തന്റേയും ശ്രീജിത്തിന്റേയും വാക്ക്​ മുഖവിലക്കെടുത്താലേ മുഖ‍്യമന്ത്രിയെ കാണൂ എന്ന്​ മഹിജ

mahija and sreejith returnedതിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കുടുംബവും നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസിലായിരുന്നു മടക്കം. ഒത്തുതീര്‍പ്പുകരാറിലെ വ്യവസ്ഥപ്രകാരം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മഹിജക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, സമരം അവസാനിപ്പിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ സമരത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത് മഹിജയെയും കുടുംബത്തെയും നിരാശരാക്കിയിരുന്നു.

‘‘ശ്രീജിത്ത് ആരുടെയോ സ്വാധീനത്തില്‍ വീണെന്ന് പറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് തെറ്റുപറ്റി. ശ്രീജിത്ത് ആരുടെയും സ്വാധീനവലയത്തില്‍ വീണിട്ടില്ല. അഥവാ വീണിട്ടുണ്ടെങ്കില്‍ ജിഷ്ണുവിന്റെ നീതിക്കായുള്ള സമരത്തില്‍ ഈ പെങ്ങളുടെ സ്വാധീനത്തില്‍ മാത്രമാണ്. ആങ്ങളയും പെങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. ആ ബന്ധം തിരിച്ചറിയണം. തന്റേയും ശ്രീജിത്തിന്റേയും വാക്ക് മുഖവിലക്കെടുത്താലേ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണൂ. ജിഷ്ണു പ്രണോയിക്ക് നീതിലഭിച്ചു എന്ന വിശ്വാസത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്’’ മഹിജ പറഞ്ഞു.

ചികിത്സയിലിരുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെയും ബുധനാഴ്ച രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. പെങ്ങള്‍ക്കുവേണ്ടിയാണ് സമരം നയിച്ചതെന്ന് ശ്രീജിത്ത് പ്രതികരിച്ചു. ചിരിക്കുന്ന പെങ്ങളെ തിരിച്ചുകിട്ടി. ജിഷ്ണുവിന് നീതി ലഭിച്ചെന്ന ബോധ്യം സഹോദരിയില്‍ ഉണ്ടാക്കുകയെന്നതായിരുന്നു സമരത്തിന്റെ സ്വകാര്യ ആവശ്യങ്ങളില്‍ ഒന്ന്. അത് സാധിച്ചു. സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഏറ്റവും വിശ്വാസ്യതയുള്ള രണ്ടാളുകളുമായാണ് കരാര്‍ ഉണ്ടാക്കിയത്. അത് അവരുടെ കൈയിലും ഞങ്ങളുടെ മനസ്സിലുമുണ്ട്. അത് നടപ്പാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശ്രീജിത്ത് പറഞ്ഞു.

അതേസമയം, സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പല്ല മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് നല്‍കിയതെന്ന് ആരോപണമുണ്ട്. കരാറിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പാണ് നല്‍കിയത്. ഇത് കുടുംബം സ്വീകരിച്ചിട്ടില്ല.

രക്തസാക്ഷിയുടെ അമ്മ പാര്‍ട്ടിക്കെതിരെ പരാതി പറയുന്നത് ആദ്യം; മഹിജയ്‌ക്കെതിരെ ജി. സുധാകരന്‍

g-sudhakaranപയ്യന്നൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. ഒരു രക്തസാക്ഷിയുടെ മാതാവും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കൊല നടത്തിയവര്‍ക്കെതിരെ പരാതി പറയാനല്ല, പ്രതികളെ പിടിക്കുന്നവര്‍ക്കെതിരെ പരാതി പറയാനാണ് ജിഷ്ണുവിന്റെ അമ്മ തയ്യാറായതെന്നും സുധാകരന്‍ ആരോപിച്ചു.

കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രിയുടെ വിമര്‍ശനം. മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് കണ്ണൂര്‍. അതുകൊണ്ടുതന്നെ ഇതിന്റെ പ്രചരണം കണ്ണൂര്‍ ജില്ലയില്‍ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കമ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താല്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുണ്ട്. സ്വന്തം കണ്‍മുന്നില്‍ മക്കളെ വെട്ടിനുറുക്കി കൊല്ലുന്നത് കാണേണ്ടിവന്ന അമ്മമാരുണ്ട്. അവരൊന്നും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. കേരളത്തിലെ ഒരു രക്തസാക്ഷി കുടുംബവും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിജയം. എന്നാല്‍ പാര്‍ട്ടി പാരമ്പര്യവും മറ്റും പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പരാതി പറയാനാണ് ഇവിടെ ചിലര്‍ മുന്നോട്ട് വന്നിട്ടുള്ളത് – മന്ത്രി പറഞ്ഞു.

കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ജഡ്ജിക്കു മുന്നിലേക്ക് ജിഷ്ണുവിന്റെ മാതാവിനെയും കൂട്ടി സമരക്കാര്‍ പോകാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീര്‍ പരിശുദ്ധമാണ്. ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ശരിയായില്ല. എന്നാല്‍, കോടതിയെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല -അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment