ദൈവം കരുണാമയനാണെന്ന് ദൈവഭക്തയായ എഴുത്തുകാരി തുടര്‍ന്നുള്ള കഥകളിലൂടെ വെളിപ്പെടുത്തുന്നു.

എന്തുചെയ്യണമെന്നറിയാതെ അവള്‍ വിശാലമായ ലോകത്തേക്ക് നടക്കുന്നു. ഈ രംഗം വളരെ വികാരഭരിതമാകേണ്ടതാണെങ്കിലും എഴുത്തുകാരി ദ്രുതഗതിയിലുള്ള ഒരു ആഖ്യാനമാണ് സ്വീകരിച്ചിട്ടുള്ളത്. സൂസമ്മയുടെ ഗ്രാമവും അവിടത്തെ സ്‌നേഹപൂര്‍ണ്ണമായ ജീവിതവും വിവരിച്ചതില്‍ നിന്നും സൂസമ്മയുടെ നിസ്സഹയാവസ്ഥയില്‍ വായനക്കാരന്‍ പരിതപിക്കുമെങ്കിലും നോവലിസ്റ്റ് അശരണയായ സൂസമ്മയെപ്പറ്റി അധികം പറയുന്നില്ല. എന്നാല്‍ പെട്ടിയുമെടുത്ത് നടക്കുന്ന സൂസമ്മ വഴിയില്‍ കണ്ട ഒരു കാറില്‍ കയറുന്നത് അവിശ്വസനീയമായി തോന്നാം. ഇനിയെന്തു വരാന്‍ എന്ന ചിന്താഗതിയാണോ വിളിക്കുന്നവര്‍ തന്നെ രക്ഷിക്കുമെന്ന വിശ്വാസം ആണോ?

വിശ്വാസവഞ്ചനക്കിരയായ സൂസമ്മ എങ്ങനെ അപരിചതരെ വിശ്വസിക്കും? പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പൊഴും ശുഭാപ്തിവിശ്വാസം കൈവിടരുതെന്നു നോവലിസ്റ്റ് നായികയെ ഉപദേശിക്കയാകാം. എന്നാല്‍ ഈ പരീക്ഷണം സുരക്ഷ നല്‍കുന്നെങ്കിലും അതിലും ഒരു കച്ചവടക്കണ്ണുണ്ടെന്ന് നമ്മള്‍ കാണുന്നു. ഓരൊ തവണ ചവുട്ടിമെതിക്കപ്പെടുമ്പോഴും ജീവിതം തളിര്‍ക്കാന്‍ മോഹിക്കുന്നു. സാധുവായ ഒരു ഗ്രാമീണ പെണ്‍കുട്ടിയില്‍ സ്വപ്നങ്ങള്‍ ഉണരുന്നത് സ്വാഭാവികം. ഇവിടെ അവളുടെ നിസ്സഹായത സാഹചര്യത്തിനു വഴങ്ങികൊടുക്കുന്നു. അവളുടെ ജീവിതത്തിലെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം. അപക്വയായ ഒരു പെണ്‍കുട്ടിയുടെ തീരുമാനങ്ങള്‍ അവള്‍ക്ക് ഗുണകരമാക്കികൊണ്ട് ദൈവം അവളെ തുണക്കുന്നു. പേരിനും പെരുമക്കും ആരോഗ്യത്തിനുപോലും ഹാനികരമാണെന്നറിഞ്ഞിട്ടും സൂസമ്മ കാറിലുണ്ടായിരുന്ന അപരിചിതരായ ദമ്പതികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറാകുന്നത് തനിക്കു വീണ്ടും ഒരു നല്ല ജീവിതം കിട്ടുമെന്ന ആശയിലാണ്. ചവുട്ടിമെതിച്ചിട്ടും വീണ്ടും കിളിര്‍ക്കുന്ന പുല്ലുപോലെ ഒരു സാധാരണ നാട്ടുമ്പുറത്തുകാരിക്ക് ഒടുവില്‍ അവളുടെ ജീവിതം പടുത്തുയര്‍ത്താനുള്ള ഒരു അത്താണി കിട്ടി. അവള്‍ അതിലൂടെ ജീവിതം തുടരാന്‍ പ്രാപ്തയായി.

പരീക്ഷണങ്ങളുടെ മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ ജീവിത കഥ. ദൈവമെന്ന സ്‌നേഹത്തിന്റെ ഒരു വിളക്ക് അണക്കാതെ അവള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. പ്രയാസങ്ങളിലും, പരീക്ഷണങ്ങളിലും അതിന്റെ തിരിനാളം ഇളകി വെളിച്ചം കുറച്ചുവെങ്കിലും പിന്നെയവള്‍ക്ക് അതില്‍നിന്നും പ്രകാശത്തിന്റെ മുഴുവന്‍ ശോഭയും കിട്ടി. കഥ ശുഭപര്യാന്തിയായി നോവലിസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നു.

നോവലിന്റെ ചേരുവകള്‍ ചേരുംപടി ചേര്‍ത്തിട്ടുണ്ടെങ്കിലും, പ്രതിദിനം നോവല്‍ രചനയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ മാര്‍ഗ്ഗ ദര്‍ശമാക്കാന്‍ നോവലിസ്റ്റ് മുതിരുന്നില്ല. അല്ലെങ്കില്‍തന്നെ പുരാതനമാണൊ, ആധുനികമാണോ, ഇതുരണ്ടുമല്ലാത്തതാണോ ശരിയായ നോവല്‍രചന രീതിയെന്നു ആര്‍ക്കും തീരുമാനിക്കാന്‍ കഴിയില്ലല്ലോ. കുറച്ചുപേര്‍ കുറച്ചു പേര്‍ക്ക് ഇഷ്ടമുള്ള രചന നിര്‍വ്വഹിക്കുന്നു. പൊതുജനം ആ ഒഴുക്കില്‍ ഒഴുകി പോകുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റേതായ ശൈലി സ്വീകരിക്കാന്‍ ഒരു എഴുത്തുകാരനോ എഴുത്തുകാരിക്കോ സ്വാതന്ത്ര്യമുണ്ട്.

എഴുത്തുകാരിക്ക് എല്ലാഭാവുകങ്ങളും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]