ഹ്യൂസ്റ്റന്‍: സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളും ഇടവക ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരവുമായ സെന്റ് ജോസഫ് ഹാളിന്റെ വെഞ്ചരിപ്പും നടത്തി. മാര്‍ച്ച് 17, 18, 19 തിയ്യതികളിലായിട്ടാണ് ഭക്തിനിര്‍ഭരങ്ങളായ ചടങ്ങുകള്‍ നടന്നത്.
മാര്‍ച്ച് 19-ാം തിയ്യതിയിലെ ആഘോഷമായ തിരുനാള്‍ സമൂഹബലിയില്‍ ഷിക്കാഗൊ സീറൊ മലബാര്‍ കത്തോലിക്കാ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികനായിരുന്നു. ദിവ്യബലിക്കുശേഷം മുത്തുകുടകളും ചെണ്ടമേളവും മറ്റു വാദ്യഘോഷങ്ങളും കൊടിതോരണങ്ങളുമായി ഭക്തിസംഗീത സാന്ദ്രവുമായ അന്തരീക്ഷത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ ഉള്‍പ്പടെ മറ്റ് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറുകണക്കിന് ആബാലവൃദ്ധം ജനങ്ങളാണ് പങ്കെടുത്തത്. തിരുനാള്‍ ചടങ്ങുകള്‍ക്കുശേഷം പുതിയതായി പണിതീര്‍ത്ത സെന്റ് ജോസഫ് ഹാളിന്റെ കൂദാശയും ഉല്ഘാടനവുമായിരുന്നു. പള്ളി അങ്കണത്തിലെത്തിയ വിശിഷ്ടാതിഥികളെ ഇടവകയിലെ മഹിളകള്‍ താലപ്പൊലിയോടെ സെന്റ് ജോസഫ് ഹാളിന്റെ കവാടത്തിലേക്കാനയിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും മറ്റ് വിശിഷ്ട വ്യക്തികളും നാടമുറിച്ചതോടെ സന്നിഹിതരായവര്‍ ഹാളിലെത്തി. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഹാളിന്റെ കൂദാശ നടത്തി.
ഭദ്രദീപം കൊളുത്തിയതിനുശേഷം പൊതുയോഗമാരംഭിച്ചു. യോഗത്തിന് ഇടവക വികാരി ഫാദര്‍ കുര്യന് നെടുവേലിചാലുങ്കല്‍ സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉല്‍ഘാടന പ്രസംഗം നടത്തി. രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ഫാദര്‍ വില്സന് ആന്റെണി, മിസൗറി സിറ്റി മേയര്‍ അലന് ഓവന്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ലിയോനാര്‍ഡ് സ്കര്‍സെല്ല തുടങ്ങിയ സിവിക് അധികാരികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സെന്റ് ജോസഫ് ഓഡിറ്റോറിയം യാഥാര്‍ത്ഥ്യമാക്കാന്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്ക് പ്രശംസാഫലകം നല്കി ആദരിച്ചു. ഇടവക ട്രസ്റ്റി പ്രിന്‍സ് ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.
തുടര്‍ന്ന് സെന്റ് ജോസഫ് ഹാളിന്റെ സ്റ്റേജ് കര്ട്ടന് ഉയര്‍ന്നതോടെ അവിടത്തെ പ്രഥമ കലോപഹാരവും വിരുന്നും ഒന്നൊന്നായി ഒഴുകി എത്തുകയായിരുന്നു. സന്നിഹിതരായ കാണികളുടേയും ശ്രോതാക്കളുടേയും നിലക്കാത്ത ഹര്‍ഷാരവങ്ങളും കയ്യടികളുംഎങ്ങും മുഖരിതമായിരുന്നു.
ഇടവകാംഗങ്ങളായ കൊച്ചുകുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന കലാകാരന്മാരും കലാകാരികളും നൃത്തം, സംഗീതം, കോമഡി സ്കിറ്റ്, കലാശില്‍പ്പങ്ങള്‍, ദൃശ്യാവിഷ്കാരങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ വൈവിധ്യമേറിയ കലാപ്രകടനങ്ങള്‍ എന്തുകൊണ്ടും മികവു പുലര്‍ത്തി. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ദേവാലയത്തിലെ വിവിധ ഭക്തസംഘടന അംഗങ്ങള്‍, കന്യാസ്ത്രീ സിസ്റ്റേര്‍സ്, ഇടവക യൂത്ത് പ്രതിനിധികള്‍ എല്ലാം പരിപാടികളുടെ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. ജെറില്‍ ജോസഫ്, ജിനി മാത്യു, സജിനി തെക്കേല്‍ തുടങ്ങിയ യുവജന പ്രതിനിധികള്‍ കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. വിവിധ മീഡിയ പ്രതിനിധികളും എത്തിയിരുന്നു. പരിപാടിയുടെ മീഡിയാ കോര്‍ഡിനേറ്ററായി ഐസക്ക് വര്‍ഗീസ് പുത്തനങ്ങാടി പ്രവര്‍ത്തിച്ചു. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ ഒരു വമ്പിച്ച ജനതതിയാണ് ആഘോഷങ്ങള്‍ക്കെത്തിയത്. സ്നേഹവിരുന്നോടെയാണ് ചടങ്ങുകള്‍ പര്യവസാനിച്ചത്.