Flash News

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനും സ്ഥാനചലനം

March 15, 2017

jacob-thomasതിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാന്യമായ പുതിയൊരു തസ്തിക നല്‍കിയാവും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റുക. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനകത്തും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും അതൃപ്തി കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

ജേക്കബ് തോമസിന് പുറമെ മറ്റുചില ഐഎസ്എസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ടായേക്കും. മൂന്നാറിലെ ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമാണ് ഇക്കൂട്ടത്തിലൊരാള്‍. ജേക്കബ് തോമസിനെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യം പാര്‍ട്ടിനേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന. സ്‌പോര്‍ട്‌സ് ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതും സിപിഐഎമ്മില്‍ അതൃപ്തിക്കിടയക്കുന്നുണ്ട്.

സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥ സംഘടന ജേക്കബ് തോമസിനെതിരെ പരസ്യമായിത്തന്നെ നിലപാടെടുത്തിട്ടുണ്ട്. ഡ്രഡ്ജര്‍ ഇടപാടില്‍ അദ്ദേഹം ക്രമക്കേട് കാട്ടിയെന്ന റിപ്പോര്‍ട്ടിനു പിന്നാലെ സ്വത്ത് സംബന്ധിച്ച മറ്റൊരു വിവാദവും ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിരുതുനഗറില്‍ അദ്ദേഹത്തിന് 50 ഏക്കര്‍ ഭൂമിയുണ്ടെന്നതാണ് ആരോപണം. ഇത്, ഈ വര്‍ഷം ആദ്യം ജേക്കബ് തോമസ് സര്‍ക്കാരിനു സമര്‍പ്പിച്ച സ്വത്തുസംബന്ധിച്ച വിവരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുമ്പ് രണ്ടുതവണ ഈ ഭൂമി തന്റെ സ്വത്തുവിവരണങ്ങളില്‍ ഉള്‍പ്പെടുത്തി ജേക്കബ് തോമസ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

മുമ്പ് തനിക്കെതിരായ നീക്കങ്ങള്‍ക്കെല്ലാം സംരക്ഷണം തേടി ജേക്കബ് തോമസ് സമീപിച്ചിട്ടുള്ളത് മുഖ്യമന്ത്രിയെയാണ്. എന്നാല്‍, ഇപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തെ പൂര്‍ണമായി തുണയ്ക്കുന്നില്ല. വിജിലന്‍സിനെതിരെ ചില ഹൈക്കോടതി പരാമര്‍ശങ്ങള്‍ വന്നയുടനെ, വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു. ലാവലിന്‍ കേസുകൂടി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സന്ദര്‍ഭത്തില്‍ കോടതിയെ ചൊടിപ്പിക്കുന്ന ഒരു നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിക്കും നിര്‍ബന്ധമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്ഥാനംനഷ്ടപ്പെടാനുള്ള സാധ്യതയേറുന്നത്.

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ ഉടനെ മാറ്റുമെന്നാണ് വിവരം. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ കൈയേറ്റഭൂമിയൊഴിപ്പിക്കാന്‍ സബ്കളക്ടര്‍ നടത്തുന്ന നീക്കങ്ങളോട് കടുത്ത എതിര്‍പ്പാണ് സിപിഐയും സിപിഐഎമ്മും പുലര്‍ത്തുന്നത്. ഇരുകക്ഷികളുടെയും ജില്ലാനേതൃത്വവും മന്ത്രി എം.എം. മണിയും സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top