നെഹ്റു കോളജ്​ തകര്‍ക്കാന്‍ ചിലരുടെ ഗൂഢാലോചനയെന്ന് പി. കൃഷ്ണദാസിന്റെ സഹോദരന്‍

krishnadas-jishnu-830x412കൊച്ചി: നെഹ്റു കോളജിനെതിരെ ഗൂഢാലോചനയുണ്ടെന്ന് നെഹ്റു ഗ്രൂപ് ചെയര്‍മാൻ പി. കൃഷ്ണദാസിന്റെ സഹോദരന്‍ പി. കൃഷ്ണകുമാറിന്റെ പരാതി. വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരിച്ചതിനെ തുടര്‍ന്ന് കോളജിനും ചെയര്‍മാനും സഹോദരനുമായ കൃഷ്ണദാസിനും മറ്റ് അധ്യാപകര്‍ക്കുമെതിരെ നടക്കുന്ന പ്രചാരണങ്ങളും നിയമനടപടികളും സത്യവുമായി ബന്ധമില്ലാത്തതാണ്. ഇതിന് പിന്നില്‍ സ്ഥാപനത്തെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികളുണ്ട്. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ പിന്നില്‍ ആരാണെന്നും സാമ്പത്തിക സ്രോതസ്സ് എന്തെന്നും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

നെഹ്റു ഗ്രൂപ് സ്ഥാപനങ്ങളുടെ പഠന-ഗുണ നിലവാരവും രീതികളും വിജയശതമാനവും മികച്ചതാണ്. ജിഷ്ണു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും വഴിതെറ്റിക്കുന്ന പ്രചാരണത്തോടെ ആത്മഹത്യാപ്രേരണയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിരപരാധിയായ ജ്യേഷ്ഠന്‍ പി. കൃഷ്ണദാസ് അടക്കം മറ്റ് നാലുപേരെയും പ്രതി ചേര്‍ത്ത് കേസ് മാറ്റിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് നെഹ്റു ഗ്രൂപ്പിന്റെ കോളജുകളും കോളജ് ബസുകളും ഓഫിസുകളും ആക്രമിക്കുകയും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നേരെ കൈയ്യേറ്റവുമുണ്ടായി.

ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സത്യമല്ലാത്തതും നിയമസാധുതയില്ലാത്തതുമാണ്. സ്വതന്ത്ര ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment