സര്‍ക്കാര്‍ വഴങ്ങി, ജിഷ്​ണുവിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു

mahija samaram...sreejithതിരുവനന്തപുരം: മകനെ നഷ്ടപ്പെട്ട ഒരമ്മയും കുടുംബവും കുടിവെള്ളം പോലും ഉപേക്ഷിച്ച് നീതിക്കുവേണ്ടി നടത്തിയ സമരത്തിന് വിജയകരമായ പരിസമാപ്തി. അഞ്ച് മണിക്കൂറോളം നീണ്ട മാരത്തോണ്‍ ചർച്ചക്ക് ശേഷം പത്ത് വ്യവസ്ഥകള്‍ അടങ്ങിയ കരാര്‍ സർക്കാര്‍ പ്രതിനിധികളുമായി കുടുംബം ഒപ്പുവെച്ചു. ഇതേതുടര്‍ന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അച്ഛന്‍ അശോകനും അമ്മാവന്‍ ശ്രീജിത്തും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സഹോദരി അവിഷ്ണ കോഴിക്കോട് വളയത്തെ വീട്ടിലും അഞ്ചു ദിവസമായി നടത്തിയ നിരാഹാരം അവസാനിപ്പിച്ചു.

സ്വന്തം പാര്‍ട്ടിയിലും പൊതുസൂമൂഹത്തിലും നിന്നുമുള്ള സമ്മര്‍ദ്ദവും സി.പി.ഐ നേതൃത്വത്തിന്റെ ഇടപെടലിനും ശേഷമാണ് പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു മരിച്ച് 93-ാം ദിനത്തില്‍, മുഖ്യമന്ത്രിയും സര്‍ക്കാറും പിടിവാശി ഉപേക്ഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ മഹിജക്ക് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ്, സമരം ജിഷ്ണുവിന്റെ കുടുംബം അവസാനിപ്പിച്ചത്.

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടുക, ഡി.ജി.പി ഒാഫീസിനു മുമ്പില്‍ തങ്ങള്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പത്ത് ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. പത്ത് വ്യവസ്ഥകള്‍ അടങ്ങിയ കരാര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി കുടുംബം ഒപ്പുവെച്ചു.

mahijaജിഷ്ണു കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, സ്റ്റേറ്റ് അറ്റോര്‍ണി എ.വി സോഹന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് എം.എസ് ഷര്‍മദ്, മഹിജയ്ക്കു വേണ്ടി ബന്ധു ശോഭ, സഹോദരന്‍ ശ്രീജിത്ത്, സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈകുന്നേരം 4.40ന് ആരംഭിച്ച ചര്‍ച്ച 9.25 ഓടെയാണ് അവസാനിച്ചത്.

കേസിലെ മൂന്നാം പ്രതിയായ എന്‍. ശക്തിവേലിനെ അന്വേഷണ സംഘം ഞായറാഴ്ച കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയിരുന്നു. മറ്റുള്ളവരെ പിടികൂടുന്നതിന് ജാഗ്രത പുലര്‍ത്തുമെന്നും അതിക്രമം കാട്ടിയെന്ന് പരാതിയുയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മഹിജക്ക് ഉറപ്പ് നല്‍കി.

സമരത്തിന് പിന്തുണ നല്‍കിയ എസ്.യു.സി.ഐ നേതാക്കളായ എം. ഷാജര്‍ഖാന്‍, ഭാര്യ മിനി, പ്രവര്‍ത്തകന്‍ ശ്രീകുമാര്‍ എന്നിവരെ മോചിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കെ.എം ഷാജഹാന്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരുടെ കാര്യം തങ്ങള്‍ക്കറിയില്ലെന്നും ശ്രീജിത് അറിയിച്ചു.
മഹിജയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് നാട്ടിലേക്ക് മടങ്ങും.

കരാറിലെ 10 വ്യവസ്ഥകള്‍:

1. സ്വാശ്രയ മാനേജ്മെന്റ് വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും.

2. ഇനി ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട കരുതലുകള്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്വീകരിക്കും. ഇൗ അനുഭവം മറ്റ് കുട്ടികള്‍ക്കുണ്ടാകരുത്.

3. കേസ് അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷണം തൃപ്തികരമാണോയെന്നും പരിശോധിക്കും.

4. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകത കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കും.

5. നിലവില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലീകരിക്കും.

6. മറ്റ് പ്രതികളെ കണ്ടെത്തുന്നതുവരെ സമരപരിപാടികളില്ല. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കും.

7. സമരത്തിന് ജിഷ്ണു പ്രണോയിയുടെ കുടുംബവും സുഹൃത്തുക്കളും പുറമെ എം. ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവരല്ലാതെ മറ്റാരും പങ്കെടുത്തിട്ടില്ലെന്ന് ഉറപ്പു നല്‍കുന്നു. ഇത് സര്‍ക്കാറിനെ ബോധ്യപ്പെടുത്തും. സ്വാമി ഹിമവല്‍ ഭദ്രാനന്ദയെയും കെ.എം. ഷാജഹാനെയും അറിയില്ല.

8. ഡി.ജി.പി ഒാഫിസിന് മുന്നിലെ സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും.

9. മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്നമുറക്ക് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കും.

10. കരാര്‍ വ്യവസ്ഥയിലെ തീരുമാനങ്ങളുടെ നിര്‍വഹണവും അവയുടെ നടപടികളും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിനെയും അറ്റോര്‍ണി കെ.വി. സോഹനനെയും ധരിപ്പിക്കും.

മഹിജയുടെ സമരം അവസാനിച്ചെന്ന വിവരം അറിയിച്ചത് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്.

avishna-2കോഴിക്കോട് വളയത്തെ വീട്ടിൽ സമരത്തിലായിരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ ഫോണില്‍ ബന്ധപ്പെട്ടു. ജിഷ്ണുവിന് നീതി ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് അവിഷ്ണയെ ധരിപ്പിച്ചു. അമ്മ മഹിജ സമരം അവസാനിപ്പിച്ചെന്നും മകളും സമരത്തില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ നടന്ന സംഭവവികാസങ്ങള്‍ വിവരിച്ചു. തന്റെ നിരാഹാരസമരം അവസാനിപ്പിക്കണമെങ്കില്‍ അവിഷ്ണയും സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൈയില്‍ കരുതിയ കുടിനീര്‍ കുടിക്കണമെങ്കില്‍ മകളുടെ ഉറപ്പ് വേണമെന്ന് അമ്മാവന്‍ പറഞ്ഞു.

അമ്മ സുഖമായിരിക്കുന്നെന്നും ജിഷ്ണുവിന് നീതി ലഭിക്കുമെന്നും ബോധ്യമായതോടെ അവിഷ്ണ സമരത്തില്‍ നിന്ന് പിന്തിരിയാമെന്ന് ഉറപ്പു നല്‍കി. സമരം നയിച്ചത് മഹിജയും ഭര്‍ത്താവ് അശോകനും മകള്‍ അവിഷ്ണയുമാണ്. ഞാന്‍ അവരുടെ വക്താവ് മാത്രം. ഒപ്പം, തങ്ങളോടൊത്ത് നിന്ന കേരളസമൂഹത്തിനും ശ്രീജിത്ത് നന്ദി പറഞ്ഞു. ഇതെന്റെ സമരമല്ല. ഇതു നിങ്ങളുടെ വിജയമാണ്. കേരളത്തിന് നന്ദി. ജനങ്ങള്‍ക്ക് നന്ദി. സര്‍ക്കാറിന് നന്ദി. ഇത് നീതിയുടെ വിജയമാണ്. ഒരു ഐ.ജിയുടെ റിപ്പോര്‍ട്ടിനെക്കാള്‍ വലുതാണ് കേരള മുഖ്യമന്ത്രിയുടെ വാക്ക്. അദ്ദേഹത്തിന്റെ വാക്കില്‍ ഉറച്ച വിശ്വാസമുണ്ട്. അതുള്‍ക്കൊണ്ട് ഞങ്ങള്‍ സമരം അവസാനിപ്പിക്കുന്നു – ശ്രീജിത്ത് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment