അമ്മയുടെ ദൃഢപ്രതിജ്ഞയും ജനരോഷവും പിണറായി വിജയനേയും പോലീസിനേയും വെട്ടിലാക്കി; മഹിജയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; നിരാഹാരം അവസാനിപ്പിച്ചു

mahijaതിരുവനന്തപുരം∙ തൃശൂർ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കർശന നടപടിയാവശ്യപ്പെട്ട് കുടുംബം നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. പൊലീസുകാർ വീഴ്ച വരുത്തിയെങ്കിൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയ സാഹചര്യത്തിലാണിത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. നിലവിൽ കൊച്ചിയിലുള്ള മുഖ്യമന്ത്രി തലസ്ഥാനത്തു തിരച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യുമെന്നും സർക്കാർ അറിയിച്ചതായി മഹിജയുമായി സംസാരിച്ച സ്പെഷൽ പ്രോസിക്യൂട്ടർ സി.പി.ഉദയഭാനു അറിയിച്ചു. വീട്ടിൽ നിരാഹാരമനുഷ്ഠിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും സമരമവസാനിപ്പിക്കും.

ഡിജിപിയുടെ ഓഫിസിനു മുന്നിൽ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പൊലീസ് മർദിക്കുകയും നിലത്തുവലിച്ചിഴയ്ക്കുകയും ചെയ്തതോടെയാണ് സമരം ശക്തമായത്. സംസ്ഥാന വ്യാപകമായി പൊലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുകയും ചെയ്തു. അതേസമയം, കേസിലെ മൂന്നാം പ്രതിയായ കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിനെ അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശിയായ ഇയാളെ കോയമ്പത്തൂരിലെ അന്നൂരിൽനിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യലിനായി തൃശൂരിലെത്തിച്ചു.

നേരത്തെ ജിഷ്ണുവിന്‍റെ കുടുംബത്തിന്‍റെ സമരം ഒത്തുതീര്‍ക്കാന്‍ അനുനയനീക്കവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അദ്ദേഹം ടെലിഫോണിൽ ചർച്ച നടത്തുകയും ചെയ്തു. മഹിജയുടെ പരാതികൾക്ക് എല്ലാം പരിഹാരം കാണും. ഐജിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. പൊലീസ് നടപടി അനാവശ്യമാണെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മഹിജയെ സന്ദര്‍ശിച്ചശേഷം കാനം പറഞ്ഞു.

പൊലീസിന്റെ എല്ലാ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലാവും. ജുഡീഷ്യൽ അന്വേഷത്തിൽ മാത്രമാണ് വ്യത്യസ്തമായ റിപ്പോർട്ട് വന്നിട്ടുള്ളത്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഭരണകർത്താക്കളാണ്. സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നുവെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും കാനം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment