ഇന്ത്യാ-പാക് പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക തയ്യാര്‍; വേണ്ടിവന്നാല്‍ ട്രം‌പ് നേരിട്ട് ഇടപെടും: നിക്കി ഹാലി

South-Carolina-Gov.-Nikki-Haley-R-speaks-at-an-event-on-Feb.-26-2014.-Wikipedia-Commons1-800x430ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളില്‍ പ്രസിഡന്റ് ട്രംപിന് പങ്കുവഹിക്കാനാകുമെന്നും എന്തെങ്കിലും സംഭവിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബസിഡര്‍ നിക്കി ഹാലി പറഞ്ഞു. വേണ്ടിവന്നാല്‍ ട്രംപ് നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്ന സൂചനയും അവര്‍ നല്‍കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സംബന്ധിച്ച് അമേരിക്കയ്ക്ക് ഉത്കണ്ഠയുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നത് അമേരിക്ക ഉറ്റുനോക്കുന്ന വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് സാധ്യമായ ഏതു ശ്രമത്തിനും അമേരിക്ക തയ്യാറാകുമെന്നും അവര്‍ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിനു ശേഷം ഇന്ത്യ പാക്കിസ്ഥാന്‍ വിഷയം സബന്ധിച്ച് ആദ്യമായാണ് അമേരിക്ക പ്രതികരണം നടത്തുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ബരാക് ഒബാമയുടെ നിലപാട്. നിക്കി ഹാലിയുടെ പ്രസ്താവനയോടെ ഇന്ത്യപാക് വിഷയത്തില്‍ ഇടപെടില്ലെന്ന അമേരിക്കയുടെ മുന്‍ നിലപാടില്‍ മാറ്റമുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, ഇന്ത്യപാക് വിഷയത്തില്‍ മധ്യസ്ഥനാവാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ അമേരിക്കയുടെയോ ഐക്യരാഷ്ട്ര സഭയുടെയോ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment