Flash News

എസ്​.എസ്​.എല്‍.സി കണക്ക്​ പരീക്ഷ ചോദ്യ പേപ്പര്‍ തയാറാക്കിയത്​ എസ്​.സി.ഇ.ആര്‍.ടി തിരിച്ചയച്ച അധ്യാപകന്‍

March 26, 2017

daya_010411_sslc1തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എസ്.സി.ഇ.ആര്‍.ടിയില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ റദ്ദാക്കി തിരിച്ചയച്ച കണ്ണൂര്‍ ചെറുകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സുജിത്കുമാര്‍ എന്ന അധ്യാപകനാണ് വിവാദമായ എസ്.എസ്.എല്‍.സി കണക്ക് ചോദ്യ പേപ്പര്‍ തയാറാക്കിയത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പാഠപുസ്തക പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഇദ്ദേഹത്തിന്റെ എസ്.സി.ഇ.ആര്‍.ടിയിലെ സേവനം പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. എസ്.സി.ഇ.ആര്‍.ടിയാണ് ചോദ്യകര്‍ത്താക്കളുടെ പാനല്‍ പരീക്ഷഭവന് കൈമാറുന്നത്. ഒാരോ വിഷയത്തിനും ചെയര്‍മാനും നാല് ചോദ്യകര്‍ത്താക്കളും അടങ്ങുന്നതാണ് ബോര്‍ഡ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.ഇ.ഒ ആയി വിരമിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള അധ്യാപകനാണ് കണക്ക് ചോദ്യബോർഡിന്റെ ചെയര്‍മാന്‍. വിരമിച്ചിട്ടും ഇദ്ദേഹത്തെ ചെയര്‍മാനാക്കിയതും വിവാദമായിട്ടുണ്ട്.

സുജിത്കുമാര്‍ തന്റെ സുഹൃത്തായ കണക്ക് അധ്യാപകന്റെ സഹായത്തോടെ തയാറാക്കിയ ചോദ്യ പേപ്പറാണ് ഇത്തവണ പരീക്ഷ റദ്ദാക്കലിലേക്ക് വഴിവെച്ചത്. കോഴിക്കോട് ജില്ലയിലെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്ത് ഒട്ടേറെ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും സ്കൂളുകള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും ചോദ്യ പേപ്പര്‍ തയാറാക്കി നല്‍കുന്നയാളാണ്. സുജിത്കുമാര്‍ ഇദ്ദേഹത്തില്‍നിന്ന് ലഭിച്ച ചോദ്യ പേപ്പറില്‍ മാറ്റങ്ങള്‍ വരുത്തിയാണ് എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള ചോദ്യങ്ങളായി ബോര്‍ഡ് ചെയര്‍മാന് അയച്ചുനല്‍കിയത്. സമാന ചോദ്യങ്ങള്‍ മറ്റു സ്ഥാപനങ്ങളിലേക്കും സുജിത്കുമാറിന്റെ സുഹൃത്തായ അധ്യാപകന്‍ അയച്ചുനല്‍കിയിട്ടുണ്ട്. ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യ പേപ്പറുകളും ഇദ്ദേഹമാണ് തയാറാക്കി നല്‍കിയത്. അരീക്കോട്ടെ ‘മെറിറ്റ്’ എന്ന സ്വകാര്യ സ്ഥാപനത്തിനു പുറമേ, വേറെയും സ്ഥാപനങ്ങളില്‍ നടത്തിയ പരീക്ഷാ ചോദ്യങ്ങളുമായും എസ്.എസ്.എല്‍.സി കണക്ക് ചോദ്യങ്ങള്‍ക്ക് സാമ്യമുണ്ടെന്നും ഡയറക്ടറേറ്റിന് വിവരം ലഭിച്ചിട്ടുണ്ട്.

ചോദ്യ പേപ്പര്‍ തയാറാക്കുന്നതില്‍ വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടിക്ക് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ ജോയിന്റ് കമീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് പറഞ്ഞു. അധ്യാപകനെതിരെ തിങ്കളാഴ്ച നടപടിയുണ്ടാകും.

റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ വീണ്ടും നടത്താന്‍ ചോദ്യ പേപ്പറിന്റെ അച്ചടി തുടങ്ങി. തിങ്കളാഴ്ചയോടെ അച്ചടി പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കും. കണക്ക് പരീക്ഷയുടെ ചോദ്യം തയാറാക്കാനായി പുതിയ ചോദ്യകര്‍ത്താക്കളുടെ ബോര്‍ഡ് രൂപവത്കരിക്കുകയും ഇവരില്‍ നിന്ന് നാല് സെറ്റ് ചോദ്യങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. നാലര ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷക്കുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top