Flash News

മിഷേല്‍ ഷാജിയുടെ മരണത്തില്‍ ദുരൂഹതകളേറുന്നു; കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും മുമ്പേ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

March 14, 2017

Zemanta Related Posts Thumbnailകൊച്ചി: ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കും മുമ്പേ മിഷേലിന്റെ മരണത്തില്‍ യുവാവിനെ അറസ്റ്റുചെയ്ത് മുഖം രക്ഷിക്കാന്‍ ലോക്കല്‍ പൊലീസിന്റെ ശ്രമം. പിടിയിലായ ക്രോണിന് മിഷേലുമായി രണ്ടു വര്‍ഷത്തിലധികമായി പരിചയമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോണ്‍വിളികളുടെ രേഖകളും ശേഖരിച്ചിട്ടുണ്ട്.

അടുപ്പമുണ്ടായിരുന്നെങ്കിലും നിലവില്‍ ഇരുവരും പ്രണയത്തിലായിരുന്നില്ലെന്നാണ് മിഷേലിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. ക്രോണിന്റെ വിചിത്ര സ്വഭാവരീതികളും കൂട്ടുകെട്ടുകളും മിഷേലിന് ഇഷ്ടമായിരുന്നില്ല. അതേസമയം, മിഷേല്‍ തന്നില്‍ നിന്ന് അകന്നുപോകുന്നുവെന്ന സംശയം ക്രോണിനുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള കലഹം പതിവായിരുന്നുവെന്നും ഒരിക്കല്‍ കൊച്ചി നഗരത്തിലെ ഹോട്ടലില്‍ വച്ച് ക്രോണിന്‍ മിഷേലിനെ തല്ലിയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. മറ്റുള്ളവരുമായി മിഷേല്‍ സംസാരിക്കുന്നത് പോലും ക്രോണിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതും വഴക്കിനും അകല്‍ച്ചയ്ക്കും കാരണമായി. മിഷേലിനെ കാണാതായ ദിവസവും അതിന് മുമ്പുള്ള ദിവസവും ഒട്ടേറെ മെസേജുകള്‍ ക്രോണിന്റെ ഫോണില്‍ നിന്ന് പെണ്‍കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. തിരിച്ചും മെസേജുകള്‍ പോയിട്ടുണ്ട്. എന്നാല്‍, മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രോണിന്റെ ഫോണിലെ കോള്‍ ലിസ്റ്റും എസ്.എം.എസുകളും മായ്ച്ച നിലയിലാണ്. മൊബൈല്‍ കമ്പനികളുടെ സഹായത്തോടെ ഇതു തെളിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

ക്രോണിന്റെ ഇടപെടലുകള്‍ സൃഷ്ടിച്ച മാനസിക സമ്മര്‍ദം മൂലം മിഷേല്‍ ജീവനൊടുക്കിയെന്ന നിഗമനമാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. വെള്ളത്തില്‍ വീണു മരിച്ചതിനെ സാധൂകരിക്കും വിധമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. മിഷേലിനെ കാണാതായ ദിവസം ഗോശ്രീ രണ്ടാം പാലത്തില്‍ സന്ധ്യക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കണ്ടെന്നും പിന്നീട് ഇവരെ കാണാതായെന്നുമുള്ള പുതുവൈപ്പ് സ്വദേശി അമലിന്റെ മൊഴിയും പൊലീസ് ഇതിനോട് ചേര്‍ത്തുവയ്ക്കുന്നു.ക്രൈംബ്രാഞ്ച് എത്തും മുമ്പേ പ്രതിയെ പിടികൂടിയെന്ന് പൊലീസിന് ആശ്വസിക്കാം. എന്നാല്‍ മിഷേല്‍ ആത്മഹത്യ ചെയ്തതല്ലെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ക്രോണിന്‍ തങ്ങളുടെ ബന്ധുവാണെന്ന പ്രചാരണം ശരിയല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഷാജി വ്യക്തമാക്കിയിട്ടുണ്ട്.

കാണാതായ ദിവസവും സന്തോഷത്തോടെയാണ് മിഷേല്‍ അമ്മ സൈലമ്മയെ വിളിച്ചത്. പിറ്റേന്ന് പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. വീട്ടില്‍ വറക്കുന്ന ചിപ്‌സ് തനിക്കായി എടുത്തുവയ്ക്കണമെന്നും അമ്മയോട് പറഞ്ഞിരുന്നു. ഗോശ്രീ പാലത്തില്‍ നിന്ന് ചാടിയാല്‍ തന്നെ 24 മണിക്കൂറിനടുത്ത് കായലിലൂടെ ഒഴുകി കൊച്ചി വാര്‍ഫ് വരെ പോയതിന്റെ സൂചനയൊന്നും മൃതദേഹത്തിലില്ല. മീനുകള്‍ കൊത്തുകയോ ശരീരം ചീര്‍ക്കുകയോ ചെയ്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദഹിക്കാത്ത കാരറ്റിന്റെ കഷണങ്ങള്‍ വയറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. അന്ന് ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍ കാരറ്റുണ്ടായിരുന്നില്ലെന്ന് കൂട്ടുകാരികള്‍ പറയുന്നു. മിഷേല്‍ അന്ന് മറ്റാര്‍ക്കെങ്കിലും ഒപ്പം ഭക്ഷണം കഴിച്ചിരുന്നോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പള്ളിക്ക് സമീപത്ത് നിന്ന് മിഷേല്‍ പോയ വാഹനമോ ഇറങ്ങിയ സ്റ്റോപ്പോ ഒന്നും കണ്ടെത്താനായിട്ടില്ല. റോഡരികിലെ സി.സി. ടി.വി. കളിലൊന്നും മിഷേലിന്റെ ദൃശ്യങ്ങളില്ല. ഞായറാഴ്ചയായതിനാല്‍ ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും തുറന്നിരുന്നില്ല.

ക്രോണിനെ കൂടാതെ, തലശ്ശേരി സ്വദേശിയായ മറ്റൊരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് ഇയാള്‍ പലവട്ടം വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടതിനാല്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതാണെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം, മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കു സമീപത്തു കണ്ട ബൈക്ക് യാത്രികരെ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാലാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ കഴിയാത്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top