രാജ്യത്തിനാകെ ആപത്‌സൂചന: വി.എസ്

achuthanandan-2തിരുവനന്തപുരം: രാജ്യത്തെ മതനിരപേക്ഷ വാദികളെ സംബന്ധിച്ചിടത്തോളം അത്യന്തം ആശങ്കജനകമായ രാഷ്ട്രീയ സാഹചര്യമാണ് അഞ്ച് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ഉളവായിട്ടുള്ളതെന്ന് വി.എസ്. അച്യുതാനന്ദന്‍. ബി.ജെ.പിയുടെ മുന്നേറ്റം രാജ്യത്തിനാകെ പലതരത്തില്‍ ആപത്സൂചന നല്‍കുന്നതാണ്. നോട്ട് നിരോധനമടക്കം ജനം അംഗീകരിച്ചു എന്ന വ്യാഖ്യാനമായിരിക്കും ബി.ജെ.പി നല്‍കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, മതനിരപേക്ഷ പാര്‍ട്ടികളുടെ തര്‍ക്കങ്ങളും ഭിന്നിപ്പുകളും ഫലപ്രദമായി മുതലെടുത്തുകൊണ്ടാണ് ബി.ജെ.പി വിജയം നേടിയിരിക്കുന്നത്.

രാജ്യസഭയിലും ബി.ജെ.പിക്ക് വ്യക്തമായ മേല്‍ക്കൈ ലഭിക്കുകയാണ്. ഇതിലൂടെ മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്ന എന്തും നടപ്പാക്കാന്‍ കഴിയും. മോദിയുടെ ഫാസിസ്റ്റ് നടപടികള്‍ക്ക് തീവ്രത ഏറും എന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യവത്്കരണം, കോര്‍പറേറ്റ്വത്കരണം, വിലവര്‍ധന തുടങ്ങിയവ കൂടുതല്‍ ശക്തിപ്പെടും. കോണ്‍ഗ്രസ് അത്യന്തം ദയനീയമായ സ്ഥിതിയിലായിരിക്കുകയാണ് എന്നതും കാണേണ്ടതുണ്ട്. ബി.ജെ.പിയെ നേരിടാന്‍ കഴിയാത്ത തരത്തില്‍ കോണ്‍ഗ്രസ് അത്യന്തം ദുര്‍ബലമായി -അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍െറ ധാര്‍മികച്യുതിയുടെ ഏറ്റവും വലിയ തെളിവാണ് അവര്‍ നിയമസഭയില്‍ കാണുന്നതെന്നും വി.എസ് പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന മൗലികമായ ഒരു പ്രശ്നം സംബന്ധിച്ചും ഗൗരവതരമായ ചര്‍ച്ചകള്‍ നടത്താനോ ക്രിയാത്മകമായി ഇടപെടാനോ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിയുന്നില്ല. നിസ്സാരകാര്യങ്ങള്‍ പെരുപ്പിച്ചുകാട്ടി നിയമസഭയുടെ അന്തസ്സുപോലും കെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത് -അദ്ദേഹം ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment