കൊച്ചി: ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം സാമൂഹ്യവത്കരിക്കുകയും ചെയ്യുന്ന സമീപനം മാറിയേ പറ്റൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസനമെന്നത് സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ഒന്നാണെന്ന കാഴ്ചപ്പാട് മാറി തുടങ്ങിയിട്ടുണ്ട്.
പൊതുജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പദ്ധതികള്‍ നടപ്പാക്കിയാല്‍ വന്‍ വിജയമാകുമെന്നതിന്െറ ഉത്തമദൃഷ്ടാന്തമാണ് സിയാല്‍. ഇത്തരം പദ്ധതികളുടെ തലപ്പത്തിരിക്കുന്നവര്‍ അര്‍പ്പണബോധവും കാര്യശേഷിയുമുള്ളവരും അഴിമതിരഹിതരുമാകണം. എങ്കില്‍ മാത്രമേ പദ്ധതി വിജയകരമാകുകയുള്ളൂ. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.
സംസ്ഥാനത്ത് മാത്രമല്ല, ഈ കാഴ്ച്ചപ്പാട് ലോകത്താകമാനം ഉണ്ട്. രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് സിയാല്‍ കൈവരിച്ചിട്ടുള്ളത്. ആഗോള താപന ഉച്ചകോടിയില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത് സിയാലിന്റെ സൗരോര്‍ജ്ജ വൈദ്യുതി വിഷയമാണ്.
സിയാല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഒട്ടനവധി പ്രതിസന്ധികളും ക്ലേശങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സഹിച്ചും അര്‍പ്പണ മനോഭാവത്തോടെയുമാണ് വി ജെ കുര്യന്റെ നേതൃത്വത്തിലുള്ള ടീം സിയാലിനെ വളര്‍ത്തിയത്. വി ജെ കുര്യന്റെ മികവാര്‍ന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചിട്ടും സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിലനിര്‍ത്താന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷം കൂടി കുര്യന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിന് താരതമ്യേന ചെലവ് കുറവാണെങ്കിലും അന്താരാഷ്ട്ര നിലവാരത്തില്‍ കുറവുണ്ടായില്ലെന്നതും പ്രത്യേകതയാണ്. ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം സാമൂഹ്യവത്കരിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ലാഭം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും സിയാല്‍ തയ്യാറായി. വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിക്കായി 126 കോടിയാണ് ചെലവഴിക്കുന്നത്. എറണാകുളം മെഡിക്കല്‍ കോളജിന് പത്ത് കോടിയും സംസ്ഥാന ശുചിത്വ മിഷന് നാല് കോടിയും നല്കി.
സിയാല്‍ മാതൃകയില്‍ ആറ് മാസത്തിനകം കണ്ണൂര്‍ വിമാനത്താവളം കൂടി പ്രവര്‍ത്തന സജ്ജമാകുകയാണ്. കേരളം പോലൊരു ചെറിയ സംസ്ഥാനത്താണ് നന്നായി പ്രവര്‍ത്തിക്കുന്ന മൂന്ന് വിമാനത്താവളങ്ങളാണുള്ളത്. ശബരിമലയില്‍ വിമാനത്താവളത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തെ സംബന്ധിച്ചുള്ള പഠനം നടക്കുകയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിച്ച് കിട്ടുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇവിടെ സ്ഥലം ഏറ്റെടുത്ത് റണ്‍വേ വികസനം നടക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
പുതിയ രാജ്യന്തര ടെർമിനല്‍ പ്രവര്‍ത്തനം, ദേശീയ പാതയില്‍ നിന്ന് വിമാനത്താവളം വരെയുള്ള നാലുവരിപ്പാതയും മേല്‍പ്പാലവും സൗരോര്‍ജ വൈദ്യുതോല്‍പ്പാദനശേഷി വര്ധിപ്പക്കലിന്റെ ഒന്നാംഘട്ടം എന്നീ പദ്ധതികളാണ് മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തത്. മസ്ക്കറ്റില്‍ നിന്നാണ് ആദ്യ വിമാനമെത്തിയത്. മസ്ക്കറ്റില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനം 9 ഡബ്ല്യൂ533 വൈകീട്ട് 4.35 ന് കൊച്ചിയിലെത്തി. സിയാലിന്റെ ഫോളോ മീ വാഹനം ഈ വിമാനത്തെ പുതിയ ടി-3 യുടെ ഏപ്രണില്‍ എത്തിച്ചു. 21-ാം നമ്പര്‍ ബേയിലാണ് വിമാനം പാര്‍ക്ക് ചെയ്തത്. വിമാനജീവനക്കാരേയും യാത്രക്കാരേയും മുഖ്യമന്ത്രി സ്വീകരിച്ചു. ടി-3ല്‍ എത്തിയ ആദ്യ യാത്രക്കാരന് ആനന്ദിന് മുഖ്യമന്ത്രി സിയാലിന്റെ ഉപഹാരം നല്കി. ആദ്യ വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും സിയാല്‍ വക സമ്മാനങ്ങള്‍ നല്കി.
ദേശീയപാതയില്‍ നിന്ന് വിമാനത്താവളം വരെയുള്ള 4.3 നാലുവരിപ്പാതയും അതിന്റെ ഭാഗമായുള്ള 686 മീറ്റര്‍ മേല്‍പ്പാലവും ഉദ്ഘാടനം ചെയ്തശേഷമാണ് ടി-3യിലെ ആദ്യ വിമാനത്തെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയത്. തുടര്‍ന്നായിരുന്നു പൊതുസമ്മേളനം. മന്ത്രി തോമസ് ഐസക് അധ്യക്ഷനായിരിന്നു. മന്ത്രി മാത്യൂ ടി തോമസ് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വി എസ് സുനില്‍ കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന് ആമുഖ പ്രസംഗം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ വി തോമസ് എംപി, എംഎല്‍മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, വി ഡി സതീശന്, ഹൈബി ഈഡന്, മുന്‍ എംപി പി രാജീവ്, ജിസിഡിഎ ചെയര്മാന് സി എന്‍ മോഹനന്, അങ്കമാലി നഗരസഭ അധ്യക്ഷ എം എ ഗ്രേസി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി എല്‍ദോ, അല്‍ഫോൺസ വര്‍ഗീസ്, എം പി ലോനപ്പന്, കൗണ്‍സിലര്‍ ടി വൈ ഏലിയാസ്, സിയാല്‍ ഡയറക്ടര്‍മാരായ കെ റോയ്പോള്‍, എ കെ രമണി, സി വി ജേക്കബ്, ഇ എം ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എം എ യൂസഫലി സ്വാഗതവും എസികെ നായര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനുശേഷം പിന്നണി ഗായിക റിമി ടോമി അവതരിപ്പിച്ച ഗാനമേള അരങ്ങേറി.