Flash News

അഡ്വ ബിജു ഉമ്മന്‍ മലങ്കര അസോസിയേഷന്‍ സെക്രട്ടറി, തെരഞ്ഞെടുപ്പില്‍ അലയടിച്ചത് വീറും വാശിയും

April 4, 2017

Collage1കോട്ടയം: വീറും വാശിയും നിറഞ്ഞു നിന്ന തെരഞ്ഞെടുപ്പില്‍ അഡ്വ ബിജു ഉമ്മന്‍ മലങ്കര അസോസിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ അഞ്ചാം തവണയും നിരണത്ത് നിന്നു വിജയിച്ച് റെക്കോഡ് സൃഷ്ടിച്ച അഡ്വ. ബിജു ഉമ്മന് 108 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നിലവില്‍ അസോസിയേഷന്‍ സെക്രട്ടറിയായ ജോര്‍ജ് ജോസഫിന് 77 വോട്ടും മറ്റൊരു സ്ഥാനാര്‍ത്ഥിയായ ബാബുജി ഈശോയ്ക്ക് 14 വോട്ടുകളും ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. പരിശുദ്ധ കാതോലിക്ക ബാവ ഉള്‍പ്പെടെ 27 സുനഹദോസ് അംഗങ്ങള്‍, എട്ട് വര്‍ക്കിങ് കമ്മിറ്റിയംഗങ്ങള്‍, 141 തെരഞ്ഞെടുക്കപ്പെട്ടവര്‍, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 32 പേര്‍ എന്നിങ്ങനെ 208 പേര്‍ ഉള്‍പ്പെടുന്ന യോഗത്തില്‍ 202 പേരാണ് തെരഞ്ഞെടുപ്പു യോഗത്തില്‍ പങ്കെടുത്തത്. തിരുവല്ല തോട്ടഭാഗം കവിയൂര്‍ ശ്ലീബ ഇടവകാംഗമാണ് അഡ്വ. ബിജു ഉമ്മന്‍.

കേരള രാഷ്ട്രീയത്തിലെ ഉള്‍പ്പോരുകള്‍ പ്രകടമായ തെരഞ്ഞെടുപ്പില്‍ അഡ്വ. ബിജു ഉമ്മന്‍ ജയിച്ചു കയറുകയായിരുന്നു. മാറ്റത്തിന്റെ കൊടുങ്കാറ്റുമായി മലങ്കര സഭയുടെ ഒരു നവോത്ഥാനത്തിന് തുടക്കമായി ഈ തെരഞ്ഞെടുപ്പ്. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന മാനേജിങ് കമ്മിറ്റി യോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഭയുടെ കീഴിലുള്ള എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുള്ള മാനേജിങ് കമ്മിറ്റിയംഗങ്ങളാണ് പങ്കെടുത്തത്. സഭയുടെ ശോഭനമായ ഭാവി കാലത്തിന്റെ പ്രോജ്വലനമാണ് അവിടെ കണ്ടത്.

തെരഞ്ഞെടുപ്പു ദിവസമായ ഏപ്രില്‍ 4, ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്കു തന്നെ അംഗങ്ങളെല്ലാം കോട്ടയം ചുങ്കം സെമിനാരി ഹാളിലേക്ക് എത്തിത്തുടങ്ങി. വന്നവര്‍ക്ക് രജിസ്റ്ററില്‍ ഒപ്പിട്ട് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി അകത്തേക്ക് പ്രവേശിപ്പിച്ചു. പത്തു മണിക്ക് പ്രാര്‍ത്ഥനയോടെ യോഗത്തിനു തുടക്കമായി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. തുടര്‍ന്ന്, കൊട്ടാരക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത വേദവായനയെത്തുടര്‍ന്ന് ആത്മീയപ്രഭാഷണം നടത്തി. മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ക്കും മത്സര രംഗത്തുള്ളവര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അതീവ ഹൃദ്യവും പ്രയോജനപ്രദവുമായ വേദപഠന ക്ലാസ്സായിരുന്നു ഇത്. തുടര്‍ന്ന് വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. എം.ഒ. ജോണ്‍ നോട്ടീസ് കല്‍പ്പന വായിച്ചു. പരിശുദ്ധ കാതോലിക്ക ബാവയുടെ ആമുഖ പ്രസംഗത്തിനു ശേഷം തുടര്‍ന്നുള്ള യോഗനടപടികള്‍ തൃശൂര്‍ ഭദ്രാസന അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ ഏല്‍പ്പിച്ചു. പിന്നീട് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മിറ്റിയംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ചൊല്ലികൊടുത്ത സത്യപ്രതിജ്ഞ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ എഴുന്നേറ്റ് നിന്നു ഏറ്റു ചൊല്ലി.

2011 മാര്‍ച്ച് ഒന്നാം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിന്റെ മിനിറ്റ്‌സ് വൈദിക ട്രസ്റ്റി റവ.ഫാ.ഡോ. എം.ഒ. ജോണ്‍ വായിച്ചു. നേരിയ ഭേദഗതികളോടെ റിപ്പോര്‍ട്ട് പാസ്സാക്കി. തുടര്‍ന്നാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വരണാധികാരിയായ കോട്ടയം മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. വറുഗീസ് പുന്നൂസ് തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് വിശദീകരിച്ചു. മത്സര രംഗത്തുള്ള മൂന്നു പേരെയും വേദിയിലേക്ക് വിളിച്ചു വരുത്തി സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന്, രണ്ടു സ്റ്റേഷനുകളിലായി സജ്ജീകരിച്ചിരുന്ന പോളിങ് ബൂത്തുകളില്‍ ഭദ്രാസന അടിസ്ഥാനത്തില്‍ വോട്ടെടുപ്പിനുള്ള സൗകര്യം ഉറപ്പാക്കി. പരിശുദ്ധ കാതോലിക്ക ബാവ ആദ്യ വോട്ട് രേഖപ്പെടുത്തി. പിന്നീട് സുനഹദോസ് അംഗങ്ങളായ മെത്രാപ്പോലീത്തമാര്‍ വോട്ട് അവകാശം വിനിയോഗിച്ചു. ശേഷം, ഭദ്രാസനത്തിലെ ഓര്‍ഡര്‍ അനുസരിച്ച് ഭദ്രാസന അംഗങ്ങള്‍ രഹസ്യബാലറ്റില്‍ സീല്‍ പതിപ്പിച്ച് വോട്ട് രേഖപ്പെടുത്തി. സുതാര്യമായ വോട്ടെടുപ്പ് പ്രക്രിയ ഒരു മണിക്കൂറോളം നീണ്ടു. വോട്ട് ചെയ്തിറങ്ങിയവര്‍ക്കായി ഉച്ചഭക്ഷണം തയ്യാറായിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞെത്തിയവര്‍ വോട്ടെണ്ണല്‍ നടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ തടിച്ചു കൂടി. പ്രവചനങ്ങളും കൂട്ടലും കിഴിക്കലുമൊക്കെ നടത്തി അവര്‍ അരങ്ങ് കൊഴുപ്പിച്ചു. ഓസ്‌ട്രേലിയ മുതല്‍ അമേരിക്ക വരെയും കോല്‍ക്കത്ത മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ പരിചയപ്പെടാനും സൗഹൃദസംഭാഷണം നടത്താനും ഇതിനിടയ്ക്ക് സമയം കണ്ടെത്തി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോ ഏബ്രഹാം എന്നിവരും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് ഭദ്രാസന അധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോര്‍ജ് ഗീവറുഗീസ്, ഏബ്രഹാം പന്നിക്കോട് എന്നിവരും പങ്കെടുത്തു.

ഒന്നരയോടെ വരണാധികാരി ഡോ. വറുഗീസ് പുന്നൂസ് വേദിയിലെത്തി പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് വിജയിയുടെ ഫലം കൈമാറി. അതിനു മുന്‍പ് തന്നെ കൗണ്ടിങ് മുറിയില്‍ നിന്നും പുറത്തിറങ്ങിയ അഡ്വ. ബിജു ഉമ്മന്റെ പ്രസന്നതയാര്‍ന്ന മുഖത്തെ ആഹ്ലാദഭാവങ്ങള്‍ വായിച്ചെടുത്തതോടെ ഭദ്രാസന അംഗങ്ങള്‍ വിജയിയെ തിരിച്ചറിഞ്ഞിരുന്നു. പിന്നീടുള്ള കാത്തിരിപ്പ് ഭൂരിപക്ഷത്തെക്കുറിച്ച് അറിയുവാനായിരുന്നു. ബാബുജി ഈശോയും സംഘവും ഫലത്തിനു കാത്തു നില്‍ക്കാതെ രംഗം വിട്ടു. ഡോ. ജോര്‍ജ് ജോസഫ് കാതോലിക്കേറ്റ് ഓഫീസ് ജീവനക്കാരുടെ കൂട്ടത്തില്‍ നിന്നു.

മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത പരിശുദ്ധ കാതോലിക്ക ബാവയുടെ അനുമതിയോടു കൂടി ഫലം പ്രഖ്യാപിച്ചു. നിറഞ്ഞ ഹര്‍ഷാരവങ്ങളോടെയാണ് സദസ്സിലുണ്ടായിരുന്നവര്‍ ഫലപ്രഖ്യാപനത്തെ എതിരേറ്റത്. വിജയിയായ അഡ്വ. ബിജു ഉമ്മനെ പരിശുദ്ധ കാതോലിക്ക ബാവ ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന എല്ലാ മെത്രാപ്പോലീത്തമാരുടെയും സമീപത്തെത്തി അഡ്വ. ബിജു ഉമ്മന്‍ അനുഗ്രഹം ഏറ്റു വാങ്ങി. തുടര്‍ന്ന് പ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവയോടെ ചടങ്ങുകള്‍ക്ക് സമാപനമായി.

തുടര്‍ന്ന് സദസ്യരുടെ ആഹ്ലാദപ്രകടനങ്ങള്‍ക്കു നടുവിലൂടെ ഹാളിനു പുറത്തേക്കു അഡ്വ. ബിജു ഉമ്മന്‍ വന്നതോടെ, അന്തരീക്ഷത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഹാരാര്‍പ്പണങ്ങളും, ബൊക്കെ നല്‍കലും, ഷാള്‍ അണിയിക്കലുമൊക്കെയായി അണികളുടെ ആഹ്ലാദപ്രകടനങ്ങള്‍ നീണ്ടു. അമേരിക്കന്‍ ഭദ്രാസ കമ്മിറ്റിയംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അഡ്വ.ബിജു ഉമ്മന്‍ ഇതിനിടെ സമയം കണ്ടെത്തി. അപ്പോഴേയ്ക്കും മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ അല്ലാത്തവരും സഭാവിശ്വാസികളുമായ നിരവധി പേര്‍ ഹാളിനു പുറത്തു തടിച്ചു കൂടിയിരുന്നു. ഇവരുടെ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നടുവിലേക്ക് ബിജു ഉമ്മന്‍ നടന്നു ചെന്നു. ഇതിനു മധ്യത്തിലേക്കാണ് ഉറ്റ സുഹൃത്തായ മുന്‍ എംഎല്‍എ ജോസഫ്. എം. പുതുശ്ശേരി എത്തിച്ചേര്‍ന്നത്. ഇരുവരും ആലിംഗനം ചെയ്ത് ആഹ്ലാദം പങ്കുവച്ചു. സ്വീകരണച്ചടങ്ങുകള്‍ക്ക് ശേഷം പൈലറ്റ് അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ പിന്നില്‍ നഗരപ്രദക്ഷിണം നടത്തിയ അഡ്വ. ബിജു ഉമ്മന്‍ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് പോയി.

ഈ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പ്രചാരണ പരിപാടികളില്‍ രാഷ്ട്രീയപരവും സാമുദായികപരവുമായുള്ള ഇടപെടലുകള്‍ സജീവമായിരുന്നു. ആത്മീയ സമര്‍പ്പണം, സഭയോടുള്ള വിശ്വസ്തത, സഭ അംഗങ്ങളോടുള്ള കരുതല്‍, പൗരോഹിത്യത്തോടുള്ള ബഹുമാനം, സംഘാടക മികവ്, ഭരണമികവ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തന പരിചയം, ദീര്‍ഘവീക്ഷണം, കാഴ്ചപ്പാട്, നിലപാടുകള്‍ ഇതിലൊക്കെ ഉപരിയായി ‘എന്റെ സഭ’ എന്ന നിസ്വാര്‍ത്ഥമായ വിചാരം ഉള്ളവരായിരിക്കണം അസോസിയേഷന്‍ സെക്രട്ടറിയായി വരേണ്ടത് എന്ന പൊതു ആശയമാണ് ഭദ്രാസന കമ്മിറ്റിയംഗങ്ങള്‍ക്കും സഭാ വിശ്വാസികള്‍ക്കും ഉണ്ടായിരുന്നത്. പുറമേ, പരിശുദ്ധ സഭയ്ക്ക് വേണ്ടിയാണ് മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ വോട്ട് ചെയ്യുന്നത് എന്ന ബോധ്യം ഉള്‍ക്കൊണ്ട് സഭയുടെ ഭാവി മാത്രം മുന്നില്‍ കണ്ട് യോഗ്യനായ വ്യക്തിയെ തെരഞ്ഞെടുക്കാന്‍ കഴിയണം എന്നതും മാനദണ്ഡമായിരുന്നു.

മാര്‍ച്ച് 1-ന് കോട്ടയം എം.ടി സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗം പാരമ്പര്യ വിശ്വാസങ്ങള്‍ക്ക് എതിരായി മാറ്റത്തിന്റെ കൊടുങ്കാറ്റുമായി വന്ന പുതിയ സാരഥികളെയാണ് വൈദിക- അല്‍മായ- ട്രസ്റ്റ് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തത്. റവ. ഫാ. ഡോ എം.ഒ. ജോണ്‍ വൈദിക ട്രസ്റ്റിയായും ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റിയായും അന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 4902 വൈദിക-അല്‍മായ പ്രതിനിധികളില്‍ 3662 പേരാണ് അസോസിയേഷനില്‍ പങ്കെടുത്തത്.

Collage


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top