Flash News

നമ്മുടെ സ്വന്തം മനു മാത്യു (ജോണ്‍ മാത്യു)

March 17, 2017

Manu mathew sizeസാഹിത്യ കലാരംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ. മനു മാത്യു ഇനിയും ഓര്‍മ്മ. അദ്ദേഹം സാഹിത്യകാരനായിരുന്നു, ചിത്രകാരനായിരുന്നു, ഗായകനായിരുന്നു, സ്റ്റേജ് ആര്‍ട്ടിസ്റ്റായിരുന്നു, സംവിധായകനായിരുന്നു. എന്ത് അല്ല എന്നെഴുതുന്നതായിരിക്കും ഇനിയും ഏറെ എളുപ്പം.

എഴുപതുകളുടെ അവസാന നാളുകളില്‍ ഞങ്ങള്‍ ഡിട്രോയ്റ്റിന്റെ പ്രാന്തപ്രദേശമായ ഓക്ക് പാര്‍ക്കിലായിരുന്നു താമസിച്ചിരുന്നത്. നഗരത്തിന്റെ തിരക്കില്‍നിന്ന് മാറി ശാന്തമായ അന്തരീക്ഷം. കേവലം നാലു മലയാളി കുടുംബങ്ങള്‍ മാത്രമാണ് അന്ന് അവിടെയുണ്ടായിരുന്നത്. ജേക്കബ്-മേരി ദമ്പതികളായിരുന്നു ഞങ്ങളുടെ തൊട്ടടുത്ത്.

“എന്റെ ആങ്ങള നാട്ടില്‍ നിന്ന് വരുന്നു, കലാകാരനാണ്, ഗായകനാണ്, നിങ്ങളുടെയെല്ലാം കൂട്ടത്തില്‍ കൂടും…” മേരിയാണ് അഭിമാനത്തോടെ അതു പ്രഖ്യാപിച്ചത്.

രാത്രി വൈകുവോളം പാട്ടും താളവുമായി പാര്‍ട്ടി കൂടുന്നതായിരുന്നു അക്കാലത്തെ ഞങ്ങളുടെ വിനോദം. അവിടേയ്ക്ക് ഒരാളും കൂടി!

പുതിയ പാട്ടുകാരനെത്തി. അപ്പോഴല്ലേ അത്ഭുതം. ഡല്‍ഹി എക്‌സ്പിരിമെന്റല്‍ (പരീക്ഷണ) നാടകവേദിയിലെ പയ്യനായിരുന്നു മനു മാത്യു!

അറുപതുകളിലെ ഡല്‍ഹി. സാഹിത്യ നാടക കലാരംഗങ്ങളിലെ പരീക്ഷണശാല. സാഹിതിസഖ്യത്തിലെ ആധുനികത നാടകവേദിയിലേക്കും പടര്‍ന്നുപിടിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച് സാഹിത്യങ്ങളില്‍ നിന്ന് പരീക്ഷണ നാടകങ്ങള്‍ കണ്ടെത്തി മലയാള രൂപം കൊടുത്ത് അരങ്ങേറുന്നത് അന്നത്തെ പ്രത്യേകതയായിരുന്നു, തുടര്‍ന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചകളും. ഐറീഷ നാടകകൃത്തായ സാമുവല്‍ ബെക്കറ്റിന്റെ നാടകങ്ങളായിരുന്നു അന്ന് ഏറെ ചര്‍ച്ച ചെയ്തത്. ‘വെയ്റ്റിംഗ് ഫോര്‍ ഗോദത്ത്’ അന്ന് ആധുനീകര്‍ക്ക് ഹരമായിരുന്നു. ഈ പരീക്ഷണ നാടകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് നാടകാചാര്യനായിരുന്ന രാമകൃഷ്ണപിള്ള. നാടകവേദിയിലെ പുതുമകളിലായിരുന്നു രാമകൃഷ്ണപിള്ളക്ക് താല്പര്യം. അതേ, ‘ബെക്കറ്റ്’ നാടകങ്ങളിലും പിന്നെ ‘സെന്റ് മോണിക്കാസ് ചര്‍ച്ച് ഹാളിലെ’ ഇന്റിമേറ്റ് തീയറ്ററിലും. ഈ ഇന്റിമേറ്റ് തീയറ്റര്‍ എന്താണെന്ന് നേരില്‍ക്കണ്ട് ഞാന്‍ മനസ്സിലാക്കിയത് കാലമേറെ കഴിഞ്ഞിട്ട്, അത് മറ്റൊരു കഥ. രാമകൃഷ്ണപിള്ളയുടെ നാടക ഗ്രൂപ്പിലെ യുവനടനായിരുന്നു മനു മാത്യു. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായവര്‍ തിളങ്ങിയിരുന്ന എക്‌സ്പിരിമെന്റല്‍ തീയറ്ററിന്റെ വേദിയിലൊന്നു കേറിപ്പറ്റുന്നത് പലരുടേയും സ്വപ്നമായിരുന്നു അക്കാലത്ത്…

എണ്‍പതുകളുടെ ആദ്യനാളുകള്‍. മനു മാത്യു അതിവേഗം തിരിച്ചറിഞ്ഞു തന്റെ പ്രവര്‍ത്തി മണ്ഡലം ഡിട്രോയറ്റ് അല്ലായെന്ന്. അക്കാലത്ത് അവസരങ്ങള്‍ തേടി തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് മലയാളികളുടെ പ്രവാഹം തുടങ്ങിയിട്ടേയുള്ളു.

ഹൂസ്റ്റനില്‍ മനുവിന് അവസരങ്ങള്‍ നിരവധി. ചിത്രകലയുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് ജോലിക്കൊപ്പം മലയാളികളുടെ കലാ-സാംസ്‌കാരിക രംഗവും മനുവിനെപ്പോലെയുള്ള ഒരു കലാകാരനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതിലൊന്ന് എസ്.കെ. പിള്ളയുടെ ‘ഉപാസന’ മാസികയും. മറ്റൊന്ന് നാടകവേദിയില്‍ എന്തും പരീക്ഷിക്കാന്‍ തയ്യാറായി നിന്നിരുന്ന ഒരു പറ്റം നടീനടന്മാരും. അമേരിക്കയാണെങ്കിലും ഡല്‍ഹിയിലു ണ്ടായിരുന്ന സാങ്കേതിക മിഴിവ് നമുക്ക് അപ്രാപ്യം. പക്ഷേ, ലഭ്യമായിരുന്ന അവസരങ്ങള്‍ ശ്രീ. മനു മാത്യു മുതലെടുത്തു. ഏതാണ്ടൊക്കെ ഡല്‍ഹി മാതൃകയില്‍ ഹൂസ്റ്റനിലും ഒരു എക്‌സ്പിരിമെന്റല്‍ നാടകം അരങ്ങേറി. ‘സൃഷ്ടി’. തുടര്‍ന്ന് അന്നത്തെ മലയാളം പ്രസിദ്ധീകരണങ്ങളില്‍ മനുവിന്റെ കാര്‍ട്ടൂണുകളും പ്രത്യക്ഷപ്പെട്ടു.

ഇന്നും ഓര്‍ക്കുന്നു അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ഒരു കാര്‍ട്ടൂണ്‍. മൂന്നു ദേശങ്ങളിലെ മലയാളിയുടെ കഥ, ചിത്രം!

രംഗം നാട്ടിന്‍പുറത്തെ ഒരു മീന്‍ ചന്ത.

ഗള്‍ഫുകാരന്‍ മലയാളി നേരെനിന്ന് വിലപേശലില്ലാതെ മീന്‍ വാങ്ങുന്നു.

അമേരിക്കന്‍ മലയാളിക്ക് ഒരു വളവുണ്ട്, സൗഹാര്‍ദ്ദമായ, ഡിപ്ലോമാറ്റിക് വിലപേശല്‍.
എന്നാല്‍, നാടന്‍ മലയാളി നിലത്തങ്ങ് പടിഞ്ഞിരിക്കുകയാണ്. വിദേശമലയാളികള്‍ വാങ്ങിയതില്‍ മിച്ചമുണ്ടെങ്കില്‍ മാത്രമെ അവനെന്തെങ്കിലും കിട്ടൂ.

മലയാളി സമൂഹത്തിന്റെ അന്നത്തെ ഈ നേര്‍ ചിത്രത്തിന്, സാമൂഹിക വിമര്‍ശനത്തിന്, ഇനിയുമെങ്കിലും ഒരു അംഗീകാരം കൊടുക്കാം. കലാകാരനുള്ള അംഗീകാരം ഒരു കാലത്തും അസ്ഥാനത്തല്ല.

ഹൂസ്റ്റനില്‍ റൈറ്റേഴ്‌സ് ഫോറം രൂപപ്പെട്ടപ്പോഴേക്കും ശ്രീ. മനു മാത്യു ഡാളസിലേക്ക് മാറിയിരുന്നു. എങ്കിലും ഹൂസ്റ്റനില്‍ വരുമ്പോള്‍ പലപ്പോഴും അദ്ദേഹം ഫോറം സമ്മേളനത്തില്‍ പങ്കെടുത്തു. ഡാളസിലെ ലിറ്റററി സൊസൈറ്റിയില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു, അതുപോലെ തുടക്കം മുതല്‍ ലാനയിലും. ഈ സംഘടനകളിലെല്ലാം ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചു.

മൂന്നു-മൂന്നര പതിറ്റാണ്ടുകാലം ശ്രീ. മനു മാത്യു അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ജീവിതത്തില്‍ ചേര്‍ന്ന് ഊര്‍ജ്ജസ്വലമായി ഓടിനടന്നു, ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതില്‍, സ്റ്റേജ് മോഡികൂട്ടുന്നതില്‍, പുസ്തക പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നതില്‍. വ്യക്തിപരമായി പറഞ്ഞാല്‍ ഡിട്രോയ്റ്റില്‍ ഞങ്ങളുടെ മകന്റെ പിറന്നാള്‍ ആഘോഷം വര്‍ണ്ണശബളമാക്കാന്‍ കലാകാരനായ മനു സഹായിച്ചു. അതുപോലെ ഞങ്ങളുടെ മകളുടെ വിവാഹാവസരത്തിലും പ്രമുഖ ഗായകനായി പ്രത്യക്ഷപ്പെട്ടത് ശ്രീ. മനു മാത്യുവായിരുന്നു.

അമേരിക്കയിലെ മലയാളികളുടെയിടയില്‍ ധന്യജീവിതം നയിച്ച, സാഹിത്യ കലാരംഗങ്ങളില്‍ ശോഭിച്ച മനു മാത്യു. ഇവിടത്തെ സാഹിത്യ-കലാ സ്‌നേഹികളുടെ മനസ്സില്‍ എന്നുമുണ്ടായിരിക്കും. അദ്ദേഹത്തിന്റെ വിയോഗം നമ്മുടെ സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണ്. ആ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരു പിനീര്‍ പൂച്ചെണ്ട് സമര്‍പ്പിക്കട്ടെ.

manu frame


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top