Flash News

‘പിണറായിക്ക് അറിയുമോ ചങ്ങനാശേരിയിലെ വിപ്ലവനായകനായിരുന്ന സഖാവ് മുഹമ്മദാലിയെ?: പിണറായി വിജയനോട് ഷാജഹാന്റെ അമ്മ തങ്കമ്മ

April 11, 2017

shajahan fatherസര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്നാരോപിച്ചു ജയിലിലടച്ച ഷാജഹാന്റെ അമ്മ ചോദിക്കുന്നു ‘പിണറായിക്കറിയുമോ സഖാവ് കെ.ബി മുഹമ്മദാലിയെ?’ മകന്റെ മോചനത്തിനായി എണ്‍പതാം വയസില്‍ നിരാഹാരം കിടക്കുന്ന തങ്കമ്മയാണു പാര്‍ട്ടിയെ ചരിത്രം മറക്കരുതെന്ന് ഓര്‍മ്മിക്കുന്നത്. പിണറായിക്കു മുഖ്യമന്ത്രിയായി വളരാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയ മുഹമ്മദാലിയെപ്പോലുള്ളവരെ മറക്കാന്‍ പാടില്ലെന്നും തങ്കമ്മ പറയുന്നു.

ചങ്ങനാശേരിയിലെ വിപ്ലവ നായകനായിരുന്നു ഷാജഹാന്റെ അച്ഛന്‍ കെ.ബി മുഹമ്മദാലി. സമ്പന്ന കുടുംബത്തില്‍നിന്ന് കമ്യൂണിസ്റ്റ് ആശയങ്ങളിലേക്കു കൂടുമാറിയ വിപ്ലവകാരി. കേരളത്തില്‍ അക്കാലത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിച്ചു വരുന്നകാലം. 1957 ലെ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് കല്യാണ കൃഷ്ണന്‍ നായരെ നിയമസഭയിലേക്കെത്തിച്ചതിന് ചുക്കാന്‍ പിടിച്ചത് മുഹമ്മദാലി. അന്ന് ഈഴവ കുടുംബത്തിലെ എല്‍. തങ്കമ്മയെ പ്രണയിച്ച് വിവാഹം ചെയ്ത് യഥാര്‍ത്ഥ വിപ്ലവകാരിയെന്ന് തെളിയിച്ചു. ആ മുഹമ്മദലിയുടെ മകനെയാണ് ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികാഘോഷവേളയില്‍ ഇടത്പക്ഷ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജയിലിലടച്ചത്.

ചങ്ങനാശേരിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സി.ജി. സദാശിവന്റെ അനന്തരവളാണ് തങ്കമ്മ. അച്ഛന്‍ വി. മാധവന്‍ ആകട്ടെ അടിയുറച്ച കമ്യൂണിസ്റ്റും. ഇരുവരുടെയും പ്രവര്‍ത്തനശൈലി കണ്ടാണ് തങ്കമ്മ വളര്‍ന്നത്. വീട്ടില്‍ പോലീസെത്തി പരിശോധിക്കുന്നതും അമ്മാവനും അച്ഛനും രാത്രിയില്‍ ആരും കാണാതെ വീട്ടിലേക്ക് വരുന്നതും അവര്‍ക്ക് ആഹാരം കൊണ്ടുപോയി നല്‍കിയതുമെല്ലാം തങ്കമ്മ ആവേശത്തോടെയാണ് ഇന്നും ഓര്‍ക്കുന്നത്.

KM Shajahan to LLB exam (1)യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മുഹമ്മദലിയുമായി പ്രണയത്തിലാകുന്നത്. ഇന്നത്തെ എംഎല്‍എ സുരേഷ് കുറുപ്പിന്റെ വീട്ടില്‍ വച്ച് 1959 ല്‍ വിമോചന സമര കാലഘട്ടത്തില്‍ പാര്‍ട്ടിയാണ് കല്യാണം നടത്തിയത്. വിവാഹശേഷവും പഠനം തുടര്‍ന്ന തങ്കമ്മ റബ്ബര്‍ ബോര്‍ഡില്‍ മൈക്കോളജിസ്റ്റായി. ആ കാലഘട്ടത്തിനിടയില്‍ തങ്കമ്മ കാണാത്ത ഇടത് സമരങ്ങളും പ്രക്ഷോഭങ്ങളുമില്ല.

റബ്ബര്‍ബോര്‍ഡില്‍ ജോലിക്ക് കയറിയശേഷമാണ് തങ്കമ്മയിലെ വിപ്ലവകാരി ഉണരുന്നത്. റബ്ബറുകളില്‍ നിന്ന് അമിതമായി പാല്‍ ലഭിക്കാന്‍ ഉപയോഗിക്കുന്ന അമേരിക്കന്‍ കമ്പനി പുറത്തിറക്കുന്ന ‘എത്തിഫോണ്‍’ എന്ന രാസവസ്തു ക്യാന്‍സറിന് കാരണമാകുമെന്ന് തങ്കമ്മ കണ്ടെത്തി. പാലുത്പാദനവും റബ്ബറിന്റെ ആയുസ്സും നാലിരട്ടി വര്‍ദ്ധിപ്പിക്കാന്‍ താഴെ നിന്ന് മുകളിലേക്ക് പ്രത്യേക ചരിവില്‍ ടാപ്പ് ചെയ്താല്‍ മതിയെന്ന പ്രതിവിധിയും തങ്കമ്മതന്നെ കണ്ടെത്തി. ഇത് 1996 ല്‍ പാലക്കാട് ഐആര്‍സിടിയില്‍ പരീക്ഷിച്ച് വിജയിക്കുകയും ജേര്‍ണലുകള്‍ പുറത്തിറക്കുയും ചെയ്തു. ഇതോടെ തങ്കമ്മ പലരുടെയും കണ്ണിലെ കരടായി. എതിര്‍പ്പിനു പിന്നില്‍ അമേരിക്കന്‍ കമ്പനിയാണെന്ന് തങ്കമ്മയക്ക് ഉത്തമ ബോദ്ധ്യമുണ്ട്. 24 വര്‍ഷം മുമ്പ് കണ്ടെത്തി വിജയിച്ച ടാപ്പിംഗ് രീതി നടപ്പിലാക്കി ജനങ്ങളെ മാരകരോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ വിരമിച്ചശേഷവും തങ്കമ്മയിലെ വിപ്ലവകാരി പൊരുതുന്നു.

shajahan-fatherറബ്ബര്‍ തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വില്‍പനയ്ക്കുവയ്ക്കാനുള്ള കൃഷി വകുപ്പിന്റെ നടപടികള്‍ക്കെതിരെ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനും റബ്ബര്‍ബോര്‍ഡ് അധികൃതര്‍ക്കും നോട്ടീസ് നല്‍കിയിരിക്കുമ്പോഴാണ് ഷാജഹാനെ ഗൂഢാലോചന ആരോപിച്ച് ഇടത് സര്‍ക്കാര്‍ ജയിലില്‍ അടയ്ക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ ഷാജഹാന്‍ എടുത്ത നിലപാടുകളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതെന്ന് തങ്കമ്മ പറയുന്നു.

പോലീസ് തലത്തിലാണ് ഗൂഢാലോചന നടന്നതെന്നും നാലുപേരെ പ്രതിയാക്കിയശേഷം രണ്ട് പേരെ വിട്ടയക്കുന്നതിലെ നീതിയെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും തങ്കമ്മ ആവശ്യപ്പെട്ടു. ഞായറാഴ്ച തുടങ്ങിയ നിരാഹാരം ഷാജഹാനെ മോചിതാനാക്കുന്നത് വരെ തുടരാനാണ് തങ്കമ്മയുടെ തീരുമാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top