എസ്.ബി അലുംമ്‌നിയുടെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിന്‍ കൊല്ലാപുരത്തിനും, ടെറില്‍ വള്ളിക്കളത്തിനും

sb_alumniaward_pic1ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2016-ലെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിന്‍ കൊല്ലാപുരവും, ടെറില്‍ വള്ളിക്കളവും സ്വന്തമാക്കി.

മാര്‍ച്ച് 19-നു വൈകുന്നേരം 7 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ നടന്ന കുടുംബ സംഗമത്തിലാണ് അവാര്‍ഡ് ദാനം നടന്നത്.

ഹൈസ്കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന സംഘടനാംഗങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരമാണിത്. പുരസ്കാര നിര്‍ണ്ണയത്തിനുള്ള പ്രധാന മാനദണ്ഡങ്ങള്‍ ജി.പി.എ, എ.സി.റ്റി സ്‌കോറുകളും, പാഠ്യേതര വിഷയങ്ങളിലുള്ള മികവുകളുമാണ്.

സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന കോട്ടയം ദൈവശാസ്ത്ര സെമിനാരി പ്രൊഫസറായ റവ.ഡോ. ജോണ്‍ തോമസ്, റവ.ഫാ. മാത്യു ജോര്‍ജ്, റവ.ഫാ. ജോണ്‍ സാമുവേല്‍ എന്നീ മുന്നു വൈദീകരുടെ മഹനീയ സാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികളാലും അവാര്‍ഡ് ദാന ചടങ്ങുകള്‍ പ്രൗഢഗംഭീരമായി.

ഗുഡ്‌വിന്‍ ഫ്രാന്‍സീസ്, ജസ്റ്റീന ഫ്രാന്‍സീസ്, ഗ്രേസ്‌ലിന്‍ ഫ്രാന്‍സീസ്, ജെസ്‌ലിന്‍ കൊല്ലാപുരം, ജിസ്സ ഒളശ്ശ, ജെന്നി വള്ളിക്കളം എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. വൈസ് പ്രസിഡന്റ് ഷാജി കൈലാത്ത് സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥി റവ.ഡോ. ജോണ്‍ തോമസ്, പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍, ഡോ. ഫിലിപ്പ് വെട്ടിക്കാട്ട്, ജോസഫ് നെല്ലുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളന മധ്യേ പുരസ്കാരത്തിന് അര്‍ഹരായവരെ സദസിന് പരിചയപ്പെടുത്തിക്കൊണ്ട് പുരസ്കാര പ്രഖ്യാപനം നടത്തിയത് അസംപ്ഷന്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷീബാ ഫ്രാന്‍സീസും, ജോളി കുഞ്ചെറിയയും ആയിരുന്നു. അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനമായി നല്‍കിയത് മാത്യു വാച്ചാപറമ്പില്‍ സ്മാരക, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ നാല്‍പ്പതാം പൗരോഹിത്യ ജൂബിലി സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തി ഫലകവും, പ്രശസ്തിപത്രവുമാണ്. മാത്യു വാച്ചാപറമ്പില്‍ അവാര്‍ഡ് കരസ്ഥമാക്കിയ ജോബിന്‍ കൊല്ലാപുരം മുഖ്യാതിഥി റവ.ഡോ. ജോണ്‍ തോമസില്‍ നിന്നും, റവ.ഡോ. ജോര്‍ജ് മഠത്തില്‍പ്പറമ്പില്‍ പൗരോഹിത്യ ജൂബിലി അവാര്‍ഡ് കരസ്ഥമാക്കിയ ടെറില്‍ വള്ളിക്കളം എസ്.ബി കോളജ് റിട്ട. പ്രൊഫ. ജോയി ജോസഫ് കാട്ടാംപള്ളിയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഇത്തരം വിജയങ്ങളും അവാര്‍ഡുകളും വെറുതെ കിട്ടുന്നതല്ല, മറിച്ച്, മാതാപിതാക്കള്‍ക്ക് മക്കളോടുള്ള വലിയ സമര്‍പ്പണത്തിന്റേയും, മക്കള്‍ക്ക് മാതാപിതാക്കളോടുള്ള പ്രതിബദ്ധതയുടേയും പ്രതിഫലനങ്ങളാണ്.

അവാര്‍ഡിന് അര്‍ഹരായ ജോബിനും, ടെറിലും, ബിജി ആന്‍ഡ് റെറ്റി, സണ്ണി ആന്‍ഡ് ഡെസ്സി വള്ളിക്കളം എന്നീ അലുംമ്‌നി അംഗങ്ങളുടെ മക്കളാണ്.

അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ പാനല്‍ ജഡ്ജസ് ആയി ഇത്തവണ പ്രവര്‍ത്തിച്ചത് ഷാജി കൈലാത്തും, ഷീബാ ഫ്രാന്‍സീസും, ജോളി കുഞ്ചെറിയയുമാണ്.

മുഖ്യാതിഥിയായിരുന്ന റവ.ഡോ. ജോണ്‍ തോമസ് തന്റെ മുഖ്യ പ്രഭാഷണത്തില്‍ ഇന്നത്തെ ഇളം തലമുറയിലെ വിദ്യാര്‍ത്ഥികള്‍ ബൗദ്ധികതയിലും കൃത്രിമ ബൗദ്ധികതയിലും ഏറെ മുമ്പന്തിയില്‍ നില്‍ക്കുന്നുവെങ്കിലും സാമൂഹികവും വൈകാരികവുമായ കഴിവുകളില്‍ പിന്നോക്കം നില്‍ക്കുന്നു എന്നു ആശങ്ക പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ സമഗ്ര വ്യക്തിത്വമുള്ള വ്യക്തികളാക്കി രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രതിജ്ഞാബദ്ധയായ കുലീനത്വമുള്ള സ്വയംഭരണാവകാശ കോളജാണ് ചങ്ങനാശേരി എസ്.ബി കോളജ് എന്നു അദ്ദേഹം പ്രസ്താവിച്ചു. വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സമഗ്ര വ്യക്തിത്വ രൂപീകരണത്തെ ലക്ഷ്യംവെച്ചിട്ടുള്ളതായതിനാല്‍ അതില്‍ ഭൗതീകതയ്‌ക്കൊപ്പം ആദ്ധ്യാത്മികതയും ധാര്‍മ്മികവുമായ മാനദണ്ഡങ്ങള്‍കൂടി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ ആവശ്യകതയും തന്റെ മുഖ്യ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

ജസ്‌ലിന്‍ കൊല്ലാപുരം, ഗ്രേസ്‌ലിന്‍ ഫ്രാന്‍സീസ്, ജെന്നി വള്ളിക്കളം, ജിസ്സ ഒളശ്ശ എന്നീ കുട്ടികളുടെ സംഘനൃത്തവും, ഗുഡ്‌വിന്‍ ഫ്രാന്‍സീസ്, കൊച്ചുമോള്‍ നടയ്ക്കപ്പാടം, മനോജ് എന്നിവരുടെ ഗാനാലാപനംവും അലുംമ്‌നി അംഗങ്ങളുടെ സംഘഗാനവും സമ്മേളനത്തെ കൂടുതല്‍ നിറപ്പകിട്ടുള്ളതും ആസ്വാദ്യജനകവുമാക്കി.

അഭിമാനകരമായ വിജയം കൈവരിച്ച ജോബിനും ടെറിലും മറ്റു കുട്ടികള്‍ക്ക് ഒരു മാതൃകയും പ്രചോദനവുമാകട്ടെ എന്നു ആശംസിക്കുകയും അനുമോദിക്കുകയും ഭാവിയിലേക്കുള്ള എല്ലാ വിജയങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം നേരുകയും ചെയ്തു.

സെക്രട്ടറി റെറ്റി കൊല്ലാപുരം ഏവര്‍ക്കും നന്ദി പറഞ്ഞു. ജൂലി വള്ളിക്കളവും ഷെറില്‍ വള്ളിക്കളവും അവതാരകരായിരുന്നു.

ഷിബു അഗസ്റ്റിന്‍, ആന്റണി ഫ്രാന്‍സീസ്, ഷാജി കൈലാത്ത്, റെറ്റി കൊല്ലാപുരം, മോനിച്ചന്‍ നടയ്ക്കപ്പാടം, ബിജി കൊല്ലാപുരം, ജയിംസ് ഓലിക്കര, ബോബന്‍ കളത്തില്‍, ജോഷി വള്ളിക്കളം, ജിജി മാടപ്പാട്ട്, സണ്ണി വള്ളിക്കളം, സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഡിന്നറോടുകൂടി വൈകിട്ട് 8.30-നു സമ്മേളനം സമാപിച്ചു. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് അറിയിച്ചതാണിത്.

sb_alumniaward_pic2 sb_alumniaward_pic3 sb_alumniaward_pic4 sb_alumniaward_pic5 sb_alumniaward_pic6 sb_alumniaward_pic7

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment