Flash News

ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും കേന്ദ്ര കമ്മിറ്റിയുടെ താക്കീത്

April 19, 2017

pk-sreemathiന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തിൽ സിപിഐഎം നേതാക്കളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ താക്കീത്. ജയരാജന്റെ അഭാവത്തിലായിരുന്നു അച്ചടക്ക നടപടി. കടുത്ത നടപടി വേണ്ടെന്നാണു തീരുമാനം. ജയരാജനും ശ്രീമതിക്കുമെതിരെ നടപടി വേണമെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാട് എടുത്തു. ജയരാജന്റെ അഭാവത്തിലും മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലും നടപടി വേണ്ടെന്ന നിലപാട് യച്ചൂരി തള്ളി. അഴിമതി ഒരുവിധത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും തീരുമാനം വൈകിപ്പിക്കാനാകില്ലെന്നും യച്ചൂരി നിലപാട് സ്വീകരിച്ചതോടെയാണു നടപടിയുണ്ടായത്.

കഴിഞ്ഞദിവസം ആരംഭിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജയരാജനും ശ്രീമതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ ശ്രീമതിയിൽനിന്നും ജയരാജനിൽനിന്നും വിശദീകരണം കേട്ടശേഷമേ നടപടിയെടുക്കൂ എന്നായിരുന്നു തത്വത്തിലെ തീരുമാനം. േകന്ദ്രകമ്മിറ്റി അംഗമായിരുന്ന ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം അവധി അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്ന് യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ജയരാജൻ വിട്ടുനിന്നു. എന്നാൽ, ശ്രീമതി യോഗത്തിൽ പങ്കെടുത്തു വിശദീകരണം നൽകി.

ജയരാജനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിയതു വലിയ അച്ചടക്ക നടപടിയായി കാണണമെന്നു സംസ്ഥാന ഘടകം അഭിപ്രായപ്പെട്ടു. ഒപ്പം, ജയരാജന്റെ വിശദീകരണം കേൾക്കാതെ അന്തിമ തീരുമാനം എടുക്കരുതെന്നും കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഇവർ ആവശ്യപ്പെട്ടു. എന്നാൽ അഴിമതിക്കെതിരെ പാർട്ടിയുടെ നിലപാടു സുതാര്യമാണെന്നു വ്യക്തമാക്കിയ യച്ചൂരി ശക്തമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ മധുവിധു കാലഘട്ടത്തിൽത്തന്നെ പ്രതിച്ഛായ മോശമാക്കിയ വിവാദത്തിൽ, പരസ്യമായ നടപടിയിലേക്കോ കടുത്ത തീരുമാനത്തിലേക്കോ കേന്ദ്രകമ്മിറ്റി എത്തിയില്ലെന്നതു ശ്രദ്ധേയമാണ്. പാർട്ടി അനുശാസിക്കുന്ന അച്ചടക്ക നടപടിയിൽ ഏറ്റവും ആദ്യത്തെ നടപടിയാണ് താക്കീത്.

ശ്രീമതിയുടെ മകൻ സുധീറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തു നിയമിച്ചതും ജയരാജന്റെ സഹോദരന്റെ മരുമകൾ ദീപ്തി നിഷാദിന്റെ നിയമനവുമാണ് വിവാദമായത്. കെഎസ്ഐഇയുടെ എംഡിയായാണ് സുധീറിനെ നിയമിച്ചത്. വിവാദമായതിനെത്തുടർന്ന് നിയമനം റദ്ദാക്കി. ദീപ്തിയെ കേരളാ ക്ലേയ്സ് ആൻഡ് സെറാമിക്സ് ജനറൽ മാനേജർ സ്ഥാനത്താണ് നിയമിച്ചത്.

ശ്രീമതിയും ജയരാജനും ഖേദം പ്രകടിപ്പിച്ചു’; വിശദീകരണം കേട്ടതിന് ശേഷമാണ് നടപടിയെടുത്തതെന്ന് യെച്ചൂരി

sitharam-yechuri-250x150ബന്ധുനിയമന വിവാദത്തില്‍ പികെ ശ്രീമതിയുടേയും ഇപി ജയരാജന്റേയും വിശദീകരണം കേട്ടതിന് ശേഷമാണ് നടപടിയെടുത്തതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇരുവരേയും സിപിഐഎം കേന്ദ്രകമ്മിറ്റി താക്കീത് ചെയ്‌തെന്ന കാര്യം ജനറല്‍ സെക്രട്ടറി സ്ഥിരീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതിയും ഇപി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷമാണ് താക്കീത് നല്‍കുവാന്‍ തീരുമാനിച്ചത്. ഇരുവരും ഖേദപ്രകടനം നടത്തിയതായും യെച്ചൂരി പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഇ.പി ജയരാജന്‍ നേരത്തെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് ജയരാജന്റെ അഭാവത്തിലാണ് പാര്‍ട്ടി നടപടി. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യമുണ്ടായ വിവാദത്തില്‍ നടപടി എടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടിക്കുളളില്‍ കടുത്ത നിലപാട് കൈക്കൊണ്ടത്. അഴിമതി ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചതും. പാര്‍ട്ടിയുടെ അച്ചടക്ക നടപടിയില്‍ ആദ്യത്തെതാണ് താക്കീത്. ഇതാണ് പി.കെ ശ്രീമതിക്കും ജയരാജനുമെതിരെ കേന്ദ്രകമ്മിറ്റി കൈക്കൊണ്ടിരിക്കുന്നതും.

പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് വിഎസ് അച്യുതാനന്ദന്‍ പിബിക്ക് കത്തയച്ച് ഉന്നയിച്ച പരാതി സംസ്ഥാനഘടകമാണ് പരിശോധിക്കേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top