തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പൊലീസിന് വന്‍ വീഴ്ച പറ്റിയെന്ന് വിജിലന്‍സ്. കേസ് കോടതിയില്‍ നില്‍ക്കില്ലെന്നും അതിനു തക്ക ശാസ്ത്രീയതെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടക്കം മുതല്‍ അന്വേഷണസംഘത്തില്‍ ചിലരുടെ ഭാഗത്തുനിന്നുമുണ്ടായ നീക്കങ്ങള്‍ സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെരുമ്പാവൂര്‍ കേസില്‍ ഒരു ഡിവൈ.എസ്.പി അവിഹിത ഇടപെടലുകള്‍ നടത്തി. എറണാകുളം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരെ അന്വേഷണം നീളാതിരിക്കാന്‍ ഇദ്ദേഹം ചരടുവലികള്‍ നടത്തി. അതേസമയം, ഇതു സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല. എന്നാല്‍, പ്രതിയെ പിടികൂടാനുള്ള ശക്തമായ സമ്മര്‍ദ്ദം അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ കാണിച്ച ധൃതി വിചാരണവേളയില്‍ തിരിച്ചടിയാകുമെന്നും വിജിലന്‍സ് വിലയിരുത്തുന്നു. ഇപ്പോഴത്തെ നിലക്ക് പ്രതിക്ക് സുഖമായി കേസില്‍നിന്ന് ഉൗരിപ്പോരാന് കഴിയും.
എന്നാല്‍, വിജിലന്‍സ് റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റയും ദക്ഷിണമേഖല എ.ഡി.ജി.പി ഡോ. ബി. സിന്ധ്യയും നിഷേധിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റമറ്റ അന്വേഷണമാണ് പൊലീസ് നടത്തിയതെന്നാണ് ഇരുവരുടെയും വാദം. മാത്രമല്ല, പൊലീസ് അന്വേഷണത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ സമാന്തര അന്വേഷണം നടത്താന്‍ വിജിലന്‍സിന് അധികാരമില്ലെന്നും അവര്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ ധരിപ്പിച്ചു. വിചാരണ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ പുതിയ വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ മാറ്റിവെക്കുകയായിരുന്നു.
ജിഷ വധക്കേസ് പ്രതി നിരപരാധി, അതുകൊണ്ടാണ് ഹാജരാകുന്നതെന്ന് ബി.എ. ആളൂര്‍
കൊച്ചി: ജിഷ വധക്കേസ് അന്വേഷണം സംബന്ധിച്ച വിജിലന്‍സ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് പ്രതിഭാഗം അഭിഭാഷകന് ബി.എ. ആളൂര്‍. പൊലീസ് പ്രതിയാക്കിയയാള് നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് പാവപ്പെട്ട പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്.
പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും പ്രാസിക്യൂഷന് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ജിഷയുടെ പിതാവ് പാപ്പു ഹൈകോടതിയില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹരജി നല്കിയതും പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. സര്‍ക്കാര്‍ തന്നെ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടുന്നതാണ് നല്ലത്.
അമീറുല്‍ ഇസ്ലാം തന്നെയാണ് പ്രതിയെന്ന് ജിഷയുടെ അമ്മ, ഇയാള്‍ ഒറ്റക്കല്ലെന്ന് പിതാവ്
കൊച്ചി: ജിഷ വധക്കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന വിജിലന്‍സിന്റെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് അമ്മ രാജേശ്വരി. അന്വേഷണഘട്ടത്തില്‍ വിജിലന്‍സ് ഇടപെടാതെ വിചാരണ ഘട്ടത്തില്‍ അഭിപ്രായം പറയുന്നത് പ്രതിയെ സംരക്ഷിക്കാനാണ്. ആദ്യഘട്ടം മുതല്‍ പൊലീസ് ശരിയായ ദിശയിലാണ് അന്വേഷണം നടത്തിയതെന്നും അമീറുല്‍ ഇസ്ലാം തന്നെയാണ് പ്രതിയെന്ന് വിശ്വസിക്കുന്നതായും രാജേശ്വരി കൂട്ടിച്ചേർത്തു.
എന്നാല്‍, തന്റെ വാദം ശരിയാണെന്നതിന്റെ തെളിവാണ് വിജിലന്‍സ് പരാമര്‍ശമെന്ന് ജിഷയുടെ പിതാവ് പാപ്പു പറഞ്ഞു. അമീറുല്‍ ഇസ്ലാം ഒറ്റക്കല്ല കൊലപാതകം നടത്തിയത്. പൊലീസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിചാരണ ശരിയായ ദിശയിലല്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും പാപ്പു അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply