ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റ്; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

JishnuPrannoyprotestsതിരുവനന്തപുരം:ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബാംഗങ്ങളെയും മർദിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണ്. ജിഷ്ണുവിന്റെ അമ്മയെ കാണാൻ ഡിജിപി സന്നദ്ധനായിരുന്നു. ബന്ധുക്കൾ മാത്രമല്ല സമരത്തിനെത്തിയത്. തോക്കുസ്വാമി അടക്കമുള്ളവരാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് അറിയുന്നത്. പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറി. ഇവരെയാണ് പൊലീസ് തടയാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ അതിക്രമത്തെക്കുറിച്ച് ഐജി അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കും. ജിഷ്ണുവിന്റെ അമ്മയെ കാണാൻ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച കരിങ്കൊടി കാട്ടി. തിരുവനന്തപുരം കരകുളത്തായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തിനിടെ ചിലർ രാഷ്ട്രീയ മുതലെടുപ്പു നടത്താൻ ശ്രമിച്ചതുകൊണ്ടാണു പൊലീസ് ഇടപെട്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. സമരം അനുവദിക്കാത്ത സ്ഥലത്ത് ജിഷ്ണുവിന്റെ ബന്ധുക്കൾക്കൊപ്പം ബിജെപി, എസ്‌യുസിഐ, എസ്ഡിപിഐ കക്ഷികളിൽപെട്ട ചിലർ പ്രക്ഷോഭത്തിനു മുതിർന്നപ്പോഴാണ് അന്തരീക്ഷം മാറിയതും പൊലീസ് രംഗത്തിറങ്ങിയതെന്നും കോടിയേരി പറഞ്ഞു.

പൊലീസ് നടപടിയിൽ വീഴ്ച പറ്റിയിട്ടുണ്ടോയെന്നു സർക്കാർ പരിശോധിക്കണം. ജിഷ്ണുവിന്റെ കുടുംബത്തോടു സഹാനുഭൂതിയുണ്ട്. അവരുടെ പരാതിക്കു തൃപ്തികരമായ പരിഹാരം തേടും. മരിച്ചവരുടെ ബന്ധുക്കളുടെ ഇത്തരത്തിലുള്ള വികാരങ്ങൾ സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടയ്ക്ക് ഡിജിപി അവരെ ആശുപത്രിയില്‍ പോയി കണ്ടെന്നും അവര്‍ സംസാരിച്ചെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയെ താന്‍ പോയി കാണുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഇന്നുമുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു.

ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ സഹോദരി ആര്യയും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഐജിയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment