Flash News

നക്ഷത്രങ്ങളുടെ പീഡാനുഭവങ്ങള്‍ (ഭാഗം മൂന്ന്)

April 9, 2017

peedanubhavam 3 sizeശ്രീരാമന്‍റെ നാളാണ് പുണര്‍തം. ശ്രീരാമനെപ്പോലെയാവാന്‍ ഏതെങ്കിലും പെണ്ണിനു ഈ ജന്മത്ത് പറ്റുമോ? ഇല്ല.

അപ്പോള്‍ പിന്നെ എന്തു പറയാനാണ്?

ഇത് അച്ഛന്‍റെ ഒരു സ്ഥിരം വാചകമായിരുന്നു.

പുണര്‍തക്കാരിപ്പെണ്ണുങ്ങള്‍ മിനിമം രണ്ട് പുരുഷന്മാരുമായിട്ടെങ്കിലും ബന്ധം പുലര്‍ത്തുമെന്ന് അച്ഛന്‍ ശഠിക്കാറുണ്ട്. അല്ലെങ്കില്‍ ഉള്ള ഭര്‍ത്താവുമായി അകന്നു കഴിയും. അതാണ് ശ്രീരാമന്‍റെ നക്ഷത്രത്തില്‍ പിറന്ന പെണ്ണിനു പറ്റുന്ന ഒരേയൊരു കാര്യം.

Echmu 2017 (2)അവളുടെ ഭര്‍ത്താവിന്‍റെ ചേട്ടന്‍റെ ഭാര്യയായിരുന്നു അച്ഛന്‍റെ ഉദാഹരണം. ആ സ്ത്രീക്ക് ആദ്യ കല്യാണത്തില്‍ രണ്ട് മക്കളുണ്ടായിരുന്നു. മക്കള്‍ സഹിതമാണ് അവരെ ചേട്ടന്‍ ജീവിതത്തിലേക്ക് കൂട്ടിയത്. ഭര്‍തൃഗൃഹത്തില്‍ ചേട്ടത്തിയേക്കാള്‍ ഉയരെ അവള്‍ക്ക് സ്ഥാനമുണ്ടായത് അങ്ങനെയാണ്.
പുണര്‍തക്കാരികള്‍ കലഹപ്രിയരാണ്. അവര്‍ ആവശ്യമില്ലാതെ സംസാരിച്ച് കുഴപ്പമുണ്ടാക്കും. പെണ്ണുങ്ങള്‍ വായ തുറക്കുമ്പോള്‍ സൂക്ഷിക്കണം. പെണ്ണിന്‍റെ ശബ്ദം പുരപ്പുറത്ത് കേട്ടാല്‍ തീര്‍ന്നു… പിന്നെ ആ വിട്ടില്‍ കലഹം ഒഴിയില്ല.

നക്ഷത്ര സ്വഭാവമാണെന്ന് കരുതി പെണ്ണുങ്ങള്‍ ആഡംബരക്കൊതിയും കോപവും കാണിക്കാന്‍ പാടില്ല. പിന്നെ വീടെങ്ങനെ നന്നായി പോവും ?

അവളുടെ ചേട്ടത്തി വായ തുറക്കാറില്ലെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പൊട്ടിച്ചിരിച്ചു. ‘എന്തിനാടീ ഇനി വായ തുറക്കണത്? അവളുടെ കൈയിലിരിപ്പ് നമ്മള്‍ കണ്ടതല്ലേ? നല്ലോരു വീട്ടിലെ നല്ലോരു ചെക്കനെ പുല്ലു പോലെ അടിച്ചെടുത്തില്ലേ ?’

അച്ഛന്‍റെ നക്ഷത്രമായ പൂരം എങ്ങനെയാണെന്ന് അവള്‍ ചോദിച്ചു. നന്നായി മുറുക്കി കൊഴുപ്പിച്ചുകൊണ്ട് അച്ഛന്‍ പൂരത്തെ വിസ്തരിക്കാന്‍ തുടങ്ങി.

പൂരം പിറന്ന പുരുഷന്‍ എന്നാല്‍ എല്ലാം നേടുന്നവനാണ്. പക്ഷെ, താമസം വരും. ഒരു നാല്‍പത്തഞ്ച് അമ്പതു വയസ്സൊക്കെ ആവണം. എല്ലാം നേടുന്ന മിടുക്കന്മാരായതുകൊണ്ടാണ് ആ ചൊല്ല് തന്നെ വന്നത്.

അവള്‍ എല്ലാം മൂളിക്കേട്ടു . പിന്നെ അച്ഛന്‍ എന്തൊക്കെ നേടിയെന്ന് ആലോചിച്ചു. അപ്പോള്‍ ശരിയാണ്. വീടും കാറും മറ്റ് സൌകര്യങ്ങളും ഒക്കെ അച്ഛന്‍ നേടിയിട്ടുണ്ട്. അച്ഛന്‍റെ ഒപ്പം പാസ്സായ ചാര്‍ട്ടേട് എക്കൌണ്ടന്‍റ്മാരെപ്പോലെ അല്ലെങ്കിലും സുഖപ്രദമായ ജീവിതത്തിനു വേണ്ട എല്ലാം അച്ഛന്‍ സമ്പാദിച്ചിട്ടുണ്ട്. അവളെ ആര്‍ഭാടമായിത്തന്നെ കല്യാണം കഴിപ്പിച്ചു. ഒരു എന്‍ജിനീയര്‍ മരുമകനു വേണ്ട എല്ലാം സ്ത്രീധനമായല്ല സമ്മാനമായി കൊടുത്തു. അവളുടെ ഭര്‍ത്താവ് സ്ത്രീധനം വാങ്ങുന്നവനായിരുന്നില്ലല്ലോ.

പൂരം പിറന്ന പെണ്ണ് അത്ര നന്നാവില്ല. എന്താ കാരണം ? പെണ്ണിന്‍റെ ജീവിതം നാല്‍പത്തഞ്ചു അമ്പതു വയസ്സിലൊക്കെ നന്നായാല്‍ മതിയോ? പോരാ. ആഡംബരമോഹം അതികലശലായി ഉണ്ടാകുന്ന ഈ പൂരക്കാരി ഭര്‍ത്താവിനെ സദാ ശല്യപ്പെടുത്തും. കാശു കൊണ്ടുവാ കാശു കൊണ്ടു വാ എന്ന്.. പിന്നെ പാവം ഭര്‍ത്താവിനു എന്താ ഒരു സ്വൈരം ?തന്‍റേടമാണെങ്കില്‍ കേമമാണ് പൂരം പിറന്ന പെണ്ണിന്. അതും ഒരു പെണ്ണിനു ചേരുന്ന ഗുണമല്ല. പെണ്ണിനു വേണ്ടത് അടക്കവും ഒതുക്കവും ഏതു ജീവിതസാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള കഴിവുമാണ്. അങ്ങനെയുള്ള പെണ്ണുങ്ങള്‍ ഉള്ള വീടേ നന്നാവൂ. അവരുടെ ഭര്‍ത്താക്കന്മാര്‍ക്കേ ജീവിതവിജയം ഉണ്ടാവൂ. അവരുടേ മക്കളേ ജീവിതവിജയം നേടൂ. അവള്‍ മൌനമായി കേട്ടിരുന്നു.

അമ്മാവന്‍റെ മകള്‍ അശ്വതി ചേച്ചി അമേരിക്കക്ക് പോയത് ഒറ്റയ്ക്കാണ്. ആശുപത്രിയില്‍ ജോലി കിട്ടി.. ഒരു പേടിയും പരിഭ്രമവും പുറത്ത് കാണിക്കാതെ നാട്ടിമ്പുറത്ത് ജനിച്ചു വളര്‍ന്നവള്‍ കൊച്ചീന്ന് ബോംബെയ്ക്കും അവിടന്ന് ദുബായിലേക്കും ദുബായീന്ന് അമേരിക്കക്കും അങ്ങു പറന്നു പോയി. അമ്മായി കരഞ്ഞു കരഞ്ഞു വിഷമിക്കുന്നുവെന്നറിഞ്ഞാണ് അവള്‍ ഭര്‍ത്താവ് ജോലിക്കു പോയ നേരത്ത് അമ്മായിയെ കാണാന്‍ ചെന്നത്.

അമ്മാവന്‍ മരിച്ചു പോയെങ്കിലും അമ്മായിയുമായുള്ള ബന്ധം അമ്മ തുടര്‍ന്നു പോന്നു. അതൊരു അസാധാരണ കാര്യമായിരുന്നു. കേറി വന്ന പെണ്ണിന്‍റെ ജാതകക്കുഴപ്പംകൊണ്ട് എന്‍റെ ചേട്ടന്‍ മരിച്ചു പോയേന്ന് കരയുന്ന ഒരു പെണ്ണായിരുന്നില്ലല്ലോ അവളുടെ അമ്മ.

അശ്വതി നക്ഷത്രത്തില്‍ പിറന്നതുകൊണ്ടാണ് ചേച്ചിക്ക് ആ പേരു കിട്ടിയത്. ചേച്ചി പഠിക്കാനും മിടുക്കിയായിരുന്നു. കാണാനും നല്ല ചന്തമുണ്ടായിരുന്നു. അമ്മാവനും ചേച്ചിയെ വലിയ കാര്യമായിരുന്നു. ആ അച്ഛന്‍ വാല്‍സല്യം കണ്ട് അവള്‍ക്ക് കൊതികൊണ്ട് കരച്ചില്‍ വരുമായിരുന്നു. അന്നൊക്കെ അച്ഛനു പാര്‍ട്ടിയായിരുന്നുവല്ലോ പ്രാണന്‍. അതു കഴിഞ്ഞപ്പോഴാണ് ജ്യോതിഷവും ദൈവവിശ്വാസവും പ്രാണനായത്. വേറെ പ്രാണന്‍ വരുമ്പോള്‍ പിന്നെ മോളും ഭാര്യയുമൊന്നും പ്രാണനാവില്ലെന്ന് അവള്‍ക്ക് അറിയാം.

അമ്മായിയെ അവള്‍ സമാധാനിപ്പിക്കാന്‍ നോക്കി. എന്നാലും അവര്‍ പതം പറഞ്ഞ് കരച്ചില്‍ തന്നെയാണ്.

‘സായിപ്പന്മാരുടേം കറമ്പന്മാരുടേം ഒക്കെ നാടാ അത്. അവിടെ എന്തൊക്കെ കുറ്റകൃത്യങ്ങളാ നടക്കുന്നത്. എന്‍റെ കുട്ടി തന്നെയാ അവിടെ. കാര്യം നല്ല ജോലീണ്ട്.. എന്നുവെച്ചിട്ട്..എനിക്ക് സഹിക്കാന്‍ പറ്റണില്ലാടീ പെണ്ണേ.. ‘

അശ്വതിചേച്ചി മിടുക്കിയാവുമെന്ന് അച്ഛന്‍ പറഞ്ഞ് അവള്‍ കേട്ടിട്ടുണ്ട്. ആ നക്ഷത്രത്തിന്‍റെ സ്വഭാവമാണ് നിര്‍ബന്ധബുദ്ധി . പെണ്ണായതുകൊണ്ട് അത് കാണിച്ചു കൂടാ. ബാക്കി എല്ലാം കൊണ്ടും കേമമാണ് . സ്നേഹത്തിനു മുന്നിലേ മുട്ടു മടക്കൂ എന്ന് എത്ര ഉയര്‍ന്ന നിലയില്‍ എത്തിയാലും പെണ്ണ് പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഭര്‍ത്താവിനെ ആദരിക്കണമെന്നും ബഹുമാനിക്കണമെന്നും പ്രത്യേകം അവളെ പറഞ്ഞു മനസ്സിലാക്കണമെന്ന് അച്ഛന്‍ അമ്മയോട് പറയുന്നതും കേട്ടിട്ടുണ്ട് അവള്‍.

ആ നിര്‍ബന്ധബുദ്ധി കൊണ്ടു തന്നെയല്ലേ ബി എസ് സി നഴ്സിംഗ് കഴിഞ്ഞ് അമേരിക്കക്കാരുടെ എന്തോ സ്പെഷ്യല്‍ പരീക്ഷയും പാസ്സായി ആരുടേയും ശുപാര്‍ശയില്ലാതെ ചേച്ചി കടല്‍ കടന്ന് പോയത്. പെണ്ണുങ്ങള്‍ ഏതു നക്ഷത്രത്തില്‍ ജനിച്ചാലും ശരി നിര്‍ബന്ധബുദ്ധി പാടില്ല, തര്‍ക്കശീലം പാടില്ല, ആഡംബരം പാടില്ല, അഹങ്കാരം പാടില്ല,… എന്തുമാത്രം പാടില്ലായ്കകളാ ഒരതിരിലും ഒതുങ്ങാതെ ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ പെണ്ണുങ്ങള്‍ക്കായി പറഞ്ഞു വെച്ചിരിക്കുന്നത്. നക്ഷത്രത്തിന്‍റെ സ്വഭാവം കാണിക്കരുത് പെണ്ണുങ്ങള്‍. പിന്നെ പെണ്ണുങ്ങള്‍ക്ക് എന്തിനാ നക്ഷത്രം ?
‘അച്ഛന്‍ അശ്വതി ചേച്ചി മിടുക്കിയാവും എന്ന് പറഞ്ഞിട്ടുണ്ടല്ലോ അമ്മായി’ എന്നവള്‍ സമാധാനിപ്പിച്ചപ്പോള്‍ അവര്‍ ഒഴുകുന്ന കണ്ണീരു തുടച്ചു.

വീട്ടിലാരും ഇല്ലാത്തതുകൊണ്ട് അമ്മായി നെടിയരികഞ്ഞിയും ചമ്മന്തിയും മാത്രമേ ഉണ്ടാക്കി വെച്ചിട്ടുള്ളൂ. ഉച്ചയ്ക്ക് കഞ്ഞി കുടിച്ച കാലം മറന്നു. പെട്ടെന്ന് പനി വന്ന പോലെ തോന്നി അവള്‍ക്ക്. അവളുടെ ഭര്‍ത്താവിനു അദ്ദേഹം വീട്ടിലില്ലെങ്കില്‍ അവള്‍ അരി വെച്ചില്ല ,കാപ്പി കുടിച്ചില്ല എന്നൊക്കെ പറയുന്നത് വലിയ ഇഷ്ടമാണ്. അവള്‍ക്കാണെങ്കില്‍ അങ്ങനെ ഒന്നും പറ്റാറില്ല. അവള്‍ ഇഷ്ടപ്പെട്ട കറികളും ഊണുമുണ്ടാക്കിക്കഴിക്കുകയും കാപ്പി കുടിക്കുകയും കിടന്നുറങ്ങുകയുമൊക്കെ ചെയ്യും. അതൊക്കെ അയാളോടുള്ള സ്നേഹക്കുറവാണെന്ന് ചിലപ്പോള്‍ പരാതിയുമുണ്ടാകാറുണ്ട് .

അമ്മായിയെ അച്ഛന് അത്ര പഥ്യമായിരുന്നില്ല. ഒരിയ്ക്കലും. ജാതകം നോക്കലായപ്പോ വിധവ എന്നു പറയുന്നത് തീരെ അശ്രീകരമാണെന്ന ഒരു വിചാരമായി അച്ഛന്. കമ്യൂണിസത്തില്‍ വിധവ, സുമംഗലി, നപുംസകം എന്നൊന്നും മനുഷ്യരെ വേര്‍തിരിച്ചിട്ടില്ലെന്നാണ് അവളുടെ ഭര്‍ത്താവ് പറയാറ്. അവള്‍ കമ്യൂണിസ്റ്റ് പുസ്തകമൊന്നും വായിച്ചിട്ടില്ല. എന്നാലും അച്ഛന്‍ അമ്മായിയെ അശ്രീകരമെന്ന് ഭാവിക്കുന്നത് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ഒരു കമ്യൂണിസ്റ്റിനു ചേരുന്നില്ല എന്നവള്‍ കരുതാറുണ്ട്.
( തുടരും )


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top