പുതുതായി വാങ്ങിയ കാറുമായി ദമ്പതികളെ കാണാതായിട്ട് ഒരാഴ്ച കഴിയുന്നു

Untitledകോട്ടയം: പുതുതായി വാങ്ങിയ കാറുമായി ദമ്പതികളെ കാണാതായിട്ട് ഒരാഴ്ച കഴിയുന്നു. പാണാംപടി പള്ളിക്കുസമീപം കടവില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളി ആറ്റില്‍ ഓയിലിന്‍െറ അംശം കണ്ടുവെന്ന് അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

അറുപുക്ക ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് ഏപ്രില്‍ ആറിന് രാത്രി കാണാതായത്. ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകുകയാണെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഇവരെ കാണാതായി. ഗ്രേ നിറമുള്ള പുതിയ മാരുതി വാഗണര്‍ കാറിലാണ് ഇവര്‍ പോയത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ച ശേഷമായിരുന്നു യാത്ര എന്നതിനാല്‍ ഈ ദിശയിലുള്ള അന്വേഷണം പരാജയപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാറിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇവര്‍ എവിടെയാണ് എന്നതിന് തെളിവ് ലഭിച്ചില്ല. തിരുവാതുക്കലിനടുത്ത് മാണിക്കുന്നത്ത് ഒരു വീട്ടിലെ സി.സി.ടി.വിയിലാണ് ദൃശ്യം പതിഞ്ഞിരിക്കുന്നത്.

 

RT3_4ഈ ദമ്പതികളെ ട്രെയിനില്‍ കണ്ടതായി മല്ലപ്പള്ളി സ്വദേശികളായ അദ്ധ്യാപക ദമ്പതികളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഏപ്രില്‍ ആറിന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും അവര്‍ ട്രെയിനില്‍ കയറിയെന്നും കോട്ടയം വരെ ഒരുമിച്ച് സഞ്ചരിച്ചുവെന്നുമാണ് അദ്ധ്യാപക ദമ്പതികള്‍ പറഞ്ഞത്. ഒപ്പം യാത്ര ചെയ്യുന്നവര്‍ എന്ന നിലയ്ക്ക് ഇവരോട് സംസാരിച്ചുവെന്നും, എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോള്‍ കോട്ടയത്തിന് എന്ന് ആദ്യം മറുപടി നല്‍കുകയും ചെയ്തു. കോട്ടയം സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങുന്നില്ലേ എന്ന് തിരക്കി. അപ്പോള്‍ കൊല്ലത്തിന് പോകുന്നു എന്ന മറുപടിയാണ് നല്‍കിയത്. പിന്നീട് പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടപ്പോഴാണ് പോലീസിനെ ഇക്കാര്യം അറിയിച്ചതെന്നും ദമ്പതികള്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ വീട്ടിലെത്തി പോലീസ് ഇവരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്തു.

ദമ്പതികളെ കണാതായ കേസ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷല്‍ സ്ക്വാഡിനു പുറമെ രണ്ടു സംഘങ്ങളെക്കൂടി നിയോഗിച്ചിട്ടുണ്ട്. വ്യാപകമായി അന്വേഷണം നടത്തിയിട്ടും പോലീസിന് ഇതുവരെ ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരമൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കള്‍ക്കും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വീടിനു സമീപം പലചരക്ക് കട നടത്തിയിരുന്ന ഹാഷീം ആഴ്ചകള്‍ക്കു മുമ്പാണ് പുതിയ കാര്‍ വാങ്ങിയത്. ഈ വാഹനത്തിന് കെഎല്‍ അഞ്ച് എജെ 7183 എന്ന താത്കാലിക രജിസ്ട്രേഷന്‍ നമ്പരാണ് പതിപ്പിച്ചിരിക്കുന്നത്.

ദമ്പതികളെ കാണാതായ ദിവസം തന്നെ പരാതി ലഭിച്ചതിനാല്‍ പോലീസ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹനം സംബന്ധിച്ച വിവരം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്‍റെ ചെക്കുപോസ്റ്റ് കടന്ന് ഈ വാഹനം പോയിട്ടില്ലെന്ന ഉറപ്പിലാണ് പോലീസ്. അതിനാല്‍ ഇവര്‍ സംസ്ഥാനത്ത് തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കോട്ടയം ജില്ലയിലെയും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. പോലീസ് ആദ്യം തീര്‍ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആശുപത്രി, സ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഏരിയകളിലും കാറിനായി വ്യാപക തെരച്ചില്‍ നടത്തി. തണ്ണീര്‍മുക്കം ബണ്ടിനടുത്തെങ്ങാനും ഇവര്‍ എത്തിയിരുന്നോ എന്നറിയുന്നതിന് സമീപവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കായലില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഹാഷീമും ഭാര്യ ഹബീബയും ഏറെ നാള്‍ മാനസികരോഗപ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ ആറിനു രാത്രി ഒന്‍പതിന് ഹാഷിമിന്‍റെ മക്കളോടും പിതാവിനോടും കോട്ടയത്തുനിന്നു ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് വീട്ടില്‍നിന്നു കാറില്‍ പുറപ്പെട്ടതാണ്. പിന്നീട് ഇവരെ ആരും കണ്ടതായി ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment